കണ്ണടയ്‌ക്കുമ്പോൾ എന്റെ മുന്നിലൂടെ പളനിച്ചാമി ആടിയാടി നടക്കുകയാണ്. ഉറക്കം വരാതെ ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് പല കോണുകളിലൂടെയും പളനിച്ചാമിയുടെ നടത്തവും വശങ്ങളിലേക്കുളള ചെരിയലും ശ്രദ്ധിച്ചു.
പളനിച്ചാമിയെക്കുറിച്ച് വ്യാകുലപ്പെടേണ്ട യാതൊരു കാര്യവും എനിക്കില്ല. എന്നിട്ടും…
പളനിച്ചാമിയെ ആദ്യമായിട്ട് കാണുന്നതുപോലും ഇന്നലെയായിരുന്നു.
നഗരത്തിലെ പ്രശസ്തമായ വർക്കീസ് സൂപ്പർ മാർക്കറ്റിന്റെ നീണ്ട വരാന്ത. കട തുറന്നിട്ടില്ലായിരുന്നു. തങ്ങളെ പണിക്കു വിളിക്കുന്നതും കാത്ത് കുറെ മനുഷ്യർ. നിർവ്വചനങ്ങളിലൊതുങ്ങാതെ അവർ ഇഴ പിരിഞ്ഞുനിന്നു. പണിസ്ഥലത്തേക്ക് ഒരുമിച്ചുപോകാൻ എന്റെ കൂട്ടുകാരനെ കാത്താണ് ഞാനവിടെ നിന്നത്. ബീഡിപ്പുകയിൽ നിന്ന് രക്ഷപ്പെടാനായി ഞാൻ വരാന്തയുടെ ഒരു കോണിലേക്ക് നീങ്ങി.
“വേല കുടുപ്പിങ്ക്‌ളാ?”
അതായിരുന്നു പളനിച്ചാമിയുടെ ആദ്യചോദ്യം. പാതി കത്തിയ ഒരു നനഞ്ഞ വിറകൊളളിയുടെ രൂപമായിരുന്നു അയാൾക്ക്. മറുപടിയില്ലെന്നു കണ്ടപ്പോൾ ചത്ത കണ്ണുകളുമായി വൃദ്ധൻ അവിടെ ചടഞ്ഞിരുന്നു. ഇടയ്‌ക്കിടെ ഏതോ മന്ത്രം ഉരുക്കഴിക്കുന്നതുപോലെ അയാളുടെ ചുണ്ടുകൾ ചലിച്ചു.
ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് അയാൾ ‘വേലകുടുപ്പിങ്ക്‌ളാ’ എന്ന് വീണ്ടും വീണ്ടും ഉരുവിടുകയാണ്.
പതിവുപോലെ എന്റെ സുഹൃത്ത് അന്നും താമസിച്ചാണ് വന്നത്.
ഞങ്ങൾ പോകാനിറങ്ങിയപ്പോൾ ഏറുകൊണ്ട പട്ടിയെപ്പോലെ അയാൾ ഒന്നുകൂടി കൂനിയിരുന്ന് എന്നെ നോക്കി.
‘വരൂ’
എന്റെ ശബ്‌ദം കേട്ട് വിശ്വാസം വരാത്തമട്ടിൽ അയാൾ ചിരിക്കാൻ ശ്രമിച്ചു.
അറിയപ്പെടാത്ത ഏതോ കോണുകളിൽ നിന്ന് അയാളുടെ കണ്ണുകളിലേക്ക് സന്തോഷവും പ്രതീക്ഷയും ഇരച്ചെത്തുകയാണ്.
അസീസ് എന്നെ ചോദ്യഭാവത്തിൽ നോക്കി. അയാൾക്ക് എന്തുപണി കൊടുക്കണമെന്ന് എനിക്കും നിശ്ചയമുണ്ടായിരുന്നില്ല.
എന്തായാലും ഞങ്ങളുടെ കൂടെ കിണറ്റിലിറങ്ങി പണിയാനുളള ശേഷി അയാൾക്കില്ലായിരുന്നു. പണി സ്ഥലത്ത് എത്തിയപ്പോൾ അയാൾ കുട്ടികളെപ്പോലെ ഉത്സാഹവാനായി കാണപ്പെട്ടു. ഞങ്ങൾ വേഷം മാറിയപ്പോൾ ഉടുത്തിരുന്ന മുണ്ട് ഒന്നുകൂടി മുറിക്കിയുടുത്ത് അയാൾ തയ്യാറായി.
കിണറ്റിൽ നിന്ന് കോരിയിട്ട മണ്ണ് കുറച്ച് ദൂരത്തേക്ക് മാറ്റിയിടുന്ന ജോലി തല്‌ക്കാലം അയാൾക്കു വേണ്ടി കണ്ടെത്തി.
രണ്ടുകുട്ട മണ്ണ് കുഴപ്പമില്ലാതെ കൊണ്ടോയിട്ടു. മൂന്നാമത്തെ കുട്ട തലയിലേറ്റിയപ്പോൾ അയാൾ രണ്ടു വശത്തേക്കും ആടാൻ തുടങ്ങി.
അല്പദൂരം നടന്ന് അയാൾ പെട്ടെന്ന് കുട്ടയുമായി വേച്ചുവീണു. ചുവന്ന മണ്ണ് അയാൾക്കു ചുറ്റും ചിതറിക്കിടന്നു.
ഞാൻ അടുത്തുചെന്നപ്പോൾ അയാളുടെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
എനിക്കാകെ ദേഷ്യവും സങ്കടവും വന്നു. എന്നിട്ടും പതിയെയാണ് ചോദിച്ചത്.
നടക്കാൻ പറ്റുമോ?
അയാൾ എഴുന്നേറ്റപ്പോൾ കാലുകൾ വിറക്കുകയും ശരീരം രണ്ടുഭാഗത്തേക്കും ചെറുതായി ആടുകയും ചെയ്‌തു.
ഞാൻ പോയി ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പത്തുരൂപ കൊണ്ടുവന്ന് അയാളുടെ കയ്യിൽ കൊടുത്തു. എന്തോ വലിയ അപരാധമെന്നമട്ടിൽ മടിച്ചു മടിച്ചാണ് അയാളത് വാങ്ങിയത്.
കുറച്ചുകഴിഞ്ഞ് അയാൾ പതുക്കെ നടന്നുപോയി.
അപ്പോഴും അയാളുടെ ശരീരം രണ്ടുഭാഗത്തേക്കും ആടുന്നുണ്ടായിരുന്നു.
Generated from archived content: story_may6.html Author: jobichan