ശവക്കല്ലറകളിലൊന്നിൽ സംസ്‌ക്കരിച്ചത് ഒരു പാട്ടുകാരനെ ആയിരുന്നു. പാട്ടുകാരന് ഇരുവശങ്ങളിലുമായി മറ്റു രണ്ട് ശവക്കല്ലറകൾ ചേർന്നു കിടന്നു. ഒന്നിൽ ഒരു യുവതിയും മറ്റൊന്നിൽ ഒരു തത്വശാസ്‌ത്രം പ്രൊഫസറും. മൂന്നുപേരുടെയും കുടീരങ്ങൾ മറ്റുളളവരിൽ നിന്നും വേർപെട്ട് സെമിത്തേരിയുടെ ഒരു ഭാഗത്ത് ഒരു കുടുംബം പോലെ തോന്നിച്ചു. പകൽ അവർ ഭൂഗർഭ അറകളിലൂടെ അലഞ്ഞു നടക്കും. സന്ധ്യാപ്രാർത്ഥനയ്‌ക്കുളള പളളിമണി കേൾക്കുമ്പോഴേക്കും അവർ ശ്മശാനത്തിന്റെ തുറവിൽ തങ്ങളുടെ കല്ലറകൾക്കുമേൽ എത്തും. അവിടങ്ങനെ ഇരുന്ന് നേരം പുലരുവോളം അവർ സംസാരിക്കും. കുടിയന്മാർ രാത്രി വൈകി സെമിത്തേരി മുറിച്ചു കടക്കുന്ന നേരങ്ങളിൽ മാത്രം അവർ നിശ്ശബ്ദരായി.
പ്രൊഫസർ മധ്യവയസിൽ, തന്റെ നാൽപത്തെട്ടാം പിറന്നാളിന് കുറച്ചുദിവസം മുമ്പാണ് മരിച്ചത്. പാട്ടുകാരൻ ഹൃദ്‌രോഗി ആയിരുന്നു. ഇരുപത്തഞ്ചാമത്തെ വയസ്സിൽ പളളിയിൽ പാടിക്കൊണ്ടിരുന്നപ്പോൾ അയാൾ കുഴഞ്ഞുവീണു മരിച്ചു. രണ്ടുമൂന്നു മാസം പ്രായമുളള ഒരു ജീവൻ മരിക്കുമ്പോൾ തന്റെ ഉദരത്തിലുണ്ടായിരുന്നത് ഇപ്പോൾ ഒരു തടിച്ച കല്ലായി മാറിയിട്ടുണ്ടെന്ന് യുവതി പ്രൊഫസറോടും പാട്ടുകാരനോടും ഇടയ്‌ക്കിടെ തമാശ പറയും. അവൾക്ക് ദുഃഖം ഏറ്റവും അധികമാകുമ്പോഴാണ് ഇങ്ങനെ പറയുന്നതെന്ന് അറിയാവുന്നത് കൊണ്ട് അവർ അതുകേട്ടു ചിരിക്കാറില്ല. പരേതരുടെ സൗഹൃദസ്വരം കേട്ടിരിക്കാൻ വല്ലപ്പോഴും ചില മൂങ്ങകൾ സെമിത്തേരിക്കരികിലെ മുളങ്കൂട്ടത്തിൽ വന്നിരിക്കും. മൂങ്ങകളുടെ മൂളൽ അവർക്കിഷ്‌ടമായിരുന്നു.
നക്ഷത്രങ്ങളും നിലാവുമുളള രാത്രി. യുവതി പാട്ടുകാരന്റെ അടുക്കൽ ചെന്നിരുന്നു. പ്രൊഫസർ കറുത്ത മാർബിൾ കൊണ്ടു തീർത്ത കല്ലറയുടെമേൽ കൈകളിൽ തലവെച്ച് കിടന്നു.
“ഹേയ്, നെഞ്ച് വേദനിക്കുന്നോ?” പ്രൊഫസർ മടുപ്പ് തോന്നിയനേരം ചെറുപ്പക്കാരനോട് വിളിച്ചു ചോദിച്ചു.
പാട്ടുകാരൻ മുകളിലെ നക്ഷത്രങ്ങളെയും അടുത്തിരുന്ന യുവതിയെയും മാറിമാറി നോക്കുകയായിരുന്നു. പരിഹസിച്ചിട്ടും മറുപടി കിട്ടാഞ്ഞത് കൊണ്ട് പ്രൊഫസറും നക്ഷത്രങ്ങളെ വെറുതെ നോക്കികിടന്നു. ചെറുപ്പക്കാരൻ യുവതിയുടെ വെളുത്ത വയറിന്റെ മൃദുലതയിൽ തലോടി ചോദിച്ചുഃ “എവിടെ നിന്റെ കല്ലായി തീർന്ന ജീവിതം?”
യുവതി മിണ്ടാതെ മുഖം കുനിച്ചിരുന്നു. പ്രൊഫസർ ശബ്‌ദമുയർത്തി പറഞ്ഞുഃ “പെണ്ണേ സൂക്ഷിക്കുക, അവൻ ചെറുപ്പത്തിലെ മരിച്ചവനാണ്. അവന്റെ ഭാഷ ദാരിദ്ര്യത്തെ കുറിച്ചും പുണ്യങ്ങളെ കുറിച്ചും ആയിരിക്കാം. എങ്കിലും അവന്റെ വിരൽ തുമ്പുകളിൽ തുടുക്കുന്നത് കാമമാണ്.”
