പൂമുഖവാതിലും കടന്നു പുറത്തേ നീണ്ട വരാന്തയിലൂടെ നടന്നപ്പോള്‍ കറുത്ത കോട്ടിട്ട (കുറച്ചു മുമ്പ് തനിക്ക് ജാമ്യം എടുത്തുതന്ന ) ഒരു മനുഷ്യന്‍ എന്തോ പറഞ്ഞത് കേട്ടു. ” എനിയെങ്കിലും പോയി സ്വന്തം പണിനോക്കി ജീവിക്കാന്‍ പഠിക്ക് ”. ഇതൊന്നും കേള്‍ക്കാനുള്ള ഒരു മനസായിരുന്നില്ല. മനസ്സിന്റെ കാര്യം പോട്ടെ ശരീരം അതിനു അനുവദിച്ചില്ല എന്ന് പറയുന്നതായിരിക്കും ഉചിതം. ഇരിമ്പു കവാടവും കടന്ന് പുറത്തെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി, ‘ കണ്ണൂര്‍ ജില്ല സബ്കോടതി’. മനസ്സിനുള്ളിലുള്ള മുഖംമൂടിയണിഞ്ഞ ഒരു വിപ്ലവകാരി അഹങ്കാരം വെച്ചതുപോലെ തോന്നി!!.
ചെഗുവരയുടേയും, സി. വി ബാലകൃഷ്ണന്റെയും, പെരുമ്പടവത്തി ന്റെയും രചനകളിലൂടെ ജീവിച്ച വിപ്ലവകാരികളെ മനസ്സിള്‍ കൊണ്ടുനടക്കുന്ന കാലം. അവരെപോലെ എനിക്കും ജയിലില്‍ കഴിയാള്ള ഭാഗ്യം ഉണ്ടായല്ലോ, ബസ്റ്റോപ്പില്‍ ബസ്സുകാത്തു നില്‍കുമ്പോള്‍ ഒരു ചെറുതെന്നല്‍ മന സ്സിനെ സ്പര്‍ശിച്ചതു പോലെ. നഗരമധ്യത്തില്‍ വെച്ച് വിളിച്ചുകൂവാന്‍ തോന്നി ‘ഞാന്‍ ഇന്ത്യയെ ന്നന്നാക്കും’.
ബസ്സിറങ്ങി വീട്ടിലേക്കുള്ള വഴിമധ്യത്തില്‍ ഒരു വൃദ്ധന്‍ ചോദിച്ചു “ഇനിയെങ്കിലും നന്നായികൂടെ”, അതൊന്നും വകവെയ്ക്കാതെ തന്റെതായ ലോകത്തില്‍ മുന്നോട്ടുനടന്നു. ഗെയിറ്റും കടന്നു വീട്ടില്‍ കേറിയപ്പോള്‍ സോഫയില്‍ അച്ഛന്‍, ഒരു ക്രോധനോട്ടവും നോക്കി ചോദിച്ചു “സ്വന്തം വീട്ടു കാര്യം പോലും നോക്കാന്‍ കഴിവില്ലാത്തവനാണോ നാട് നന്നാക്കാന്‍ നടക്കുന്നെ, ഇത് തുടരാനാണ് ഭാവമെങ്കില്‍ വേറെ സ്ഥലം നോക്കാം”. ഒന്നും ഉരിയാടാതെ മുകളിലെ മുറിയിലേക്ക് പോയി. അച്ഛനോട് വല്ലാത്തൊരു അരിശം തോന്നി. രണ്ടു കൈയ്യും തലയ്ക്കു കീഴെവച്ചു സീലിംങ്ങും നോക്കി കിടന്നപ്പോള്‍ പണ്ട് അച്ഛനോട് അരിശം തോന്നിയ ഒരു സന്ദര്‍ഭം മനസ്സില്‍ ഓടിയെത്തി.
