നല്ലതു ചെയ്താല്‍ നല്ലതേ വരു

മണിക്കൂറൊന്നായി തിരയാന്‍ തുടങ്ങിയിട്ട്. ഇനിയും ആ ഫയലു കണ്‍ വെട്ടത്തു വന്നിട്ടില്ല. ഈ ഓഫീസിന്റെ പ്രധാന പ്രത്യേകതയും ഇതു തന്നെ. തിരയുന്നതു മാത്രം കിട്ടില്ല.

ഇവിടുത്തെ മാനേജര്‍മാരുടെ അതേ സ്വഭാവമാണ് ഫോണിനും. ഒരു പണിക്കും സമ്മതിക്കില്ല. ഫയലു കിട്ടിയില്ലെങ്കിലും കാതിനല്‍പ്പം സ്വൈര്യം കിട്ടുമല്ലോ. ഫോണെടുത്തേക്കാം. ‘’ ഹലോ’‘

‘’ ചേട്ടാ, വീട്ടില്‍ കള്ളന്‍ കയറി അലമാരയില്‍ വച്ചിരുന്ന കാശു മൊത്തം എടുത്തോണ്ടുപോയി’‘.

‘’ ങേ! വീടും തുറന്നിട്ടു നീ എവിടെ തിണ്ണ നിരങ്ങാന്‍ പോയിരുന്നെടീ, ഞാനിതാ വരുണു.’‘

പിന്നെ ഓഫീസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.

കൈ കാണിക്കുന്ന ഓട്ടോയിലൊക്കെ യാത്രക്കാരുണ്ട്. അടുത്തു ഒരു ഓട്ടോ സ്റ്റാന്‍ഡ് പോലും ഇല്ല. നാശം അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതിനിടയില്‍ ഒരു ഓട്ടോ മുന്നില്‍ വന്നു നിന്നു.

‘’എങ്ങോട്ടാ?’‘

‘’ വീട്ടിലേക്ക്. കത്തിച്ചു വിട്ടോ’‘

‘’ അത് എവിടാന്നാ ചോദിച്ചത്’‘

‘’ അരിക്കാരാ സ്ട്രീറ്റ്. നമ്പര്‍ ഒമ്പത്’‘ ഓട്ടോ കുലുങ്ങി ഓടി.

തല ശരിക്കു പ്രവര്‍ത്തിക്കുന്നില്ല. എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയുമില്ല. ഒന്നരലക്ഷം രൂപ. ഭാര്യയുടെ ഹൃദയത്തിന്റെ വാല്‍വിലെ ഓട്ട അടയ്ക്കാന്‍ വേണ്ടി കഷ്ടപ്പെട്ടു സംഘടിപ്പിച്ചത്. അതു നഷ്ടമായാല്‍… പണയം വെക്കാന്‍ ഇനി ഒരു മോതിരം പോലും ബാക്കിയില്ല. ദൈവമേ എന്തു ചെയ്യും? ഓടുന്ന ഓട്ടോയിലിരുന്നിട്ടും വിയര്‍ത്തൊലിക്കുന്നു. വല്ലാത്ത ദാഹം.

” സാറേ എന്തെങ്കിലും പ്രശ്നം?” ഡ്രൈവര്‍ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിക്കുന്നുണ്ട്.

‘’ഹേയ് , ഒന്നുമില്ല നീ വിട്ടോ’‘

‘’ അല്ല, എന്തെങ്കിലും സഹായം വേണമെങ്കില്‍…’‘

‘ഒന്നും വേണ്ട’ എന്നു പറയാനാണ് വായ് തുറന്നത്. പക്ഷെ പറഞ്ഞുപോയത് “അല്‍പ്പം വെള്ളം കിട്ടുമോ?” എന്നായിരുന്നു.

‘’ഉണ്ടല്ലോ. ആ സീറ്റിനു പിന്നിലൊരു പ്ലാസ്റ്റിക് ബോട്ടിലില്‍ കാണും.” ശരിയാണ് ഒരു നരച്ച പ്ലാസ്റ്റിക് ബോട്ടിലില്‍ പാതിയോളം വെള്ളം കുലുങ്ങികളിക്കുന്നു. എടുത്തപ്പോഴേ അതു കൈയ്യിലൊട്ടി. അടപ്പു തുറന്നപ്പോള്‍ ഗ്രീസിന്റേയും തുരുമ്പിന്റേയുമൊക്കെ ഗന്ധം. എന്തായാലും ഒരു കവിള്‍ കുടിക്കാതെ വയ്യ.

