അവരിന്നും വരുന്നുണ്ട്. പാട്ടകൊട്ടും പടക്കവും ബഹളങ്ങളുമൊക്കെ പതിവിലും കൂടുതലാണിന്ന്. ആരവം കേട്ടാലറിയാം അവരിങ്ങെത്തിയെന്ന്. പാതവിട്ടു കുറ്റിക്കാട്ടിലേക്കു കടക്കുകയാണോ അവര്‍?. ഒരുപക്ഷെ ഈ മട തന്നെയാവുമോ ഇന്നവരുടെ ലക്ഷ്യം?
അതെ പന്തങ്ങള്‍ നിരനിരയായി കുറ്റിക്കാട്ടിലേക്കു കയറിവരുന്നുണ്ട്. എണ്ണവും കൂടുതലാണിന്ന്. മുന്നില്‍ അവന്‍ തന്നെ. പുലിവേട്ടക്കാരന്‍ വേലായുധന്‍. അവന്റെ കൈയില്‍ നീട്ടിപ്പിടിച്ച ഇരട്ടക്കുഴല്‍ തോക്ക്.
ആ തോക്കിനുള്ളില്‍ ഒരു രക്തദാഹി ഒളിഞ്ഞിരിപ്പുണ്ട്. കാരമുള്ളിന്റെ കൂര്‍പ്പും കാരിരുമ്പിന്റെ കരുത്തും ഒടുങ്ങാത്ത രക്തദാഹവുമുള്ള ഒരു വെടിയുണ്ട. തന്റെ രക്തം കുടിക്കാന്‍ അവസരം കാത്തിരിക്കുകയാണത്. ഇന്നല്ലെങ്കില്‍ നാളെ അത് തന്റെ മേല്‍ പതിക്കും. കടിച്ചു കീറുന്ന മുറിവിലൂടെ അത് കുതിക്കും. ഹൃദയത്തിലേക്ക് കരിമല പോലുള്ള ഗജവീരന്മാര്‍ വരെ അതിനു മുമ്പില്‍ മുട്ടുകുത്തുന്നതു കണ്ടിട്ടുണ്ട്. പിന്നെയാണോ മെലിഞ്ഞ ഒരു കരിമ്പുലി. സത്യത്തില്‍ വേട്ടക്കാരന്റെ തോക്കില്‍ നിന്നും പുലിയിലേക്കുള്ള ദൂരമാണിന്നു പുലിജന്മം.
ഇനി രണ്ടു വഴികളേ മുന്നിലുള്ളു. ഒരു പുലിയെപ്പോലെ ചാടിവീണു വേട്ടക്കാരന്റെ കഴുത്തില്‍ കടിച്ചു കുടയുക. അല്ലെങ്കില്‍ ഒരു എലിയെപ്പോലെ ഈ മടയില്‍ തന്നെ ഒളിച്ചിങ്ങനെ ജീവിക്കുക. കുറച്ചു കാലമായി മനുഷ്യര്‍ക്കിടയിലല്ലേ താമസം. അതുകൊണ്ടാകണം രണ്ടാമത്തെ വഴി ഉചിതമായി തോന്നുന്നത്.
എന്നതിനാണീ മനുഷ്യന്‍ എന്നെ വേട്ടയാടുന്നത്? ഇന്നോളം ഒരു മനുഷ്യനെപ്പോലും ഞാന്‍ കൊന്നിട്ടില്ല. തിന്നിട്ടില്ല. ബോധപൂര്‍വം ഉപദ്രവിച്ചിട്ടുപോലുമില്ല. വേണമെങ്കില്‍ പലരെയും എനിക്കു കൊല്ലാമായിരുന്നു. തിന്നാമായിരുന്നു. എന്നാല്‍ അതിനെക്കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതിരുന്നത് മനുഷ്യരെ കുറച്ചൊക്കെ മനസിലാക്കിയതു കൊണ്ടായിരുന്നു. മനുഷ്യന്റെ പക നേടിയാല്‍ കാട്ടില്‍ പോലും ജീവിക്കാന്‍ കഴിയില്ലെന്നു അറിയാവുന്നതു കൊണ്ടായിരുന്നു. എന്നിട്ടും അവരെന്തിനു എന്നെയിങ്ങനെ ..? അല്ലെങ്കിലും മനുഷ്യബുദ്ധിയുണ്ടോ പുലിക്കു ദഹിക്കുന്നു?
