നിഴൽചിത്രങ്ങൾ

മനസ്സിൽ ഇന്നും തെളിയുന്ന ആ മുഖം ഇപ്പോഴും, എത്രയോ വ്യക്‌തമാണ്‌. അടുത്ത അലകൾ ഇളകുന്നതുവരെയും അങ്ങനെ കണ്ടിരിക്കാം. പിന്നെ കാറ്റിലും, കോളിലുമിളകുന്ന ഓളങ്ങളിൽ ആടിയുമുലഞ്ഞും ആ രൂപം അല്‌പാൽപമായി വിസ്‌മൃതിയിൽ ലയിക്കും. അങ്ങനെ വീണ്ടും ജീവിതജലരാശികളുടെ ആഴങ്ങളിലേക്ക്‌ മുങ്ങിത്താണുകൊണ്ടിരിക്കും. ഒരിക്കൽ, ആ മുഖത്തുണ്ടായിരുന്ന ഓരോ ഭാവങ്ങളും വെവ്വേറെ വായിച്ചെടുക്കാമായിരുന്നു. പക്ഷേ ഇന്നോ…? വിഷാദത്തിന്റെ സ്‌ഥായിയായ ഒരേയൊരു ഭാവം മാത്രമായി ആ മുഖം തെളിയുന്നു..!

ഇതെല്ലാം എന്റെ വെറും തോന്നലുകൾ മാത്രമാണോ…? അല്ലെങ്കിൽ, ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഞങ്ങൾ തമ്മിൽ എന്താണുണ്ടായിരുന്നത്‌?… ഒരു യാത്രക്കിടയിൽ എത്രയോ മുഖങ്ങളെ നാം കണ്ടുമുട്ടുന്നു. ഒരു മിന്നായംപോലെ മാഞ്ഞുമറയുന്ന രൂപങ്ങൾ!… അതിൽ ഒന്നായിരുന്നോ…? എങ്കിലും പല രൂപങ്ങളും അറിയാതെ മനസ്സിന്റെ ഫിലിമിൽ നിഴൽചിത്രങ്ങളായി പതിഞ്ഞുകിടക്കും. പിന്നെ, എപ്പോഴോ ഒരിക്കൽ ആ നിഴൽചിത്രങ്ങൾ മനസ്സിലെ ഇരുട്ടുമുറിയിൽവെച്ച്‌ പ്രോസസ്‌ ചെയ്‌തെടുക്കുമ്പോൾ, തെളിഞ്ഞ ചിത്രങ്ങളായി രൂപപ്പെടുന്നു. അതുകൊണ്ടായിരിക്കാം ഒരു തെളിവാർന്ന ചിത്രമായി ഇന്നും മനസ്സിൽ “അവൾ” നിറഞ്ഞു നിൽക്കുന്നതും.

പക്ഷേ, എനിക്ക്‌ ആകെ തെറ്റിയിരിക്കുന്നു. ഒരു വാക്കുകൊണ്ടുപോലുമൊന്ന്‌ സംസാരിക്കുകയോ, എന്തെങ്കിലുമൊരു ബന്ധത്തിന്റെതായ ഇഴകൾ പാകുകയോ ചെയ്‌തിട്ടില്ലാത്ത മധ്യവയസ്സുളള ഒരു സ്‌ത്രീയെ “അവൾ” എന്ന്‌ എങ്ങനെയാണ്‌ എനിക്ക്‌ ഇപ്പോൾ വിളിക്കാൻ തോന്നിയത്‌..? അത്‌ തികച്ചും മാന്യതയുടെ ഒരു ലക്ഷണവുമാകുന്നില്ല.

എങ്കിലും ഓരോ മനസ്സിന്റെ ഉളളിലും മൗനമായ ഒരു ഭാഷ ഉണ്ടെങ്കിൽ, അതിൽകൂടി അവർക്ക്‌ സംവദിക്കാൻ കഴിയുന്നുവെങ്കിൽ, ഒരു വാചികഭാഷയുടെ ആവശ്യമില്ലാതെ തന്നെ എല്ലാം അവർ മനസ്സിലാക്കുകയും, അതിൽനിന്ന്‌ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്‌തുകൂടേ…? അതൊക്കെയായിരിക്കില്ലേ, ഈ ‘നിശ്ശബ്‌ദ ബന്ധങ്ങൾ’ എന്നൊക്കെ നമ്മൾ പറയാറുളളതും. എങ്കിലും ഔപചാരികതയുടെ പേരിൽ ബഹുവചനമായ “അവർ” എന്നുമാത്രമേ ഇപ്പോൾ എനിക്ക്‌ ആ സ്‌ത്രീയെ സംബോധന ചെയ്യാൻ തോന്നുന്നുളളൂ…