പെട്ടന്നു ഡ്രൈവര്‍ ബ്രേക്കു ചെയ്തുകൊണ്ടു പറഞ്ഞു. ‘’ സാറേ ഒന്നു തന്നേ” നീട്ടുന്നതിനു മുന്‍പേ അയാള്‍ ബോട്ടില്‍ വാങ്ങി വെള്ളം പുറത്തേക്കു കമഴ്ത്തിക്കളഞ്ഞു.

‘’ എന്താ അതു നല്ല വെള്ളം ആയിരുന്നില്ലേ?”

‘’ ങാ അങ്ങിനെ കരുതുന്നതാ നല്ലത്.”

‘’ മനസിലായില്ല പിന്നെന്തിനാ അതു തന്നത്?”

‘’എന്റെ പുതിയ തീരുമാനം ഒരു നിമിഷത്തേക്കു മറന്നു പോയതുകൊണ്ടാ സാറെ’‘

‘’ പുതിയ തീരുമാനമോ?’‘

‘’അതെ , എല്ലാവരേയും കണ്ണടച്ചു സഹായിക്കുന്ന ഒരു ദുശ്ശീലം എനിക്കുണ്ടായിരുന്നു സാറെ എന്നാല്‍ എന്റെ പുതിയ തീരുമാനം ആരേയും ഒരിക്കലും ഒരു തരത്തിലും സഹായിക്കില്ല എന്നതാണ്. അതു പെട്ടന്ന് ഓര്‍ത്തതു കൊണ്ടാ വെള്ളം കമഴ്ത്തിയത്. ഇതു കുടിച്ച് ഇനി…വേണ്ട’‘

‘’ നിനക്കെന്തിന്റെ വട്ടാ?’‘

‘’ വട്ടു പിടിക്കാതിരിക്കാനാ സാറേ.’‘ ചുവന്ന സിഗ്നലില്‍ ഓട്ടോ നിര്‍ത്തി അവന്‍ തിരിഞ്ഞിരുന്ന് തുടര്‍ന്നു ,”കുറച്ചു കാലം ഞാന്‍ സ്കൂളിലൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. ഒരിക്കല്‍ എന്തോ കുസൃതി കാണിച്ചതിനു ടീച്ചര്‍ എനിക്കു തന്ന ശിക്ഷ ‘നല്ലതു ചെയ്താല്‍ നല്ലതേ വരു’ എന്നു നൂറു തവണ എഴുതികൊണ്ടു വരാനായിരുന്നു. ഞാനത് എഴുതിയത് എന്റെ മനസിലായിരുന്നു. പിന്നീട് അതിനുള്ള ശിക്ഷ ഏറെ അനുഭവിച്ചു. ഒടുവില്‍ കഴിഞ്ഞ മാസം ജയിലില്‍നിന്നും ഇറങ്ങുമ്പോള്‍ തീരുമാനിച്ചു ആ വരി മനസില്‍ നിന്നും എന്നേക്കുമായി മായ്ച്ചുകളയാന്‍ മേലില്‍ ഒരു നല്ല കാര്യവും ചെയ്യില്ലെന്നും.’‘

പച്ച വെളിച്ചം തെളിഞ്ഞു ഓട്ടോ വീണ്ടും കുലുങ്ങിയോടി.

‘’ എന്തിനാ ജയിലില്‍ പോയത്?’‘

‘’ കളവു കേസില്‍, ആറു മാസത്തിന്’‘

‘’ അപ്പോള്‍ അതാണ് പണി. , പകല്‍ ഓട്ടം. രാത്രി കളവ്”

” കട്ടിരുന്നെങ്കില്‍ സങ്കടമെന്തിന്? കട്ടത് കൈയിലുണ്ടെന്നു സമാധാനിക്കാമല്ലോ അതുകൊണ്ട് അന്നു തീരുമാനിച്ചതായിരുന്നു ഒന്നര ലക്ഷം രൂപ കട്ടിട്ടേ ഇനി കാര്യമുള്ളു എന്ന്.”

