ട്രെയിനിലെ മദ്യ നിരോധനം മറ്റൊരു ഭരണകൂട ഭീകരതയോ?

വലിയ കുഴപ്പമൊന്നുമില്ലാതെ ട്രാക്കിലൂടെ ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും ഈയടുത്തകാലത്തായി കേള്‍ക്കുന്നത് അപശ്രുതികളുടെ ചൂളം വിളികളാണ്. സൗമ്യയുടെ കൊലപാതകത്തിലൂടെ ചോദ്യം ചെയ്യപ്പെട്ട ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ ഇന്നും റെയില്‍വേ ട്രാക്ക് പോലെ നീണ്ടു പോകുന്നു. ഗോവിന്ദച്ചാമിമാരേപ്പോലുള്ളവരില്‍ നിന്നും രക്ഷകരാവേണ്ട ടി.ടി. ഇ മാര്‍ വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിലെത്തി എന്നതിന്റെ ഉദാഹരണമാണ് ജയഗീത ഹേമലത എന്നിവര്‍ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ കാണിക്കുന്നത്. ഗോവിന്ദച്ചാമിമാര്‍ പീഡനത്തിനു തെരുവും റെയില്‍വേ ട്രാക്കും തെരെഞ്ഞെടുക്കുമ്പോള്‍‍ കോട്ടിട്ട ടി. ടി ഇ മാര്‍ ശീതീകരിച്ച മുറികള്‍ തെരെഞ്ഞെടുക്കുന്നു എന്നതാണ് ഒരേയൊരു വ്യത്യാസം. പീഡനത്തിന് ജാതിയും മതവും തൊഴിലും സ്ഥലവും ഒന്നും ബാധകമല്ല എന്ന സാമാന്യ തത്വത്തിലേക്കാണ് കേരളം നടന്നു പോയ്ക്കൊണ്ടിരിക്കുന്നത്.

തുടര്‍ന്നു വരുന്ന ഇത്തരം ട്രെയിന്‍ പീഢനകഥകള്‍ റെയില്‍വേ അധികാരികളെ അല്‍പ്പം അസ്വസ്ഥരാക്കിയിരിക്കണം. റെയില്‍വേയ്ക്കെതിരെ ഉയരുന്ന ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന് ‍അവര്‍ കണ്ട എളുപ്പ വഴിയാണ് മദ്യപാനം നിരോധിക്കുക എന്നത്. അതായത് ഈ കാണാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മദ്യപര്‍ ആണെന്നൊരു സാമാന്യ തത്വം അവതരിപ്പിക്കുകയും മദ്യപരെ റെയില്‍വേയുടെ മേഖലകളില്‍ നിന്നും അകറ്റുകയും ചെയ്ത് കയ്യടി വാങ്ങാനുള്ള എളുപ്പവഴിയാണ് റെയില്‍വേ ചെയ്യുന്നത്.