മനുഷ്യരെന്തിനു കാട്ടിലേക്കു വലിഞ്ഞു കയറി? അതും അറിഞ്ഞുകൂടാ. എന്നാല്‍ ഒന്നറിയാം. അവരെത്തിയതോടെ മാനു മുയലുമെന്നല്ല. കുരങ്ങന്‍മാര്‍ പോലും കാട്ടില്‍ നിന്നു അപ്രത്യക്ഷരായി. പിന്നീട് അതിശക്തരായ കാട്ടുപോത്തുകളെയും കരിവീരന്മാരെയുമൊക്കെ അവരുടെ തോക്കിന്റെ തീനാവു നക്കിത്തുടച്ചു. കാട്ടില്‍ കരിമ്പുലിയെന്തിനു പേടിക്കണമെന്ന വിശ്വാസം തകര്‍ന്നു. ഭീതി സൈ്വര്യജീവിതത്തെ ഉളച്ചു. ആ പേടിയേക്കാളുപരി ആമാശത്തിലെ തീയാണു തന്നെ കാട്ടിനുള്ളില്‍ നിന്നു ഇന്നാട്ടിലെത്തിച്ചത്.
പകലാറുന്നുത് വരെ കുറ്റിക്കാടുകള്‍ക്കിടയിലെ ഈ മടയില്‍, ഇരുട്ടു വീണാല്‍ കുറ്റിക്കാട്ടിലേക്കു കയറും. മനുഷ്യശബ്ദം ഉറങ്ങി എന്നുറപ്പായാല്‍ പതുക്കെ ചന്തയിലേക്കു നടക്കും.
രാത്രിയേറെ ചെന്നാല്‍ ചന്തയിലെ വിളക്കുകള്‍ അണയും. കച്ചവടക്കാര്‍ ധൃതിയില്‍ തങ്ങളുടെ മിച്ചമായ കച്ചവട സാധനങ്ങള്‍ പൊതിഞ്ഞു കെട്ടി സ്ഥലം വിടും. പിന്നീട് കുപ്പ പെറുക്കി ജീവിക്കുന്ന പിള്ളേരും തെണ്ടിപ്പട്ടികളുമാണ് ചന്ത ഭരിക്കുക.
ആര്‍ക്കും വേണ്ടാത്തതില്‍ നിന്നു ജീവിതം തിരയുന്ന അവര്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെങ്കിലും ആ പിള്ളേരു പോകുന്നതുവരെ കാത്തിരിക്കും. കാരണം അവരും നടക്കുന്നത് രണ്ടു കാലിലാണല്ലോ. ഒടുവില്‍ അവരും പോയ്ക്കഴിഞ്ഞാല്‍ ഒറ്റയ്ക്കു കറങ്ങുന്ന പട്ടിയുടെ മേല്‍ ചാടിവീഴും. ഒറ്റക്കുടയലിനു തന്നെ കഴുത്തൊടിഞ്ഞു തൂങ്ങും. അഥവാ അതൊന്നു മോങ്ങിയാലും കുഴുപ്പമില്ല. ഒരു തെണ്ടിപ്പട്ടിയുടെ മോങ്ങല്‍ ആരു ഗൗനിക്കാന്‍?
എന്നാല്‍ വളര്‍ത്തു പട്ടികളുടെ കാര്യം അങ്ങിനെയല്ല. അതൊന്നു കുരയ്ക്കുകയോ മോങ്ങുകയോ ചെയ്താല്‍ വീടുകളില്‍ വിളക്കുകള്‍ തെളിയും. ടോര്‍ച്ചുകള്‍ കണ്ണു തുറക്കും. അതിനാല്‍ വളര്‍ത്തുപട്ടികളെ കണ്ടാല്‍ അവയുടെ കണ്ണില്‍ പെടാതെ ഓടി ഒളിക്കുകയാണു പതിവ്.
ആ പതിവാണ് അന്നു തെറ്റിയത്. അതോടെ കഷ്ടകാലത്തിന്റെ ആരംഭവുമായി. നട്ടപ്പാതിര കഴിഞ്ഞിട്ടും ഉഷ്ണക്കാറ്റു വീശിയടിച്ചിരുന്ന അന്ന് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചന്തയിലെ കുപ്പക്കൂമ്പാരത്തിനടുത്ത് ഏറെ നേരം കാത്തിരിക്കാന്‍ ക്ഷമ കിട്ടിയില്ല. ആളൊഴിഞ്ഞ ചന്തയില്‍ പേടിക്കാന്‍ എന്തിരിക്കുന്നു? ചന്ത തുടങ്ങുന്ന അങ്ങേ വളവില്‍ ചായയുംവടയും ബോണ്ടയും ഒക്കെ വില്‍ക്കാന്‍ ഒരാള്‍ സൈക്കിളില്‍ വന്നു നില്‍ക്കാറുണ്ട്. തെണ്ടിപ്പട്ടികള്‍ വയറുനിറയുന്നതുവരെ അവിടെയാണു കറങ്ങാറുള്ളത്. പതിയെ അങ്ങോട്ടു ചെന്നു.