ജീവിതം ഒരു സമസ്യയായി എന്റെ മുന്നിൽ നീണ്ടുകിടക്കുന്നു. അതിൽക്കൂടി കടന്നു പോകുന്ന ഓരോയിടങ്ങളും, എനിക്ക്‌ ഒരു തുരുത്തുപോലെയും, അതൊരു ചെറിയ ലോകവുമായി അനുഭവപ്പെടുന്നു. ഒരു തുരുത്തിൽ നിന്നും മറ്റൊന്നിലേക്ക്‌ കടക്കുമ്പോൾ, കുറേ നേരമെങ്കിലും കടന്നുവന്ന ഇടങ്ങളൊക്കെ നമ്മൾ മറക്കുമോ..? എങ്കിൽ, അപ്പോൾ മനസ്സിൽ നിറയുന്നതെല്ലാം എത്തിപ്പെട്ടയിടം തന്നെയാണെന്ന്‌ തോന്നുന്നു…

ഇപ്പോൾ അയാൾ കഴിഞ്ഞുപോയ കുറേ ദിവസങ്ങളിൽ ഉണ്ടായിരുന്ന യാത്രകളുടെ ഓർമകളെ വീണ്ടും വായിച്ചെടുക്കുകയായിരുന്നു.

അന്നൊക്കെ വൈകിട്ട്‌ എല്ലാ ദിവസവും മധ്യവയസ്‌കരായ ഞങ്ങൾ രണ്ട്‌ സുഹൃത്തുക്കൾ, ഏറ്റവും അടുത്തുളള റെയിൽവേ സ്‌റ്റേഷനിൽ എത്തുമായിരുന്നു. ആ റെയിൽവേ സ്‌റ്റേഷനിൽ പടർന്നു പന്തലിച്ചു നിന്നിരുന്ന ഒരു ആൽമരച്ചോട്ടിൽ എന്നും ഞങ്ങൾ വണ്ടിയും പ്രതീക്ഷിച്ച്‌ നിൽക്കും.

ഞങ്ങൾ ഭർത്താക്കന്മാരായിരുന്നു… കുട്ടികളുടെ വാൽസല്യമുളള അച്‌ഛന്മാരായിരുന്നു. ഒപ്പം, ഏറെ ഉത്തരവാദിത്ത്വമുളള കുടുംബനാഥൻമാരും. എങ്കിലും റെയിൽവേസ്‌റ്റേഷൻ എന്ന ആ തുരുത്തിൽ മറ്റാരൊക്കെയോ ആയിത്തീരും. കാരണം യാത്രകൾ സമാഗമങ്ങളുടേയും, വേർപാടിന്റെയും വേദികൾ ഒരുക്കുന്നു. അതിനെല്ലാം ഇന്നും ഒരു സാക്ഷിയായി ആ മഹാവൃക്ഷവും അവിടെ നിലനിൽക്കുകയാണ്‌. അതുകൊണ്ട്‌ യാത്രാവേളകളിൽ ഞങ്ങൾക്ക്‌ അത്‌ ഒരു ആശ്വാസത്തിന്റെ തുരുത്തും, പക്ഷികൾക്ക്‌ എന്നും ഒരു വാസസ്ഥലവുമായി…

പക്ഷേ, ഒരു തണലും ആരുടേയും സ്വന്തമാകുന്നില്ലല്ലോ… പലരും അതിന്റെ കീഴിലെ അഭയാർത്ഥികളായ യാത്രക്കാർ മാത്രം. അങ്ങനെയാണ്‌ മധ്യവയസ്സുളള ആ രണ്ടു സ്‌ത്രീകളും അതിന്റെ കീഴിലെത്തിയതും.

ആ സ്‌ത്രീകൾ, ഭാര്യയും അമ്മയും കുടുംബിനികളുമായിരുന്നു. അതൊക്കെയും വിളിച്ചറിയിക്കുന്നതാണ്‌ അവരുടെ എന്നത്തേയും വേഷങ്ങളും ഭാവങ്ങളും. താലിമാല കഴുത്തിലണിഞ്ഞ്‌, സീമന്തരേഖയിൽ കുങ്കുമം ചാർത്തി, നെറ്റിയിൽ പൊട്ടും പതിച്ച്‌, ആ സ്‌ത്രീകളും അങ്ങനെ തന്നെയായിരുന്നു.

പക്ഷേ, അവരുടെ മനസ്സിലും അപ്പോൾ നിറഞ്ഞുനിന്നത്‌ റെയിൽവേസ്‌റ്റേഷൻ എന്ന തുരുത്തായിരിക്കുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. നമ്മൾ ചില തോന്നലുകളിൽക്കൂടി പലതും മനസ്സിലാക്കാൻ ശ്രമിക്കുന്നു.

