മട്ടുപ്പാവിലെ പൂന്തോട്ടം

ജനപ്പെരുപ്പവും സഥലദൌര്‍ലഭ്യവും നമ്മുടെ നിര്‍മ്മാണ സങ്കല്‍പ്പങ്ങളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. വീടിന്റെ ചുറ്റളവിന് ആനുപാതികമായി, നാലുവശത്തുമുള്ള മുറ്റവും അളന്നു തിരിച്ച് നല്‍കിയിരുന്ന വാസ്തുശാസ്ത്ര പതിവിന് ആധുനിക നഗരങ്ങളിലെ ഫ്ലാറ്റുകളിലും മതില്‍ക്കെട്ടിനുള്ളിലെ ഇത്തിരി സ്ഥലത്തെ വീടുകളിലും മുറ്റമൊരുക്കാന്‍ കഴിയില്ല. മുറ്റം വൃത്തിയാക്കേണ്ട എന്ന ലാഭം ഇതിനുണ്ടെങ്കിലും മുറ്റത്തൊരു ഉദ്യാനമൊരുക്കാന്‍ കഴിയില്ല എന്നൊരു നഷ്ടം ഇതിനുണ്ട്. എന്നാല്‍ ആധുനികാ‍ശയങ്ങള്‍ ആ നഷ്ടത്തേയും പരിഹരിച്ചിരിക്കുന്നു. പൂന്തോട്ടമൊരുക്കാന്‍ മുറ്റമില്ലേന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. മനസ്സുവച്ചാ‍ല്‍ വീടിന്റെ മട്ടുപ്പാവിലും പൂന്തോട്ടമൊരുക്കാം. കുറെ ചട്ടികള്‍ നിരത്തി ചെടികള്‍ നട്ട് ഒരു വെറും സമാശ്വാസ പൂന്തോട്ടമല്ല ഒന്നാന്തരം ഉദ്യാനം തന്നെ ഒരുക്കാം. ടെറസിലെ ഉദ്യാനം വാസ്തവത്തില്‍ പുതിയ ആശയമൊന്നുമല്ല. പഴയ ആശയത്തിന്റെ പുതിയ ആവിഷ്ക്കാരമാണ്. പ്രാചീന സപ്താത്ഭുതങ്ങളിലൊന്നായ ബാബിലോണിലെ ‘ഹാങിഗ് ഗാര്‍ഡ’ നെക്കുറിച്ച് നാമൊക്കെ വായിച്ചിട്ടുള്ളതാണ്.

പൂച്ചെടികളും ഇലച്ചെടികളും അലങ്കാരപ്പനകളും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ എല്ലായിടങ്ങളിലും വളരുന്ന ഇനങ്ങളാണ്. അതായത് ഇവയെല്ലാം അനായാസമായി ടെറസ്സിലും വളര്‍ത്തിയെടുക്കാമെന്ന് സാരം. കുടുംബാംഗങ്ങള്‍ക്ക് സ്വകാര്യതയ്ക്ക് ഭംഗം വരാതെ വിശ്രമവേളകള്‍ ചെലവിടാനും പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും അവസരം നല്‍കും ഈ ടെറസ്സ് പൂന്തോട്ടം. മറ്റെല്ലാ പൂന്തോട്ടങ്ങളിലുമെന്നപോലെ പക്ഷികളും പൂമ്പാറ്റകളും ഈ തോട്ടത്തിലും വിരുന്നെത്തും മറ്റൊരു പ്രധാന സംഗതി , വീടിനകത്തെ ചൂടുകുറയ്ക്കാനും വായു ശുദ്ധീകരിക്കാനും ഈ പൂന്തോട്ടം സഹായിക്കുമെന്നുള്ളതാണ്.

വീട് വെയ്ക്കുമ്പോള്‍ തന്നെ ടെറസ്സില്‍ പൂന്തോട്ടത്തിനുള്ള സൌകര്യമൊരുക്കണം. മേല്‍ത്തട്ടു വാര്‍ക്കുന്ന സമയത്ത് ആവശ്യത്തിന് ചരിവു നല്‍കി, വെള്ളം നന്നായി വാര്‍ന്നു പോകുന്നുണ്ടെന്ന് ഉറപ്പാക്കുക. ചോര്‍ച്ച തടയാനുള്ള മിശ്രിതം കോണ്‍ക്രീറ്റിനു മുകളില്‍ പ്രയോഗിച്ച് മേല്‍ത്തട്ട് ചോര്‍ച്ചയില്ലാതാക്കുകയും വേണം.

