കുഞ്ഞുങ്ങള്‍ക്ക് വഴി കാണിക്കുമ്പോള്‍

സംഘര്‍ഷങ്ങളും പ്രശ്നങ്ങളും നിറഞ്ഞ ഒരു ലോകത്താണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. സാങ്കേതിക വിദ്യ പിടി മുറുക്കിയിരിക്കുന്നു. വിജ്ഞാനം വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നു. ഞാനും നിങ്ങളും നമ്മുടെ കുടുംബങ്ങളില്‍ വളര്‍ന്നവരാണ് എന്നാല്‍ ഇന്നത്തെ മക്കള്‍ വളരുന്നില്ല.വളര്‍ത്തിയെടുക്കുകയാണ്. മക്കളെ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ പാസാകാന്‍ മാത്രമല്ല പരിശീലിപ്പിക്കേണ്ടത്, മനുഷ്യായുസ്സോളം ദൈര്‍ഘ്യമുള്ള പരീക്ഷ പാസ്സാകാന്‍ പ്രാപ്തരാക്കണം.

കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുമ്പോള്‍ പിരിമുറുക്കമെല്ലാം അമ്മമാര്‍ക്കാണ്. തന്റെ കുട്ടി ഏറ്റവും മുന്നിലെത്തണമെന്നാണ് ഏത് അമ്മയുടേയും സ്വപ്നം. അതിനു വഴികളെന്തൊക്കെയാണെന്ന ചിന്ത മനസില്‍ നിറയും. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നല്ല ശീലങ്ങള്‍ കുട്ടികളിലുളവാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ‘ ശീലിച്ചതേ പാലിക്കു’ എന്ന മൊഴിക്ക് എന്നും പ്രസക്തിയ്ണ്ട്. പഠിക്കുന്നതു ബുദ്ധിമുട്ടിക്കുന്ന കാര്യമാണെന്ന കുട്ടിക്കു തോന്നാന്‍ ഇട നല്‍കാതിരിക്കുക. പഠനം ആഹ്ലാ‍ദകരമായ അനുഭവമാവണം. ഏതു സമയവും പഠിക്ക് പഠിക്ക് എന്ന് ആവര്‍ത്തിച്ചു കുട്ടിയുടെ മനസ്സ് മടുപ്പിക്കരുത്.

ചെറിയ കുഞ്ഞുങ്ങള്‍ക്ക് പഠനത്തില്‍ നമ്മുടെ സഹായം തീര്‍ച്ചയായും വേണം. പക്ഷെ ഏതു സമയവും കുട്ടിയുടെ കൂടെയിരുന്നു ഞെക്കിപ്പഴുപ്പിക്കുവാന്‍ ശ്രമിക്കരുത്. കൊച്ചുകുട്ടികള്‍ക്കു പോലും കുറെ യൊക്കെ തനിയെ പഠിക്കാനും സൗകര്യം നല്‍കണം. ഒന്നാം ക്ലാസ്സിലേയും മറ്റും കുട്ടികളെ അരമണിക്കൂറിലേറെ തുടര്‍ച്ചയായി പഠിപ്പിക്കാതിരിക്കുക. ബ്രേക്ക് കൂടാതെ ഏകാഗ്രത നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല. ഇടക്കു കളിയും വിനോദവും വേണം. പ്രവൃത്തി ദിനത്തിനും അവധി ദിനത്തിനും പ്രായോഗികമായ ടൈംടേബിള്‍ വെവ്വെറെ തയ്യാറാക്കുക. ഇടവേളകളില്‍ കഥ വായിക്കാനും കളിക്കാനും നേരം വേണം. ടൈംടേബിള്‍ പാലിക്കുന്നത് ശീലിക്കുക. കുട്ടിയെ പഠിപ്പിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കു ദേഷ്യം വരിക സാധാരണമാണ്. രക്ഷിതാവിന് വെള്ളം പോലെ അറിയാവുന്ന കാര്യം ഒറ്റത്തവണ പറയുന്നതോടെ കുട്ടിക്ക് മനസിലായില്ലെങ്കില്‍ ദേഷ്യപ്പെടുന്നതു യുക്തി സഹജമല്ല. പുതിയ കാര്യം പഠിച്ചെടുക്കുന്നതു സങ്കീര്‍ണ്ണമായ മാനസിക പ്രക്രിയയാണ് നല്ലവണ്ണം ക്ഷമ കാട്ടി ആവശ്യമെങ്കില്‍ വീണ്ടും പറഞ്ഞ് കൂടുതല്‍ ദൃഷ്ടാന്തങ്ങള്‍ കാട്ടി കുട്ടിയിലേക്ക് പുതിയ ആശയം സാവധാനം പകരുക.