പതിനെട്ടു വയസ്സ് കഴിഞ്ഞു കഷ്ടി ഒരു മാസം കഴിയും മുന്‍പേ പാസ്പോര്‍ട്ട് എടുത്തു വെയ്ക്കാന്‍ പറഞ്ഞു അമ്മാവന്മാരുടെ കോളുകള്‍ മുഴങ്ങി. ഒടുവില്‍ മനസ്സില്ലാമനസോടെ ആപ്ലിക്കേഷന്‍ കോടുത്തു. എന്റെ പേരിനൊപ്പം ചേര്‍ത്ത അച്ഛന്റെ പേരും പിതാവിന്റെ പേരിന്റെയും വാക്യത്തില്‍ ചെറിയ മാറ്റം. ഉച്ചാരണം ഒന്നുതന്നെ. ഒടുവില്‍ രണ്ടുപേരും ഒന്ന് തന്നെയന്നു തെളിയിക്കുന്നതിനുള്ള രേഖ വേണമെന്നായി. ഫോറം പൂരിപ്പിച്ച് വില്ലേജ് ഓഫീസില്‍ ചെന്നു, പതിനൊന്നുമണി അടിച്ചിട്ടും വില്ലേജ് ഓഫീസറെ കണ്ടില്ല. നല്ല ക്യൂവും. ഒടുവില്‍ പതിനൊന്നേമുക്കാലായപ്പോള്‍ ഓഫീസല്‍ വന്നു. ഒരു മധ്യവയസ്കയായ സ്ത്രീ. കണ്ടിട്ട് ഒരു പാവം. ക്യു ഓരോന്നായി ഒഴിഞ്ഞു എന്റെ ഊഴമായപ്പോള്‍ സമയം പന്ത്രണ്ടര, ഫോറമും ഒപ്പും ജനന രേഖയും, കരമടച്ച രസീതും കൊടുത്തു. അവര്‍ അതില്‍ കണ്ണോടിച്ചിട്ടു ചോദിച്ചു, “തനിച്ചാണോ അച്ഛനോട് വരാന്‍ പറയൂ”. ഇതില്‍ എല്ലാം ഇല്ലേ എന്ന ചോദ്യത്തിന് ഒരു മന്ദസ്മിതത്തോടെ നാളെ അച്ഛനെ കൂട്ടി കൊണ്ടുവരൂ എന്നു പറഞ്ഞു അവര്‍ അടുത്തയാളുടെ നേരെ തിരിഞ്ഞു. ഉളളില്‍ ആകെ കലി കേറി. ഇതിനാണോ മൂന്നു മണിക്കൂറോളം ക്യുവില്‍ നിന്നതെന്ന് സ്വയം പിറുപിറുത്തു നടന്നു.
പിറ്റേന്ന് അച്ഛനെയും കൂട്ടി വില്ലജ് ഓഫീസില്‍. അന്ന് ആളുക ള്‍ കുറവായിരുന്നു. മൂന്നോ നാലോ പേര്‍ ക്കഴിഞ്ഞപ്പോള്‍ ഊഴം ഞങ്ങളുടെതായി. അച്ഛന്‍ ഫോറമും രേഖകളും കോടുത്തു. ലളിതാംബിക എന്ന പേര് അപ്പോഴാന്നു മേശപുറത്തിരിക്കുന്നത് ശ്രദ്ധിച്ചത്. റേഷന്‍ കാര്‍ഡില്‍ എന്താ അവരുടെ ചോദ്യത്തിന് എല്ലാമുണ്ടെന്ന അച്ഛന്റെ മറുപടി. അവര്‍ അതൊക്കെ നോക്കുന്നതിന്റെയിടയില്‍ ഗാന്ധിജിയുടെ ചിത്രം തെളിഞ്ഞതായി എനിക്ക് തോന്നി. ആ നിമിഷം തന്നെ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പും വീന്നു. വീണ്ടും ഒരു മന്ദസ്മിതംപൂകി ലളിതാംബിക അടുത്ത ഇരയിലേക്ക് തിരിഞ്ഞു. അന്നാദ്യമായിട്ടു അച്ഛനുമായി കുറെ ഉടക്കി. ഒരു സര്‍ട്ടിഫിക്കറ്റിനു വേണ്ടി കയ്ക്കൂലി, അതും എല്ലാ നിയമപ്രകാരമായ കാര്യത്തിന്. എന്റെ ശബ്ദങ്ങളെ ആരും മുഖവിലക്കെക്കെടുത്തില്ല.
