പിശുക്ക്

വെളുപ്പിനു അഞ്ചുമണിക്കു അലാറം കേട്ടുണരുമ്പോള്‍ ശങ്കര്‍ കൃഷ്ണന്റെ മനസു നിറയെ സന്തോഷമായിരുന്നു. പതിവിനു വിപരീതമായി വളരെ പ്രസന്നനായും ചുറു ചുറുക്കോടെയും ചാടിയെണീറ്റ് തലേന്നു വഴിയോരത്തെ വേപ്പില്‍ നിന്നൊടിച്ചു കൊണ്ടു വന്ന ഹെര്‍ബല്‍ ബ്രഷുകൊണ്ടു പല്ലു തേച്ചു പച്ചവെള്ളം നല്ലോണം കോരിയൊഴിച്ചു കുളീച്ചു. ചെറുപയര്‍ പച്ചവെള്ളത്തിലിട്ടു കിളിര്‍പ്പിച്ചത് ഉപ്പുപൊടി വിതറി കഴിച്ചു. കൂടെയൊരു ചൂടുളള കട്ടന്‍ ചായയും.

ഇതൊക്കെ ആരോഗ്യത്തെ മുന്‍ നിര്‍ത്തി ചെയ്യുന്നതാണെന്നു ശങ്കറിനറിയാം. പല കുറി അതൊക്കെ പറഞ്ഞിട്ടുമുണ്ട്. എന്നാലും പിണങ്ങിപ്പോയ ഭാര്യ വസുമതി പറയുന്നത് അതൊക്കെ അങ്ങേരുടെ അറുപിശുക്കിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതിയെന്നാണ്. അതുകൊണ്ടാണ് ഒരിക്കല്‍ അവള്‍ ഇങ്ങനെ പറഞ്ഞത്.

‘’ അങ്ങേരിതൊക്കെ കഴിച്ചോട്ടെ പക്ഷെ ബാക്കിയുള്ളവരും ഈ പുല്ലും വൈക്കോലുമൊക്കെ ചവച്ചു ജീവിക്കണമെന്നു പറഞ്ഞാല്‍ ആര്‍ക്കാ അതിനു കഴിയുക അതും ആഴ്ചക്കേഴു ദിവസവും’‘

കിളിര്‍പ്പിച്ച ധാന്യങ്ങള്‍ തന്റെ ശരീരത്തിലെ വിഷാംശങ്ങളൊക്കെ ഇല്ലാതാക്കുമെന്നു അറിയാമായിരുന്നെങ്കിലും അതിത്രയും വിഷം വസുമതിയുടെ മനസില്‍ നിറയ്ക്കുമെന്നു ശങ്കറിന്നു അറിയില്ലായിരുന്നു.

കട്ടന്‍ ചായ പഞ്ചസാരയിടാതെ കുടിച്ചാല്‍ പ്രമേഹവും കൊളസ്ടോളും പടികടന്നു വരില്ലെന്നു പറഞ്ഞപ്പോള്‍ കട്ടന്‍ ചായ പോലെ മുഖം കറുപ്പിച്ചവള്‍ പറഞ്ഞു ‘’ ഞാനുമിനി ഈ പടി കടന്നു വരില്ലെന്നു’‘

നില്‍ക്കട്ടെ നാലു ദിവസം വീട്ടില്‍ ചെന്നു നില്‍ക്കട്ടെ. അപ്പോള്‍ മനസിലാകും ദൈനം ദിന വീട്ടു ചിലവുകളുടെ കടുപ്പം.