ക്ലാസ്സ് ടെസ്റ്റിലോ പരീക്ഷക്ക് തന്നെയോ മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടിയെ ശകാരിക്കുന്നതിനു പകരം പോരായ്മയുടെ കാരണം കണ്ടെത്തി അനുഭാവപൂര്‍വ്വം അത് പരിഹരിക്കുക. മാര്‍ക്കു കുറഞ്ഞാല്‍ കുട്ടിയെ വഴക്കു പറയുകയോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതു ഗുണകരമാകില്ല. അച്ഛനമ്മമാരുരുടെ ദേഷ്യവും അടിയും ഉണ്ടായാല്‍ കുട്ടി ക്രമേണ പഠനത്തെ വെറുക്കയും ഉള്ള കഴിവു പോലും പ്രകടിപ്പിക്കാന്‍ കഴിയാത്ത നിലയിലെത്തുകയും ചെയ്യും. കുട്ടികളുടെ പഠനശേഷി കണക്കാക്കാതെ അതിരു കടന്ന സ്വന്തം പ്രതീക്ഷക്കൊപ്പിച്ച് അവര്‍ ഉയരണമെന്ന് വാശി പിടിച്ച് താങ്ങാനാവാത്ത ഭാരം അവരുടെ തലയില്‍ കയറ്റി വയ്ക്കരുത്. മാതാപിതാക്കള്‍ക്കു സാധിക്കാതിരുന്നത് ( പഠനം) മക്കളിലൂടെ സാധിക്കണമെന്ന് ചിന്തിക്കുന്നത് മൌഢ്യമാണ്. സഹോദരങ്ങളടക്കം മറ്റു കുട്ടികളുമായി സ്വന്തം കുട്ടിയെ താരതമ്യപ്പെടുത്താതിരിക്കുക. ഓരോരുത്തര്‍ക്കുമുള്ള ശേഷിക്കപ്പുറത്തേക്ക് ആര്‍ക്കും ഉയരാന്‍ കഴിയില്ല. സ്കൂളില്‍ നിന്നു വരുന്ന കുട്ടി ബാഗും മറ്റും അശ്രദ്ധമായി വലിച്ചെറിയുക. അതെല്ലാം അമ്മ പിന്നീടെടുത്ത് അടുക്കി വയ്ക്കുക എന്ന മട്ട് പല വീടുകളിലുമുണ്ട്. ഇത് നിരുത്സാഹപ്പെടുത്തണം. കുട്ടി തന്നെ ബാഗും മറ്റും കൃത്യസഥാനത്തു കൊണ്ടു വയ്ക്കുക. പുസ്തകം, പെന്‍സില്‍, പേന മുതലായവക്കെല്ലാം സ്ഥാനം നിശ്ചയിച്ചു കൊടുത്ത് അവിടെ മാത്രം വയ്ക്കാ‍നും ശീലിക്കണം. പഠനം കഴിയുമ്പോള്‍ അവയെല്ലാം ഭംഗിയായി അടുക്കി മേശപ്പുറം ചിട്ടപ്പെടുത്താന്‍ കൊച്ചിലെ തന്നെ ശീലിപ്പിച്ചാല്‍ മക്കള്‍ക്കതു ഭാരമാകില്ല. ആഴ്ചയിലൊരിക്കല്‍ വെള്ളിയാഴ്ച വൈകിട്ടോ മറ്റോ പഠന മേശയും മറ്റും വളരെ കൃത്യതയോടെ ചിട്ടപ്പെടുത്തുകയുമാകാം.