ആ ദിവസങ്ങളിൽ എന്നും വണ്ടി എത്തുന്നതിനു മുൻപ്‌ ഒരു കൃത്യമായ സമയത്ത്‌, ആ സ്‌ത്രീകൾ ആ വൃക്ഷത്തിന്റെ ചുവട്ടിൽ കാത്തുനിൽക്കും. പക്ഷേ, ഞങ്ങൾ പുരുഷൻമാരും ആ സ്‌ത്രീകളും പരസ്‌പരം ആരാണെന്നോ എവിടെനിന്ന്‌ വരുന്നവരാണെന്നോ അറിഞ്ഞിരുന്നില്ല. പ്രത്യേകിച്ച്‌ പരസ്‌പരം ഒരു അന്വേഷണത്തിന്റെ ആവശ്യവുമില്ലായിരുന്നു. എങ്കിലും പതിവായ ഒരു യാത്രയും, അതിന്റെ കൃത്യനിഷ്‌ഠകളും പാലിക്കുന്നവർ, തീർച്ചയായും ഉദ്യോഗസ്ഥരായിരിക്കുമെന്ന്‌ ഞങ്ങൾ ഊഹിച്ചിരുന്നു. അതുപോലെ യാത്രയുടെ അവസാനം എന്നും ആ സ്‌ത്രീകളും ഞങ്ങളും ഒരേ സ്‌റ്റേഷനിൽ തന്നെ ഇറങ്ങും. പക്ഷേ കയറുന്ന ബസ്സുകൾ എല്ലായ്‌പ്പോഴും രണ്ട്‌ ദിശകളിലേയ്‌ക്കായിരുന്നു ഓടിക്കൊണ്ടിരുന്നത്‌.

അപ്പോഴും, രണ്ടുകൂട്ടരും ദിവസവും കണ്ടുമുട്ടുന്ന സ്‌ഥിരം യാത്രക്കാരുടേതായ ഒരു പരിചയശൃംഖലയിൽ അറിയാതെ ബന്ധപ്പെട്ടു. ഒന്നുംതന്നെ മനപ്പൂർവ്വം സൃഷ്‌ടിക്കുമായിരുന്നില്ല… എങ്കിലും തുടർന്നുളള ഓരോ യാത്രകളിലും ഇരുകൂട്ടരുടേയും മനസ്സിനുളളിൽ എന്തൊക്കെയോ മൃദുലവികാരങ്ങളുടെ ഉറവകൾ രൂപം കൊണ്ടിരുന്നു. പക്ഷേ, അത്‌ പരസ്‌പരമുളള ഒരു സൗഹൃദമായിരുന്നോ?.. അല്ലെങ്കിൽ മറ്റ്‌ ഏതെങ്കിലും ഇഷ്‌ടങ്ങളായിരുന്നോ? എന്തായാലും കാണാതിരിക്കുമ്പോൾ കണ്ണുകൾ പരസ്‌പരം അന്വേഷിക്കുകയും, അത്‌ മനസ്സിൽ അസ്വസ്‌ഥതകൾ സൃഷ്‌ടിക്കുകയും ചെയ്യുമായിരുന്നു.

പക്ഷേ, ഒരിക്കൽപോലും ഇരുകൂട്ടരും വാക്കുകൾകൊണ്ട്‌ സംസാരിച്ചിരുന്നില്ല.. ദിവസവും വണ്ടിയുടെ വരവും പ്രതീക്ഷിച്ചുനിന്നിരുന്ന വിരസമായ സമയങ്ങളിൽ മൗനത്തിന്റെ ഭാഷയിൽ സംസാരിക്കുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്യും. അതുകൊണ്ട്‌ ദിവസവുമുളള യാത്രയുടെ ആരംഭത്തിൽ, ആരെങ്കിലും ഒരാൾ അൽപം താമസിച്ചെത്തിയാൽ മൗനമായ ചോദ്യങ്ങൾ കൊണ്ട്‌ നേരത്തെവന്നവർ അധികാരങ്ങൾ കൈമാറും… നേരത്തെയെത്തിയിരുന്ന ദിവസങ്ങളിൽ സന്തോഷംകൊണ്ട്‌ കുശുമ്പുകൾ പറയും… “ഇന്ന്‌ നേരത്തെ എത്തി തോൽപ്പിച്ചിരിക്കുന്നു. നാളെ ഞങ്ങളും പകരം വീട്ടും…”

അങ്ങനെയുളള ആ ചെറിയ ചെറിയ പിണക്കങ്ങളിലും ഇണക്കങ്ങളിലും കൂടി ഞങ്ങൾ ഇരുകൂട്ടരും മൗനമായ ഒരു സ്‌നേഹത്തിന്റെ വക്‌താക്കളായി. അതുകൊണ്ട്‌, ദിവസവുമുളള യാത്ര അവസാനിക്കുമ്പോൾ, മനസ്സിന്റെ ലോലതലങ്ങളിൽ വേർപാടിന്റെ നീറ്റൽ അനുഭവപ്പെട്ടു. അപ്പോഴെല്ലാം ഇരുകൂട്ടരും ചിന്തിച്ചിരുന്നത്‌ “ഇനി വീണ്ടും തമ്മിൽ കാണാൻ നാളെയെന്ന ആ നീണ്ട സമയത്തെ വരവേൽക്കണമല്ലോ…” ഒടുവിൽ, ആ നിരാശയുടെ കാർമേഘങ്ങൾ മനസ്സിൽ ഏറ്റുവാങ്ങിക്കൊണ്ട്‌ രണ്ട്‌ ദിശകളിലേക്ക്‌ ബസ്സിൽ യാത്രയാകും.