അമ്മയുടെ ശബ്ദം കേട്ടാണ് മയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. “ അവര്‍ നിന്നെ അടിച്ചോ, നല്ലോണം ഉപദ്രവിച്ചോ, തൈലം വല്ലതും പുരട്ടണോ, വല്ലതും കഴിക്കു” അമ്മ തുടരുന്നതിനടയില്‍ ഒന്നും വേണ്ട ഒന്ന് സ്വൈര്യം തരൂയെന്നു പറഞ്ഞതും കണ്ണുനീരു കുതിച്ചുചാടി. പുറം തിരിഞ്ഞു വാതിലില്‍ നിന്ന് പോയതും നോക്കിനിന്നപ്പോള്‍ മാക്സിം ഗോര്‍ക്കിയുടെ ‘അമ്മ’ യിലെ അമ്മ എന്നാ കഥാപാത്രത്തെയാണു ഓര്‍മ വന്നത്. മകന്‍ എന്ത് ചെയ്താലും അവനു തണലായി നില്ക്കാന്‍ അമ്മ. ആ കഥാപാത്രത്തെ വായിച്ചപ്പോള്‍ ഉടലെടുത്ത ആ രൂപത്തില്‍ എന്റെ അമ്മയുടെ ഛായ ഇല്ലേന്നു സംശയം. സംശയമല്ല എന്റെ അമ്മ തന്നെയാണ്. ലോകത്തിലുള്ള എല്ലാ അമ്മമാരും ഇങ്ങനെയണോ?. അപ്പോഴാണ് ചോറ് നിറച്ച പ്ലേറ്റ് കണ്ടത്. നല്ല വിശപ്പ്, കൈയ്യും കഴുകി പ്ലേറ്റെടുത്തു. ഞണ്ട് കാലിലെ ഇറച്ചി ഐസ്-ക്രീം പോലെ നുണരുമ്പോള്‍ മനസ്സ് വേറെ എവിടെയോ ആയിരുന്നു.
പാസ്പോര്‍ട്ട് എടുത്തു, ഡിഗ്രിയും കഴിഞ്ഞു, പാസ്പോര്‍ട്ട് എടുക്കാന്‍ ധൃതി കാണിച്ച മാമന്മാരുടെ അഡ്രസ് പോലും പിന്നീട് കണ്ടില്ല. വീട്ടില്‍ ശബ്ദ കോലാഹലങ്ങള്‍ മുഴങ്ങി. വീട്ടിലിരിക്കുന്നത് വീര്‍പ്പുമുട്ടലായി, ഒടുവില്‍ ജോലിക്കായുള്ള അലച്ചലില്‍ പരമേശ്വരന്‍ മുതലാളിയുടെ ജ്വല്ലറിയില്‍ അക്കൌണ്ടന്റായി ജോലി കിട്ടി. അങ്ങനെ ‘ആധിതിയ’ ജ്വല്ലറിയിലെ ഉദ്യോഗസ്ഥനായി. ഏഴായിരം രൂപ ശമ്പളം. ആദ്യമാദ്യം കുറച്ചു അകലം വച്ചിരുന്നെങ്കിലും മുതാലാളിയുമായി ക്രമേണ കൂടുതലടുത്തു. അതുകൊണ്ട് ശമ്പളം പത്തിലെത്തി. ശമ്പള വര്‍ധനവ് പറയാന്‍ വിളിച്ചപ്പോള്‍ മുതലാളി പറഞ്ഞു “ ഇത് പൊരെന്നു അറിയാം, നോക്കിയും കണ്ടും നിന്നാല്‍ ഇനിയും ഇന്ക്രിമെന്റ് പ്രതീക്ഷിക്കാം. പിന്നെ ഇതിന്റെ കാര്യം ആരോടും പറയാന്‍ പോവണ്ട”. ശരിയെന്നു പറഞ്ഞു മുതലാളിയുടെ മുറിയില്‍ നിന്നും മറഞ്ഞപ്പോള്‍ മനസ്സിന് എന്തെന്നറിയാത്ത കുളിര്. ഗള്‍ഫിലേക്ക് ആരെങ്കിലും വിസ ശരിയാക്കിയാല്‍ തന്നെ അത് നിരസ്സിക്കാനുള്ള ധൈര്യം വന്നതു പോലെ.