അതു കേട്ട പാടെ ഉള്ളൊന്നു ഞെട്ടി.

‘’സാറെന്തിനാ ഞെട്ടിയത്? ഡ്രൈവര്‍ മുന്നിലെ കണ്ണാടിയിലൂടെ തന്നെ ശ്രദ്ധിച്ചാണു സംസാ‍രിക്കുന്നത്.

‘’ നിങ്ങള്‍ കട്ടില്ലെങ്കില്‍ പിന്നെ….? തെളിവില്ലാതെ കോടതി ശിക്ഷിക്കില്ലല്ലോ?’‘

‘’തെളിവൊക്കെ ഉണ്ടായിരുന്നു സാറെ.’‘ ഒന്നു നിര്‍ത്തിയിട്ട് അവന്‍ തുടര്‍ന്നു.

‘’ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോണവഴി. റോഡിലൊരു സ്കൂട്ടര്‍ മറിഞ്ഞു കിടക്കുന്നു. തൊട്ടടുത്തു തന്നെ ഒരാളും. ചെയ്ത ഉപകാരങ്ങളൊക്കെ കുരിശായ ചരിത്രമാണെങ്കിലും മനസിലൊരു വലി. നൂറു തവണ എഴുതി ഉറച്ചതല്ലേ. ഇറങ്ങി നോക്കി.നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്. ഷര്‍ട്ടിലെ ചോര കണ്ടാല്‍ അറിയാം ദേഹത്തും മുറിവുകളുണ്ടെന്ന്. വിജനമായ സ്ഥലം രാവിലെ വരെ അവിടെ കിടന്നാല്‍ മരിച്ചു പോകുമെന്നുറപ്പ് . പതുക്കെ പൊക്കിയെടുത്ത് ഓട്ടോയിലിട്ടു. തെറിച്ചു വീണു കിടക്കുന്ന ബാഗും . നേരെ ആശുപത്രിയിലേക്കു വിട്ടു. ഡോക്ടര്‍ എന്തൊക്കെയോ മരുന്നു കുറിച്ചു തന്നു. ഓടി കിട്ടിയ കാശിനു അതും വാങ്ങി വരുമ്പോള്‍ പോലീസെത്തിയിരുന്നു.

കക്ഷിക്കു ബോധം വീണിരുന്നു. പുറകില്‍ നിന്നും വന്ന് ഓട്ടോറിക്ഷ ഇടിച്ചു വീഴത്തിയെന്നും പിന്നെ വെള്ള ടവ്വല്‍ മുഖത്തു കെട്ടിയ ഒരുവന്‍ കമ്പിവടികൊണ്ടു തലയ്ക്കടിച്ചു ബാഗ് പിടിച്ചു പറിച്ച് അതേ ഓട്ടോയില്‍ കയറി പോയെന്നും അവന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു പേടിക്കേണ്ട, ബാഗ് കിട്ടിയിട്ടുണ്ട്.

പക്ഷെ ബാഗ് തുറന്നിട്ട് അവന്‍ എന്നോടൊരു ചോദ്യം. ‘ഇതിലെ ഒന്നര ലക്ഷം രൂപ എവിടെ?’

ചുറ്റുമുണ്ടായിരുന്ന പോലീസുകാരുടെ മട്ടും ഭാവവും മാറുന്നതും ഞാനറിഞ്ഞു. ഇടിച്ച ഓട്ടോറിക്ഷയുടെ നമ്പര്‍ അവന്‍ ഓര്‍ത്തു പറഞ്ഞപ്പോള്‍ എന്റെ തല കറങ്ങി. അവനെ എടുത്ത് വണ്ടിയിട്ട ശേഷം ഉപയോഗിച്ചതുകൊണ്ടാവണം എന്റെ, പോക്കറ്റില്‍ കിടന്ന വെളുത്ത ടവലില്‍ രക്തവും പുരണ്ടിരുന്നു.

