ഒരു മുറിയിലാണ് താമസമെങ്കിലും ഒരേ പേരാണെങ്കിലും മൂന്നുപേരുടെയും ജോലി വെവ്വേറെയാണ്. ശശിയുടെ ജോലി പ്രേമിക്കുക. ശശിയുടെ ജോലി പാചകം. ശശിയുടെ ജോലി ശ്‌മശാനം സൂക്ഷിപ്പുക്കാരനായും. ഇവരുടെ രണ്ടക്ഷരങ്ങൾ വീതമുളള പേരുകളോട് ഒന്നുംതന്നെ ചേർത്തുവെക്കാൻ ഇതേവരെ തുനിഞ്ഞിട്ടില്ല ഇവർ. ആകാരത്തിലും വലിയ വ്യത്യാസങ്ങൾ കണ്ടുപിടിക്കുക പ്രയാസം. സംസാരവും നോട്ടവും ചിരിയുംവരെ ഒരുപോലെ. ശവങ്ങളെ ദഹിപ്പിക്കുമ്പോൾ ശശി ചിരിക്കുന്നതുപോലെ കാമുകിയെ നോക്കി പ്രേമത്തിന്റെ തീവ്രതയിൽ ശശി ചിരിക്കുന്നു. കാമുകിയെ ശശി ചുംബിക്കുന്നതുപോലെ കറിയുടെ രുചിനോക്കുന്നു ശശി. ആരും രണ്ടു ശശിമാരെ പുറത്തു കണ്ടിട്ടില്ല. ആരെയും അവർ മുറിക്കുളളിലേയ്‌ക്ക് ക്ഷണിക്കുകയോ പ്രവേശിപ്പിക്കുകയോ ചെയ്യാറുമില്ല. തപാലിൽ കത്തുവന്നാൽ തന്റെ കാമുകിമാരുടെ ആരുടെയും അല്ലെന്നു ഉറപ്പുവരുത്തിയതിനുശേഷം ശശി, ശശിക്കു കൊടുക്കുന്നു. അങ്ങനെ അയച്ച ആളിന്റെ പേരില്ലാത്ത കത്തുകൾ അഡ്രസിലെ കൈയക്ഷരങ്ങളുടെ അപരിചിതത്വവും കൂടിയുണ്ടെങ്കിൽ പൊട്ടിച്ചുവായിക്കപ്പെടാതെ ഒരടുക്കായി മാറും. അവരുടെ ജന്മദേശം ഒന്നുതന്നെ ആയിരുന്നതിനാൽ തപാൽ മുദ്രനോക്കി തിരിച്ചറിയുക എന്നതും പ്രായോഗികമല്ലായിരുന്നു.
ശശി അതിരാവിലെതന്നെ എഴുന്നേറ്റ് പാചകം പൂർത്തിയാക്കുന്നു. ഒരു കുളികഴിഞ്ഞ് സൈക്കിൾ ചവിട്ടി, ജോലി ചെയ്യുന്ന കുറച്ചുദൂരെയുളള ഹോട്ടലിലേക്ക് യാത്ര. പത്തുമണിയുടെ പെൻഡുലം ഇരുട്ടിന്റെ പ്രായമറിയിച്ചുക്കഴിഞ്ഞ് ഏറെ വൈകാതെ മടക്കം. ‘ഏമ്പക്കം’ എന്ന അപൂർവ്വവും രസകരുമായ പേരാണ് ഹോട്ടലിനുളളത്. അതിന്റെ ഉടമസ്ഥൻ ഫലിതപ്രിയനായിരുന്നെങ്കിലും ക്ഷിപ്രകോപിയാണ്. അയാൾ ശശിക്കുമുമ്പ് അവിടെ നിന്നിരുന്ന പാചകക്കാരെ ഓരോരുത്തരെയും ചവിട്ടി പുറത്താക്കിയെന്നാണ് സംസാരം. ഹോട്ടലിലെ പരിചാരകനായ അപ്പുവാണ് ശശിയോട് ഹോട്ടലുടമസ്ഥന്റെ കഥകൾ പറഞ്ഞത്. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിനെയും കാണാതായി. അപ്പുവിന് പകരമായി വന്നത് എപ്പോഴും ആഞ്ഞുചുമയ്‌ക്കുന്ന വൃദ്ധനായ കണാരനാണ്. കണാരൻ ശശിയോട് പറയും. “ഞാൻ പലതും കണ്ടവനാണ്. കാശിയിൽ പോയിട്ടൊണ്ട്. പതിനെട്ടാംപടി എട്ടുതവണ കേറീട്ടൊണ്ട്. രണ്ടുപെണ്ണുങ്ങടെ കൂടെ ഒരേസമയം കെടന്നിട്ടുമൊണ്ട്. എന്തു പറഞ്ഞിട്ടെന്താ ഈ വയസ്സുകാലത്തും എച്ചിലെടുക്കണം. ഈ ചുമയാണ് ഇപ്പോഴത്തെ കൂട്ട്.” ശശി മറുപടിയൊന്നും പറയില്ല. വന്നുവന്ന് കണാരൻ ശശിയിൽ നിന്നും മറുപടികൾ ഉണ്ടാവില്ല എന്ന ഉറച്ച വിശ്വാസത്തിലെത്തി. ശശിയുടെ പാചകവൈദഗ്‌ദ്യം കാരണം ഹോട്ടലിൽ ഉച്ചയൂണിനും മറ്റും നല്ല തിരക്കായി തുടങ്ങി. കണാരനെ കൂടാതെ പുതിയൊരാൾ കൂടെ പരിചാരകനായി വന്നു. അതു പണ്ടത്തെ അപ്പുവായിരുന്നു. അപ്പു, ഹോട്ടലുടമസ്ഥന്റെ പുതിയ കഥകൾ ശശിക്ക് പറഞ്ഞുകൊടുത്തു. അവർ പറയുന്നതെല്ലാം ശ്രദ്ധിച്ച് കേൾക്കുമെങ്കിലും ശശി തന്നെകുറിച്ച് ഒന്നും അപ്പുവിനോടോ, കണാരനോടോ പറഞ്ഞിരുന്നില്ല. ഹോട്ടലുമസ്ഥൻ തന്റെ അച്ഛനാണെന്ന സത്യം അപ്പു വെളിപ്പെടുത്തിയനേരം മാത്രം ശശി അവന് ഒരു വികൃതിപുഞ്ചിരി സമ്മാനിച്ചു.
ശ്‌മശാനത്തിലെത്താൻ ഇരുട്ട് മാറുംമുമ്പ് ആദ്യത്തെ ബസ്സിനുതന്നെ ശശി പൊതിച്ചോറും എടുത്ത് യാത്രയാകുന്നു. ശ്‌മശാനത്തിന്റെ ഗേറ്റിനോടുചേർന്നുളള രണ്ടുമുറി കെട്ടിടത്തിൽ ശശി പകലുകൾ, ചതുരംഗം കളിച്ചും ഒറ്റയ്‌ക്കും കൂട്ടമായും എത്തുന്ന തെണ്ടിപ്പട്ടികളോട് സംസാരിച്ചും ചെലവിട്ടു. വല്ലപ്പോഴും പരേതന്റെ ബന്ധുക്കൾ പണമടച്ച് ദഹിപ്പിക്കാനേൽപ്പിക്കുന്ന ശാന്തരായ ശവങ്ങൾ കൂട്ടിനുണ്ടാവും. ശശി അവയോട് ഉല്ലാസത്തോടെ സംസാരിക്കും. “എന്നെയാണല്ലേ ഏറ്റവും അവസാനമായി പരിചയപ്പെടുന്നത്?” ശവം നിസ്സഹായാവസ്ഥയിൽ സ്വരമില്ലാതെ കിടക്കുമ്പോൾ വീണ്ടും ചോദ്യങ്ങളുതിരും.“എന്താവാനായിരുന്നു ചെറുപ്പത്തിൽ ആഗ്രഹിച്ചത്? വളർന്നപ്പോൾ ആഗ്രഹം നടന്നോ?” ഒരു കാറ്റപ്പോൾ കടന്നുവരുന്നു. വീണ്ടും ചോദ്യം. “ജനിക്കണ്ടായിരുന്നു, അല്ലേ?” പിന്നെ ഒറ്റയ്‌ക്കുതന്നെ ശവദാഹത്തിനുളള ഒരുക്കങ്ങൾ ശശി ചെയ്യുന്നു.
