ഇളവെയിലിനു പുളി വിറകു കത്തുന്ന ചൂട് തൊണ്ട വരണ്ടിരിക്കുന്നു.
ആദ്യം ഈ നെടുനീളന്‍ പാതയുടെ അങ്ങേ വളവിലെത്തണം. പിന്നെ ഇടവഴി , ഈ വേഗത്തിലാണെങ്കില്‍ കുറഞ്ഞതു അഞ്ചു മിനിട്ടെങ്കിലും വേണ്ടി വരും ഇടവഴി താണ്ടി മൈതാനത്തിലെത്താന്‍. മൈതാനത്തിന്റെ അങ്ങേ വശത്തെ ഏറ്റവും അവസാനത്തെ വീട്. കുറഞ്ഞത് ഇനിയുമൊരു പതിനെഞ്ച് മിനിറ്റെങ്കിലു മെടുക്കും അവിടെയെത്താന്‍. കാലുകളില്‍ പഴയ കുതിപ്പില്ല. പോരാത്തതിനു ഇതുവരെ അനുഭവപ്പെടാത്ത തളര്‍ച്ചയും ക്ഷീണവും.
മുന്‍പൊക്കെ ജോഗ്ഗിങ് കഴിഞ്ഞു വീട്ടിലേക്കു കയറിയാല്‍ നേരെ പൂമുഖത്തെ ടേബിള്‍ ഫാനിനു മുന്നില്‍ ചെന്നിരിക്കും. ദിനപത്രം മുഴുവന്‍ വായിച്ച ശേഷമേ എഴുന്നേല്‍ക്കു. പിന്നെ എണ്ണ തേച്ചു വിസ്തരിച്ചൊരു കുളി.
ഇതിനിടയില്‍ നാലു തവണയെങ്കിലും പ്രാതലിനു വിളിച്ചു കഴിഞ്ഞിരിക്കും മാലതി. ഒടുവില്‍ കഴിക്കാനിരിക്കുമ്പോള്‍ ‘’ ചൂടോടെ ദോശ തിന്നാനും വേണം ഒരു യോഗം’‘ എന്ന പരാതിയും കേള്‍പ്പിക്കും. ആ പരാതി തീര്‍ന്നത് അവള്‍ക്കു ജോലി കിട്ടിയതോടെയാണ്. എന്നോ എഴുതി മറന്ന ഒരു പി. എസ്. സി പരീക്ഷ, മാസങ്ങള്‍ക്കു മുമ്പ് അതു മാലതി എന്ന വീട്ടമ്മയെ ഒരു ഗവണ്മെന്റ് ജോലിക്കാരിയാക്കി മാറ്റി.
നിയമന ഉത്തരവ് വന്നപ്പോള്‍ ചിരിയാണു വന്നത് അതു മുഖത്തു കാണിക്കാതെ പറഞ്ഞു ‘’ വയസുകാലത്ത് ഇനി എന്തിനാ നിനക്കു ജോലി ? രണ്ടു പേര്‍ക്കും കഴിഞ്ഞുകൂടാന്‍ എന്റെ പെന്‍ഷന്‍ന്‍ തന്നെ ധാരാളം’‘ അയയില്‍ നിന്നും തുണി എടുക്കുന്നതിനിടയില്‍ അവളൊന്നു തിരിഞ്ഞു നോക്കി. അവളുടെ മറുപടി മുഴുവനും ആ ചുട്ട നോട്ടത്തിലുണ്ടായിരുന്നു. മുപ്പത്തഞ്ചാം വയസിലും കുഞ്ഞിക്കാല്‍ സ്വപ്നം കാണുന്നവളോട് വയസായന്നു പറഞ്ഞാല്‍ സഹിക്കുമോ?