പ്രതീക്ഷ തെറ്റിയില്ല. വളവില്‍ തന്നെയുണ്ട് ഒരെണ്ണം. ഒറ്റക്കുതിപ്പ്. കറുത്ത പട്ടിയുടെ കഴുത്തെല്ല് കരിമ്പിന്‍ തുണ്ടു പോലെ വായില്‍ ഞെരിഞ്ഞു പൊടിഞ്ഞു. എങ്കിലും അതിനിടയില്‍ ദയനീയമായ ഒരു മോങ്ങല്‍ അതിന്റെ വായില്‍ നിന്നുതെറിച്ചു വീണു. വളവിനപ്പുറത്ത് കുപ്പ ചികഞ്ഞിരുന്ന പട്ടികള്‍ കൂട്ടത്തോടെ കുരച്ചുകൊണ്ടോടി അതു കേട്ടു തെല്ലകലെയുള്ളവീട്ടിലെ കാവല്‍നായ ഉച്ചത്തിലൊന്നു കുരച്ചു. അതു കേള്‍ക്കേണ്ട താമസം, അയല്‍വീടുകളുടെ കാവല്‍പ്പട്ടികളും വാശികയറിയതുപോലെ കുരച്ചുതുടങ്ങി. മനുഷ്യരുമായി സഹവസിക്കുന്ന ജന്തുക്കള്‍ക്ക് അവരുടെ ശീലങ്ങള്‍ കിട്ടാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
പൊടുന്നനെ വീടുകളിലൊക്കെ വെളിച്ചം തെളിഞ്ഞു. നിരനിരയായി ടോര്‍ച്ചുകള്‍ കണ്ണുതുറന്നു. അവയുടെ നീണ്ട നോട്ടം പാതവളവിലേക്കു പോലും എത്തിത്തുടങ്ങി. അതോടെ പതിവു വഴിവിട്ടു പാടത്തേയ്ക്കു ചാടേണ്ടി വന്നു. കൊയ്‌ത്തൊഴിഞ്ഞ പാടപ്പരപ്പും ശ്മശാനവും കടന്ന് തോട്ടുവരമ്പിലേക്കു ചാടിക്കയറുമ്പോള്‍ പെട്ടെന്നതാ കൈതക്കാട്ടിലൊരനക്കം. പറ്റാവുന്നത്ര ശ്രമിച്ചിട്ടും ഒരു കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ കഴിഞ്ഞില്ല. വേനല്‍ച്ചൂട് ബാധിച്ചു കൈതക്കാട്ടില്‍ തൂറാനിരുന്ന ഒരുത്തന്റെ ദേഹത്ത് തന്റെ ഇടത്തേ കൈയിലെ നഖങ്ങള്‍ ഒന്ന് പോറിയോ എന്നു സംശയം. അവന്റെ കൈയിലെ ലൈറ്റര്‍ ജ്വലിച്ചു. ഒന്നു തിരിഞ്ഞു നോക്കിയ എന്റെ കണ്ണുകളില്‍ അതിന്റെ വെളിച്ചം മിന്നിയെന്നു തീര്‍ച്ച. ഒരലര്‍ച്ചയോടെ അയാള്‍ തോട്ടിലേക്കു ചാടി. അല്ലെങ്കില്‍ വീണു. അറിയാത്ത വഴികളില്‍ ഏറെ അലഞ്ഞു വല്ല വിധേനയുമാണ് പുലരും മുന്‍പേ മടയില്‍ തിരിച്ചെത്തിയത്. അപ്പോഴാണ് വായില്‍ നിന്നു പട്ടിയുടെ ജഡം വീണുപോയതെന്ന് അറിയുന്നത്.
അടുത്ത ദിവസം തോട്ടുവക്കിലും കുറ്റിക്കാട്ടിലുമൊക്കെ ജനം പാട്ടകൊട്ടി നടന്നു. കഴുത്തില്‍ തോല്‍ബെല്‍റ്റുകെട്ടിയ പട്ടികള്‍ പൊലീസു പട്ടികളെപ്പോലെ മണം പിടിച്ചു നടക്കുന്നുണ്ടായിരുന്നു. ഒരു വേള ചങ്കിടിച്ചു പോയി. ഭാഗ്യം തന്റെ മടയുടെ മുഖം ഏറെ ദൂരെ കാരപ്പൊന്തകള്‍ കൊണ്ട് മൂടിക്കിടക്കുകയായിരുന്നതു കൊണ്ട് രക്ഷപ്പെട്ടു. പടക്കം പൊട്ടിയ ശബ്ദം കേട്ടപ്പോള്‍ ഇരട്ടക്കുഴല്‍ കണ്ടതുപോലെ കിടുങ്ങി. കാട്ടിലേക്കു തിരിച്ചു ചെന്നാലോ എന്നുവരെ ആലോചിച്ചു. പക്ഷെ പിന്നീട് വേണ്ടന്നു വച്ചു. ഇവിടെ തെണ്ടിപ്പട്ടികളെങ്കിലുമുണ്ട് വിശപ്പടക്കാന്‍. കാട്ടിലാണെങ്കില്‍ പട്ടിണികിടന്നു ചാകും. അതിലും ഭേദം ഇതുതന്നെ മനുഷ്യരുടെ ഇടയില്‍ വീശുന്ന കാറ്റിനും കാണുമല്ലോ അല്‍പം കൗശലം. അതൊക്കെ സ്വായത്തമാക്കി ഇവിടെത്തന്നെ ജീവിക്കുന്നതാ ബുദ്ധി.
