പത്രവിശേഷം

“മോനെ എഴുന്നേല്‌ക്കൂ. പല്ലു തേച്ച്‌ വന്ന്‌ പത്രം വായിക്കൂ.” ചുരുണ്ടുറങ്ങുന്ന അവനെ ഞാൻ കുലുക്കിയെഴുന്നേല്പിച്ചു.

“അല്പം കൂടി ഉറങ്ങട്ടെ അച്ഛാ!” അവന്റെ അഭ്യർത്ഥന ഞാൻ നിരസിച്ചു.

പത്രം അവനെ ഏല്പിച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു. “പത്രം വായിച്ചാലെ അറിവുണ്ടാകൂ. ലോകത്ത്‌ ഇന്നലെ എന്ത്‌ നടന്നുവെന്ന്‌ നാം അറിയേണ്ടേ. വായിക്കൂ.” അവൻ അനുസരിച്ചു.

അക്ഷരം കൂട്ടി വായിച്ചു തുടങ്ങുന്ന പ്രായമല്ലേ. ദിവസത്തിന്റെ തുടക്കം പത്രം വായനയിലൂടെയാകട്ടെ. പൊതുവിജ്ഞാനം ഉണ്ടാകട്ടെ. സംഭവങ്ങളെ, കാലഘട്ടത്തെ അവൻ അറിയട്ടെ. മാത്രമല്ല വായനയിലൂടെ വിദ്യാഭ്യാസവും ലഭിക്കട്ടെ. പത്രത്തിനായി കവലയിലെ പീടിക വരാന്തയിൽ, മുതിർന്നവരുടെ ഊഴം കഴിയാൻ ആകാംക്ഷയോടെ കാത്തുനിന്ന തന്റെ ദരിദ്രവും അവഗണിക്കപ്പെട്ടതുമായ ബാല്യം അവനില്ലല്ലോ. പുലരുമ്പോൾ മൂന്ന്‌ പത്രങ്ങളാണ്‌ ഇപ്പോൾ മുറ്റത്ത്‌ വന്നുവീഴുന്നത്‌!

“കണ്ണൂരിൽ ഒരാളെക്കൂടി വെട്ടിക്കൊന്നു.” അവൻ അക്ഷരങ്ങൾ പെറുക്കിയെടുത്ത്‌ ഉറക്കെ വായിച്ചു.

“എന്തിനാണച്ഛാ ആളെ വെട്ടിക്കൊല്ലുന്നത്‌?” അവൻ സംശയം ഉന്നയിച്ചു.

“അയാൾ കുറമ്പു കാട്ടീട്ട്‌.” കുട്ടികളുടെ ഭാഷയിൽ ഒരുത്തരം കണ്ടെത്തി ഞാൻ തടിതപ്പി.

“ബസ്സപകടത്തിൽ 19 പേർ മരിച്ചു.” അവൻ വായന തുടർന്നു.

“എന്താണച്ഛാ, ബസ്സപകടമുണ്ടാകുന്നത്‌?” വീണ്ടും സംശയം.

“ഡ്രൈവർ വേഗത്തിൽ ശ്രദ്ധയില്ലാതെ ഓടിച്ചിട്ട്‌.” ഞാൻ വിശദീകരിച്ചു. അതവനെ തൃപ്തിപ്പെടുത്തിയോ എന്തോ?

“ഇന്നു മുതൽ പണിമുടക്ക്‌.”

“എന്താണച്ഛാ, പണിമുടക്ക്‌ എന്നാൽ?”

“കൂടുതൽ ശമ്പളം കിട്ടാനായി ജോലിയൊന്നും ചെയ്യാതിരിക്കൽ.” എത്ര വിശദീകരിച്ചാലും കുട്ടികൾക്ക്‌ മതിയാവില്ലല്ലോ!

“പെൺവാണിഭക്കേസിൽ അറസ്‌റ്റ്‌.”

“എന്താണച്ഛാ പെൺവാണിഭമെന്നാൽ?”

ഈശ്വരാ, പുലിവാലായോ? എങ്ങനെയാണ്‌ കുട്ടിക്ക്‌ ഇതൊക്കെ വിശദീകരിച്ച്‌ കൊടുക്കുക? പത്രം വായിക്കാൻ പറയുമ്പോൾ ഇങ്ങനെയൊരു കുഴപ്പം പ്രതീക്ഷിച്ചിരുന്നില്ലല്ലോ! പക്ഷേ, ഈ ലോകമെന്തെന്ന്‌ അവൻ അറിയണ്ടേ? വലുതാകുംതോറും എന്തെങ്കിലും അവനിൽനിന്ന്‌ മറച്ചുവയ്‌ക്കാനാകുമോ? ജീവിതത്തിന്റെ ഉഷ്‌ണഭൂമിയിലൂടെ നടക്കേണ്ടവനല്ലേ അവൻ!

“അഞ്ചംഗകുടുംബം ആത്‌മഹത്യ ചെയ്‌തു.”

“എന്താണച്ഛാ ആത്മഹത്യ?” അവൻ ചോദിക്കുന്നു. വിശദീകരിക്കാനാവാതെ ഞാൻ കുഴഞ്ഞു.

വായന കഴിഞ്ഞ്‌ അവൻ പറഞ്ഞു, “പത്രം വായിച്ചു കഴിഞ്ഞച്ഛാ. പത്രത്തിൽ നിറയെ കൊല്ലൽ, അപകടം, സമരം, മരണം ഇതൊക്കെയുളളൂ!”

ഈശ്വരാ, ഇവനോട്‌ ഞാനെന്ത്‌ മറുപടി പറയും? (ഈ ശപിക്കപ്പെട്ട ഭൂമിയിലേക്ക്‌ ഒരു ജീവന്‌ ജന്മം കൊടുക്കരുതെന്ന്‌ ഒരിക്കൽ കരുതിയിരുന്നല്ലോ!)

ഏതാനും ദിവസങ്ങൾകൂടി അവൻ പത്രം വായന തുടർന്നു. ഇന്നും രാവിലെ അവൻ പത്രം വായിക്കുകയാണ്‌.

“അച്ഛാ, അത്ഭുതം തന്നെ!” അവൻ പറയുന്നു.

“ഇന്നത്തെ പത്രത്തിൽ കൊല്ലലും സമരവും അപകടവും ഒന്നും തന്നെയില്ല! എന്താണച്ഛാ അങ്ങിനെ?”

മറുപടി പറയാനാകാതെ ഞാൻ….

Generated from archived content: story_july16.html Author: jithukrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English