പിന്നീടുള്ള ദിവസങ്ങളില്‍ ഇടികളുടെ ഘോഷയാത്രയായിരുന്നു എന്റെ ദേഹത്ത്. കട്ടെടുത്ത ഒന്നരലക്ഷത്തിന്റെ പാതിയെങ്കിലും തരാമെങ്കില്‍ തുമ്പില്ലാക്കേസാക്കി ഊരി വിടാമെന്നു ഇന്‍സ്പെക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ മനസില്‍ ഒരു പാടു കള്ളന്മാരുടെ മുഖങ്ങള്‍ തെളിയുന്നുണ്ടായിരുന്നു. തന്റെ ഓട്ടോയുടെ നമ്പര്‍ ഒട്ടിച്ചു ഈ പണി ഒപ്പിച്ച വിരുതനായ കള്ളന്‍ . ഓട്ടോയില്‍ നിന്നും ബാഗെടുത്ത് ആശുപത്രിയിലേക്കു വന്ന പോലീസുകാരന്‍. കമ്പനിയുടെ കാശ് കക്കാന്‍ കപടനാടകം കളിച്ച യാത്രക്കാരന്‍.

പക്ഷെ കോടതിയില്‍ തെളിവുകള്‍ വിളിച്ചു പറഞ്ഞ കള്ളന്‍ ഞാനായിരുന്നു. ഒരു പാട് ദുരിതം അനുഭവിച്ചു സാറെ. എന്റെ പെണ്ണ് വീട്ടു വേലക്കു പോയതുകൊണ്ടാ രണ്ടു പിള്ളേരും കഞ്ഞികുടിച്ചു കിടന്നത്. അതിനു അവള്‍ക്കും കിട്ടി വേണ്ടുവോളം ചീത്തപ്പേര്.

എന്നാലും അവളിപ്പോഴും പറയുന്നത് നല്ലതു ചെയ്താല്‍ ആണ്ടവന്‍ കൈവിടില്ലെന്നാണ്. എന്റെ പേരു അതായതുകൊണ്ടല്ലാ കേട്ടോ.

പെട്ടന്നു മൊബേല്‍ ഫോണ്‍ കീശയില്‍ കിടന്നു തുള്ളാന്‍ തുടങ്ങി. ഓഫീസില്‍ നിന്നും മാനേജറാണ്. ഇയാളോട് ഇനി എന്താ പറയുക ? ” സോറി സാര്‍ , ആ ഫയല്‍ കംബ്ലീറ്റ് ആയില്ല. നാളെ തരാം സാര്‍ . വീട്ടിലൊരു അത്യാവശ്യം . ഇന്നു ഹാഫ് ഡേ അവധിയിലാ’‘

മൊബൈല്‍ ഓഫ് ചെയ്യുമ്പോള്‍ ഓര്‍ത്തു. വല്ലാത്ത മറവി തന്നെ. ഇറങ്ങി ഓടുമ്പോള്‍ ഓഫീസില്‍ ആരോടും ഒന്നു പറഞ്ഞതു പോലുമില്ല. ഇപ്പോള്‍ ഇതാ കള്ളന്‍ കയറിയ കാര്യവും . അതുകൊണ്ടാണല്ലോ കണ്ട ആണ്ടവന്റെ പരിവേദനങ്ങള്‍ കേട്ടിട്ടങ്ങനെ ഇരിക്കുന്നത്. ഈ കാശു എങ്ങോട്ടെങ്കിലും മാറ്റി വെച്ചിട്ടുണ്ടോ? ഇല്ല പ്രോവിഡണ്ട് ഫണ്ടിന്റെ ലോണ്‍ കൂടെ ചേര്‍ത്ത് ഒന്നര ലക്ഷം തികച്ച് എണ്ണി വെച്ചതു അലമാരിയില്‍ തന്നെയാണ്.

‘’ സാറെ അരിക്കാര സ്ട്രീറ്റ് – നമ്പര്‍ ഒമ്പത് ‘’ ഡ്രൈവര്‍ ഓട്ടോ ഒതുക്കി നിര്‍ത്തി.