എട്ടുമണിയുടെ പ്രകാശമാനമായ ലോകത്തിലേക്ക് പ്രേമിക്കാനായി ശശിയും ഇറങ്ങുന്നതോടെ വാതിൽക്കൽ വലിയൊരു താഴ് വീഴുന്നു. കാമുകിമാർ വാങ്ങിക്കൊടുക്കുന്ന പരിഷ്‌കൃതവേഷവും ധരിച്ച് ശശി കോളേജ് കവാടങ്ങളിലും ബസ്‌സ്‌റ്റോപ്പുകളിലും കറങ്ങി നടക്കും. ആദ്യം കാണുന്ന കാമുകിയുടെ പേഴ്‌സിന്റെ കനം പരിശോധിച്ചശേഷം പാർക്കിലേക്കും സിനിമയ്‌ക്കും മറ്റും കൈകോർത്ത് നീങ്ങുന്നു.
മൂന്നു ശശിമാരും തിരിച്ചെത്തുന്ന നേരം എന്നൊന്നില്ല. രാത്രികളും ചിലപ്പോൾ ശശിക്ക് ശ്‌മശാനങ്ങളിൽ ചെലവഴിക്കേണ്ടി വരുന്നു. കാമുകിയുമൊത്ത് ദൂരങ്ങളിൽ ശശി പോയാൽ പിന്നെ മടങ്ങുന്നത് കലണ്ടറിലെ അടുത്ത ചുവന്ന അക്കത്തിലായിരിക്കും. ഹോട്ടലിൽ പതിവു തെറ്റിക്കാനാകാത്തതു കൊണ്ടുമാത്രം ശശി എന്നും രാത്രിയിൽ മുറിക്കുളളിൽ ഉറങ്ങുന്നു. ഉണരുന്നു.
അവർക്ക് ഒരസാധാരണ ദിവസമായിരുന്നു അത്. തലേന്നു രാത്രി ഒരുനേരമ്പോക്കിന്റെ പേരിൽ എടുത്ത തീരുമാനമനുസരിച്ച് പാചകക്കാരൻ കാമുകനായി. കാമുകൻ ശ്‌മശാനം സൂക്ഷിപ്പുകാരന്റെയും ശ്‌മശാനം സൂക്ഷിപ്പുകാരൻ പാചകക്കാരന്റെയും അഭിനയഭാഗം ഏറ്റെടുത്തു. വസ്‌ത്രധാരണത്തിലെ വിഷമതകൾ ഒഴിച്ചാൽ അവരുടെ അന്നത്തെ പ്രഭാതം ഉന്മേഷകരമായിരുന്നു. ശശിക്ക് കാലുറകളും മറ്റും ദിശകൾ മാറ്റി പ്രയോഗിച്ചു നോക്കേണ്ടിവന്നു ഒടുവിൽ ഒരു തീരുമാനത്തിലെത്താൻ. ശ്‌മശാനം സൂക്ഷിപ്പുകാരന്റെ നിറംമങ്ങിയ യൂനിഫോം ഇത്രയ്‌ക്കും അസുഖകരമായിരിക്കുമെന്ന് ശശി സ്വപ്നേപി വിചാരിച്ചിരുന്നില്ല. കട്ടികൂടിയ തന്റെ യൂനിഫോമിൽ നിന്നും മാറി സാധാരണക്കാരന്റെ കൈലിയിലും അരക്കൈയൻ കുപ്പായത്തിലും ഹോട്ടലിലേക്ക് സൈക്കിൾ ചവിട്ടേണ്ടി വന്നപ്പോൾ ശശിക്കുമുണ്ടായിരുന്നു വിമ്മിട്ടം.