പുറത്തെവിടെയോ ഒരു പട്ടി മോങ്ങി.
“നമ്മൾ മരിച്ചുപോയല്ലോ”, യുവതി പറഞ്ഞു. “അല്ലായിരുന്നെങ്കിൽ സെമിത്തേരിക്ക് പുറത്ത് പോയി എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്യാമായിരുന്നു.”
“പ്രസവിക്കുകയും” പ്രൊഫസർ കൂട്ടിചേർത്തു. യുവതിയുടെ മുഖത്തെ നിലാവ് മാഞ്ഞു.
“നിർത്ത്”, പാട്ടുകാരൻ ചൊടിച്ചു, “തത്വശാസ്‌ത്രത്തിന്റെ പ്രൊഫസറാണത്രെ. ഒരു പിണ്ണാക്കും അറിയില്ല. ഒന്നു നേരെ ചൊവ്വേ കിടക്കാൻപോലും. ഇനി കുറച്ചു കഴിയുമ്പോൾ ‘എന്റെ കൈ മരവിച്ചേ’ എന്നു നിലവിളിക്കും. തലയുടെ ഭാരം മുഴുവൻ താങ്ങി, തണുത്ത കാറ്റിൽ മാർബിളിന്റെ പുറത്തുകിടന്നാൽ ഏതു കൈയാണ് മരവിക്കാത്തത്? അതുപോലും മനസ്സിലാക്കാൻ കഴിവില്ലെങ്കിൽ പിന്നെ വലിയ തത്വശാസ്‌ത്രം പ്രൊഫസറെന്നു പറഞ്ഞിട്ടെന്തു കാര്യം?”
യുവതി കൈയടിച്ച് പ്രോത്‌സാഹിപ്പിച്ചു. “കൊളളാം”, അവൾ പറഞ്ഞു. “നമ്മുടെ ഈ രാത്രിക്ക് ഒരു നല്ല തുടക്കം കിട്ടി. ഇന്നിനി നേരം വെളുക്കുന്നതുവരെ ആരും ഉറക്കം തൂങ്ങുമെന്നു പേടിക്കണ്ട.”
അവർ മൂന്നുപേരും അന്നത്തെ മത്സരം എന്തായിരിക്കണമെന്നു ചിന്തിച്ചു. മത്സരത്തിൽ ജയിക്കുന്ന ആൾ നിർദ്ദേശിക്കുന്നത് മറ്റു രണ്ടുപേരും അനുസരിക്കണം എന്നതാണ് വ്യവസ്ഥ. പാട്ട് മത്സരമാണെങ്കിൽ ജയിക്കുന്നത് പാട്ടുകാരൻ തന്നെ. നൃത്തമാണെങ്കിൽ യുവതി വെറുതെ എന്തെങ്കിലും കാണിച്ചാൽതന്നെ ഒന്നാംസ്ഥാനം കിട്ടും. പ്രസംഗമത്സരത്തിൽ ഒരിക്കലും പറഞ്ഞവസാനിപ്പിക്കാത്ത പ്രൊഫസറോട് സമ്മാനം തീർച്ചയായും തരാമെന്നു പറഞ്ഞാൽപോലും നിർത്തില്ല. മത്സരം ഇതുമൂന്നും ആയിരിക്കരുത്. പൊടുന്നനെ യുവതി പറഞ്ഞു.
“ഇന്നത്തെ മത്സരത്തിൽ ഓരോരുത്തരും അവരവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം പറയട്ടെ. ഏറ്റവും തീഷ്‌ണമായ സംഭവം പറയുന്ന ആളിന് സമ്മാനം. എന്താ?”
പാട്ടുകാരനും പ്രൊഫസറും ചിന്താഭാരത്തോടെ സമ്മതഭാവത്തിൽ തലയാട്ടി.
“ആരാദ്യം?” പാട്ടുകാരൻ ചോദിച്ചു.
“നീ തന്നെ.” യുവതി പറഞ്ഞു.
ഒത്തിരിനേരം ചിന്തിച്ചിരുന്നിട്ട് ചെറുപ്പക്കാരൻ ഒടുവിൽ പതിയെ പറഞ്ഞു തുടങ്ങി.