ദൈവത്തിന്റെ ഓരോ കുസൃതികള്‍ തന്നെ. ഇത്രകാലം അവള്‍ വീട്ടിലും താന്‍ ഓഫീസിലും ഇപ്പോള്‍ പെന്‍ഷന്‍ ആയപ്പോള്‍ ഇതാ താന്‍ വീട്ടിലും അവള്‍ ഓഫീസിലും . ‘’ എന്റെ ജോലി ഏട്ടനെ ഒരു തരത്തിലും ബാധിക്കില്ല’‘ അവള്‍ ആണയിട്ടു. അങ്ങിനെയെങ്കിലും കുട്ടികളില്ലാത്തതിന്റെ ദു:ഖം അവള്‍ മറക്കുന്നെങ്കില്‍ ആയിക്കോട്ടേ എന്നു കരുതി.
പക്ഷെ പകലുകള്‍ക്കിത്ര നീളമുണ്ടെന്നു പിന്നീടാണു പിടി കിട്ടിയത്. പ്രഭാത സവാരിയും കുളിയും പത്രവായനയും കഴിഞ്ഞാല്‍ പിന്നെ മടുപ്പു മാത്രമാണു കൂട്ട്. ഒറ്റക്കുള്ള പ്രാതല്‍ അതു ടെലിവിഷനു മുന്നിലേക്കു മാറ്റി. എത്രനേരം നോക്കിയിരിക്കാന്‍ കഴിയും അതിലെ ചവറു പരിപാടികള്‍. കുറച്ചു നേരം അടുക്കളത്തോട്ടത്തില്‍ കുത്തിയും കിളച്ചും കഴിച്ചു കൂട്ടും. ഫ്രിഡ്ജില്‍ നിന്നും ഉച്ചഭക്ഷണം ചൂടാക്കി കഴിക്കും അതും തനിച്ച്. അതിലേറെ പ്രയാസം ഇടക്കിടെ മാലൂന്ന് നീട്ടിയൊന്നു വിളിക്കാന്‍ കഴിയില്ലല്ലോ എന്നതാ.
ചില ദിവസങ്ങളില്‍ രണ്ടോ മൂന്നോ തവണ വിളിച്ചെങ്കിലേ അവള്‍ വിളി കേട്ടിരുന്നുള്ളു. ‘’ മിനിട്ടിനു മിനിട്ടിനു ഇങ്ങനെ വിളിച്ചാല്‍ പിള്ളേരു വരുമ്പോള്‍ ഞാനെന്തെടുത്തു കൊടുക്കും? അടുക്കളയില്‍ ഒത്തിരി പണി കിടപ്പുണ്ട്. ങും എന്താ പറയു?’‘
എന്തിനായിരുന്നു വിളിച്ചെതെന്നു ഓര്‍ത്തെടുത്തുകൊണ്ട് അവളോടു ചോദിക്കും ‘’ നീ അവിടെ എന്തെടുക്കുവാ?’‘
‘’ ഇതു തിരക്കാനാണോ ഇങ്ങനെ കിടന്നു കൂവി വിളിച്ചത്?’‘ എന്നു പറഞ്ഞുകൊണ്ടു അവള്‍ അടുക്കളയിലേക്കു തിരക്കിട്ടു നടക്കുകയും ചെയ്യും.
ചുമ്മാ ‘’ മാലൂ മാലൂ എന്നു വിളിക്കുന്നത് ഒരു രസമായിരുന്നു .അങ്ങിനെ ഒരു രസത്തിനു തന്നെയായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അവളുടെ പിറന്നാളിനു അയലത്തെ കുട്ടികളെ വിളിച്ചു സദ്യ കൊടുത്തത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അതൊരു പതിവായി മാറി. പിറന്നാളിനു മാത്രമല്ല , വിശേഷ ദിവസങ്ങളിലൊക്കെ മാലു സദ്യ ഒരുക്കും. കലണ്ടറില്‍ ചുവന്ന ദിനം കണ്ടാലൊക്കെ അയലത്തെ കുട്ടികള്‍ മാലതിയെ തിരക്കി എത്തിത്തുടങ്ങുന്ന അവസ്ഥയായി. അവള്‍ക്കും അതൊരു രസമായിരുന്നു. ഈയിടെയായി കുട്ടികളോടൊപ്പം മുതിര്‍ന്നവരേയും കാണുന്നുണ്ട് സദ്യക്ക്. എന്നാല്‍ മാലതിക്കു ജോലി കിട്ടിയതോടെ അതൊക്കെ നിന്നു. മര്യാദക്കൊന്നു ഉറങ്ങാന്‍ പോലും നേരം കിട്ടാത്ത മാലതിയെങ്ങിനെ സദ്യയൊരുക്കാന്‍.