ഇതൊക്കെ ആലോചിച്ചു സമയം കളഞ്ഞാല്‍ ഫ്ലൈറ്റ് അതിന്റെ വഴിക്കു പോകും. ഫയലുകളെല്ലാമെടുത്ത് ബാഗിലിട്ടു കൂടെ ടിക്കറ്റും ഒന്നു രണ്ടു ക്രഡിറ്റ് കാര്‍ഡുകളും അത്യാവശ്യത്തി‍നുള്ള വസ്ത്രങ്ങളും എടുത്ത് വാതില്‍ പൂട്ടി പുറത്തിറങ്ങി. മൊബൈല്‍ ഫോണില്‍ ടാക്സി സ്റ്റാന്‍ഡിലെ നമ്പര്‍ തിരഞ്ഞു അപ്പോഴാണു ചെലവിന്റെ കാര്യം വീണ്ടും മനസിലേക്കു തലയിട്ടു നോക്കിയത്. ഇഷ്ടം പോലെ സമയമുണ്ട് നേരത്തെ ചെക്ക് ഇന്‍ ചെയ്തിട്ടെന്തിനാണു മനം മയക്കുന്ന കാപ്പിയുടെ മണവും സഹിച്ചുകൊണ്ട് എത്രനേരം ലോഞ്ചില്‍ കാത്തിരിക്കണം ? അവിടെന്നൊരു കാപ്പി കുടിച്ചാലോ കീശ കാലിയായി കിട്ടും. മുമ്പൊരു കാപ്പി കുടിച്ചതിന്റെ നെഞിടിപ്പിനിയും നിന്നിട്ടില്ല.

‘’ ഓട്ടോ, ഓട്ടോ…’‘

വശത്തേക്കൊതുക്കി നിര്‍ത്തിയിട്ട് ഡ്രൈവര്‍ ചോദിച്ചു – ‘’ എങ്ങോട്ടാ?’‘

‘’ എയര്‍പോര്‍ട്ട്’‘ ‘’ കേറിക്കോ നൂറു രൂപ’‘ ‘’ ആറു കിലോമീറ്ററിനു നൂറു രൂപയോ?’‘ ‘’ എണ്ണ വില ദെവസോം കത്തിക്കേറല്ലേ സാറേ..’‘ ‘’ അറുപതു തരാം വിട്ടോ’‘ ‘’ അറുപതിനു ഓടില്ല സാറെ എണ്‍പതെങ്കിലും വേണം അല്ലെങ്കില്‍ വേറെ വണ്ടി പിറകേ വരുന്നുണ്ട് ഇറങ്ങിയാട്ടെ’‘

ടാക്സി ചാര്‍ജ് ഇരുനൂറില്‍ താഴില്ല തമ്മില്‍ ഭേദം ഇതു തന്നെ.

ഓട്ടോ കുണുങ്ങി കുണുങ്ങി ഓടിത്തുടങ്ങി. ഡെല്‍ഹിയിലേക്കൊന്നു വിളിച്ചാലോ? മീറ്റിംഗ് രണ്ടരക്കു തന്നെയല്ലേ എന്നു ചോദിക്കാം. കൂട്ടത്തില്‍ അവര്‍ വണ്ടി അയക്കുന്നുണ്ടോ എന്നും മനസിലാക്കാം. ഇത്തവണ കരാര്‍ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആറുകോടി രൂപയുടെ ബിസിനസ് പണി കഴിയുമ്പോള്‍ ഒന്നൊന്നര കോടി കയ്യിലിരിക്കും.

അങ്ങേത്തലക്കല്‍ ഒരു ബെല്ലു പോയതും കട്ടു ചെയ്തു. അങ്ങോട്ടു വിളീച്ചാല്‍ വലിയ ബുദ്ധിമുട്ടാണ്. ഒറ്റ ശ്വാസത്തില്‍ എല്ലാം പറഞ്ഞു കട്ടു ചെയ്യണം. മിസ്ഡ് കോള്‍ കണ്ടാല്‍ അവര്‍ തിരിച്ചു വിളിച്ചോളും. അപ്പോള്‍ യാതൊരു ധൃതിയുമില്ലാതെ വിശേഷങ്ങളൊക്കെ തിരക്കി വിശദമായി സംസാരിക്കാം.