പാട്ടുകാരന്റെ ജീവിതത്തിലെ പ്രധാനസംഭവംഃ-
“എന്റെ ഹൃദയത്തിന് വലിയ ബലമില്ലാത്ത ഭിത്തികളാണ് ജന്മനാ കിട്ടിയിരുന്നത്. ദുഃഖിക്കാതെയും അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കിയും ഞാൻ ഹൃദയത്തെ കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ ശ്രമിച്ചു. അങ്ങനെ കാര്യങ്ങൾ പോകവെയാണ് എന്റെ കൂടെ പളളിയിൽ പാടുന്ന ലിസിയോട് എനിക്ക് പ്രേമം തോന്നി തുടങ്ങിയത്. നല്ല നിറവും നല്ല ചിരിയും ധാരാളം മുടിയുമുളള ലിസി ഇടവകയിലെ ഏറ്റവും സുന്ദരിയായിരുന്നു. ഇടവകക്കാർക്കെല്ലാം എന്റെ ദുർബല ഹൃദയഭിത്തികളെകുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ട് എന്നെ കാണുമ്പോഴൊക്കെ മുഖത്ത് സന്തോഷം വരുത്തി അവർ നല്ല കാര്യങ്ങൾ മാത്രം പറഞ്ഞു. ‘ലിസി’ എന്നെ ‘ചേട്ടാ’ എന്നു വിളിച്ചു. ആദ്യമൊന്നും എനിക്കാവിളി അത്ര സുഖിച്ചിരുന്നില്ലെങ്കിലും പിന്നെ പിന്നെ അതു കേട്ടില്ലെങ്കിൽ എനിക്കുറക്കം വരില്ലെന്നായി.”
“ലിസി എന്നെ ‘ചേട്ടാ’ എന്നു വിളിച്ച പകലുകളുടെ രാത്രികളിൽ പോലും എനിക്ക് ഉറക്കം നഷ്‌ടപ്പെട്ടുതുടങ്ങി. അവളുടെ ചിരിമാത്രം എനിക്കുചുറ്റിലും ചിലങ്കയായി. അടുക്കളയിൽ ചെന്ന് വെളളം കുടിച്ച് ഞാൻ വീണ്ടും വന്നുറങ്ങാൻ കിടന്നപ്പോൾ, അന്നെനിക്ക് നെഞ്ച് വേദനിച്ചു. ആലോചനയ്‌ക്കൊടുവിൽ ‘നാളെ തന്നെ, അവളോട് പ്രേമം തുറന്നു പറയണം’ എന്ന് ആ രാത്രി ഞാനുറച്ചു.”
“അടുത്തദിവസം ഞായറാഴ്‌ച ആയിരുന്നതുകൊണ്ട് അന്നു വൈകുന്നേരം എനിക്ക് ലിസിയെ ക്വയർ പ്രാക്‌ടീസിന് കാണാമായിരുന്നിട്ടുകൂടി, രാവിലെതന്നെ കുളിച്ചൊരുങ്ങി ഞാൻ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു. ആ വീട്ടിൽ രണ്ടുമൂന്നു തവണ നേരത്തെ പോയിട്ടുണ്ടെങ്കിലും എനിക്ക് വഴി വലിയ തിട്ടമില്ലായിരുന്നു. കാരണം ക്രിസ്‌മസ്സ് കരോളിന്റെ കൂടെ രാത്രിയിലാണ് മൂന്നു തവണയും ഞാനവിടെ ചെന്നിട്ടുളളത്. ലിസി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ‘ചേട്ടനോ’ എന്നാശ്ചര്യപ്പെട്ട് എന്നെ കണ്ടപാടെ അവൾ ഓടിയിറങ്ങി വന്നു. ഞാൻ മിണ്ടാതെ ഹൃദയം വേദനിച്ച് നിന്നു. അവൾ കൈപിടിച്ച് എന്നെ വീടിനുളളിലേക്ക് വലിച്ചുകൊണ്ട് പോയി. അടുക്കളയിലേക്ക് നോക്കി ‘അമ്മേ ചായ’ എന്നു വിളിച്ചറിയിച്ചിട്ട് ലിസി എന്റെ അടുത്തിരുന്നു. ഞാനെന്തോ പറയാൻ വിക്കി. ലിസിക്കെന്നോട് എന്തൊരടുപ്പമെന്ന് ഞാൻ അതിശയിച്ചു.”
“ചുവരിലെ ഫോട്ടോകൾ ചൂണ്ടികാണിച്ച് ലിസി ഓരോന്ന് പറഞ്ഞു. അവളുടെ തുടകളും ചുമലുകളും എന്നെ സ്‌പർശിക്കുന്നുണ്ടായിരുന്നു. ഞാൻ നെടുവീർപ്പിട്ടു. ലിസിയുടെ അമ്മ ചായയും ബിസ്‌ക്കറ്റും കൊണ്ടുവന്ന് ടീപ്പോയിൽ വെച്ചു. എന്റെ വീട്ടിലെ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞിട്ട്, ഉച്ചയൂണും കഴിച്ച് മടങ്ങിയാൽ മതിയെന്ന നിർബന്ധത്തോടെ അമ്മ അടുക്കളയിലേക്കുതന്നെ തിരിച്ചുപോയി. അപ്പോഴാണ് ലിസി വലിയൊരാൽബം എനിക്കുമുമ്പിൽ തുറന്നത്.”