ഓട്ടോ പറഞ്ഞു വിട്ട് വീട്ടിലേക്കു കയറുമ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇത്രയധികം വീട്ടമ്മമാര്‍ ആ മേഖലയിലുണ്ടെന്നു ഒരു ഊഹം പോലും ഇല്ലായിരുന്നു. മോഷണം പോയതെന്ത് എന്നറിയാന്‍ മോഷണം പോകാത്ത വസ്തുക്കള്‍ പരിശോധിക്കുകയാണ് അവര്‍. വഴി ഒതുങ്ങാതെ നിന്നിരുന്ന അവരെ തട്ടാതെയും മുട്ടാതെയും ഒരു വിധം വീട്ടിനകത്തെത്തി. എന്നെ കണ്ടതും ഭാര്യ പറഞ്ഞു ‘’ ചേട്ടാ ഞാന്‍ ഔസേപ്പിനെ വിളിച്ചുപറഞ്ഞിട്ടുണ്ട്. പുള്ളി ഉടന്‍ പോലീസുമായി ഇങ്ങെത്തും’‘

ഭാര്യക്കു തന്നേക്കാള്‍ പ്രായോഗിക ബുദ്ധി ഉണ്ട്. കുടുംബ സുഹൃത്തായി അങ്ങനെ ഒരു പോലീസുകാരന്‍ ഉണ്ടെന്നു പോലും തനിക്കു ഓര്‍മ്മ വന്നില്ലായിരുന്നു.

പോലീസെന്നു കേട്ടതേ അയല്പക്കങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു തുടങ്ങി. പക്ഷെ അവര്‍ മുഴുവന്‍ കൊഴിയുന്നതിനു മുമ്പേ പോലീസിനേയും കൊണ്ട് ഔസേപ്പെത്തി.

ജനസമുദ്രം കയറി നിരങ്ങിയതു കൊണ്ട് ഇനി വിരലടയാളത്തിനു സ്കോപ്പില്ലെന്നു പോലീസുകാരന്‍ പറഞ്ഞു. ആദ്യമായിട്ടല്ലല്ലോ അവര്‍ ഒരു കളവു കേസ് ഡീല്‍ ചെയ്യുന്നു.

‘’എപ്പഴാ സംഭവം?’‘ പോലീസ് ചോദ്യം വന്നു.

ഞാന്‍ ഭാര്യയെ നോക്കി . ഒന്നാലോചിച്ച് അവള്‍ പറഞ്ഞു ‘’ പത്തര മണിയോടെ ഞാന്‍ അപ്പുറത്തെ ലോലിതയുടെ വീട്ടില്‍ ഒന്നു ചെന്നിരുന്നു പതിനൊന്നു മണിക്കു തിരിച്ചെത്തുകയും ചെയ്തു.’‘

‘’എന്നിട്ടെന്താ അപ്പോള്‍ ആരോയും അറിയില്‍ക്കാതിരുന്നത്?’‘

‘’ അപ്പോള്‍ അറിയില്ലായിരുന്നു , കള്ളന്‍ കടന്നത്. വീടൊക്കെ അടച്ചിട്ട പോലെ കിടന്നിരുന്നു. ഞാന്‍ കുറെ നേരം ടിവി കണ്ടു. പിന്നെ അടുക്കളയിലെക്കു ചെന്നു. കറിക്കു ഇടാന്‍ നോക്കുമ്പോള്‍ ഉപ്പില്ല അതു വാങ്ങാന്‍ വേണ്ടി കാശെടുക്കാന്‍ ചെന്നപ്പോള്‍ അലമാരയില്‍ കാശില്ല.!”

‘’അലമാര പൂട്ടിയിരുന്നോ?’‘

‘’ പൂട്ടി താക്കോലു ടിവിക്കു മുകളില്‍ വച്ചിരുന്നു’‘

‘’ വീടു പൂട്ടിയിട്ട് താക്കോല്‍ എവിടാ വച്ചിരുന്നത്?’‘

ഒന്നു പരുങ്ങിയ ശേഷം ഭാര്യ ബ്ലൗസിലേക്കു വിരല്‍ ചൂണ്ടി.