ഓട്ടോ ഒരു കലുങ്കില്‍ കയറിയപ്പോള്‍‍ മൊത്തമൊന്നു കുലുങ്ങി. പോക്കറ്റിലിരുന്നു മൊബേലും കുലുങ്ങുന്നുണ്ടോ പാര്‍ട്ടി തിരിച്ചു വിളിക്കുന്നുണ്ട്. ഫോണ്‍ കീശയില്‍ നിന്നെടുക്കുമ്പോഴേക്കും കോള്‍ കട്ടായി. അങ്ങോട്ടൊരു ബെല്‍ കൂടെ കൊടുത്തേക്കാം.

ഇനി ഇങ്ങോട്ടു വിളീക്കുമ്പോള്‍ ആദ്യത്തെ ബല്ലിനു തന്നെ എടുക്കണം. ഈ സീറ്റില്‍ വെച്ചാല്‍ പെട്ടെന്നെടുക്കാന്‍ സൌകര്യമായിരിക്കും. പിന്നീടു പലതും ചോദിച്ചറിയാനുണ്ട്. മീറ്റിംഗ് നടക്കുന്ന സ്ഥലത്തില്ന്റെ മേല്‍ വിലാസം, തുടങ്ങുന്ന സമയം, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍. അങ്ങോട്ടു വിളിച്ചാല്‍ പത്തു മുപ്പത്തഞ്ചു രൂപയെങ്കിലുമാകും. പണ്ടൊരിക്കല്‍ വസുമതി തന്നെ കളിയാക്കി പറഞ്ഞാതാണ് ഓര്‍മ്മ വരുന്നത്.

ധൃതിയില്‍ അടുക്കളയിലേക്കു വെള്ളമെടുക്കാന്‍ കയറിപ്പോള്‍ വസുമതിയുടെ ദേഹത്തൊന്നു മുട്ടി. അവളുടെ കയ്യീരുന്ന ട്രേ താഴെ വീണു അതിലുണ്ടായിരുന്ന രണ്ടു കോഴിമുട്ടകളും ഉടഞ്ഞു. തെറ്റു തന്റേതാണ് അതുകൊണ്ടു തന്നെ നഷ്ടബോധം മുഖത്തു കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടു പറഞ്ഞു ‘’ രണ്ടു മുട്ടയല്ലേ സാരമില്ല ഇന്നിനി ബ്രെഡ് കട്ടന്‍ ചായയില്‍ മുക്കി കഴിക്കാം’‘

‘’ ഓ രണ്ടു മുട്ടയെന്നു എത്ര ഈസിയായിട്ടാ പറഞ്ഞത്. അറിയാമോ മര്യാദക്കു നിക്ഷേപിച്ചിരുന്നെങ്കില്‍ ഒരു പത്തിരുപതു ലക്ഷത്തിന്റെ മുതലായിരുന്നു’‘

കളിയാക്കി അവള്‍ പറയുന്നതെന്നു ഊഹിച്ചെങ്കിലും ചോദിച്ചു ‘’ അതെങ്ങനെ?’‘

പഞ്ചസാരയിട്ട പാലില്‍ ബ്രഡ് മുക്കി തിന്നുകൊണ്ട് അവള്‍ ഉള്ളിലൊളിപ്പിച്ച ചിരിയുമായി പറഞ്ഞു ‘’ രണ്ടു മുട്ട വിരിഞ്ഞാല്‍ രണ്ടു കുഞ്ഞ്. പറമ്പിലോട്ടു കയറ്റി വിട്ടാല്‍ വല്ലതുമൊക്കെ കൊത്തിപ്പെറുക്കി അതുങ്ങള്‍ വളര്‍ന്നോളും മുട്ടയിടും പത്തൊ പന്ത്രണ്ടോ അതിലധികമോ ഒക്കെ. അതും കൂടെ വിരിഞ്ഞാല്‍ കുഞ്ഞുങ്ങളെത്ര? പത്തു കോഴികള്‍. പത്തു മുട്ടവീതം എന്നു വച്ചാലും നൂറായില്ലേ കോഴികള്‍ വര്‍ഷങ്ങള്‍ കഴിയുന്നതൊടെ അതു ആയിരവും പതിനായിരവും ലക്ഷവുമൊക്കെയാവില്ലേ ഒരു കോഴിക്കെന്താ വില?