“ആൽബത്തിൽ നിറയെ വർണ്ണക്കുപ്പായങ്ങൾ മാറിമാറി അണിഞ്ഞ് നിന്നിരുന്ന ലിസിയുടെ ഫോട്ടോകളായിരുന്നു. ഞാൻ മിഴിച്ചുനോക്കി. അവളോടുളള പ്രേമം നൂറുവട്ടം തുറന്നുപറയാൻ ഞാനാഞ്ഞു. പിന്നെ ഏതോ പേടിയിൽ വേണ്ടെന്നു വെച്ചു. തനിക്കേറ്റവും ഇഷ്‌ടമുളള ഒരു ഫോട്ടോ അതിലുണ്ട്, അത് ഏതാണെന്ന് പറയാമോ എന്ന് ലിസി അന്നേരം എന്നോട് ചോദിച്ചു. എന്റെ ഹൃദയം പിടച്ചു. അവളുടെ എല്ലാ ഫോട്ടോകളും എനിക്ക് ഇഷ്‌ടമായിരുന്നല്ലോ. ഞാൻ ആൽബത്തിന്റെ താളുകൾ ആദ്യംതൊട്ട് മറിച്ചു തുടങ്ങി. മഞ്ഞ ചുരിദാറണിഞ്ഞ് അവൾ നിൽക്കുന്ന ഫോട്ടോയിൽ എന്റെ വിറക്കുന്ന ചൂണ്ടുവിരൽ ഞാൻ തൊട്ടു. പൊടുന്നനെ അവളെന്റെ കവിളിൽ ഒരുമ്മ വെച്ചു. ഞാനൊരു ചുഴിയിൽ പെട്ടു. അതുതന്നെയായിരുന്നു അവൾക്കും ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ. ‘എന്തൊരു മനപൊരുത്തം എന്നുകൂടി ലിസി പറഞ്ഞപ്പോൾ ഞാൻ അനുരാഗ വിവശനായി. അവൾ ശ്രദ്ധയോടെ ആ ഫോട്ടോ ആൽബത്തിൽനിന്നും പുറത്തെടുത്തു. അപ്പോഴാണ് ഞാനത് കണ്ടത്. കണ്ടു ഞെട്ടിയത്. എടുത്തുമാറ്റിയ ഫോട്ടോയുടെ പിന്നിൽ സുമുഖനായ ഒരു യുവാവിന്റെ ചിരിക്കുന്ന ചിത്രം. വീട്ടിലെല്ലാവർക്കും ഇക്കാര്യമറിയാമെന്നു പറഞ്ഞിട്ട് ’ചേട്ടനിയാളെ ഇഷ്‌ടപ്പെട്ടോ‘ എന്നവൾ ചോദിച്ചു. ഞാൻ ഒന്നു വെറുതെ മൂളി. അയാൾക്ക് ഒരു സ്ഥിരജോലി ശരിയായാൽ മാത്രമേ കല്ല്യാണം നടത്താൻ വീട്ടുകാർ സമ്മതിക്കുളളൂ എന്നു പറഞ്ഞപ്പോൾ അവളുടെ സുന്ദരമുഖത്ത് പരന്ന ഇരുൾ കണ്ട് എന്റെ നടുക്കം പൂർണ്ണമായി. പിന്നെയും അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. നെഞ്ചിൽ ഒരു കൈ അമർത്തി ഞാനിറങ്ങി നടന്നു. ലിസി കൂടെ ഓടിവന്നതും കരഞ്ഞതും ഒന്നും അപ്പോൾ ഞാനറിഞ്ഞില്ല.”
“അന്നു വൈകിട്ട് ഞാൻ ക്വയർ പ്രാക്‌ടീസിനു പോയില്ല. എങ്കിലും ഏതോ ഒരു പ്രേരണയിൽ ഞായറാഴ്‌ച നേരത്തെതന്നെ ഞാൻ പളളിയിൽ ചെന്നു. കൈയിൽ മൈക്ക് പിടിച്ച് ലിസി പ്രാരംഭഗാനം പാടാൻ തയ്യാറെടുക്കുകയായിരുന്നു. എന്റെ സ്ഥിരം സ്ഥാനത്ത് ചെന്നുനിന്ന് ഞാൻ മൈക്കെടുത്ത് സ്വയം മറന്ന് പാടി. ആളുകൾ എന്നെ ആയിരുന്നിരിക്കണം നോക്കിയത്. ഇടക്കണ്ണിട്ട് ഒരു തവണ നോക്കിയപ്പോൾ ലിസി കണ്ണു തുടയ്‌ക്കുകയായിരുന്നു. ഞാൻ വീണ്ടും പാടി. വിശുദ്ധ കുർബാനസ്വീകരണത്തിന്റെ നേരത്തായിരുന്നു എന്റെയുളളിൽ സങ്കടങ്ങൾ ഇടിഞ്ഞുവീണത്. പാട്ട് പകുതിയിൽ നിർത്തി, ചങ്കുപൊട്ടി ഞാൻ മറിഞ്ഞുവീണു. അവസാനമായി ഞാൻ കണ്ണു തുറക്കുമ്പോൾ ലിസിയുടെ മുഖമാണ് കണ്ടത്. ഞാൻ അവളുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു. ആളുകൾ അടുത്തുവരുന്നത് കണ്ട്, പളളിമേൽക്കൂരയിലെ കത്തി നിൽക്കുന്ന വിളക്കുകൾ കണ്ട്, ലിസിയുടെ കണ്ണുകളിലെ ദുഃഖംകണ്ട് ഞാൻ മരിച്ചു.