പക്ഷേ, സ്‌ഥിരമായ ഒരു രൂപം ഇല്ലാത്ത ഈ മനസ്സ്‌, എല്ലാ വശങ്ങളിലേക്കുമായി, നീളുകയും ചുരുങ്ങുകയും ചെയ്യുമ്പോൾ, നമ്മളും അതിനൊപ്പം ചലിക്കുകയാണല്ലോ…

എങ്കിലും ഞങ്ങൾക്കിടയിൽ ഒരു സിദ്ധാന്തങ്ങളുമില്ലായിരുന്നു.. ദിവസവും തെളിയുന്ന സ്‌നേഹശൂന്യതയുടേതല്ലാത്ത ഏതോ മായക്കാഴ്‌ചകൾ!…

അങ്ങനെ ദിവസവുമുളള ഞങ്ങളുടെ കണ്ടുമുട്ടലുകളുടെ ഇടയിലുണ്ടാകുന്ന ആരുടെയെങ്കിലും ചില ദിവസത്തെ അസാന്നിധ്യത്തെ, പരസ്‌പരം ചോദ്യം ചെയ്യാൻ മനസ്സ്‌ മോഹിച്ചു… അത്‌ ഓരോ ദിവസവും കാണാനുളള ആകാംക്ഷയുടെ തീവ്രതയെ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു.

പക്ഷേ, ഓരോ കുടുംബബന്ധങ്ങളുടെയും കെട്ടുകൾക്കുളളിൽ കഴിയുന്ന അവർക്ക്‌ ഇതൊന്നും ഒരു തെറ്റായോ പാപമായോ തോന്നിയിരിക്കാനുമിടയില്ല. ഏതോ നിമിഷങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുകയും വീണ്ടും കുടുംബമെന്ന തുരുത്തിലെ തിരക്കിലും വേവലാതികളിലും എത്തിപ്പെടുകയും ചെയ്യുമ്പോൾ, അവർ എല്ലാം അവിടെ മറക്കുന്നു.. അപ്പോൾ അവരുടെ മുന്നിൽ മറ്റൊരു ലോകമില്ല.

ഞങ്ങൾ പുരുഷൻമാരും അങ്ങനെ തന്നെയായിരുന്നു… ഓരോ കുടുംബവും ഓരോ തുരുത്തുകളായ ചെറിയ ലോകമാണല്ലോ.. ആ ലോകത്തിൽ ജീവിതത്തിന്റെ പിരിമുറുക്കങ്ങളും ആയാസങ്ങളുമുണ്ട്‌. തീർച്ചയായും ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. അതൊക്കെയും ഈ ലോകത്തിലുളള ഒരാൾക്കുപോലും ഒഴിച്ചുകൂടാനുമാകുന്നില്ല.

എങ്കിലും ആ വേദനകളെ മരുന്നു പുരട്ടി തഴുകുവാൻ, നമ്മൾ അറിയാതെ തന്നെ ചില നിമിഷങ്ങൾ സംജാതമാകും.. അങ്ങനെയല്ലായിരുന്നെങ്കിൽ, നാം ഓരോരോ യാതനകളിലുംപെട്ട്‌ എന്തൊക്കെയോ ആയിത്തീരുമായിരുന്നില്ലേ…

ഞാൻ ഈ പറയുന്നത്‌ ശരിയാണെങ്കിൽ, അൽപം പരിക്കുപോലുമേൽക്കാതെ, ചിലതൊക്കെ നമ്മൾ ഓർമ്മിക്കുവാനും, മറക്കുവാനും ആഗ്രഹിക്കുന്നു. അതാണ്‌ മനസ്സിനെ നിലനിർത്താനുളള ഏകമരുന്നും.

പക്ഷേ, ഒരിക്കൽപോലും വാക്കുകൾകൊണ്ട്‌ സംസാരിച്ചിട്ടില്ലാത്ത ആ രണ്ടു സ്‌ത്രീകളും ഞങ്ങൾ പുരുഷൻമാരും അപ്പോൾ എങ്ങനെയാണ്‌ മനസ്സുകൊണ്ട്‌ ഓരോ ജോഡികളായിത്തീർന്നത്‌?.. പരസ്‌പരം മനസ്സിലാക്കി തെരഞ്ഞെടുക്കുവാൻ കഴിയുമായിരുന്നില്ലല്ലോ..? ഇരുകൂട്ടരും വാക്കുകൾ ഇല്ലാത്തവരായിരുന്നു. മനസ്സിൽ എല്ലാമായിരുന്നെങ്കിലും, ജീവിതത്തിൽ ആരുമായിരുന്നില്ല. അതുകൊണ്ട്‌ ഇരുട്ടിൽ ഇണകളെ തിരഞ്ഞെടുക്കേണ്ടതുണ്ടായി.