പാലും ബ്രഡും കഴിച്ചു കഴിഞ്ഞപ്പോല്‍ അവള്‍ അടുക്കളയിലേക്കു നടന്നു. കട്ടന്‍ ചായ കുടിക്കുമ്പോള്‍‍ അവള്‍ പറഞ്ഞതില്‍ കുറെ കാര്യമുണ്ടെന്നു മനസിലായി. പല തുള്ളി പെരുവെള്ളം എന്നാണല്ലോ പണ്ടെ പറയാറുള്ളത് . മിസ്ഡ് കോള്‍ കൊടുക്കുമ്പോഴൊക്കെ വസുമതിക്കു മനസാ നന്ദി പറഞ്ഞു പോകും.

‘’ സാറെ എയര്‍ പോര്‍ട്ടെത്തി’‘

ഓ സമയം പോയതറിഞ്ഞില്ല പെട്ടിയുമെടുത്തു ചാടിയിറങ്ങി. നൂറിന്റെ നോട്ടു വാങ്ങിക്കൊണ്ടു ഡ്രൈവര്‍ പറഞ്ഞു ‘’ ചെയ്ഞ്ച് ഇല്ലല്ലോ സാറെ പിന്നീടു അഡ്ജസ്റ്റ് ചെയ്യാം’‘

പത്തിന്റെ ഏഴു നോട്ടും കുറച്ചു ചില്ലറത്തുട്ടുകളുമൊക്കെ ചേര്‍ത്ത് എഴുപത്തൊന്‍പതു രൂപ കൊടുത്ത് നൂറിന്റെ നോട്ടു തിരികെ വാങ്ങി. സെക്യൂരിറ്റി ചെക്കിനു ഗേറ്റില്‍ തന്നെ നീളത്തില്‍ ക്യൂ രൂപപ്പെട്ടിട്ടുണ്ട്. സമയത്തിനു വന്നതു ഗുണമായി പക്ഷെ പാര്‍ട്ടി തിരിച്ചു വിളിച്ചില്ലല്ലോ. ഇനി തിരിച്ചു വിളിക്കുക തന്നെ. പക്ഷെ മൊബൈല്‍ ഫോണ്‍ മുന്‍ പോക്കറ്റില്‍ കാണുന്നില്ലല്ലോ. പെട്ടി നിലത്തു വച്ച് ജീന്‍സിന്റെ പിന്‍ പോക്കറ്റില്‍ പരതി . അവിടെയുമില്ല പെട്ടന്നോര്‍മ്മ വന്നു, അതു ഓട്ടോറിക്ഷയുടെ സീറ്റില്‍ വെച്ചിരിക്കുകയല്ലേ? ആ ഓട്ടോ എവിടെ?

അയ്യോ അതങ്ങു എയര്‍ പോര്‍ട്ടിന്റെ ഗേറ്റിലെത്തിയല്ലോ ‘’ ഓട്ടോ ഓട്ടോ” തൊണ്ട കാറി വിളിച്ചു. പിന്നെ ആ ഓട്ടോറിക്ഷയുടെ പിന്നാലെ പാഞ്ഞു. തന്റെ ഓട്ടം കണ്ടിട്ടാവണം എല്ലാം വണ്ടികളും ഒന്നിച്ചു ഹോണ്‍ മുഴക്കുന്നത്. നാശം അതു ഗേറ്റു കടന്നു പോയിരിക്കുന്നു. ഒറ്റ മൂച്ചിലോടി മുന്നില്‍ കണ്ട മറ്റൊരു ഓട്ടോയില്‍ ചാടിക്കയറി.