പാട്ടുകാരൻ സംഭവം പറഞ്ഞുനിർത്തിയിട്ടും യുവതി കരഞ്ഞുകൊണ്ടിരുന്നു. തത്വശാസ്‌ത്ര പ്രൊഫസർ കല്ലറയുടെമേൽ എഴുന്നേറ്റുനിന്ന് കൈവിടർത്തി പറഞ്ഞുഃ ”നാടകീയം… നാടകീയം. പൊളളത്തരങ്ങളുടെ ഏച്ചുകെട്ടുകൾ ’പ്ലാവിലെ ചക്കകൾപോലെ മുഴച്ചു നിൽക്കുന്നു.“
പാട്ടുകാരൻ വ്യസനത്തോടെ യുവതിയെനോക്കി. ”സത്യത്തിൽ“, അവൾ പറഞ്ഞു. ”ഞാനെന്തുമാത്രം കരഞ്ഞെന്നോ? എന്തൊരു ഹൃദയ ദ്രവീകരണശേഷിയുളള അനുഭവം. ഞാൻ നിന്നെ ഒന്നു ചുംബിച്ചോട്ടേ, പാട്ടുകാരാ?“
അവർ അതിനൊരുമ്പെടുമ്പോൾ പ്രൊഫസർ തടഞ്ഞു. ”അതിപ്പോൾ വേണ്ട. വിജയി ആരാണെന്ന് അറിഞ്ഞിട്ട് മതി. ഒരുപക്ഷെ, ഞാനായിരിക്കും വിജയി എങ്കിലോ?“
പാട്ടുകാരന്റെ മുഖത്തെ വ്യസനം പൊടുന്നനെ മാഞ്ഞു. ചെറുപ്പക്കാരൻ പറഞ്ഞുഃ ”ശരി ഇനി പ്രൊഫസർ പറയ്, ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവം.“
തത്വശാസ്‌ത്രം പ്രൊഫസർ പറഞ്ഞുതുടങ്ങി.
തത്വശാസ്‌ത്രം പ്രൊഫസറുടെ ജീവിതത്തിലെ പ്രധാന സംഭവംഃ-
”എന്റെ സുഹൃത്തിന്റെ മകൾക്ക് ഞാൻ വീട്ടിൽ ചെന്ന് ട്യൂഷൻ എടുത്തിരുന്നു. പഠിക്കാൻ അത്രയൊന്നും മിടുക്കിയല്ലാത്ത സുന്ദരിയായ ആ പെൺകുട്ടിയെ വീട്ടിൽ വരുത്തി ട്യൂഷൻ കൊടുക്കാൻ എന്റെ ഭാര്യയുടെ സ്വഭാവം സമ്മതിക്കില്ല. അതുകൊണ്ട് എനിക്കേറെ കടപ്പാടുളള സുഹൃത്തിന്റെ അപേക്ഷ മാനിച്ച് ഞാൻ ആ വീട്ടിൽ എന്നും വൈകിട്ട് ചെന്നു. തത്വശാസ്‌ത്രത്തിലാണ് എനിക്ക് ഡോക്‌ടറേറ്റെങ്കിലും പെൺകുട്ടിയെ ഞാൻ ഇംഗ്ലീഷ് വ്യാകരണമാണ് പഠിപ്പിച്ചത്. അവൾ ഒരപ്‌സരസ് തന്നെയായിരുന്നു. അവളുടെ മുറിയിലിരുന്ന് ക്ലാസെടുക്കാനാണ് എന്തുകൊണ്ടോ സുഹൃത്ത് ഏർപ്പാട് ചെയ്‌തത്. ഞാൻ മുറിയിൽ കയറികഴിഞ്ഞാൽ ഉടനെ അവൾ ചെന്ന് വാതിൽ കുറ്റിയിടുമായിരുന്നു. ‘അവൾ പ്രത്യേക പെരുമാറ്റങ്ങളുളള കുട്ടിയാണ്, ചിലകാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കണം’ എന്നു സുഹൃത്ത് ആദ്യമേ പറഞ്ഞിരുന്നത് ഞാൻ മനസ്സിൽ സൂക്ഷിച്ചു.“
”പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് ഇടയിൽ അവൾ എനിക്കുമുമ്പിൽ പ്രലോഭനങ്ങളുടെ മാംസളത തുറന്നിട്ടു. പക്വതയും എന്റെ സുഹൃത്തിനോടുളള കടപ്പാടും കാരണം ഞാൻ സംയമനം പാലിച്ചുപോന്നു. അവളുടെ വാശി ഏറ്റാൻ മാത്രമേ അതുപകരിച്ചുളളു. ഒരു ദിവസം വാതിലടച്ചിട്ട് അവൾ കുപ്പായം ഊരിമാറ്റി നഗ്‌നമായ മാറിടത്തോടെ എനിക്കുമുമ്പിൽ നിന്നു. പകച്ചുനിന്ന ഞാൻ ഒടുവിൽ കൈവീശി അവളുടെ കരണത്ത് ശിക്ഷിച്ചു. അന്നു ഞങ്ങൾ ഒരു മണിക്കൂർ ഒന്നുംമിണ്ടാതെ വെറുതെ ഇരുന്നു. സുഹൃത്തിനെ ഓർത്തുമാത്രം ഞാൻ വീണ്ടും ആ വീട്ടിൽ ക്ലാസെടുക്കാൻ ചെന്നു.“