‘’അപ്പഴ് കള്ളനെ പിടികിട്ടി ‘’ ഔസേപ്പിന്റെ അനൌണ്‍സ്മെന്റ് കേട്ട് ബാക്കിയുള്ളവരുടെ കണ്ണു തള്ളി പോയി. പോലീസുക്കാരന്‍ വിക്രമാദിത്യ കഥയിലെ വേതാള ചോദ്യം കേട്ടപോലെ കണ്ണും തുറിച്ചിരിക്കുമ്പോള്‍ ഔസേപ്പു തുടര്‍ന്നു.

‘’ അതിരിക്കട്ടെ , വീടിനു മറ്റൊരു താക്കോലുണ്ടായിരുന്നോ?”

‘’അതു കാണാതായിട്ട് കുറെയായി’‘

‘’ഇപ്പഴാ കാര്യം ക്ലിയറായത്. ആ താക്കോല്‍ നഷ്ടപ്പെട്ടിട്ടില്ല, കളവു പോയതാണ്. അതുകൊണ്ട് വാതില്‍ തുറന്നു അകത്തു കയറിയ കള്ളന്‍ അല്ലെങ്കില്‍ കള്ളി ടി. വി യുടെ മുകളില്‍ നിന്നും താക്കോല്‍ എടുത്ത് അലമാര തുറന്ന് രൂപാ എടുക്കുന്നു. പിന്നെ എല്ലാം പഴയ പടി പൂട്ടി പുറത്തിറങ്ങുന്നു. നിങ്ങളോളം വീടു പരിചയമുള്ള ആ കള്ളി നിങ്ങളുടെ വേലക്കാരി തന്നെ’‘

ഔസേപ്പിന്റെ നിഗമനത്തിനു യുക്തിയുണ്ട് പക്ഷെ,…

‘’അവള്‍ വേലക്കാരി അല്ല അസുഖം കൂടുതലായി എഴുന്നേല്‍ക്കാന്‍ പോലും വയ്യാതായപ്പോള്‍ ഭാര്യയെ പരിചരിക്കാനും കുട്ടിയെ നോക്കാനുമൊക്കെ ഒന്നു രണ്ടു ദിവസത്തിനായി അയല്പക്കത്തെ വേലക്കാരി കൊണ്ടുവന്നതായിരുന്നു. അവളെ പിന്നെ ഞങ്ങളിടെ അവസ്ഥ കണ്ട് കുറച്ചു ദിവസം കൂടെ സഹായിക്കാന്‍ വന്നിരുന്നു. അവള്‍ ഇപ്പോള്‍ ഭാര്യയുടെ അസുഖം മാറിയതുകൊണ്ട് അവള്‍ വരുന്നുമില്ല ‘’ ഞാന്‍ പറഞ്ഞു.

‘’ അവള്‍ തന്നെ കക്ഷി പണി ചെയ്യുന്ന വീട്ടില്‍ കളവു നടന്നാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്കുത്തരം പറയേണ്ടി വരും അതുകൊണ്ട് ഇവറ്റകളൊക്കെ പണി വിട്ട ശേഷമാ ഈ പണിക്ക് ഇറങ്ങാറ്. എവിടാ അവളുടെ വീട്?’‘

‘’അറിഞ്ഞു കൂടാ ദൂരെ. എവിടെയോ നിന്നു ബസിലാണു അവള്‍ വന്നിരുന്നത്. ഇല്ലാ അവള്‍‍ അങ്ങിനെ ചെയ്യില്ല നല്ല സ്വഭാവമാണ്. ബസ് സമരം ഉള്ള ദിവസങ്ങളില്‍ അവള്‍ ഓട്ടോ പിടിച്ചാണു വന്നിരുന്നത്. ഇങ്ങിനെ സഹായിക്കുന്ന വരെ കാണാന്‍ തന്നെ വിഷമമാണ്.‘’

‘’നീ അഡ്രസിങ്ങു താ ഇടിച്ചു കൂമ്പു കലക്കുമ്പോല്‍ അവള്‍ പുഷ്പം പോലെ എടുത്തു തരും, കട്ട കാശൊക്കെ’‘

‘’ നിങ്ങള്‍ക്കു അറിയാഞ്ഞിട്ടാ അവള്‍ അങ്ങിനെ ചെയ്യില്ല രണ്ടു ചെറിയ കുട്ടികളെ വീട്ടിലിട്ടിട്ടാ അവള്‍‍ ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നത്.’‘