‘’ എങ്ങോട്ടാ?’‘

‘’ ആ പോയ ഓട്ടോ ഒന്നു പിടിക്കണം കത്തിച്ചു വിട്ടോ വേഗം വേഗം ‘’

‘’അതിലെന്തോ വിലപിടിച്ചതു മറന്നു വെച്ചല്ലേ കഴിഞ്ഞയാഴ്ച ഇതുപോലെ വേറൊരാള്‍…’‘

‘’ താന്‍ കഥ പറയാതെ കത്തിച്ചു വിടുന്നുണ്ടോ?’‘

‘’ ഇതിനു എഞ്ചിന്‍ പണി അത്യാവശ്യമായിരിക്കുവാ സാറെ എന്നാലും പറ്റാവുന്ന വേഗത്തില്‍ വിടാം’‘

ചാടിയിറങ്ങി മറ്റൊരു ഓട്ടോ പിടിക്കാമെന്നു വച്ചാല്‍ മറ്റൊന്നു കണ്‍വെട്ടത്തില്ല. അതെപ്പോഴും അങ്ങിനെയാണല്ലോ എന്തെങ്കിലും വേണമെങ്കില്‍ ഒന്നും കാണില്ല. വേണ്ടെങ്കിലോ എവിടെ തിരിഞ്ഞാലും അതേ കാണുകയുള്ളു.

വളവു തിരിഞ്ഞപ്പോള്‍‍ ദൂരെ ഏറെ മുന്നിലായി ആ ഓട്ടോ കാണുന്നുണ്ട്. പക്ഷെ ഇങ്ങോട്ടു വന്നതിലും വേഗത്തിലാണു അതു തിരിച്ച് ഓടുന്നത്.

മുന്നിലെ റെയില്‍ക്രോസില്‍ അതാ ഗേറ്റ് അടയ്ക്കാന്‍ തുടങ്ങുന്നു ‘’ വേഗം വേഗം വിട്’‘ ഓ ഒരു വിധം അങ്ങോട്ടു കടന്നു കിട്ടി. മുന്നില്‍ മൂന്നു വഴി കൂടുന്ന ജംങ്കഷന്‍ ആണ് ഓട്ടോയാണെങ്കില്‍ കാണുന്നുമില്ല.

‘’ ഇനി ഏതു വഴിക്കാ? ഒരു വഴി റെയില്‍വേ സ്റ്റേഷനിക്കാണ്. മറ്റൊന്നു വീടുകളിലേക്കും മാര്‍ക്കറ്റിലേക്കുമാണ് അങ്ങോട്ടു പോകാനാണു സാധ്യത ‘’

” ഇടത്തൊട്ടു വിട്ടോ ‘’ ഏറെ ഓടിയിട്ടും ഓട്ടോ കാണാഞ്ഞപ്പോള്‍‍ ഡ്രൈവര്‍ ഒരു വശത്തേക്കു ഒതുക്കിയിട്ടുകൊണ്ടു പറഞ്ഞു.

”ഇങ്ങനെ പോയിട്ടു കാര്യമൊന്നുമില്ല അത്ര വിലയേറിയ സാധനമാണോ? വിമാനത്തിന്റെ സമയം കൂടെ നോക്കേണ്ടെ’‘?ഡ്രൈവര്‍ പറഞ്ഞതു കാര്യമാണ്.

” അതെന്റെ മൊബൈല്‍ ഫോണ്‍ ആണ്. എല്ലാ നമ്പറുകളും അതിലാണ്. അതില്ലാതെ ഒന്നും നടക്കില്ല അതാ’‘

‘’ എന്നാല്‍ പിന്നെ എന്റെ മൊബേലില്‍ നിന്നും ആ നമ്പറിലേക്കൊന്നു വിളിച്ചു നോക്കി കൂടെ?’‘

അത്രയ്ക്കു ആലോചിച്ചിരുന്നില്ല ഏറെ ബെല്ലുകള്‍ക്കു ശേഷം ഒരാള്‍ ഫോണ്‍ എടുത്തു ‘’ ഹലോ’‘ പറഞ്ഞു സംസാരിച്ചു തുടങ്ങിയപ്പോള്‍‍ അയാള്‍ ആ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ആണെന്നു മനസിലായി.