പക്ഷേ, അവിടേയും പ്രകൃതി ഓരോ പുരുഷന്റേയും സ്‌ത്രീയുടേയും ജീവിതത്തിൽ പലതും കനിഞ്ഞുനൽകിയിട്ടുണ്ട്‌. അല്ലായിരുന്നെങ്കിൽ വശ്യമായ കണ്ണുകളും പ്രസരിപ്പുളള മുഖഭാവങ്ങളോടും കൂടിയ ആ വെളുത്തു നീണ്ട സ്‌ത്രീ എന്നെ കൂടുതൽ ശ്രദ്ധിക്കുമായിരുന്നില്ലല്ലോ… എന്റെ മനസ്സും അവരിലേക്ക്‌ തന്നെയായിരുന്നു. പക്ഷേ, മറ്റേ സ്‌ത്രീയാണെങ്കിൽ ഉയരം കുറഞ്ഞ സൗന്ദര്യവതിയും. എന്റെ സുഹൃത്തും അങ്ങനെ തന്നെയായിരുന്നു. അപ്പോൾ ജീവിതത്തിൽ നമ്മൾ അറിയാതെതന്നെ, ചില സമാനതകളിൽ കൂടി പലതും തിരഞ്ഞെടുക്കുന്നു. അതുകൊണ്ട്‌ ഇനി ഞങ്ങൾ രണ്ടുപേരും ഒരേ രീതിയിൽ ചിന്തിക്കണമെന്ന്‌ ഒരു നിർബന്ധവുമില്ല.. സ്വതന്ത്രമായ വഴികൾ ഓരോന്നും ഞങ്ങളുടെ മുന്നിൽ നീണ്ടുനിവർന്നുകിടക്കുന്നതുകൊണ്ട്‌, എന്റെ സുഹൃത്തിനെ അയാളുടെ വഴികളിലേയ്‌ക്ക്‌ ഞാൻ ഇവിടെ വിട്ടുകഴിഞ്ഞു..

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇന്നും ഞാൻ ഓർക്കുകയാണ്‌. ഏതോ അവിചാരിതകാരണത്താൽ വളരെ താമസിച്ചു മാത്രമേ അന്ന്‌ എനിക്ക്‌ സ്‌റ്റേഷനിൽ എത്താൻ കഴിഞ്ഞുളളൂ. എങ്കിലും ഞങ്ങളുടെ വണ്ടി എത്തിയിരുന്നില്ല. പക്ഷേ, എന്റെ സ്‌നേഹിതയുടെ മുഖം അപ്പോഴേയ്‌ക്കും ദേഷ്യം കൊണ്ട്‌ വിവർണ്ണമായി. കാത്തു നിൽപിന്റെ വിരസത ആ മനസ്സിനെ ആകെ തകർത്തിരുന്നതുപോലെ…ഒപ്പം പരിഭവിച്ചുകൊണ്ട്‌ അവർ എന്നോട്‌ ചോദിക്കുന്നതായി എനിക്ക്‌ തോന്നി… “ഞാൻ എത്രനേരമായി ഇവിടെ കാത്തുനിൽക്കുന്നു. ഞാൻ ഒരാളെ കാണാൻ ആഗ്രഹിക്കുന്നതുപോലെ, എന്തുകൊണ്ട്‌ എന്നോടും ആ സ്‌നേഹം കാണിക്കുന്നില്ല. ഓഫീസ്‌ വിട്ടുകഴിഞ്ഞാൽ ഒരു നിമിഷംപോലും നഷ്‌ടപ്പെടുത്താതെ എത്ര തിക്കിതിരക്കിയാണ്‌ ഞാൻ ഇവിടെ എത്തുന്നത്‌?.. ഇനിയും ഇതൊക്കെ മനസ്സിലാക്കാത്തത്‌ വളരെ കഷ്‌ടമാണ്‌. നാളെ ഞാനും ഇതുപോലെ കാണിച്ചുതരും. അപ്പോൾ അറിയാം ഇഷ്‌ടമുളള ഒരാളെ കാണാതിരിക്കുമ്പോഴുളള വേവലാതി.”

സത്യമായും ഇന്നും ഞാൻ കാണുകയാണ്‌, ആ മുഖത്ത്‌ അന്നുണ്ടായിരുന്ന പരിഭവത്തിന്റെ ചില്ലകൾ. എനിക്ക്‌ വളരെയേറെ കുറ്റബോധം തോന്നി. ആ മനസ്സിനുളളിലെ മൗനമായ സ്‌നേഹം ഇനിയും ഞാൻ മനസ്സിലാക്കിയില്ലല്ലോ..

അന്ന്‌ വണ്ടി ഓടിക്കൊണ്ടിരുന്ന ഇടങ്ങളിലെ ഓരോ നിറച്ചാർത്തുകളും എന്റെ മനസ്സിൽ നിറഞ്ഞില്ല. ഏതോ മരുഭൂമിയിൽക്കൂടി ഓടിക്കൊണ്ടിരുന്ന ഒരു വണ്ടിയിലെ യാത്രക്കാരൻ മാത്രമായിരുന്നു ഞാൻ.