ഹോട്ടലിലെത്തിയ ശശി പറഞ്ഞുറപ്പിച്ചതുപ്രകാരം കാര്യങ്ങൾ ചെയ്‌തു തുടങ്ങി. കൈവിരലുകളിൽ കുമിളകൾ പൊന്തി. കണ്ണുനിറഞ്ഞു. പുകയിൽ ശ്വാസം മുട്ടി ചിലനേരങ്ങളിൽ ഏറെ ചുമച്ചു. അപ്പുവും കണാരനും കൂടെകൂടെ അടുക്കളയിൽ വന്ന് എന്തുപറ്റിയെന്നു ചോദിച്ചു. ഹോട്ടലിൽ ആദ്യം ഇരുന്നവർ തന്നെ പെട്ടെന്നു കൈകഴുകി എഴുന്നേറ്റു. പണപ്പെട്ടിക്കുപിന്നിലെ മുതലാളിക്കുനേരെ അസഭ്യവാക്കുകൾ വർഷിച്ചുകൊണ്ട് ഒരു തടിയൻ പണം കൊടുക്കാതെ ഇറങ്ങിപോയി. വാഗ്വാദം. ചിലർ കൈയോങ്ങി. ആസ്‌തമയുടെ ശല്യമുളള ഉടമസ്ഥൻ ചുവന്ന കണ്ണുകളുമായി അടുക്കളയിലെത്തി ശശിയെ തുറിച്ചുനോക്കി. “ഇപ്പോൾ.. ഇപ്പോൾതന്നെ…” എന്നയാൾ പുറത്തേക്കു കൈചൂണ്ടി പറഞ്ഞുകൊണ്ടേയിരുന്നു. ശശി അടുക്കളയുടെ പുകപിടിച്ചവാതിൽ തളളിതുറന്ന് പുറത്തിറങ്ങി. ദുഃഖം തോന്നി ശശിക്ക് ജോലി നഷ്‌ടമായല്ലോ എന്നാലോചിച്ച്. താൻ നിമിത്തം ഒരാൾ കഷ്‌ടപ്പെടുന്നത് ശശിക്ക് ഏറ്റവും വേദനയുളവാക്കുന്ന കാര്യങ്ങളിലൊന്നായിരുന്നു. ശ്‌മശാനത്തിൽ ആരും ആരോടും ദേഷ്യപ്പെടാറില്ല എന്ന കാര്യം ഇവർക്കാര് പറഞ്ഞുകൊടുക്കും? ശശി അതു ചിന്തിച്ചുകൊണ്ട്, തനിക്കുപിന്നിൽ വിഷ്‌ണരായി നിന്നിരുന്ന അപ്പുവിനെയും കണാരനെയും ശ്രദ്ധിക്കാതെ സൈക്കിൾ ആഞ്ഞുചവിട്ടി.
എത്തിച്ചേരേണ്ട സ്ഥലവും പെൺകുട്ടിയുടെ ഫോട്ടോയും കൈവശമുണ്ടായിരുന്നതുകൊണ്ട് ശശിക്ക് അവളെ കണ്ടെത്താൻ പ്രയാസമുണ്ടായില്ല. ഇന്നുവരെ അറിയാത്തൊരാത്മാവിനെ പെട്ടെന്നു കേറി പുണരുക വലിയ പ്രയാസമായി തോന്നി. അവൾ ചിരിച്ചു. അപരിചിതത്വപ്രദർശനം വലിയ മണ്ടത്തരമാണെന്നു തീരുമാനിച്ച് ശശിയും പുഞ്ചിരിച്ചു. അവൾ അവന്റെ കൈയും കോർത്തുപിടിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു. എന്തോ കാരണത്താൽ ആളൊഴിഞ്ഞുപോയ വീട്ടിൽ ഇരിക്കുമ്പോൾ അവൾ വാതോരാതെ സംസാരിച്ചു. പൂക്കളെക്കുറിച്ചും ആത്മാവിനെക്കുറിച്ചും. വീട്ടുകാരുടെ ചതുരംഗം കളിയെക്കുറിച്ച്. അതിൽ നഷ്‌ടം എന്നും