അതിനടുത്ത ദിവസം കാക്കി ഉടുപ്പുകാരും മറ്റുചിലരും ജീപ്പുകളില്‍ വന്നു. നാട്ടുകാരില്‍ ചിലരുമൊത്ത് അവര്‍ തോട്ടിലും പാടത്തുമൊക്കെ അലഞ്ഞു നടന്നു. തന്റെ കാലടിപ്പാടുകള്‍ അളന്നു തിട്ടപ്പെടുത്തുന്നതു കണ്ടപ്പോള്‍ ബോധ്യമായി, ഇനി ഈ നാട് വിടാതെ തരമില്ല.
എന്നാല്‍ കുറ്റിക്കാടിനപ്പുറത്തുള്ള ഇടവഴിയിലൂടെ മടങ്ങുമ്പോള്‍ അവര്‍ ആ നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവായ ആറുമുഖനോട് പറയുന്നത് കേട്ടു. ‘ കാലടിപ്പാടുകള്‍ അളന്നപ്പോള്‍ ഞങ്ങള്‍ക്കുറപ്പായി; ഇതു പുലിയല്ല, വളര്‍ച്ച മുറ്റിയ ഒരുകാട്ടുപ്പൂച്ചയാകാനാണു സാധ്യത’.
കേട്ടപ്പോള്‍ ആദ്യം അരിശമാണ് തോന്നിയത്. കരിമ്പുലിയൊന്നു മെലിഞ്ഞാല്‍ കാട്ടുപ്പൂച്ചയെന്നു വിളിച്ച് അവഹേളിക്കാമോ? എന്നാല്‍ പിന്നീടതില്‍ ആശ്വാസവും തോന്നി. ഒരു അപകടം ഒഴിവായി കിട്ടിയല്ലോ. എന്നാല്‍ ആറുമുഖന്‍ അന്നു വൈകുന്നേരം ചന്തയില്‍ ഒരു പൊതുയോഗം വിളിച്ചുകൂട്ടി. പിന്നെ പുലി മാന്തേറ്റ ചെറുപ്പക്കാരനെ ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അയാളെ വേദിയിലേക്കു വിളിപ്പിച്ചു. ഒരു തല്‍സമയ ചര്‍ച്ചയിലൂടെ സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. അതിഭീകരനായ ഒരു മനുഷ്യപ്പിടിയന്‍ പുലിയാണ് തന്റെ മേല്‍ ചാടിവീണതെന്നും ഭാഗ്യംകൊണ്ടു മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും അയാള്‍ ഭീതിയോടെ ഓര്‍ത്തുപറഞ്ഞു. യോഗം കഴിഞ്ഞ ഉടനെ ഭീതിയകറ്റാന്‍ അയാള്‍ക്കൊരു കുപ്പി ചാരായം സമ്മാനിക്കാന്‍ ആറുമുഖന്‍ മറന്നില്ല.
അടുത്ത ദിവസം അതിരാവിലെ തന്നെ തന്റെ ബൈക്കില്‍ കയറിപ്പോയ ആറുമുഖന്‍ വൈകുന്നേരം തിരിച്ചെത്തിയത് ഒരു വേട്ടക്കാരനുമായിട്ടായിരുന്നു. പുലിവേട്ടക്കാരന്‍ വേലായുധന്‍. ഒന്നു കണ്ടാല്‍ പോരെ പുലിവേട്ടക്കാരനെ തിരിച്ചറിയാന്‍. മുരിക്കുപൂത്ത കണ്ണുകള്‍, കൊമ്പന്‍ മീശ, ചകിരിത്തലമുടി, ബീഡിപ്പുക വരണ്ട കറുത്ത ചുണ്ടുകള്‍, ഇടത്തേത്തോളില്‍ തൂക്കിയിട്ട ഇരട്ടക്കുഴല്‍ തോക്ക്. പുലിവേട്ടയുടെ ലഹരി ആ കണ്ണുകളില്‍ ചുവന്നു കിടന്നു.
രണ്ടു ദിവസം മടയില്‍ തന്നെ കിടന്നു. മൂന്നാം ദിവസം തീയാളുന്ന വയറു പറഞ്ഞു പട്ടിണികിടന്നു ചാകാനായിരുന്നെങ്കില്‍ കാട്ടില്‍ തന്നെ മതിയായിരുന്നല്ലോ. അങ്ങനെ വീണ്ടും അന്നു രാത്രി പുറത്തിറങ്ങി.