‘’ ആ മൊബൈലിലാണു എന്റെ എല്ലാ ഫോണ്‍ നമ്പറുകളും കിടക്കുന്നത്. അതില്ലാതെ എന്റെ വീട്ടിലെ നമ്പര്‍ പോലും എനിക്കു ഓര്‍മ്മിക്കാന്‍ കഴിയില്ല. എങ്ങിനേയും പെട്ടന്ന് അതൊന്നു തിരിച്ചു തരുമോ? ഓട്ടോ ചാര്‍ജിന്റെ ഇരട്ടി തരാം പെട്ടന്നു വരാമോ?’‘

‘’ അയ്യോ സാറെ ഈ മാഡം പറയുന്നത് അവരുടെ ട്രയില്‍ വരാന്‍ സമയമായെന്നാണ്. അവരെ റെയില്‍ വേ സ്റ്റേഷനില്‍ വിട്ടതും ഞാന്‍ അങ്ങോട്ടു വരാം’‘

തര്‍ക്കിച്ചു നിന്നിട്ടു കാര്യമില്ല ഫ്ലൈറ്റു പോയാല്‍ തന്റെ കോടികളുടെ ബിസിനസാണു വെള്ളത്തിലാകാന്‍ പോകുന്നത്.

മൊബൈല്‍ഫോണ്‍ പോകട്ടെ ഫ്ലൈറ്റ് മിസ് ആക്കിക്കൂടാ. സമയത്തിനു ഡല്‍ഹിയിലെത്തണം

‘’ ഇനി എയര്‍ പോര്‍ട്ടിലേക്കു വിട്ടോ സമയം പോകുന്നു’‘

‘’ സാറെ ധൃതി വച്ചിട്ടു കാര്യമില്ല പുറകില്‍ ഗേറ്റ് അടച്ചില്ലേ? എയര്‍പോര്‍ട്ടിലേക്കു വേറെ വഴിയില്ലാത്തതുകൊണ്ട് തീവണ്ടി പോകുന്നതുവരെ കാത്തിരുന്നേ പറ്റൂ’‘

മണിക്കൂറുകളുടെ നീളമുള്ള നിമിഷങ്ങള്‍ കല്‍ക്കരി കയറ്റിയ ഒരു ചരക്കു തീവണ്ടിയുടെ ബോഗികളേപ്പോലെ ഉരുണ്ടു നീങ്ങി.

ഗേറ്റു തുറന്നു ഓട്ടോ കുണുങ്ങിയും മുറുങ്ങിയും ഏതൊക്കെയോ വഴികളിലൂടെ ഓടി എയര്‍പോര്‍ട്ടിലെത്തി.

”സാറെ കുറെ ഓടിയതാ ഒരു മുന്നൂറു രൂപ തന്നു പെട്ടന്നു ഇറങ്ങി ഓടിയാല്‍ ചിലപ്പോല്‍ ഫ്ലൈറ്റു കിട്ടിയേക്കും പെട്ടിയൊന്നുമില്ലാത്തതു നന്നായി’‘

‘’ അയ്യൊ പെട്ടി ആദ്യത്തെ ഓട്ടോയില്‍‍ നിന്നും ഇറങ്ങിയിടത്തു തന്നെ വെച്ചെന്നു തോന്നുന്നു. ദൈവമേ അതിലാണല്ലോ ടിക്കറ്റും ക്രഡിറ്റ് കാര്‍ഡുകളും കടലാസുമൊക്കെ’‘

‘’ പെട്ടിയൊന്നും ഇവിടെ കാണുന്നില്ല എന്റെ കാശു തന്നാല്‍ പോയി ഡീസലടിച്ചോളാം ഇനി പെട്ടി തിരഞ്ഞു പോലീസ് സ്റ്റേഷനിലേക്കു പോകണമെങ്കിലും എണ്ണയടിക്കേണ്ടേ?’‘

കാശു കൊടുത്തതും ഓട്ടോ പോയി. പോലീസു സ്റ്റേഷനിലേക്കു പോകണോ ഇവിടെ ആരോടെങ്കിലുമൊക്കെ ഒരു പെട്ടി കണ്ടോ എന്നു തിരക്കി നടക്കണൊ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഡല്‍ഹിക്കുള്ള വിമാനം പറന്നു പൊങ്ങി.

Generated from archived content: story2_mar18_14.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English