കുറഞ്ഞ ചിലവില്‍ മട്ടുപ്പാവില്‍ ഒരു പൂന്തോട്ടം

ചട്ടിയില്‍ വളര്‍ത്തിയ അലങ്കാരചെടികള്‍ ടെറസ്സില്‍ ഭംഗിയായി നിരത്തി മേല്‍ത്തട്ടിന് ഉദ്യാനപ്രതീതി നല്‍കാന്‍ കഴിയും. അധികം വേരുകള്‍ ഉത്പാദിപ്പിക്കാത്ത അലങ്കാരചെടികളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ചട്ടികള്‍ ഇനം തിരിച്ച് ഭംഗിയായി അടുക്കി നിരത്താം . ചട്ടികള്‍ നിരത്തുമ്പോള്‍ അടിയില്‍ മാര്‍ബിള്‍ കഷണങ്ങള്‍ വച്ച് അല്‍പ്പം ഉയര്‍ത്തി വയ്ക്കുന്നത് അധിക ജലം വാര്‍ന്നുപോകാ‍ന്‍ സഹായിക്കും.

നേരിട്ടു സൂര്യപ്രകാശം വേണ്ടാത്ത ഓര്‍ക്കിഡ്, ആന്തൂറിയം, ബിഗോണിയ, ആഫ്രിക്കന്‍ വയലറ്റ് ഇവയൊക്കെ ആകര്‍ഷകമായി നിര്‍മ്മിച്ച മേല്‍ക്കൂരക്കുള്ളില്‍ , തണല്‍ വലകള്‍‍ക്കു താഴെയാണ് വയ്ക്കേണ്ടത്. കമ്പികൊണ്ട് കുടയുടെ ആകൃതിയില്‍ നിര്‍മ്മിച്ചതില്‍ വേണം വള്ളിച്ചെടികള്‍ പടര്‍ത്താന്‍

വര്‍ഷത്തിലൊരിക്കല്‍ ചട്ടിയിലെ പൂച്ചെടികളുടെ കൊമ്പുകോതുന്നത് ഇവയെ കുറ്റിച്ചെടികളായി പരിപാലിക്കാന്‍ സഹായിക്കും. ഇതു കൂടുതല്‍ പൂക്കള്‍ ഉണ്ടാക്കാനും ഫലപ്രദമാണ്. മഴക്കാലത്തിനു മുന്‍പ് കൊമ്പുകോതണം.മേല്‍ത്തട്ട് തുറസ്സായതുകൊണ്ട് കാറ്റു ശക്തമായി വീശുമെന്നതിനാല്‍ ഉയരത്തില്‍ വളരുന്നതും പെട്ടന്ന് ഒടിഞ്ഞുവീഴുന്നതുമായ അലങ്കാരയിനങ്ങള്‍ ടെറസ്സില്‍ നന്നല്ല. ടെറസ്സില്‍ നല്ല വായുസഞ്ചാരമുള്ളതിനാല്‍ നടീല്‍ മിശ്രിതത്തില്‍ നിന്നും ചെടിയില്‍ നിന്നും ഈര്‍പ്പം നഷ്ടപ്പെട്ട് ചെടികള്‍ വാടാനും ഇടയുണ്ട്.

നന്നായി വേരോടാനും നനയ്ക്കുന്ന വെള്ളം ഏറെ സമയം മിശ്രിതത്തില്‍ നില്‍ക്കാനും വലിയ ചട്ടികളാണ് നല്ലത്. ടെറസ്സില്‍ പൈപ്പുകളും കുഴലുകളും മറ്റും സ്ഥാപിച്ചിട്ടുള്ള ഭാഗങ്ങള്‍ വള്ളിച്ചെടികള്‍ പടര്‍ത്തി മറയ്ക്കുന്നതു നന്നായിരിക്കും.

വര്‍ഷക്കാലത്ത് കൂടുതല്‍ വെള്ളം വീഴുന്നതു മൂലം കേടാകാനിടയുള്ള അഡീനിയം, യൂഫോര്‍ബിയ എന്നിവ തണല്‍ വലകള്‍‍ക്കു കീഴിലേക്ക് മാറ്റുന്നത് കൊള്ളാം. സാധാരണഗതിയില്‍ ചട്ടിയില്‍ വളര്‍ത്തുന്നവയ്ക്കു നല്‍കുന്ന പരിപാലനം മതി ടെറസ്സിലെ ചെടികള്‍ക്കും.

തുടരും…….

കടപ്പാട്: പൂന്തോട്ടം നിര്‍മ്മാണം പരിപാലനം

Generated from archived content: essay1_nov24_11.html Author: jocob_varghesekunthara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here