അപ്പോഴാണ് അപകടത്തിന്റെ ആഴം ശരിക്കും ബോധ്യമായത്. ഇന്നലെവരെ ചന്തയില്‍ അലഞ്ഞിരുന്ന തെണ്ടിപ്പട്ടികളതാ വാതില്‍ തുറന്നിട്ട ഇരുമ്പു കൂടുകളില്‍ കുരുക്കിട്ടു നില്‍ക്കുന്നു. കേവലം ഇരകളാണ് തങ്ങളെന്നു ആ പട്ടികള്‍ അറിയുന്നില്ലെങ്കിലും ആ കുരുക്കുകള്‍ ലക്ഷ്യം വയ്ക്കുന്നത് തന്റെ തലയാണെന്നു മനസിലാക്കാന്‍ പുലിബുദ്ധി തന്നെ ധാരാളമാണ്. ഇനി മനുഷ്യബുദ്ധിയില്‍ അതിലും വലിയ ലക്ഷ്യങ്ങള്‍ ഉണ്ടാകുമോ.. അറിഞ്ഞു കൂടാ.. എന്നാല്‍ ഒന്നറിയാം ഇനി പട്ടി പിടിത്തം സൂക്ഷിച്ചു വേണം. വിഷം തിന്ന പട്ടിക്ക് ഇരയായി കൂടല്ലോ..
അതൊകൊണ്ട് വെറുമൊരു കാട്ടുപൂച്ചയെപ്പോലെ തോട്ടില്‍ മീന്‍പിടിച്ചും ഞണ്ടു തിന്നും വിശപ്പടക്കാന്‍ ശീലിച്ചു. ഒരു മുള്ളുപോലും അവശേഷിക്കാതെ മീന്‍ തിന്നാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ മനുഷ്യര്‍ പറയാറുള്ളത്. എന്നാല്‍ അവര്‍ പറയുന്നതൊന്നും ചെയ്യാറില്ലെന്നും ചെയ്യുന്നതൊന്നും പറയാറില്ലെന്നും പെട്ടെന്നുതന്നെ മനസിലായി. പുലിയെ കൊല്ലാന്‍ ആരെങ്കിലും പാട്ട കൊട്ടി നടക്കുമോ. പന്തം കൊളുത്തിയിട്ടും പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കുമോ. കള്ളനെ പിടിക്കാന്‍ വിസിലടിച്ചും സൈറന്‍ മുഴക്കിയും നടക്കുന്ന പൊലീസുകാരെപ്പോലെ.
എന്നാല്‍ വേലായുധന്റെ കണ്ണുകളില്‍ ചുകപ്പ് ഏറുകയാണ്. അത് പുലിവേട്ടയുടെ ലഹരിയല്ല. ആസക്തിയാണ്. പെണ്ണിനോടും പണത്തോടുമുള്ള ആസക്തി. അയാളുടെ മുന്നില്‍ മുട്ടുമടക്കുന്നത് പുലിയല്ല. പെണ്ണുങ്ങളാണ്. ഒറ്റയ്ക്കു ജീവിക്കുന്ന പെണ്ണുങ്ങളില്‍ പലരും അയാളുടെ ഇരയായി കഴിഞ്ഞു. വഴി വിട്ടു ജീവിക്കുന്ന പെണ്ണുങ്ങളാകട്ടെ അവര്‍ തിരിച്ചെടുത്തു കൊടുത്ത അതേ പണത്തിനു മുന്‍പിലാണ് മുട്ടുകുത്തുന്നതെന്നും മാത്രം. എന്നാലും അവരുടെയൊക്കെ കണ്ണുകളില്‍ ഇപ്പോഴും അയാള്‍ രക്ഷകനാണ്. എന്തൊക്കെയായാലും വേലായുധന്‍ വന്നതിനു ശേഷം പുലിപ്പേടി അവരുടെ ഉറക്കം കെടുത്തിയിട്ടില്ല.
എന്നാല്‍ പിന്നീടൊരു രാത്രി. അന്നാട്ടുകാര്‍ക്ക് തീരെ ഉറങ്ങാന്‍ കഴിഞ്ഞില്ല. പന്തം കൊളുത്തി പ്രകടനവും പാട്ടകൊട്ടലും പുലരുവോളം നീണ്ടു.
പുലര്‍ച്ചെ ചോയിയുടെ മകള്‍ പാടത്തുനിന്നു അലമുറയിട്ടു കരഞ്ഞ. ഓടിയെത്തിയ ഗ്രാമീണര്‍ കണ്ടത് ചോയിയുടെ മുട്ടനാടിന്റെ ചിതറിക്കിടക്കുന്ന എല്ലും തോലുമാണ്.