എങ്കിലും എന്റെ സ്‌നേഹിതയുടെ ഭാവപ്പകർച്ചകളെപ്പറ്റി ഞാൻ വീണ്ടും ചിന്തിച്ചുനോക്കി. അപ്പോൾ ഒരു കാര്യം എന്നെ സാന്ത്വനിപ്പിക്കുകയും ചെയ്‌തു.

കാർമേഘങ്ങളുരുണ്ടുകൂടിയ ഈ ആകാശം വീണ്ടും തെളിയും. ഈ ചെറിയ യാത്ര അവസാനിപ്പിച്ച്‌ എന്റെ സ്‌നേഹിത അവരുടെ വീട്ടിലെത്തുമ്പോൾ, മറ്റൊരു തുരുത്തായ ഒരു ചെറിയ ലോകത്തിന്റെ കവാടമായിരിക്കും അവരുടെ മുന്നിൽ തുറന്നിടുക. ആ കവാടത്തിന്റെ ഓരോ പടികളിലും അവർ കടന്നുവന്ന, മറ്റ്‌ ഓരോ തുരുത്തുകളിൽനിന്നുമുളള ഓർമ്മകളെല്ലാം ഉപേക്ഷിച്ചുകൊണ്ട്‌ അകത്ത്‌ പ്രവേശിക്കും. അവിടെ അവർ വിശ്വസ്‌തയായ ഒരു ഭാര്യയാണ്‌. സ്‌നേഹമയിയായ അമ്മയാണ്‌. അത്‌ അവരുടെ കർമ്മമേഖലകൾ ഉൾക്കൊണ്ട ജീവിതത്തിന്റെ ലോകമാണ്‌. അവർ എല്ലാം, അവിടെ മറക്കുന്നു. ജീവിതത്തിലെ ഓരോ യാതനകളും സ്വയം ഏറ്റുവാങ്ങി സംതൃപ്‌തയാകുന്നു.

അടുത്ത ദിവസം എന്റെ സ്‌നേഹിതയെ കണ്ടില്ല. കഴിഞ്ഞ ദിവസം ഞാൻ താമസിച്ചെത്തിയതിന്റെ ദേഷ്യം കൊണ്ടായിരിക്കുമോ അവർ എത്താതിരുന്നതെന്ന്‌ ഞാൻ സംശയിച്ചു. എങ്കിലും പ്രതീക്ഷയോടെ എന്റെ കണ്ണുകൾ ഓരോ യാത്രക്കാരുടെയിടയിലും അവരെ തിരഞ്ഞുകൊണ്ടിരുന്നു. എങ്ങും കണ്ടില്ല. എങ്കിലും ഞാൻ ഉളളിൽ സമാധാനിച്ചു. തീർച്ചയായും അവർ വരും. വണ്ടി എത്താൻ ഇനിയും സമയം ബാക്കിയുണ്ടല്ലോ…

പക്ഷേ, അവസാനം വണ്ടി പുറപ്പെട്ടിട്ടും അവർ എത്തിയിരുന്നില്ല. എന്റെ മനസ്സ്‌ നഷ്‌ടബോധം കൊണ്ട്‌ വീർപ്പുമുട്ടി. ഒപ്പം അറിയാതെ ഞാൻ പറഞ്ഞുപോയി. ഇന്ന്‌ അവർ പകരം വീട്ടിയിരിക്കുന്നു.

പിറ്റെ ദിവസം വളരെ നേരത്തെ ഞാൻ സ്‌റ്റേഷനിൽ എത്തിച്ചേർന്നു. ഇന്നലെ എനിക്ക്‌ കാണാൻ കഴിയാതിരുന്ന സ്‌നേഹിതയുടെ കണ്ണുകളിൽ ഒളിച്ചിരിക്കുന്ന നക്ഷത്രത്തിളക്കം എന്നിലേക്ക്‌ എത്താൻ എന്റെ മനസ്സ്‌ ധൃതികൂട്ടിക്കൊണ്ടിരുന്നു. പക്ഷേ, അവർ അപ്പോഴും ആ പഴയ താവളത്തിൽ എന്നെയും കാത്ത്‌ നിൽക്കുകയായിരുന്നു. എന്റെ കണ്ണുകൾ അവരുടെ കണ്ണുകളിൽ ഉടക്കിനിന്നു. പിന്നെ ഞങ്ങളുടെ ആ നാലു കണ്ണുകൾ മൗനമായ ഭാഷയിൽ വളരെ ഏറെ സംസാരിച്ചു. . അവസാനം അവർ വീണ്ടും മൗനമായി എന്നോട്‌ ഇങ്ങനെ പറയുന്നതായി എനിക്കു തോന്നി.. “കഴിഞ്ഞ ദിവസം ഞാൻ മനപ്പൂർവ്വം വരാതിരുന്നതല്ല. ദയവുചെയ്‌ത്‌ എന്നോട്‌ ഒരിക്കലും നീരസം തോന്നരുത്‌.. ജീവിതത്തിൽ ഓരോന്നും അപ്രതീക്ഷിതമായിട്ടാണല്ലോ സംഭവിക്കുക. എന്റെ മകന്‌ സുഖമില്ലായിരുന്നു. സുഖമില്ലാത്ത ഒരു കുട്ടിയെവിട്ട്‌ ഞാൻ എങ്ങനെയാണ്‌ എത്തുക.. ഞാൻ ഒരമ്മയല്ലേ?..”