”അന്നായിരുന്നു ഞാൻ മരിച്ചത്. എന്റെ നാൽപത്തെട്ടാം പിറന്നാളിന് മൂന്നുദിവസങ്ങൾക്കുമുമ്പ്. മുറിയിൽ കടന്ന ഞാൻ പതിവുപോലെ എന്റെ കസേരയിൽ ചെന്നിരുന്നു. പെൺകുട്ടിയെ നോക്കിയ ഞാൻ വിറച്ചുപോയി. മുടി മുകളിലേക്ക് വെച്ചുകെട്ടി, കണ്ണെഴുതി, ചുണ്ടുചുവപ്പിച്ച് ഏതോ സ്വപ്‌നത്തിലെ പ്രലോഭനംപോലെ. വാതിലടച്ച് അവൾ എന്റെ അടുത്ത് വന്നുനിന്നു. പിന്നെ അപ്രതീക്ഷിതമായി എന്റെ മടിയിലിരുന്നു. വികാരത്തിന്റെ ഘനം അനുഭവിച്ചുണർന്ന എന്നെ അവൾ ചുംബിക്കാൻ തുടങ്ങി. അറിയാതെ എന്റെ കൈകളും ചലിച്ചുതുടങ്ങി. പെട്ടെന്ന് അവൾ നഗ്‌നയായി നിലത്തു കിടന്നു. പ്രാചീന വികാരങ്ങൾ തോളിലേറ്റി കൂനിനിന്ന് ഞാനവളെ നോക്കി. ഒരുപക്ഷെ, ഭൂമിയിലെ ഏറ്റവും സുന്ദരനിമിഷങ്ങളായിരുന്നിരിക്കാം എനിക്കു മുമ്പിൽ. ഞാൻ വാതിൽതുറന്ന് പുറത്തേയ്‌ക്ക് ഇറങ്ങിയോടി. ‘എന്റെ സുഹൃത്തേ….എങ്ങനെ നിങ്ങളോടത് ഞാൻ ചെയ്യും…എങ്ങനെ നിങ്ങളോടത്….’ എന്നു ഞാൻ പുലമ്പിക്കൊണ്ടിരുന്നു. എന്റെ കൈവിരൽ തുമ്പുകളിൽ പെൺകുട്ടിയുടെ ഗന്ധമായിരുന്നു.“
”കിതപ്പോടും വിയർപ്പോടും ഞാൻ വീട്ടിലെത്തി. കുട്ടികളില്ലാത്ത വീടിന്റെ വിറങ്ങലിച്ച നിശ്ശബ്‌ദത എന്റെ വീടിന്റെ പൂമുഖത്ത് ദുഃഖിച്ചിരിക്കുന്നത് ഞാൻ സങ്കൽപ്പിച്ചു. സന്താനലബ്‌ധിക്കായി നാലഞ്ച് കൊല്ലം മുമ്പുവരെ ഭാര്യ വേളാങ്കണ്ണിയിൽ തീർത്ഥാടനം ചെയ്‌തു പ്രതീക്ഷയോടെ തിരിച്ചെത്തുമായിരുന്നു. വാതിൽ ഉളളിൽ നിന്നും കുറ്റിയിട്ടിരുന്നത് എന്നിൽ സംശയമുണർത്തി. വാതിൽ എപ്പോഴും തുറന്നുകിടക്കുന്നതാണ് പൂമുഖമെന്ന് ഞാനും ഭാര്യയും വിശ്വസിച്ചിരുന്നു. സംശയം ഒരു കൊടുങ്കാറ്റായി. ഞാൻ ഒച്ചയുണ്ടാക്കാതെ തുറന്നകത്ത് കയറി. കിതപ്പിന്റെ സ്വരം കിടപ്പുമുറിയിൽ നിന്നും കേട്ടു. ഞാൻ അങ്ങോട്ടു നടന്നു. എന്റെ മങ്ങിവന്ന കാഴ്‌ചയിൽ പെൺകുട്ടിയുടെ അച്‌ഛൻ, എന്റെ സുഹൃത്ത് വിയർപ്പിൽ മുങ്ങി ചലിക്കുകയായിരുന്നു. നാൽപത്തെട്ട് വയസ്സാകാൻ മൂന്നു സൂര്യോദയങ്ങൾ മാത്രം ബാക്കിയുളളപ്പോൾ എന്റെ ഹൃദയം ഒരുകോഴിമുട്ടപോലെ അവിടെ വെച്ചുടഞ്ഞു. അങ്ങനെ ഞാൻ മരിച്ചു.“
പ്രോഫസർ പറഞ്ഞു തീർന്നപ്പോൾ യുവതി നെടുവീർപ്പിട്ടുഃ ”നിങ്ങളെന്തൊരു നിർഭാഗ്യവാൻ!“
”നിങ്ങളെന്തുകൊണ്ടാണ്“, പാട്ടുകാരൻ വിഷമത്തോടെ ചോദിച്ചു, ”ഇക്കാര്യം ഇതുവരെ ഞങ്ങളോട് പറയാതിരുന്നത്?“
പ്രൊഫസർ അതുകേട്ട് വെറുതെ ചിരിച്ചു. യുവതി പതുക്കെ എണീറ്റ് പ്രൊഫസറുടെ അടുത്ത് ചെന്നിരുന്നു. അവൾ നരച്ചു തുടങ്ങിയ അയാളുടെ തലമുടിയിലൂടെ വിരലോടിച്ചു. മുളങ്കാട്ടിലിരുന്ന് ഒരു മൂങ്ങ മൂളി. പിന്നെയെപ്പോഴൊ ആരും നിർബന്ധിക്കാതെ തന്നെ യുവതിയും പറഞ്ഞു തുടങ്ങി.
