കൂനൻദൈവം

നാടകം അരങ്ങിൽ ആടിത്തിമിർക്കേണ്ട ഒരു ദൃശ്യകാവ്യമാണെന്ന്‌ പാഠങ്ങൾ പറയുന്നു. എൻ.എൻ.പിളളയുടെ പ്രസിദ്ധമായ വരികൾ -മുന്നിലൊരു തറ, പിന്നിലൊരു മറ…. – ഈ പാഠത്തെ ശരിവെയ്‌ക്കുന്നു. അരങ്ങ്‌, കൃതി, സദസ്സ്‌ ഇവ മൂന്നുമാണ്‌ നാടകാനുഭവത്തിന്റെ ആവശ്യഘടകങ്ങൾ. എന്നാൽ റേഡിയോ നാടകങ്ങൾ പരിമിതികളുടെ നൂൽപ്പാലത്തിലുളള അഭ്യാസമാണ്‌. നാടകത്തെ ഈ ദൃശ്യാനുഭവത്തിൽ നിന്ന്‌ ശ്രവ്യാനുഭവമായി റേഡിയോ നാടകം മാറ്റുന്നു. കാതിനെ കണ്ണായി മാറ്റുന്ന ഒരു രസാനുഭവം. പ്രേക്ഷകനെ ശ്രോതാവായി മാറ്റേണ്ട കടുത്ത വെല്ലുവിളിയാണ്‌ റേഡിയോ നാടകകാരന്‌ ഏറ്റെടുക്കേണ്ടി വരുന്നത്‌.

കലാപാരമ്പര്യത്തിന്റെ അനുഗ്രഹവർഷം ലഭിച്ചിട്ടുളള, യശ്ശഃശരീരനായ അനുഗൃഹീത നാടകകൃത്തും നടനുമായിരുന്ന ശ്രീമൂലനഗരം വിജയന്റെ മകൻ പൊന്നന്റെ കൂനൻദൈവം മുൻപറഞ്ഞ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. റേഡിയോ നാടകത്തിന്റെ പരിമിതികളുടെ പുറന്തോട്‌ പൊട്ടിച്ച്‌ അരങ്ങിലും സാർത്ഥകമായിത്തീരാവുന്ന ഒന്നായി കൂനൻദൈവത്തെ ഉയർത്താൻ പൊന്നന്‌ കഴിഞ്ഞിട്ടുണ്ട്‌.

നാടകത്തിന്റെ ക്രാഫ്‌റ്റിൽ നിന്ന്‌ പൊന്നന്‌ മാദ്ധ്യമത്തിലുളള കൈയടക്കം വ്യക്തമാണ്‌. കഥാപാത്രാവതരണത്തിന്‌, കഥാപാത്രത്തിന്റെ പടിപടിയായുളള വളർച്ചയ്‌ക്ക്‌, പരിമിതികളോട്‌ പടവെട്ടാൻ നാടകകൃത്ത്‌ വിധിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ പിന്നെ റേഡിയോ നാടകകൃത്ത്‌ അനുഭവിക്കുന്ന പിരിമുറുക്കവും പരിമിതിയും പറയേണ്ടതില്ലല്ലോ.

കൂനൻ ദൈവത്തിന്റെ ആത്മീയ സംഘർഷങ്ങൾ പടിപടിയായി വളർത്തിയെടുക്കുന്നതിൽ നാടകകൃത്ത്‌ വിജയിച്ചിരിക്കുന്നു. രൂപശില്പത്തിന്റെ ചട്ടകൂട്ടിൽ നിന്നുകൊണ്ട്‌ കഥാപാത്രത്തിന്റെ -കൂനൻ ദൈവത്തിന്റെ – മനസ്സിനെ ഒരു കൊടിമരംപോലെ ഉയർന്നു നിൽക്കുന്നതിന്‌ നാടകകൃത്ത്‌ തന്റെ രചനാവൈഭവം പ്രഗത്ഭമായി ഉപയോഗിച്ചിരിക്കുന്നു.

ഒരു രചനയുടെ മൂലമന്ത്രം പരിവർത്തനമാക്കി സാമൂഹികമോ വ്യക്തിപരമോ ആയ മഞ്ഞുപോലെ ഉറഞ്ഞുകിടക്കുന്ന ധാരണകളിൽ ചലനത്തിന്റെ ഉപ്പുക്കല്ലുകൾ വിതറുക നാടകകൃത്തിന്റെ മുഖ്യധർമ്മമാണ്‌. പ്രേക്ഷകന്റെ മാനസിക വ്യാപാരങ്ങളിൽ ഒരു ചലനവും സൃഷ്‌ടിക്കുന്നില്ലെങ്കിൽ ആ രചനയെ പരാജയമെന്നല്ലാതെ എന്താണ്‌ വിളിക്കുക. “നാടകം വിജയമായിരുന്നു, പക്ഷേ, പ്രേക്ഷകർ പരാജയവും” എന്ന്‌ ഒരു പ്രസിദ്ധനാടകകൃത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഒരുവേള പ്രേക്ഷകർ പരാജയപ്പെട്ടാലും സാമൂഹ്യ വിമർശനമെന്നനിലയിൽ വിജയമാണ്‌ ഈ നാടകം.