എന്റെ മനസ്സ്‌ ആകെ കലങ്ങിമറിഞ്ഞു. ഒരമ്മയുടെ സ്‌നേഹവാൽസല്യം ഞാൻ വീണ്ടും ഒരിക്കൽക്കൂടി അറിഞ്ഞിരിക്കുന്നു. നൊന്തുപെറ്റ ഏതൊരു അമ്മയ്‌ക്കും, ഒരു മക്കളേയും ഈ രീതിയിൽ ഉപേക്ഷിക്കാനാകില്ല.. ചിലപ്പോൾ പുരുഷന്‌ കഴിഞ്ഞേക്കാം. പുരുഷൻ മിക്കവാറും സൃഷ്‌ടിയുടെ ഒരു പങ്കാളിമാത്രമാണ്‌. എല്ലായ്‌പോഴും ഒരു സംരക്ഷകനാകുന്നില്ല.

ഒടുവിൽ, ഞാൻ എല്ലാം ക്ഷമിച്ചതായി എന്റെ സ്‌നേഹിതയെ അറിയിച്ചു. അപ്പോൾ ആ കണ്ണുകളിലെ നക്ഷത്രത്തിളക്കം കൂടുതൽ പ്രകാശപൂർണ്ണമായി.

പതിവുപൊലെ അന്നും വണ്ടി എത്തി. ഞങ്ങൾ യാത്ര തുടങ്ങി. അങ്ങനെ ഓരോ ദിവസവും ആവർത്തിച്ചുകൊണ്ടിരുന്നു. പരസ്‌പരം കൊടുത്തും വാങ്ങിയും മനസ്സിൽ സൃഷ്‌ടിച്ചെടുത്ത, ആ തുരുത്തെന്ന ചെറിയ ലോകത്തിലെത്തുമ്പോൾ ഞങ്ങൾ അതുവരെയും കടന്നുവന്ന ഓരോ തുരുത്തുകളിലേയും ഓർമ്മകളെല്ലാം അവിടെ ഉപേക്ഷിച്ചിരുന്നു.

എങ്കിലും അവസാനം തന്റെ സ്‌നേഹിതയോട്‌ ഒരു വാക്കുപോലും പറയാതെ യാത്ര തിരിക്കേണ്ടി വന്നതിൽ താൻ ഏറെ ദുഃഖിച്ചു. ഇപ്പോൾ തന്നെ കാണാതിരിക്കുമ്പോൾ എന്തായിരിക്കും അവർ വിചാരിച്ചിരിക്കുകയെന്ന്‌ താൻ ചിന്തിച്ചുനോക്കി. എന്നും തണലേകിയിരുന്ന ആ വൃക്ഷച്ചുവട്ടിൽ ഞാനില്ലാതെ വണ്ടിയും കാത്ത്‌ നിന്നിരുന്ന ഓരോ ദിവസവും ആ മനസ്സ്‌ വേദനിച്ചിരിക്കില്ലേ?.. വഴിക്കണ്ണുകളുമായി പ്രതീക്ഷയോടെ ഇന്നും എന്റെ സ്‌നേഹിത, അവിടെ നിൽക്കുന്നുണ്ടായിരിക്കുമോ..? ഒരു പക്ഷേ ആദ്യ ദിവസം എന്നെ കാണാതിരുന്നപ്പോൾ അവർ ഇങ്ങനെ ചിന്തിച്ചിരിക്കാം…

ഏതോ തിരക്കുകൊണ്ട്‌ ഇന്ന്‌ എത്താൻ കഴിഞ്ഞിരിക്കില്ല. നാളെ തീർച്ചയായും വരും. പക്ഷേ, അന്നും കാണാതിരുന്നപ്പോൾ എന്തെങ്കിലും അസുഖം കൊണ്ടായിരിക്കും എനിക്ക്‌ വരാൻ കഴിയാത്തതെന്ന്‌ ഊഹിച്ചിരിക്കണം. പക്ഷേ, അകലത്തിലേക്ക്‌ നീണ്ടുപോകുന്ന എന്റെ ഈ യാത്ര…