യുവതിയുടെ ജിവിതത്തിലെ പ്രധാനസംഭവം
”രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരുന്ന കാലത്താണ് ഞാൻ തോമസിനെ കാണുന്നത്. ലൈബ്രറിയിൽവെച്ച് അവൻ ഇങ്ങോട്ട് കയറി പരിചയപ്പെടുകയായിരുന്നു. അവന്റെ പാവം പിടിച്ച നോട്ടവും സംസാരവും എനിക്കിഷ്‌ടമായി. പിന്നെയും പലപ്പോഴും സംഭവിച്ച കൊച്ചുവർത്തമാനങ്ങളിലൂടെ ഞങ്ങളുടെ സൗഹൃദം വളർന്നു. വീട് ദൂരെയായതിനാൽ കോളേജിനടുത്ത് ഒരു വാടക വീടെടുത്താണ് തോമസ് താമസിച്ചിരുന്നത്. ധാരാളം തവണ എന്നെ അവിടേക്ക് ക്ഷണിച്ചിരുന്നെങ്കിലും ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പിൻവാങ്ങുകയായിരുന്നു പതിവ്. അന്നുപക്ഷെ, അവന്റെ കണ്ണിലെ നനവ് കണ്ടില്ലെന്ന് നടിക്കാനായില്ല. അടുക്കിലും ചിട്ടയിലും സുന്ദരമായി സൂക്ഷിച്ചതായിരുന്നു അവന്റെ മുറി. അലമാരിയിലെ പുസ്‌തകങ്ങളുടെ പേരുകൾ നോക്കി ഞാൻ നിന്നനേരം അവൻ എന്നെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു. സ്‌തംഭിച്ചുനിന്ന എന്റെ പിൻകഴുത്തിൽ അവൻ ചുംബിച്ച് തുടങ്ങിയപ്പോൾ ഞാൻ കുതറി. തോമസിന് അത്രയും ശക്‌തി എവിടെനിന്ന് കിട്ടിയെന്ന് ഞാൻ ഇന്നും അത്ഭുതപ്പെടുന്നു. ഒടുവിൽ കീഴടങ്ങി വേദനിക്കുമ്പോൾ ഞാൻ നിശ്ശബ്‌ദയായി കരഞ്ഞു.“
”പിന്നീട് ഞാൻ കോളേജിൽ പോയില്ല. വീട്ടുകാരുടെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി പുസ്‌തകങ്ങളിൽ അഭയം തേടി. എനിക്ക് താഴെയുളള രണ്ട് അനുജത്തിമാരുടെയും ജീവിതം ഞാൻ കാരണം യാഥാസ്ഥിതിക വഴികളോട് മല്ലിടേണ്ടിവരുമല്ലോ എന്ന ചിന്ത മനസ്സിൽ വന്നപ്പോഴെല്ലാം എന്റെ ഹൃദയം വിങ്ങി. എനിക്ക് എന്നേക്കാൾ അവരെയായിരുന്നു സ്‌നേഹം. ഒരു സന്ധ്യക്ക് വലിയ ഓക്കാനത്തോടെ ഞാൻ അടുക്കളയ്‌ക്ക് പിന്നിലുളള വാഴകൂട്ടത്തിലേക്ക് ഓടി. എന്റെ അനുജത്തിമാർ പരിഭ്രമിച്ച മുഖഭാവത്തോടെ വന്ന് പുറം തടവിതന്നു.“
”ദുഃസ്വപ്‌നങ്ങൾ മാത്രം കണ്ടുകൊണ്ട് കുറേ ദിവസങ്ങൾ ഞാൻ കഴിച്ചുകൂട്ടി. ഒടുവിൽ ഒരു നിമിഷത്തേക്ക് പോലും ഉറങ്ങാനാവില്ലെന്ന് അറിഞ്ഞപ്പോൾ തോമസിനെ കാണാനായി ഞാൻ പുറപ്പെട്ടു. വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുളളൂ. ഏതോ പുസ്‌തകം വായിച്ചിരുന്ന തോമസിന്റെ മുഖത്ത് എന്നെ കണ്ടപ്പോൾ ചുവപ്പ് പടർന്നു. ‘എനിക്കറിയാമായിരുന്നു, നീ വരുമെന്ന്’ എന്നു പറഞ്ഞിട്ട് എഴുന്നേറ്റുവന്ന് അധികാരത്തോടെ എന്നെ ചുംബിച്ചു. കുതറിമാറിയിട്ട്, ഗർഭിണി ആണെന്ന കാര്യം ഞാൻ പറഞ്ഞു. അവൻ പെട്ടെന്ന് ഒന്നു ചുരുങ്ങി. പിന്നെ വലിയ ഭാവ വ്യത്യാസമില്ലാതെ പറഞ്ഞുഃ “അതിനെന്താ എനിക്ക് പരിചയമുളള നല്ല ഡോക്‌ടർമാരുണ്ട്.” അതുകേട്ട് എന്റെ തലകറങ്ങി. അപ്പോൾ പുറത്ത് വാതിലിൽ ആരോ മുട്ടിവിളിച്ചു.“