‘പട്ടികളെ മടുത്താല്‍ പുലി ആടിലും മാടിലും കണ്ണുവയ്ക്കും. അതും മടുത്താല്‍ മനുഷ്യര്‍…’ ആറുമുഖന്‍ വേലായുധനെ വിളിക്കാന്‍ ആളെ വിട്ടു. ഓടിക്കിതച്ചെത്തിയ വേലായുധന്‍ ഭീതി വിഴുങ്ങിയ കണ്ണുകളുമായി നാട്ടുകാരോട് തലേന്നു രാത്രി പുലിയെ കണ്ട കഥ സവിസ്തരം പറഞ്ഞു. രാത്രി മുഴുവന്‍ ശ്രമിച്ചിട്ടും വെടിവയ്ക്കാന്‍ കഴിയാഞ്ഞത് പുലി അതീവ സൂത്രക്കാരനായതു കൊണ്ടാണെന്നും കൂട്ടിച്ചേര്‍ത്തു. അതിനു ശേഷമാണ് അയാള്‍ മറ്റൊരു നടുക്കുന്ന കാര്യം കൂടി പറഞ്ഞ്. അയാള്‍ ആ നാടുവിട്ടു പോകുകയാണെന്ന കാര്യം.
ഏറെ പണം വച്ചു നീട്ടിയാണ് ആറുമുഖന്‍ വേലായുധനെ തന്റെ തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിച്ചത്. അതിനായി നടപ്പിലാക്കിയ പ്രത്യേക ബക്കറ്റ് പിരിവിനെ നാട്ടുകാര്‍ കൈയയച്ചു സഹായിക്കുകയും ചെയ്തു.
അന്നു വേലായുധനും കൂട്ടരും ആട്ടിറച്ചി പൊരിച്ചും തിന്നും ചാരായം കുടിച്ചും ശരിക്കും മദിച്ചു. എങ്കിലും വേലായുധന് ചെറിയൊരു പരാതിയുണ്ടായിരുന്നു. പിരിവു തുകയുടെ ചെറിയൊരു അംശം മാത്രമാണ് തനിക്കു ലഭിച്ചതെന്ന പരാതി. പക്ഷെ അതിനു വേണ്ടി ആറുമുഖനെ പിണക്കാനും വയ്യ. കാരണം ആ തുക തന്നെ ഒരു വേട്ടക്കാരന് ജീവിക്കാന്‍ ധാരാളമാണ്. മേലനങ്ങാതെ കിട്ടുന്നുവെന്ന മേന്മയും അതിനുണ്ട്.
എന്നാല്‍ ഏറെ വൈകാതെ ചിത്രം മാറി. വേലായുധന്റെ കണ്ണുകളില്‍ ഭീതി കുടിയേറി. ഇനിയും കണ്ടിട്ടില്ലാത്ത പുലിയെയല്ല എന്നു കാണാറുള്ള ആറുമുഖനെയാണ് അയാള്‍ ഭയന്നു തുടങ്ങിയത് . അതിനു തക്കതായ കാരണവും ഉണ്ടായിരുന്നു.
ഒരു ദിവസം വേലായുധന്റെ വാടക മുറിയിലേക്ക് ആറുമുഖന്‍ നേരിട്ടു ചെന്നു. തന്റെ ശത്രുവായ സത്യപാലനുമായി കള്ളുഷാപ്പില്‍വച്ചുണ്ടായ വഴക്കിനെ കുറിച്ചു പറയാനാണ് ആറുമുഖന്‍ വേലായുധനെ തേടിച്ചെന്നത്. പുലിയേക്കാള്‍ ഇപ്പോള്‍ ഗ്രാമത്തിലെ സ്ത്രീകള്‍ക്കു ശല്യമാകുന്നത് പുലിവേട്ടക്കാരനാണെന്നും അതുകൊണ്ട് ഇനിയുമയാളെ വച്ചുകൊണ്ടിരിക്കാന്‍ അനുവദിക്കില്ലെന്നും സത്യപാലന്‍ പറഞ്ഞത്രേ. അതു കേട്ടപ്പോള്‍ വേലായുധന് ശരിക്കും അരിശം കയറി. എന്നാല്‍ ആറുമുഖന്‍ പരിഹാരമായി പറഞ്ഞ പദ്ധതികള്‍ കേട്ടപ്പോള്‍ മുന്നിലൊരു നരഭോജിയായ കരിമ്പുലിയെ കണ്ടതുപോലെ വേലായുധന്‍ വിറച്ചു. ഒരാളെ കൊല്ലാനുള്ള ധൈര്യമില്ലെന്നു ഒരുവിധം പറഞ്ഞൊപ്പിച്ചപ്പോള്‍ ആറുമുഖന്‍ പുച്ഛത്തോടെ കളിയാക്കി… ‘ പുലിവേട്ടക്കാരനാണത്രേ.. പുലിവേട്ടക്കാരന്‍..’