ഓരോ തുരുത്തുകളിലൂടെയും കടന്നുപോകുന്ന ഈ വണ്ടിക്ക്‌ ഒരു ലക്ഷ്യമുണ്ട്‌. ആ ലക്ഷ്യത്തിൽ അത്‌ എത്തിച്ചേരുന്നു. പക്ഷേ, എന്റെ സ്‌നേഹിതയുടെ പ്രതീക്ഷകളെ ഇനി എങ്ങനെയാണ്‌ പൂവണിയിക്കുക?.. ആ മനസ്സിൽ ഇനിയും മൗനരാഗങ്ങളുടെ പൂക്കൾ പൊട്ടിവിരിയുമോ?.. എങ്കിലും മനസ്സിലെ അനിശ്‌ചിതത്വത്തിന്റെ വിളളലുകളെ നമ്മൾ പല പഴുതുകൾ കൊണ്ടും അടയ്‌ക്കാൻ ശ്രമിക്കുന്നു. അങ്ങനെ വീണ്ടും പ്രതീക്ഷകളെ നിലനിർത്തുന്നു. തീർച്ചയായും എന്റെ സ്‌നേഹിതയും അങ്ങനെ തന്നെ ചെയ്‌തിരിക്കും. പക്ഷേ, പ്രതീക്ഷകൾ ഒരിക്കലും സഫലമാകാതിരിക്കുമ്പോൾ…! ഓരോ ദിവസവും കൊഴിഞ്ഞുവീഴുമ്പോൾ, തീർച്ചയായും നിറഞ്ഞ ദുഃഖത്തോടെ അവർ തീരുമാനിക്കും, ഇനിവരില്ല… ഒടുവിൽ, ആ മനസ്സ്‌ ഇങ്ങനെയായിരിക്കും പറയുകയെന്ന്‌ തോന്നുന്നു… “ഇത്രയും നാളുകൾ സഫലമാകാത്ത ഒരു പിടി ആശകളും പ്രതീക്ഷകളും വച്ചുനീട്ടി മോഹിപ്പിച്ചു കൊണ്ടിരുന്നു. ഒടുവിൽ എല്ലാം മനസ്സുകൊണ്ടു സ്വീകരിക്കാൻ ചെന്നപ്പോൾ ഒന്നും നൽകാതെ മടക്കി അയച്ചിരിക്കുന്നു… എന്റെ മനസ്സേ, നീ സമാധാനിക്കുക…”

പൊടുന്നനെ അയാളുടെ വണ്ടി ആടിയുലഞ്ഞുനിന്നു. ചിന്തയിൽനിന്നും അയാൾ ഉണർന്നു പുറംലോകത്തിലേക്ക്‌ എത്തിനോക്കി. അതൊരു സ്‌റ്റേഷനായിരുന്നു. നീണ്ട നാലുദിവസത്തെ അയാളുടെ യാത്ര ഇവിടെ അവസാനിച്ചിരിക്കുന്നു. അയാൾ യാന്ത്രികമായി, വാച്ചിലേക്ക്‌ നോക്കി. അതേ സമയം… വണ്ടിയും പ്രതീക്ഷിച്ച്‌ എന്നും ആ വൃക്ഷച്ചുവട്ടിൽ കാത്തുനിൽക്കാറുളള അതേ സമയം…അവിടെ വിഷാദമൂകയായി വീണ്ടും പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന, ആ സ്‌നേഹിതയുടെ ചിത്രം അയാളുടെ മനസ്സിൽ നിറഞ്ഞു.. ഒപ്പം നഷ്‌ടങ്ങളുടെ ഒരു കാലവർഷം വീണ്ടും അയാളുടെ മനസ്സിനുളളിൽ ആരംഭിച്ചു..

Generated from archived content: nizhal.html Author: jk_pillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപാഠം ഒന്ന്‌ ഃ ഒരു കൂലി പ്രസംഗകനും കൂലി നടനും
Next articleനിഴൽ ചിത്രങ്ങൾ
1945 ൽ കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ ജനനം. 15 വർഷം ഇന്ത്യൻ എയർഫോസിലും 13 വർഷം സൗദി അറേബ്യയിലും ജോലി ചെയ്‌തിട്ടുണ്ട്‌. ചെറുപ്പം മുതൽക്കേ കഥകളിലും നാടകങ്ങളിലും സജീവമായിരുന്നു. ‘മഷിപ്പച്ച’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതൾ പബ്ലിക്കേഷന്റെ ഒന്നാം അധ്യായം എന്ന കഥ, കവിത പുസ്‌തകം എഡിറ്റു ചെയ്‌തിട്ടുണ്ട്‌. ‘ചെരിപ്പുകൾ’ ‘അറിവിന്റെ നോവുകൾ’ എന്നീ സ്വന്തം കഥകളെ അടിസ്ഥാനമാക്കി ദൂരദർശനുവേണ്ടി ടെലിഫിലിം നിർമ്മിക്കുകയും ‘ചെരിപ്പുകളി’ലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഭാര്യഃ സുലോചന, ഹൈസ്‌ക്കൂൾ അദ്ധ്യാപിക. മക്കൾഃ ഡോ. ബിനു, ബിജു, സൗമ്യ. ഇപ്പോൾ കണ്ണൂർ ജില്ലയിലെ കരിവെളളൂരിലാണ്‌ താമസിക്കുന്നത്‌. വിലാസം ജെ.കെ.പിളള, യൂനിഡോട്ട്‌ കമ്പ്യൂട്ടർ, ഓണക്കുന്ന്‌, കരിവെളളൂർ, കണ്ണൂർ Address: Phone: 0498 561049, 0498 560011 Post Code: 670 521

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here