അവൾക്കാണെന്ന സത്യം. അങ്ങനെ ചിലവേളകളിൽ കണ്ണുനിറഞ്ഞ് മുഖം തുടുത്ത് അവൾ സംസാരിച്ചു. ഒടുവിൽ അവൾ ‘നമ്മുക്കൊരുമിച്ചു മരിക്കാമെന്നു’ പറഞ്ഞപ്പോൾ ശശി ഞെട്ടി. ചുവരിലെ സൂര്യകാന്തി അയാളുടെ തലയ്‌ക്കുളളിൽ പെറ്റുപെരുകി. അവളുടെ പിന്നാലെ ശശിയും അടുക്കളയിലേക്കു നടന്നു. അവനിലെ പാചകക്കാരൻ ഉൻമേഷത്തോടെ ഉണർന്നു. ഒരു മണിക്കൂറും വിയർപ്പും പൊടിഞ്ഞപ്പോൾ മേശമേൽ കൈയൂന്നാൻ ഇടമില്ലാത്തവണ്ണം വിഭവങ്ങൾ നിറഞ്ഞു. പക്ഷേ, സദ്യകഴിഞ്ഞ് ‘നമ്മൾ മരിക്കുകയാണെ’ന്നു അവൾ വിഷം കണ്ണുകളിൽ നിറച്ച മുഖവുമായി പറഞ്ഞപ്പോൾ ശശി കൂട്ടുകാരനെ ഓർമ്മിച്ചു. ഇന്നലത്തെ നേരമ്പോക്ക് അവൻ മനഃപൂർവ്വം തുടങ്ങിവച്ചതായിരുന്നല്ലോ എന്ന് അമ്പരപ്പോടെയും അതിലേറെ സങ്കടത്തോടെയും കണ്ടെത്തി. ഒടുവിൽ അവളുടെ ചുണ്ടുകളിൽ അമർത്തിചുംബിച്ച് ആദ്യമായി പ്രണയസുഖം അറിഞ്ഞപ്പോൾ മരിക്കുന്ന ആ നിമിഷത്തിലും മനസ്സിൽ അവൻ കൂട്ടുകാരനു നന്ദി പറഞ്ഞു.
വൈകുന്നതുവരെ ഒരൊറ്റ ശവത്തെപോലും കാണാതെ ശ്‌മശാനത്തിൽ ഉറക്കം തൂങ്ങുകയായിരുന്നു ശശി. വൈകിയെത്തിയ രണ്ടുശവങ്ങളെ ദഹിപ്പിക്കാൻ ഒരുക്കം കൂട്ടുന്നതിനിടയിൽ പൊടുന്നനെ താൻ കണ്ണാടിയിൽ മുഖം നോക്കിയതുപോലെ. ഞെട്ടലോടെ വീണ്ടും കണ്ണടച്ചു തുറന്നപ്പോഴാണ് ശശിയുടെ കരുവാളിച്ച മുഖം ശവപ്പെട്ടിയിൽ ഒതുങ്ങിക്കിടക്കുന്നത് കണ്ടത്. താൻ ഇതറിഞ്ഞിരുന്നതാണല്ലോ എന്ന കുറ്റബോധം നിഴലുകളുടെ ഓളങ്ങൾക്കിടയിൽ ഒരു തിളക്കമായി ഉയർന്നു. മരിക്കാനായി താനും അവളും തെരഞ്ഞെടുത്ത ദിവസം. പാതകം ചെയ്‌തിട്ടു താൻ അവരെ ദഹിപ്പിക്കുകയാണല്ലോ എന്ന ചിന്ത മനസ്സിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. മരിച്ചവർ ആരോടും ഒന്നും പറയാത്തിടത്തോളം കാലം ഈ ആത്മഹത്യകൾക്ക് താൻ ഒരുവിധത്തിലും കാരണക്കാരനാകില്ല എന്നയാൾ ഉറപ്പിച്ചു. തലയോട്ടികൾ പൊട്ടുന്ന ഒച്ചകേട്ടനേരം കാമുകനായ ശശി മരിച്ചുപോയല്ലോ എന്നാലോചിച്ച് അയാൾക്ക് ഖേദം തോന്നി.