എല്ലാ മദ്യപാനികളും പ്രശ്നക്കാരാണ് എന്ന മുന്‍ വിധിയോടെയാണ് റെയില്‍വേ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്. ഒറ്റക്കയ്യനായ ഒരാള്‍‍ ട്രെയിനില്‍ ഒരു പെണ്‍കുട്ടിയെ പീഢിപ്പിക്കുമ്പോള്‍‍ പരിഹാരമായി കൂടുതല്‍ സുരക്ഷ ഉറപ്പുവരുന്നതിനു പകരം എല്ലാ ഒറ്റക്കയ്യന്മാരേയും നിരോധിക്കുക എന്ന് എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നത് പോലെ അപകടകരമാണ് ഈ നടപടിയും. പ്രശ്നക്കാരെല്ലാം മദ്യപരാണെന്നു വരുത്തിത്തീര്‍ക്കുമ്പോള്‍ മദ്യപരല്ലാത്ത പ്രശ്നക്കാര്‍ റെയില്‍വേ ഗേറ്റിലൂടെ അനായാസം രക്ഷപ്പെടുന്നു. . സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. മദ്യപര്‍ കൊടുക്കുന്ന നികുതി കൊണ്ടാണ് നമ്മുടെ സംസ്ഥാനം നിലനില്‍ക്കുന്നതെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. ഒരാള്‍ക്ക് മദ്യം വാങ്ങാനും കുടിക്കാനും നിശ്ചിത അളവ് കയ്യില്‍ വെയ്ക്കാനും നമ്മുടെ നിയമം അനുമതി നല്‍ക്കുന്നുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് മാത്രമാണ് കുറ്റകരമായിട്ടുള്ളത്. അതായത് ഒരാള്‍ക്ക് മദ്യം കഴിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് ശല്യമാകാത്ത തരത്തില്‍ യാത്ര ചെയ്യുന്നതിന് നിയമം പരിരക്ഷ നല്‍കുന്നുണ്ട്. ഈ സാഹചര്യമാണ് റെയില്‍വേ ഇല്ലാതെയാകുന്നത്. ഒരാള്‍ മദ്യപിച്ചു എന്ന് കരുതി മാത്രം അയാള്‍ ഒരു കുറ്റവാളിയാണെന്ന് എങ്ങെനെ നമുക്ക് പറയുവാന്‍ കഴിയും? ഇതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഈ മദ്യപരിശോധനയുടെ പേരില്‍ സധാരണ യാത്രകാര്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പരിശോധനാ പീഢനങ്ങള്‍. എപ്പോള്‍ വേണമെങ്കിലും പ്ലാറ്റ്ഫോമില്‍ പരിശോധിക്കപ്പെടാം എന്ന സ്ഥിതി വിശേഷമുണ്ടാവുകയും യാത്രക്കാര്‍ അപമാനിക്കപ്പെടുകയും യാത്ര മുടങ്ങുകയും കള്ളക്കേസുകളൂണ്ടാക്കപ്പെടുകയും ചെയ്തേക്കാം. ഏറ്റവും രസകരമായ കാര്യം ഈ നിയമം കേരളത്തില്‍ മാത്രമാണ് ബാധകം എന്നതാണ്. അതായത് കോയമ്പത്തൂരില്‍ നിന്ന് മദ്യപിച്ച് ട്രെയിനില്‍ കയറുന്ന ഒരാള്‍ ഒരു കുറ്റകൃത്യവും ചെയ്യാതെ തന്നെ പാലക്കാട് സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഇതുവരെ കേരളത്തിന്‍ ഒരു സോണ്‍ അനുവദിക്കാത്ത ഇന്ത്യന്‍ റെയില്‍വേ കേരളത്തിനു മാത്രമായി ഒരു നിയമം നടപ്പാക്കി എന്നതില്‍ റെയില്‍വേയ്ക്ക് അഭിമാനിക്കാം. മദ്യപരെ റെയില്‍വേ വിലക്കുമ്പോള്‍‍ തന്നെ റെയില്‍വേയുടെ ടി ടി ഇ മാര്‍ ഉള്‍പ്പെടെയുള്ള പല തൊഴിലാളികളും ഡ്യൂട്ടി സമയത്ത് തന്നെ മദ്യപിക്കുന്നത് സര്‍വ സാധാരണമാണ്. ഇവര്‍ക്കൊന്നും ഈ നിയമം ബാധകമാവുകയില്ല അഥവാ പിടിക്കപ്പെട്ടാല്‍ തന്നെ ഇവരെ വിചാരണ ചെയ്യുന്നത് റെയില്‍ വേയുടെ വിഭാഗങ്ങള്‍ തന്നെയാണ്. സഹമദ്യപരെ രക്ഷപ്പെടുത്താനുള്ള വഴി തേടിക്കൊണ്ട് ഇവര്‍ക്ക് പച്ചക്കൊടി കാട്ടുക തന്നെ ചെയ്യും.

യഥാര്‍ത്ഥത്തില്‍ യാത്രികരുടെ സുരക്ഷയാണ് റെയില്‍വേ ഉന്നം വെക്കുന്നതെങ്കില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ട്രെയിനുകളില്‍ വിന്യസിക്കുകയാണ് വേണ്ടത്. കൂടാതെ സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ലേഡീസ് കംബാര്‍ട്ടുമെന്റ് മധ്യത്തില്‍ ആക്കുക, എക്സ്പ്രസ്സ് ട്രെയിനുകളിലേക്ക് പോലെ ബോഗികള്‍ പരസ്പരം ബന്ധിപ്പിക്കുക, അതില്‍കൂടെ ലേഡീസ് കമ്പാര്ട്ട് മെന്റ് ഒറ്റപ്പെട്ടു കിടക്കുന്ന അവസ്ഥ ഒഴിവാക്കുക എന്നിങ്ങനെ അനേകം നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്.

അതൊന്നും ചെയ്യാതെ മദ്യപരെ നിരോധിച്ചുകൊണ്ടുള്ള പുകമറയിലൂടെ സുരക്ഷയെ സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും റെയില്‍വേ ഒഴിഞ്ഞു മാറുകയാണു ചെയ്യുന്നത്.

റെയില്‍വേയുടെ ഈ നിയമത്തെ പിന്‍ പറ്റി നാളെ കെ. എസ്. ആര്‍ ടി. സി യും ഇതേ പോലെ ഒരു നിയമം പാസാക്കിയേക്കാം. മദ്യം വില്‍ക്കാം വാങ്ങാം കഴിക്കാം പക്ഷെ മദ്യപിച്ച് യാത്ര ചെയ്യരുത് എന്ന് മാത്രം നിയമ ഉണ്ടാക്കുന്ന ഏത് അര്‍ത്ഥത്തിലും ശരിയായ നടപടിയല്ല. റെയില്‍വേയുടെ ഈ വിചിത്ര നടപടിയില്‍ കേരള സര്‍ക്കാര്‍ പാലിക്കുന്ന മൗനം ആരെ തൃപ്തിപ്പെടുത്തുവാനാണ് എന്ന് വിശദീകരിക്കേണ്ടതുണ്ട്. മദ്യപരെല്ലാം പ്രശ്നക്കാര്‍ എന്നതാണ് ഭരണക്കാരുടെ വാദമെങ്കില്‍ കേരളത്തില്‍ മദ്യം നിരോധിക്കാനുള്ള ആര്‍ജവമാണ് കാണിക്കേണ്ടത്.

Generated from archived content: essay1_apr12_13.html Author: jiyad.k.m

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here