ജോലിത്തിരക്കില്ലാത്ത ഒരു ദിവസം ഫേസ്ബുക്ക് തുറന്നപോഴാണ് അണ്ണഹസാര നടത്തുന്ന ‘ ജന ലോക്പാല്‍ ബില്ല്’ പാസ്സാക്കാന്‍ നടത്തുന്ന സത്യഗ്രഹത്തെയെപറ്റി കണ്ടത്. അഴിമതിക്കെതിരായ അണ്ണ ഹസാരയുടെ സമരത്തിനെ കുറിച്ച് അറിഞ്ഞപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം. പെടുന്നന്നെ പല ലിങ്കുകളും ലൈക് ചെയ്തത് പല്ല് കല്ല് കടിച്ചപ്പോഴാണ് സ്വയബോധം വന്നത്. ഊണുകഴിച്ചു തീര്‍ന്നില്ല. കൈ കഴുകി ലാപ്‌ടോപ്പ് തുറന്നതും എല്‍.സി.ഡി സ്ക്രീന്‍ ആകെപാടെ തകര്‍ന്നിരുന്നു. ഓണ്‍ ആകുന്നില്ല. അച്ഛന്‍ ദേഷ്യം കൊണ്ട് തകര്‍ത്തതായിരിക്കും. ആ സമയം എന്നെ കിട്ടിയാല്‍ കൊ ന്നേനെ എല്ലാം തുടങ്ങിയത് ലാപ്ടോപ്പില്‍ നിന്നല്ലേ. പക്ഷേ അണ്ണാഹസാരെയും സംഘവും ഉയര്‍ത്തെഴുന്നേറ്റതുപോലെ തന്നെ താഴ്ന്നു ഇല്ലാതാവുകയും ചെയ്തു. അതിന്റെ ഭാഗമായി ചിലര്‍ തലപൊക്കിയെങ്കിലും പോരാട്ടത്തിനു പോകുമ്പോള്‍ യോദ്ധാവ് വാളിന് മൂര്‍ച്ഛക്കൂട്ടെണ്ട കാര്യം മറന്നു പോയതു പോലെയായി. പക്ഷേ എനിക്ക് ഈ മുന്നേറ്റങ്ങള്‍ എന്തോ ഒരു ഉത്സാഹം തന്നിരിന്നു ഒരു കാലം. ഒരു ദിവസം പെടുന്നനെ പരമേശ്വരന്‍ മുതലാളി അദ്ദേഹത്തിന്റെ കാറിനരികെ വിളിച്ചുവരുത്തി. കാരണം ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും കാറില്‍ കേറാന്‍ ഉത്തരവിട്ടു. കാര്‍ നിര്‍ ത്തിയത് ഇന്‍കംടാക്സ് ഓഫീസിനു മുന്‍പില്‍ ആയിരുന്നു. അദ്ദേഹം എന്നെ കുറച്ചു ഉദ്യോഗസ്ഥരെ പരിചയപെടുത്തി. തിരിച്ചു വാഹനത്തില്‍ ഇരുന്നപ്പോള്‍ സംശയങ്ങള്‍ഉടലെടുത്തു. അധികസമയം കാക്കാതെ തന്നെ അദ്ദേഹം അതിനുള്ള മറുപ ടി തന്നു. ” നമ്മള്‍ പുതുതായി തുടങ്ങാന്‍ പോവുന്നില്ലേ, ഫര്‍ണിച്ചര്‍കട, അതിന്റെ ആവശ്യത്തിന്, നമ്മുടെ എക്സ്പോര്‍ട്ട്/ ഇംപോര്‍ട്ട് ലൈന്സ്സിനു, അവര്‍ക്കുവല്ലതും കൊടുക്കേണ്ട വരും. ” അറിയാതെയോ അറിഞ്ഞോ എന്റെ നാവിന്‍തുമ്പത്തു നിന്ന് വികടസരസ്വതി വീണു ‘കൈക്കൂലിയോ’
പരമേശ്വരന്‍ മുതലാളി ഒരു ചിരിചിരിച്ചു “അങ്ങനെ വെണമെങ്കിലും വ്യാഖ്യാനിക്കാം, ഒരു സമ്മാനം അത്രേയെയുള്ളൂ, ഇനി നിന്നെ ഏല്പ്പിക്കാമല്ലോ.” എയര്‍കണ്ടീഷനുള്ള ആ കാറിനുള്ളിലും ഒരു വീര്‍പ്പുമുട്ടല്‍. ഓഫീസിലെത്തിയതും രാജിക്കത്ത് തയ്യാറാക്കിയതും അത് പരമേശ്വരന്‍ മുതലാളി യുടെ മുഖത്ത് വലിച്ചെറിഞ്ഞതും പെട്ടെന്നായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു “ഇന്നന്തേ നേരെത്തെ?”. ” ഇന്ന് നേരെത്തെ കഴിഞ്ഞു”, അതില്‍ ഉത്തരം ഒതുക്കി റൂമിലേക്ക് നടന്നു. ഇനിയെന്ത് എന്ന ചോദ്യം അലട്ടുന്നുണ്ടായിരുന്നു. ഒരു വശത്ത് ‘ ഇതൊരു വാശിപ്പുറത്തു എടുത്ത തീരുമാനമല്ലെ എന്ന ചോദ്യവും’. അങ്ങനെ ഇരിക്കെയാണ് ‘റവല്യൂഷന്‍ അഗൈര്‍സ്റ് ബ്രയിബറി ‘ എന്നാ ആശയം ഉടലെടുത്തത്. ഉടനെ ഇതേ പേരില്‍ ഫേസ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്തു, അതിനു അടികുറിപ്പുകളും എഴുതി.