‘’ അതൊക്കെ ഞങ്ങള്‍ പോലീസുകാരുടെ ഡ്യൂട്ടി . നിങ്ങള്‍ അതൊന്നും അറിയണ്ടാ ഭാര്യയുടെ ആഭരണം കട്ട ഭര്‍ത്താവിനെ ഞങ്ങള്‍ പിടിച്ചിട്ടുണ്ട്. ഭര്‍ത്താ‍വിന്റെ പണം മോഷ്ടിച്ച ഭാര്യയേയും . പിന്നെയാ ഒരു വേലക്കാരി ഇവറ്റയൊക്കെ അടുത്തു കൂടുന്നതും വിശ്വാസം പിടിച്ചു പറ്റുന്നതും അവസരം കിട്ടിയാല്‍ കക്കാനും പറിക്കാനും വേണ്ടിയാ’‘

‘’ ഒരു വേള അവളല്ലങ്കില്‍… ഞങ്ങളെ ഒരു പാട് സഹായിച്ച ആവളോടിതു ചെയ്താല്‍ ദൈവം പോലും പൊറുക്കില്ല’‘

‘’ കൂമ്പു നോക്കി നാലു കീച്ചിയാല്‍ ഞങ്ങള്‍ക്കു സത്യം പിടികിട്ടും ചെയ്തിട്ടില്ലെങ്കില്‍ തുറന്നു വിടുകേം ചെയ്യും ,പോരേ’‘

അപ്പോഴേക്കും പോലീസുകാരന്‍ അടുത്ത വീട്ടിലെ വേലക്കാരിയേയും കൊണ്ടു വന്നു. അവളോട് നീങ്ങി നില്‍ക്കാന്‍ ഔസേപ്പ് വിരലുകൊണ്ടു കാണിച്ചു .

‘’ എന്താഡീ നിന്റെ പേര്?’‘

‘’ വസന്ത’‘

‘’ ആകെ ഒരു കള്ള ലക്ഷണമുണ്ടല്ലോ. എന്താഡീ അവടെ പേര്?’‘

‘’ആര്ടെ?”

‘’ നീ ഇവരെടെ തലേല്‍ കെട്ടി വച്ച ആ കള്ള കൂത്തിച്ചീന്റെ പേരാ ചോദിച്ചത്?’‘

ഔസേപ്പ് എഴുന്നേറ്റ് രണ്ടടി മുന്നോട്ട് വച്ചുകൊണ്ട് തുടര്‍ന്നു ‘’ നിനക്കെത്ര കാശ് കിട്ടിയടീ?’‘

‘’ അയ്യോ പങ്കജ ചേച്ചിയോ? അവളത്തരരക്കാരിയല്ല.’‘

‘’ഏതു തരമാന്നു സ്റ്റേഷനില്‍ കയറുമ്പോള്‍ അറിയും അവളെവിടാടി താമസിക്കുന്നത്?’‘

‘’റെയില്‍വേ കോളനീലാ ആട്ടോക്കാരന്‍ ആണ്ടവന്റെ വീട് ഏതാന്ന് ചോദിച്ചാ ആരും കാണിച്ചു തരും. ആണ്ടവന്റെ പെണ്ണാ അവള്‍’‘

‘’ഏത്? കള്ളന്‍ ആണ്ടവനോ? അവന്‍ ജയിലീന്ന് എറങ്ങ്യോ?’‘ പിന്നെ ഔസേപ്പ് പോലീസുകാരനോടു പറഞ്ഞു. ‘’ ബാ, രണ്ടിനേയും ഇപ്പോ തന്നെ പൊക്കണം‘’

അവരിറങ്ങിയതും ഭാര്യ പറഞ്ഞു ‘’ വേണ്ടായിരുന്നു , ഞാനിന്നു എണീറ്റ് നടക്കണത് അവളുടെ ഉഴിച്ചിലിന്റെ കൈപ്പുണ്യം കൊണ്ടാ. നമുക്ക വേണ്ടി ഇത്ര കഷ്ടപ്പെട്ടത്… കക്കാന്‍ വേണ്ടിയാണെന്നു പറഞ്ഞാല്‍…’‘

അടുത്ത ദിവസം ഉച്ചയോടെ ആശുപത്രിയില്‍ നിന്നും ഡോക്ടറൂടെ ഫോണ്‍ വന്നതും വീണ്ടും ഇറങ്ങിയോടി. കിട്ടിയ ഓട്ടോ പിടിച്ചു സ്റ്റേഷനില്‍ എത്തി. ഔസേപ്പ് മുറ്റത്തിട്ട ജീപ്പിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. കണ്ടപാടെ ഔസേപ്പു പറഞ്ഞു.