ശ്‌മശാനത്തിൽ നിന്നു ശശി മടങ്ങിയെത്തിയപ്പോൾ മുറിക്കുളളിൽ ശശി ഉറക്കമായിരുന്നു. ഉണർന്ന ഉടനെ ശശി ഹോട്ടൽ ജോലി നഷ്‌ടപ്പെട്ട കാര്യം പറഞ്ഞു. അതു സാരമില്ലെന്നും വേറേ ഹോട്ടലുകൾ ധാരാളമുണ്ടെന്നും പറഞ്ഞുകൊണ്ട് ശശി യൂനിഫോം ഊരി നിലത്തെറിഞ്ഞു. അടുത്ത നാൾമുതൽ അവരവരുടെ ജോലി അവരവർക്കെന്ന നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന കാര്യം ഒന്നുകൂടി ഉറക്കെ പറഞ്ഞുകൊണ്ട് അയാൾ കുളിമുറിയിലേക്കു പോയി. താൻ ചെയ്‌തു കൊണ്ടിരുന്ന പതിവുജോലി ഒരു ദിവസത്തേക്ക് ചെയ്‌ത സുഹൃത്തിനോട് ശശി പുറത്തുനിന്നു വിളിച്ചുചോദിച്ചു, ശ്‌മശാനത്തിലെ അനുഭവങ്ങളെക്കുറിച്ച്. ‘ഓ’, എന്നു പറഞ്ഞുകൊണ്ട് ശശി കുളി തുടർന്നു. കാമുകനാകാൻ പുറപ്പെട്ട ശശിയെ കാണാതെ ശശി പരിഭ്രമിച്ചു. അന്വേഷിച്ചു പോകാൻ ഒരുമ്പെട്ടെങ്കിലും ശശി തടഞ്ഞു. “ആദ്യമായി അറിയുന്ന ഗന്ധത്തിൽ മയങ്ങി എവിടെയെങ്കിലും ആർക്കെങ്കിലുമൊപ്പം ചുറ്റുന്നുണ്ടാകാം.”
രാത്രിയിൽ ശശി ഉണർന്നുകിടന്ന് ചിന്തിച്ചു. കാമുകിമാർക്ക് ഇന്നു താനൊരു ഓർമ്മയായി മാറിയിരിക്കുന്നു. അവരുടെ ചെലവിൽ ഭക്ഷണവും സിനിമയും ഇനിയില്ല. അവരിൽ നല്ലവർ തന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നുണ്ടാകാം. ഇനി ഇവിടെ ജീവിക്കാൻ ഒരു ജോലി വേണം. പണി അന്വേഷിക്കുന്നവർ കുറ്റവാളികളാണ്. എല്ലാവരുടെയും കണ്ണുകൾ അതാണ് പറയുന്നത്. പ്രേമിക്കുകയല്ലാതെ ജീവിതത്തിൽ ചെയ്‌തിട്ടുളള ഒരേയൊരു പണി ശ്‌മശാനം സൂക്ഷിപ്പുക്കാരന്റേതാണ്. അതും ഒരു ദിവസം മാത്രം. മനുഷ്യരെ കാണുകയും അവരുടെ ബഹളം കോൾക്കുകയും വേണ്ട. വല്ലപ്പോഴും വരുന്നവർ തന്നെ നിശ്ശബ്‌ദരാണ്. അവർ ഒന്നും ആവശ്യപ്പെടാറില്ല. ചോദ്യങ്ങൾ ചോദിക്കില്ല. നീണ്ടുനിവർന്നു കിടക്കും. ഒരുദിവസം കൊണ്ടുതന്നെ പ്രിയമായ ജോലി. പക്ഷേ, നാളെമുതൽ പഴയതുപോലെ ശശി ശ്‌മശാനം സൂക്ഷിപ്പുക്കാരന്റെ യൂനിഫോമണിഞ്ഞ് ബസ് കയറിപോകും. അതിനനുവദിക്കരുത്. ശശിയുടെ തലയ്‌ക്കുപിന്നിൽ ഒരു പെരുപ്പനുഭവപ്പെട്ടു. ഇതുവരെ അടക്കിവച്ചിരുന്ന പലരോടുമുളള ക്രോധം തിരയടിച്ചുയർന്നു. ലൈറ്റിട്ട് ഉറങ്ങിക്കിടന്നിരുന്ന ശശിയുടെ തന്റേതുപോലുളള മുഖം അയാൾ ഒരുനിമിഷം നോക്കിനിന്നു. ഗാഢനിദ്ര. ആ നിദ്രയിൽ നിന്നും പുറത്തിറങ്ങിവന്ന സ്വപ്‌നത്തിലെ കഥാപാത്രമാണ് താനെന്ന് ശശിക്ക് തോന്നി. പിന്നെ ശശിയുടെ നെഞ്ചിൽ അമർന്നിരുന്ന് പിടച്ചിലുകളെ നിഷ്‌ഫലമാക്കുകയും ഒരു തലയണകൊണ്ട് ചങ്ങാതിയുടെ മുഖമമർത്തുകയും ചെയ്‌തു. എല്ലാ ചലനവും നിലച്ചിട്ടും അയാൾ ഏറെനേരം അങ്ങനെ നിലകൊണ്ടു. കുറെകഴിഞ്ഞ് അനക്കമില്ലാത്ത ശശിയുടെ അടുത്തുകിടന്ന് ജീവനുളള ശശി ഉറങ്ങി.
അടുത്തദിവസം തന്റേതെല്ലാം എടുത്തുകെട്ടി ആരെങ്കിലും കാണുന്നതിനുമുമ്പേ ശശി ശ്‌മശാനത്തിലേക്ക് തിരിച്ചു. അവിടെ തനിക്കവകാശപ്പെട്ട മുറിയിൽ അവവെച്ച് ശവങ്ങളെയും കാത്തിരുന്നു. ശശിയുടെ ശവം വൈകിയാണെത്തിയത്. ശശിയുടെ തലയോട്ടി ചിതയ്‌ക്കുളളിൽ പൊട്ടിത്തകർന്നു. ശ്‌മശാനം സൂക്ഷിപ്പുകാരൻ ശശി ഇനിയും മരിച്ചിട്ടില്ലല്ലോയെന്നു അയാൾ പിറുപിറുത്തു. ചിതയുടെ കനലുകൾ നോക്കി ശശി നിർവ്വികാരനായി ഇരുന്നു. ശിഖരങ്ങൾ കോതി നിർത്തിയ മരത്തിന്റെയും സമുദ്രത്തിലെത്തുവോളം നേർരേഖയിൽ ഒഴുകിയെത്തുന്ന നദിയുടെയും ചിത്രം അയാളുടെ മനഃകണ്ണിൽ വളർന്നുവന്നു.