എന്നാല്‍ ഏറെ വൈകാതെ ഒരു നാള്‍ തന്റെ പച്ചക്കറിത്തോട്ടത്തിനു വെള്ളം നനയ്ക്കാന്‍ കൂട്ടുവിളിച്ചപ്പോള്‍ വേലായുധന്‍ സസന്തോഷം സന്തോഷിച്ചു. പാതിരാത്രി കഴിയുമ്പോള്‍ ആവശ്യത്തിലേറെ വേലക്കാരുള്ള ആറുമുഖന്‍ കൃഷിസ്ഥലം നനയ്ക്കുക! അതിന് ഒരു വേട്ടക്കാരനെ കൂട്ടുവിളിക്കുക! തിരിച്ചു നടക്കുമ്പോള്‍ വേലായുധന് ഒന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല. വഴി തെറ്റിയ കാര്യം പോലും മനസിലായത്. സത്യപാലന്‍ കൃഷിക്ക് കാവല്‍ കിടക്കാറുള്ള കെട്ടുമാടത്തിനു മുന്നിലെത്തിയപ്പോഴാണ്. അപ്പോഴെയ്ക്കും ആറുമുഖന്‍ കടലാസില്‍ പൊതിഞ്ഞ വെട്ടുകത്തിയുമായി മാടത്തിലേക്കു കയറിക്കഴിഞ്ഞിരുന്നു.
ആറുമുഖന്റെ വാക്കുകള്‍ക്ക് അത്ര പെട്ടെന്നു അറംപറ്റുമെന്നു ആരും കരുതിയിരുന്നില്ല. ആടുമാടുകളെ മടുത്ത പുലി ഇതാ നരഭോജിയായി മാറിയിരിക്കുന്നു. പുലി തിന്ന സത്യപാലന്റെ ജഡം വികൃതമായി പുഞ്ചപ്പാടത്ത് ചിതറിക്കിടന്നു. സംഭൃീതരായ നാട്ടുകാര്‍ വേലായുധനെ തിരഞ്ഞോടി. അയാള്‍ അപ്പോള്‍ കള്ളുഷാപ്പിന്റെ പുറകിലെ വാടക മുറിയില്‍ പനിച്ചു കിടക്കുകയായിരുന്നു. പൊള്ളുന്ന വിറയല്‍പ്പനി. പനി മാറി എഴുന്നേറ്റ വേലായുധന്റെ കൈകളിലേക്ക് ഒരു പണക്കെട്ടുവച്ചു കൊടുത്തു. കൂടെ കൂടെ ഒരു കടലാസു തുണ്ടും കാണിച്ചു. അതില്‍ കുറെ പേരുകളായിരുന്നു. ആറുമുഖന്റെ ശത്രുക്കളില്‍ പലരുടെയും പേരുകള്‍. ‘ എപ്പോഴെങ്കിലും ഇവരില്‍ ആരെയെങ്കിലും പുലി പിടിക്കുകയാണെങ്കില്‍…………..’
വേലായുധന്‍ ബാക്കി കേള്‍ക്കാതെ മറ്റെന്തോ മനസില്‍ ഉറപ്പിക്കുകയായിരുന്നു.
എന്നാല്‍ രാത്രിയുടെ ഇരുളില്‍ പാലായനം ചെയ്യാന്‍ ശ്രമിച്ച അയാളെ ആറുമുഖന്‍ കൈയോടെ പിടിച്ച് മറ്റൊരു കടലാസു തുണ്ടു കാണിച്ചു. അതില്‍ ‘ വേലായുധന്‍’ എന്നെഴുതിയിട്ടുണ്ടായിരുന്നു.
വല്ലാത്ത ഒരു കുരുക്കിലാണ് താന്‍ പെട്ടിരിക്കുന്നതെന്നു വേലായുധന് മനസിലായി. രക്ഷപ്പെടാന്‍ ഇനി രണ്ടു മാര്‍ഗങ്ങളേ മുന്നിലുള്ളൂ. ഒന്നുകില്‍ പുലിയെ കൊന്ന് ദൗത്യം പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ പുലിയുടെ വായില്‍ ഒടുങ്ങുക. പക്ഷെ അതിനു പുലി എവിടെ?
വേലായുധന്റെ അവസ്ഥയേക്കാള്‍ കഷ്ടമാണ് തന്റെ കാര്യം. ഇനിയും ഇവിടെ നിന്നാല്‍ ആ കടലാസു തുണ്ടിലെ പേരുകള്‍ ഒക്കെ ഒടുങ്ങുന്നത് തന്റെ തലയിലാകും തീര്‍ച്ച.
‘വാങ്ങിയ വടികൊണ്ട് അടി കൊള്ളുന്ന’ ഇന്നാട്ടുകാരെ പോലെ താനും ശുദ്ധ മണ്ടനായിക്കൂടാ.. കാട്ടിലേക്കു രക്ഷപ്പെടുക തന്നെ അതിനു രാത്രിവരെ കാത്തിരിക്കുക പോലും മൗഢ്യമാണ്.