ദൈവങ്ങൾക്ക്‌ ആൾകൂട്ടസ്വഭാവമുളള നാടാണ്‌ ഭാരതം. ദൈവങ്ങളുടെ ഘോഷയാത്ര ഇവിടെ ഒരിക്കലും നിലയ്‌ക്കുന്നില്ല. മനുഷ്യദൈവങ്ങൾ നിരന്തരം അവതരിച്ചുകൊണ്ടിരിക്കെ ദൈവവിശ്വാസം ബിസിനസ്സും രാഷ്‌ട്രീയവുമായി മാറിക്കഴിഞ്ഞു. ദൈവമല്ല എന്നുറക്കെ വിലപിച്ചിട്ടും നിക്ഷിപ്ത താല്പര്യങ്ങൾ ദൈവമായി കൂനൻദൈവത്തെ പ്രതിഷ്‌ഠിക്കുന്നു. അതിനു തക്ക ദൃഷ്‌ടാന്തങ്ങൾ അതാത്‌ സമയത്ത്‌ സംഭവിക്കുന്നത്‌ മനോഹരമായ കാഴ്‌ചയാണ്‌ ഈ നാടകത്തിൽ. വിശന്നു കരയുന്ന ഗോവിന്ദന്‌ ഭക്ഷണപ്പൊതി ലഭിക്കുന്നത്‌, കാർത്ത്യായനിയുടെ ബാധ മാറുന്നത്‌, ജനങ്ങൾ പ്രാർത്ഥിക്കവെ മഴപൊട്ടിച്ചിതറി വീഴുന്നത്‌, തമ്പുരാട്ടിയുടെ വിഷബാധ തീർത്ഥസേവയാൽ മാറുന്നത്‌ തുടങ്ങിയ അത്ഭുതങ്ങൾ ഫാന്റസിയുടെ തലത്തിലേക്കുയർന്നുകൊണ്ട്‌ നാടകകൃത്ത്‌ ഭംഗിയായി സന്നിവേശിപ്പിക്കുന്നു.

ഇന്ന്‌ ദൈവമായി മാറാൻ കുറെ ഗിമ്മിക്കുകളും മാജിക്കുകളും മതി. കൂടെ ആധുനിക പരസ്യങ്ങളുടെ പെരുമ്പറയും. അതോടെ ഒരാൾ ദൈവമായി മാറിക്കഴിഞ്ഞു. ദൈവവ്യവസായം, ആത്മീയതലത്തിൽ നിന്ന്‌ ഒരു രാഷ്‌ട്രീയതലത്തിലേക്ക്‌ ഒരു വ്യാധിയായി പടർന്ന്‌ കയറുമ്പോൾ കൂനൻ ദൈവം, താൻ ദൈവമല്ല എന്ന്‌ പ്രഖ്യാപിക്കുകയാണ്‌. പക്ഷേ, നിക്ഷിപ്‌തതാല്പര്യങ്ങളും അത്ഭുതങ്ങളും ചേർന്ന്‌ കൂനൻ ദൈവത്തെ പ്രതിസന്ധിയിലാക്കുന്നു. ദൈവമെന്ന അസ്‌തിത്വകല്പനയിൽനിന്ന്‌ പുറത്തു കടക്കാൻ കൂനൻ ദൈവത്തിന്‌ കഴിയുന്നില്ല. ദൈവമായി മാറാൻ വിസമ്മതിക്കുന്ന കൂനന്റെ ആത്മസംഘർഷങ്ങൾ നാടകകൃത്തിന്റെ രചനാ പ്രാഗത്ഭ്യത്താൽ തിളങ്ങി നിൽക്കുന്നു.

എങ്കിലും ഈ നാടകം പ്രൊഫഷണൽ നാടകങ്ങളുടെ സ്ഥിരം ഫോർമുലകൾ ഉപേക്ഷിക്കുന്നില്ല എന്നത്‌ ഒരു കുറവുതന്നെയാണ്‌. വിജയവേരുകൾ ചേരുംപടി ചേർക്കാൻ നാടകകൃത്ത്‌ ഉത്സാഹിച്ചിട്ടുണ്ട്‌. വെളിച്ചപ്പാട്‌ എന്ന വില്ലൻ, ജയപാലൻ, മനിത, പ്രണയം, കൂനനും തമ്പുരാട്ടിയും തമ്മിലുളള ബാല്യകാല ബന്ധം, സ്ഥിരം ബിംബങ്ങൾ ഒരു സാധാരണ നാടകത്തിന്റെ ചട്ടകൂട്ടിലേക്ക്‌ തളച്ചിടുന്നു. വെളിച്ചപ്പാടിന്റെ സ്ഥാനത്ത്‌ ജനങ്ങളെ, അവരുടെ വ്യതിചലിക്കാത്ത വിശ്വാസങ്ങളെ, പ്രതിഷ്‌ഠിച്ചിരുന്നെങ്കിൽ, സ്ഥിരം ഫോർമുലകൾ ഒഴിവാക്കിയിരുന്നെങ്കിൽ, ബിംബങ്ങളിലൂടെ സംവദിക്കുന്നതിന്‌ പകരം കൂടുതൽ സ്വയം സംസാരിക്കുന്നത്‌ ഒഴിവാക്കിയിരുന്നെങ്കിൽ, പ്രൊഫഷണലിസത്തിൽ നിന്ന്‌ മോചിതമായ ഒരു വ്യത്യസ്ത സൃഷ്‌ടിയായി മാറാൻ കൂനൻ ദൈവത്തിന്‌ കഴിയുമായിരുന്നു.

Generated from archived content: book_jan7.html Author: jithukrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English