”സമ്മതിച്ചു കേട്ടോ കട്ടത് അവന്‍ തന്നെ. പക്ഷെ കാശൊക്കെ ആ കള്ളന്‍ പൊടിച്ചെന്നും ഓട്ടോ വിറ്റിട്ട് തരാമെന്നാ ഇപ്പഴ് പറയണത്’‘

‘’ അല്ല ഔസേപ്പേ , അതു.. ഒരു ഓര്‍മ്മപിശക് .ഡോക്ടറുടെ ഫോണ്‍ വന്നപ്പഴാ ആശുപത്രിയില്‍ പണം അടച്ച കാര്യം ഓര്‍ത്തത്’‘

‘’ നല്ല പാര്‍ട്ടി വേറെ ആരെങ്കിലും ആയിരുന്നേല്‍ ഞാന്‍ എടുത്തിട്ട് പെരുക്കിയേനെ ഇനി അവറ്റകളെ എന്തു ചെയ്യും ?’‘ ഒന്നാലോചിച്ച ശേഷം അകത്തേക്കു നടന്നു.

‘’അഴിവാതില്‍ തുറന്നുകൊണ്ട് ഔസേപ്പ് പറഞ്ഞു ‘’ ഈ സാറ് പറയുന്നത് കൊറെ സഹായിച്ചതല്ലേ കാശ് പോയാല്‍ പോട്ടെ കേസൊന്നും വേണ്ടെന്നാ അതോണ്ട് നിങ്ങള്‍ ഇത്തവണ രക്ഷപ്പെട്ടു. ങും പൊക്കോ പിന്നെ ഓട്ടോ വിറ്റാലുടന്‍ കാശു കൊണ്ട് തന്നേക്കണം’‘

ആണ്ടവനെ നേരിടാന്‍ കഴിയാതെ തിരിഞ്ഞു നിന്നു. അപ്പോഴേക്കും പെണ്‍ സെല്ലില്‍നിന്നു പങ്കജവും ഹാജറാക്കപ്പെട്ടു. ആണ്ടവനു തന്റെ വീര്‍ത്ത തല ഉയര്‍ത്താന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.

പ്രാഞ്ചി പ്രാഞ്ചി അവര്‍ സ്റ്റേഷന്റെ പടിയിറങ്ങുമ്പോല്‍ മനസാലെ അവരുടെ കാലുപിടിച്ചു കൊണ്ട് പുറകെ നടന്നു. പങ്കജത്തിന്റെ ചോര കല്ലിച്ച ചുണ്ടുകള്‍ ആണ്ടവനോടു പറഞ്ഞു. ‘’ഒന്നര ലച്ചം കക്കും കക്കുമെന്നു പറഞ്ഞപ്പോ നാന്ന് നെനച്ചത് കോപം കൊണ്ട് വെര്‍തെ പറയാന്നാ എന്നിട്ട് അയ് കാശ് എവടെ?

ഒന്നും പറയാതെ ഒരു വശത്തേക്ക് തൂക്കിയിട്ട തലയുമാ‍യി ആണ്ടവന്‍ വേച്ചു വേച്ചു നടക്കുമ്പോള്‍ പങ്കജം വീണ്ടും പറഞ്ഞു. ‘’ കണ്ടാ നാന്‍ ഉഴിയാമ്പോയതോണ്ടാ സാറ് കേസ്സാക്കാണ്ട് വിട്ടത് . അതോണ്ടാ പറഞ്ഞത് നല്ലതു ചെയ്താല്‍ നല്ലതേ വരൂ’‘

Generated from archived content: story1_dec30_11.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here