‘ ഇന്ത്യ സമ്പന്നരാഷ്ട്രമാകും’ ഇത് സ്വപ്നം കണ്ടു നടന്നാല്‍ ഞാനും, നിങ്ങളും, വരും തലമുറകളും ചത്തു വീഴുക മാത്രം കൊണ്ടിരിക്കും. ഫോര്‍ബ്സ് മാഗസിന്‍ തിരഞ്ഞടുക്കുന്ന കോടിശ്വരന്‍മാരില്‍ പകുതിയിലധികാമോ, മുഴുവനോ ഇന്ത്യക്കാരെയെന്നു വരാം, എന്നാലും നമ്മുടെ ദാരിദ്ര്യം തീരുമോ?, ദരിദ്രര്‍ ദരിദ്രര്‍ തന്നെ. പണവും അധികാരവും ചില കേന്ദ്രങ്ങളില്‍ ഒതുങ്ങും. ബ്രിട്ടീഷുകാരുടെ അടിമകളായി കഴിഞ്ഞതായിരുന്നില്ലേ ഇതിനും ഭേദം. നമ്മുടെ തന്നെ ചില സഹോദരന്മാരുടെ അടിമകളായി കഴിയുന്നതിനും ഭേദം. ജനാധ്യപത്യ രാഷ്ട്രത്തെ ജനങ്ങള്‍ക്ക് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മാറി മാറി വിജയിപ്പിക്കണമന്നു നിയമമുണ്ടോ?.
ഇതിന്റെയെല്ലാം അടിസ്ഥാനം തുടങ്ങുന്നതു കൈകൂലിയില്‍ നിന്നല്ലേ. നമ്മളെല്ലാം വില്ലേജ് ഓഫീസിലും, എന്തിനു വിദ്യാഭ്യാസത്തിനു പോലും കൈക്കൂലി കൊടുത്ത് ശീലിപ്പിച്ചത് നമ്മള്‍ തന്നെയെല്ലേ. കൈക്കൂലി തുടച്ചു മാറ്റേണ്ട ആവിശ്യകതയെ കുറിച്ച് ഞാന്‍ പറയാതെ തന്നെ എല്ലാ വ ര്ക്കും അറിയാം. കുറച്ചെങ്കിലും രാഷ്ട്രബോധമോ അഭിമാനമോ ഉള്ളവര്‍ക്ക് ഈ കൂട്ടാഴ്മയില്‍ ചേരാം . കൈക്കൂലിയെ തുടച്ചു മാറ്റാം ഇല്ലെങ്കില്‍ ‘ ആം ആദ്മിയായി ’ പരിഹാസങ്ങള്‍ ഏറ്റുവാങ്ങി കഴിയാം, തീരുമാനം നിങ്ങളുടെ കൈകളില്‍ “
പേജിന്റെ ലൈക്കില്‍ അക്കങ്ങള്‍ കൂടി കൂടി വന്നു. പല ചര്‍ച്ചകളും സംവാദങ്ങളും നടന്നു കൊണ്ടിരുന്നു. ലൈക്കിന്റെ എണ്ണം ഇരുപതിനായിരം കടന്നപ്പോള്‍ പുതിയൊരു ആശയം ഉത്ഭവിച്ചു. എന്തുകൊണ്ട് ഞങ്ങളുടെ ശക്തി തെളിയിച്ചുകൂടാ. ഒടുവില്‍ കൈക്കൂലി വിരുദ്ധ സേനയുടെ കണ്ണൂര് സിവില്‍ സ്റ്റേഷന്‍ പ്രദിക്ഷണം ഉടലെടുത്തു. പങ്കെടുക്കും എന്ന പട്ടികയില്‍ പതിനായിരം ക്ലിക്കുകള്‍ വന്നതോടെ ആ ദിവസം വന്നെത്തി.