സ്കൂളിലേക്കു കൊണ്ടു പോകുന്ന ആ‍ഹാരം മുഴുവന്‍ കുട്ടി കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മറ്റുള്ള കുട്ടികള്‍ കൊണ്ടു വരുന്ന ആഹാരം ഒരു നിയന്ത്രണവുമില്ലാതെ എടുത്ത് കഴിക്കുന്ന രീതി നിരുത്സാ‍ഹപെടുത്തണം. മറ്റു കുട്ടികളുടെ പഠന സാധനങ്ങളും മറ്റും വാങ്ങിക്കൊണ്ടു വരുന്നതും പ്രോത്സാഹിപ്പിക്കേണ്ട. സമയനിഷ്ഠ നിശ്ചയമായും പാലിക്കണം. സ്കൂള്‍ വാഹനം വരുന്നതിന് 5 മിനിറ്റ് മുമ്പ് സ്റ്റോപ്പില്‍ എത്ത‍ണം. ഇടക്ക് ഇത്തരം വീഴ്ച അനുവദിച്ചാല്‍ പിന്നീട് അത് ആവര്‍ത്തിക്കുകയും കുട്ടി സമയനിഷ്ടയില്ലാത്ത ആളായിത്തീരുകയും ചെയ്യും. ഒഴിവു കഴിവുകള്‍ പറയുന്ന ശീലം ഒഴിവാക്കണം. ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് വേണ്ടതു പോലെ ചെയ്യാതെ എന്തുകൊണ്ടു ചെയ്തില്ലെന്ന വിശദീകരണം പിന്നീട് നല്‍കുന്ന രീതി കുട്ടി ശീലിക്കാതെ നോക്കണം. ഹോംവര്‍ക്ക് കൃത്യമായി ചെയ്തിട്ടേ പോകാവു. ഒരിക്കല്‍ പോലും വീഴ്ച പാടില്ല.

പഠന വൈകല്യം ഏറെയുണ്ടെങ്കില്‍ ആ വൈകല്യം അംഗീകരിക്കാതെ സാധാരണ കുട്ടിയാണെന്ന് സങ്കല്‍പ്പിച്ച് സാധാരണ സ്കൂളില്‍ തന്നെ ചേര്‍ത്താല്‍ കുട്ടിയുടെ പഠനം ഏറെ തകരാറിലായെന്ന് വരാം. വിദഗ്ദോപദേശം സ്വീകരിച്ച് കുട്ടിയുടെ പഠനമാര്‍ഗ്ഗം പ്രായോഗികമായി തിരെഞ്ഞെടുക്കുക.ഒറ്റയിരുപ്പിന് ഒരു പാ‍ടു കാര്യങ്ങള്‍ കുട്ടിയുടെ തലയില്‍ അടിച്ചു കയറ്റാന്‍ ശ്രമിക്കുന്നത് പാഴ്വേലയാണ്.

മക്കളെ അഭിനന്ദിക്കാന്‍ മറക്കരുത്. തെറ്റു ചെയ്യുന്ന കുട്ടിയെ ശാസിക്കുന്ന പല മാതാപിതാക്കളും കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളും കുട്ടികളുടെ സാമര്‍ത്ഥ്യവും പലപ്പോഴും തീര്‍ത്തും അവഗണിക്കാറുണ്ട്. നല്ലതു ചെയ്താല്‍ നല്ല വാക്ക് പറഞ്ഞാല്‍ കുട്ടികള്‍ കൂടുതല്‍ മെച്ചമായ പ്രകടനം കാഴ്ച വയ്ക്കുന്നതിനു ശ്രമിക്കാന്‍ സാധ്യതയേറും. പാട്ട് പാടാനും കവിത ചെല്ലാനും മറ്റുള്ള അസാധാരണ കഴിവ് അതിഥികളുടെയും മറ്റും മുന്നില്‍ കാണിക്കാന്‍ നിര്‍ബന്ധിച്ച് കുട്ടിയെ പ്രദര്‍ശന വസ്തുവാക്കരുത്.

വീട്ടിലെ ചെറിയ ജോലികള്‍ ചെയ്യിപ്പിക്കണം .കുട്ടി ചെയ്യുന്ന നല്ല കാര്യങ്ങള്‍ അഭിനന്ദിക്കണം. മക്കള്‍ക്കു പോസറ്റീവ് സ്ട്രോക്ക് കൊടുക്കണം. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മാതാപിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും പോസറ്റീവ് സ്ട്രോക്ക് ലഭിക്കാത്ത കുട്ടികളാണ് പിന്നീട് ലഹരികള്‍ക്കും ഗ്യാങ്ങുകള്‍ക്കും വിധേയമാകുന്നത്. ഇതിലൂടെ ഇവര്‍ അംഗീകാരം തേടുന്നു ഇങ്ങനെയുള്ള കുട്ടികളാണ് ഇന്ന് കാ‍ണുന്ന വാര്‍ത്തകളില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപികയെ കുത്തിക്കൊന്ന വാര്‍ത്ത മുതല്‍ ചാപ്പ കുത്ത്, ഗ്യാങ്ങ് കൂടി സഹപാഠിയെ റാഗ് ചെയ്യുക തുടങ്ങിയ വാര്‍ത്തയില്‍ വരെ എത്തി നില്‍ക്കുന്നത്.

Generated from archived content: essay1_aug17_12.html Author: joby.thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here