കാരപ്പൊന്തകളും കുറ്റിക്കാടുകളും കടന്ന് കുന്നിന്റെ താഴ് വരയില്‍ എത്തി. ഇനി അപ്പുറത്തെ കുന്ന് കയറുന്ന ആ പാത മുറിച്ചു കടന്നാല്‍ കാട് തുടങ്ങുകയായി. അതുതന്നെയാണ് തന്റെ വീട്. പട്ടിണി കിടന്നു ചത്താലും അത് സ്വന്തം വീട്ടിലാണെന്നു സമാധാനിക്കാമല്ലോ.
എന്നാല്‍ പാതയുടെ വശത്ത് എത്തിയപ്പോള്‍ ഉള്ളൊന്നു കാളി. ഇന്നേരത്ത് കള്ളുഷാപ്പില്‍ മാത്രം കാണാറുള്ള വേലായുധന്‍ അതാ പാതയില്‍ നില്‍ക്കുന്നു. വീണുകിടക്കുന്ന ഒരു മരത്തിലേക്കു വലിയാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാള്‍ തന്നെ കണ്ടു കഴിഞ്ഞിരുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെ ഇരട്ടക്കുഴല്‍ തന്റെ നേരെ ചൂണ്ടുകയാണയാള്‍
തന്റെ ഉള്ളിലെ പുലി ഉണരുകയാണ്. നീളമുള്ളവാല്‍ വീണ്ടും വീണ്ടും നിവര്‍ന്നു വടിപോലെയായിരിക്കുന്നു. മുന്‍കാലുകള്‍ പതിഞ്ഞമരു്ന്നു. കൂര്‍ത്ത നഖങ്ങള്‍ മരത്തിടിയിലേക്ക് ആഴ്ന്നിറങ്ങുന്നത് അറിയുന്നുണ്ട്. ഇനിയൊരു ചാട്ടം ആറടി അകലെ നില്‍ക്കുന്ന വേലായുധന്റെ കഴുത്ത് തെളിഞ്ഞു കാണാം. അതിനു മുന്‍പിലുള്ള തോക്കിന്റെ നീളന്‍ കുഴല്‍ പോലും ഇപ്പോള്‍ കണ്ണുകളിലില്ല. ഇതു വളരെ നിര്‍ണായകമായ നിമിഷമാണ്. ഒന്നു പാളിയാല്‍..
പട പട ശബ്ദം കേള്‍ക്കുന്നുണ്ട്. ചങ്കിടിപ്പ് തന്റെയോ വേട്ടക്കാരന്റെയോ? രണ്ടുമല്ല. ആറുമുഖന്റെ ബൈക്കാണ്. ബൈക്കു നിര്‍ത്തി അയാള്‍ തോക്കിനു മുമ്പിലേക്കു ചാടിവീണു..
‘ആരെയാ ഉന്നം വയ്ക്കുന്നത്?’
‘ശ്.. ശ് .. മാറിനില്‍ക്കൂ, അതാ പുലി.. ആ മരത്തടിക്കു പിന്നില്‍.. ഒന്നു കാച്ചി നോക്കട്ടേ..’
‘ എന്നിട്ട്!’ ആറുമുഖന്‍ അത്ഭുതം കൂറി. ‘ പുലിയെക്കൊന്നിട്ട് താനെന്തു ചെയ്യും? തൂമ്പയെടുത്തു കിളയ്ക്കാനിറങ്ങുമോ…? അതോ പിച്ചപ്പാത്രവും കൊണ്ട് നാടുനീളെ തെണ്ടുമോ?’
‘ഇല്ല, ഈ പുലിയെ കൊല്ലണം, അല്ലെങ്കില്‍ കാട്ടിലേക്ക് ഓടിക്കണം.. എന്നി്ട്ട് എനിക്കു പോകണം’
‘അതു ശരി, നീ നിന്റെ കാര്യം മാത്രം നോക്കാന്‍ തുടങ്ങിയെന്നര്‍ഥം. അപ്പോള്‍ എനിക്കു എന്റെ കാര്യവും നോക്കേണ്ടി വരും. ഇല്ല.. ഈ പുലി ചാകില്ല, എല്ലാം കടലാസു തുണ്ടിലുണ്ടെന്നു കണ്ടതല്ലേ..’
വേലായുധന്റെ തോക്ക് താഴെ വീണു. അയാളും വീണു, ആറുമുഖന്റെ കാല്‍ച്ചുവട്ടില്‍..
ആറുമുഖന്‍ അതാ അറുപതോ അറുന്നൂറോ മുഖനായി അന്നാടിനെ തന്നെ കവച്ചു വളര്‍ന്നുനില്‍ക്കുന്നു. ഇനി തോ്ക്കിനു ഇരയായാലും രക്ഷയില്ലെന്നു മനസിലാക്കിയ പുലിയും വേട്ടക്കാരന്റെ അതേ അവസ്ഥയിലായിരുന്നു….
Generated from archived content: story2_july6_13.html Author: jithendra_kumar