ശശി തന്റെ മുഴുവൻ സമയവും ശ്‌മശാനത്തിൽ തന്നെ ചെലവഴിച്ചു. വിരസതയകറ്റാൻ ചതുരംഗം കളിച്ചു. രാത്രിയുടെ യാമങ്ങളിൽ അദൃശ്യരായവർ ശശിക്കെതിരെ നീക്കങ്ങൾ നടത്തി. വാറ്റുചാരായം കവിളുകളായി അളന്നെടുത്തു കുടിച്ചുകൊണ്ട് ശശി അവരെ നേരിട്ടു. ചതുരംഗ കളത്തിനപ്പുറം ഒരിക്കൽ വന്നിരുന്നത് മരിച്ചുപോയ ശ്‌മശാനം സൂക്ഷിപ്പുകാരൻ ശശിയായിരുന്നു. കരുക്കളിലൊന്നും തൊടാതെ ആ ആത്മാവ് പറഞ്ഞുഃ “എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്. ശവങ്ങൾ പാവങ്ങളാണ്. ദഹിപ്പിക്കുന്നതിനുമുമ്പായി ഞാനവയോട് നാലുചോദ്യങ്ങൾ ചോദിച്ചിരുുന്നു. ഒന്നാം ചോദ്യം, എന്നെയാണല്ലേ അവസാനമായി പരിചയപ്പെടുന്നത് എന്നാണ്. ഈ ചോദ്യത്തിലൂടെ ശവത്തിൽ ജീവന്റെ കാറ്റൂതി നിറയ്‌ക്കുകയാണ് ചെയ്യുന്നത്. ശവം ജീവൻ വയ്‌ക്കുന്നു. വികാരങ്ങളും ചിന്തയും തിരിച്ചെത്തുന്നു. അനങ്ങാൻ കൂടിയാവില്ലെങ്കിലും ഒരു പുനർജന്മം മഹത്തരമാണ്. രണ്ടും മൂന്നും ചോദ്യങ്ങൾ, എന്താവാനായിരുന്നു. ചെറുപ്പത്തിൽ ആഗ്രഹിച്ചതെന്നും പിന്നീട് വളർന്നപ്പോൾ ആഗ്രഹം സഫലമായോ എന്നുമാണ്. ഇങ്ങനെയുളള ചോദ്യത്തിലൂടെ താനൊരു ജീവിതം ഭൂമിയിൽ ജീവിച്ചു തീർത്തതാണെന്ന അഭിമാനബോധം-അതൊരു ശവത്തിനുപോലുമുണ്ട്-ആ ശവത്തിനുണ്ടാകുന്നു. ആഗ്രഹങ്ങളേതെന്നോ അവ സഫലമായോ എന്നൊന്നുമാവില്ല അവ അപ്പോൾ ചിന്തിക്കുന്നത്. കൂടാതെ തന്റെ ഇല്ലാതായിതീർന്ന ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് താത്‌പര്യത്തോടെ നോക്കുന്ന ഒരാളുടെ സാമീപ്യം അവസാനനിമിഷത്തിൽ ശവത്തിന് വലിയ ആശ്വാസം പോലും പ്രദാനം ചെയ്യുന്നു. മൂന്നാമത്തെ ചോദ്യം ‘ജനിക്കണ്ടായിരുന്നു, അല്ലേ’ എന്നാണ്. കത്തിയെരിയാൻ പോകുന്ന ഒരു ശവത്തിനോടു ചോദിക്കാൻ ഇതിലും നല്ലൊരു ചോദ്യമില്ല. തന്റെ ദുരിതങ്ങളും മോഹഭംഗങ്ങളും അവസാനമായി ഒന്നുകൂടെ, ലോകത്തിലേക്ക് വലിച്ചെറിഞ്ഞ് സ്വതന്ത്രനാകാൻ ഈ ചോദ്യം ഏതൊരു ശവത്തെയും പ്രാപ്‌തനാക്കും.” ഇത്രയും പറഞ്ഞ് യാത്രപോലും ചോദിക്കാതെ ശ്‌മശാനം സൂക്ഷിപ്പുകാരൻ ശശിയുടെ ആത്മാവ് മാഞ്ഞുപോയി.
പാചകക്കാരൻ ശശിയുടെ ആത്മാവ്, ശശി ആഹാരം പാകം ചെയ്യുന്ന നേരമെല്ലാം കൂടെ തങ്ങിനിന്ന് ‘അങ്ങനെയല്ല, ഇങ്ങനെ’ എന്നും മറ്റും പറഞ്ഞുകൊടുത്ത് അയാളെ പുതിയ പാചകവിധികൾ അഭ്യസിപ്പിച്ചു. ഒടുവിൽ തനിക്കറിയാവുന്നതെല്ലാം ശശിയെ പഠിപ്പിച്ചിട്ട് പാചകക്കാരൻ ശശിയുടെ ആത്മാവും എന്നേയ്‌ക്കുമായി യാത്ര പറഞ്ഞു മാഞ്ഞുപോയി.
ശശി പിന്നെയും ഒരുപാട് കാലം ജീവിച്ചു.
Generated from archived content: story_avariloral.html Author: john_bosco
Click this button or press Ctrl+G to toggle between Malayalam and English