നവംബര്‍ ആറ്. ഞാനും റവല്യൂഷന്‍ അഗൈര്‍സ്റ് ബ്രയിബറിയില്‍ നിന്ന് ലഭിച്ച ചില സുഹൃത്തുക്കളും രാവിലെ തന്നെ ഹാജരായി. പോലീസ്കാരോ ഒന്നും കണ്ണില്‍പെട്ടില്ല. “ഒരു പ്രസ് കോണ്‍ഫറന്‍സ് ” വെക്കാമായിരുന്നു” കൂട്ടത്തില്‍ ഒരാള്‍ പറയുന്നത് കേട്ടു. എന്റെ മനസ്സില്‍ ജനക്കൂട്ടം തന്നെ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ സമയം പത്തര ആയപ്പോള്‍ ആകെ മുപ്പത്തിചില്ലറ പേര്മാത്രം. എന്തായാലും സംഭവിച്ചത് സംഭവിച്ചു. തയാറാക്കിവെച്ച പ്ലേകാര്ഡുകളും മുദ്രവാക്യങ്ങളുമായി ഞങ്ങള്‍ പ്രദിക്ഷണം തുടങ്ങി. ഒരു ഈച്ച പോലും അനങ്ങുന്നില്ല. കൂട്ട ത്തിലൊരാള്‍ കല്ലെടുത്ത് ജനലിലേയ്ക്ക് എറിഞ്ഞു. ‘ഠപ്പെ’ ജനല്‍ ചില്ലുകള്‍ അടര്‍ന്നു വീണു. ശ്രദ്ധാകേന്ദ്രങ്ങള്‍ നമ്മളില്‍ തിരിഞ്ഞു. ചില്ലുകള്‍ പിന്നെയും അടര്‍ന്നുവീണു. ഒടുവില്‍ പോലീസ് എത്തി. കൂടെയുള്ളവരുടെ എണ്ണം ക്രമതീതമായി കുറഞ്ഞു. ഒടുവില്‍ പന്ത്രണ്ടാളെ അറസ്റ്റ് ചെയ്തു. കൂടെയുള്ളവരെ ഓരോരുത്തരായി ബന്ധുക്കള്‍ ജാമ്യത്തിലിറക്കി. ഒടുവില്‍ അടുത്ത വീട്ടിലെ രഘുവേട്ടന്റെ കാരുണ്യത്തില്‍ എനിക്കും കിട്ടി. ഇതോര്‍ത്തു ദിവസങ്ങള്‍ പോയി.
ഒടുവില്‍ പണിയും കൂലിയുമില്ലാതായപ്പോള്‍ ഈ പന്നിയന്‍ വീട്ടില്‍ വിപിന്‍ ലോണും അച്ഛന്റെ കൃപയാലും ഒരു ബസ്സിറക്കി. റൂട്ടെടുക്കുന്നതിനു ആര്‍.സി ബുക്കും പേപ്പറുമായി ശ്രീധരേട്ടന്റെ അടുക്കല്‍ ചെന്നു. ശ്രീധരേട്ടന്‍ ആര്‍.ടി ഓഫീസിലെ ഏജന്റ് ആണ്. ആര്‍.ടി ഓഫീസ്സില്‍ എന്തെങ്കിലും നടത്തണമെന്ന് വിചാരിച്ചാല്‍ നടത്തിയിരിക്കും. ആര്‍.സി ബുക്കും പേപ്പറും തുകയും അദേഹത്തെ ഏല്പിച്ചു. കൂട്ടത്തില്‍ ഒഴിഞ്ഞ ഒരിടത്തേയ്ക്ക് മാറ്റി നിര്ത്തി അയാള്‍ പറഞ്ഞു,”ഒന്നും കൊടുക്കാതെ എങ്ങനെ, ഒരു രണ്ടായിരം എടുക്കു തത്ക്കാലം, വല്ലതും നടക്കുയോയെന്നു നോക്കട്ടെ ‘.
ഒരു നിമിഷം ഇമവേട്ടാതെ ആ മുഖത്തേക്ക് നോക്കി. ‘രക്ഷപെടെണ്ടേ’ എന്ന മുഖഭാവം കണ്ടപ്പോള്‍ പെഴ്സിനായി പോക്കറ്റില്‍ വേഗം തപ്പി…..
Generated from archived content: story1_dec19_13.html Author: jithin_kakkad