”വാതിൽ തളളിതുറന്ന് ഒരു യുവതി അകത്ത് കയറി. മുട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിന്റെ ദേഷ്യം അവളുടെ മുഖത്ത് കണ്ടു. എന്നെകണ്ട് അവൾ പാതിവഴിയിൽ നിന്നു. പിന്നെ ഉത്‌കണ്‌ഠയോടെ എന്നോട് സംസാരിച്ച് തുടങ്ങി. തോമസ് കസേരയിൽ മുഖംകുനിച്ചിരുന്നു. അവളുടെ പേര് നിർമ്മല എന്നായിരുന്നു. നിർമ്മലയുടെ കനംവെച്ചു തുടങ്ങിയ ഉദരത്തിൽ തൊട്ടുകൊണ്ട് ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു. എന്റെ ഉദരത്തിൽ തലോടി അവൾ കുരുന്നു ജീവന്റെ സാന്നിധ്യമറിഞ്ഞു. ഞങ്ങൾ പരസ്‌പരം കെട്ടിപിടിച്ച് കരഞ്ഞു. കരച്ചിൽ തീർന്നപ്പോൾ ആദ്യം നിർമ്മലയ്‌ക്ക് ഭ്രാന്ത് പിടിച്ചു. പിന്നെ എനിക്കും. കൈയിൽ കിട്ടിയവകൊണ്ട് ഞങ്ങൾ തോമസിനെ തലങ്ങും വിലങ്ങും മർദ്ദിച്ചു. തലപൊട്ടി ചോരയൊലിച്ച് അവൻ നിലത്ത് വീണപ്പോൾ ഞങ്ങൾ പ്രഹരിക്കുന്നത് നിർത്തി. അവന്റെ ചോര ഞങ്ങളുടെ പാദങ്ങളുടെ ദിശയിലേക്ക് മാപ്പ് ചോദിക്കാനെന്നവണ്ണം ഒഴുകി വന്നു. അവനോട് ക്ഷമിക്കാൻ തയ്യാറല്ലാത്തതുകാരണം വാതിൽ ചാരി ഞങ്ങൾ ഇറങ്ങി നടന്നു.“
”നിരത്തിലിറങ്ങി വെയിൽ കൊണ്ടു തുടങ്ങിയപ്പോൾ നിർമ്മല എന്റെ ചുമലിൽ പിടിച്ചു. ഞങ്ങൾ മുഖത്തോടുമുഖം നോക്കിനിന്നു. ‘ധൈര്യം കൈവിടരുത്, ജീവിക്കണം.’ എന്നുപറഞ്ഞ്, എന്റെ കവളിൽ ഒരുമ്മ തന്ന് നിർമ്മല വേറൊരു വഴിയിലേക്ക് തിരിഞ്ഞു. ഞാൻ രൂപമില്ലാത്ത സങ്കടങ്ങളുമായി എന്റെ വഴിയേ നടന്നു. പൊടുന്നനെ തോന്നിയ ഒരുൾപ്രേരണയിൽ ഞാൻ നിർമ്മല നടന്നുപോയ വഴിയിലേക്ക് തിരിഞ്ഞുനോക്കി. പാഞ്ഞുവന്ന ഒരു ട്രക്കിന്റെ മുമ്പിലേക്ക് പരിഭ്രമമില്ലാതെ നടന്നു കയറുകയായിരുന്നു നിർമ്മല അപ്പോൾ. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. പിന്നെ നോക്കുമ്പോൾ അവിടെ ഒരു ചുവന്ന ചിത്രം മാത്രം.“
”വീട്ടിൽ തിരിച്ചെത്തിയപ്പോൾ എനിക്ക് വലിയ തളർച്ച തോന്നി. അനുജത്തിമാർ ആർദ്രമായ കണ്ണുകളോടെ എന്നെ നോക്കി. ചെറുയൊരു നെഞ്ചുവേദനയുമായി ഞാൻ ഉറങ്ങാൻ കിടന്നു. ആ ഉറക്കം പിന്നെ ഉണർന്നതുമില്ല.“
യുവതി പറഞ്ഞ് നിർത്തുമ്പോഴേക്കും നേരം വെളുത്ത് തുടങ്ങിയിരുന്നു. പാട്ടുകാരനും പ്രൊഫസറും യുവതിയെ തന്നെ നോക്കിയിരുന്നു. പ്രൊഫസറിന് അവളോട് വാത്‌സല്യവും ചെറുപ്പക്കാരന് പ്രണയവും തോന്നി. എങ്കിലും സമയം തീർന്നത് കാരണം വിജയിയെ തിരഞ്ഞെടുക്കാതെ അവർ അവരുടെ കല്ലറകളിലേക്ക് മടങ്ങിപ്പോയി.
Generated from archived content: marichavar.html Author: john_bosco