തനിക്കാണെങ്കില്‍ ഇപ്പോള്‍ നേരം മാത്രമേയുള്ളു. ഉച്ച ഭക്ഷണത്തിനു ശേഷം ഒന്നു മയങ്ങുന്ന ഏര്‍പ്പാടു പോലും ശീലിച്ചിട്ടില്ലായിരുന്നു. ഇന്റെര്‍ നെറ്റില്‍ ചാറ്റിങ്ങിനും മറ്റു പുറം ചൊറിയല്‍ പരിപാടികളിലും താത്പര്യമില്ലാത്തതുകൊണ്ട് ഓണ്‍ലൈന്‍ പുസ്തകശാലകളില്‍ കേറി പഴയ ക്ലാസിക്കു പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി.
വായന പെട്ടന്നാണു എഴുത്തിലെത്തിയത്. പണ്ടെങ്ങോ കോളേജ് കാമ്പസില്‍ ഉപേക്ഷിച്ച കൊച്ചു കവിതകളും കഥയുമൊക്കെ സദ്യ കണ്ട കുട്ടികളേപ്പോലെ മനസിലേക്കു തുള്ളിച്ചാടിയെത്തി. പിന്നെ പിന്നെ വായന കുറയുകയും എഴുത്തു കൂടുകയും ചെയ്തു. കൊച്ചു കൊച്ചു പ്രസിദ്ധീകരണങ്ങളില്‍ അവയൊക്കെ മുഖം കാണിക്കാനും തുടങ്ങിക്കഴിഞ്ഞിരുന്നു.
ഇപ്പോള്‍ പരാതി മാലതിക്കാണ് ഉച്ചഭക്ഷണം വൈകീട്ടും ഫ്രിഡ്ജിലിരിക്കുന്നു, തോട്ടത്തിലെ ചെടികളും മുറ്റത്തെ പൂച്ചെടികളും വാടിക്കിടക്കുന്നു, ‘ മാലൂ’‘ ന്നുള്ള ആ വിളികള്‍ പോകട്ടെ, അങ്ങിനെ ഒരാള്‍ അവിടെ ഉള്ള കാര്യം പോലും അറിയാതായിരിക്കുന്നു. എപ്പോഴും പേനയും കടലാസുമായി ചായ്പ്പിലെ ചാരുകസേരയില്‍ ചടഞ്ഞിരിക്കുന്നു. അങ്ങനെ പരാതികളുടെ നീളം ദിനംപ്രതി കൂടിക്കൂടി വരുന്നു. അവള്‍ പറയുന്നത് ശരിയാണെന്നറിയാവുന്നതുകൊണ്ട് മറിച്ചൊന്നും പറയാറില്ല. ഈയിടെയായി ജോഗിങ് സമയത്തു പോലും തലയില്‍ കയറി നിരങ്ങുന്നത് കഥകളും കഥാപാത്രങ്ങളുമാണ്. പല ദിവസങ്ങളിലും പത്രം പോലും തുറക്കാറില്ല. വിശക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും വല്ലതുമെടുത്തു ചൂടാക്കി കഴിക്കും. അത്രതന്നെ.
പക്ഷെ ഇന്നിതാ തീര്‍ത്തും വിപരീതമായി താന്‍ ആലോചിക്കുന്നത് ഭക്ഷണത്തെക്കുറിച്ച് മാത്രം. വിശപ്പു ഇത്ര കഠിനമായി അനുഭവപ്പെടുന്നത് ആദ്യമായിട്ടാണ്. അടഞ്ഞ ഗേറ്റ് ദൂരെ നിന്നേ പറയുന്നുണ്ട് , മാലതി ഓഫീസിലേക്കു പോയെന്ന് പൂമുഖത്തെ പൂച്ചട്ടിയുടെ അടിയില്‍ നിന്നും താക്കോല്‍ എടുത്ത് വാതില്‍ തുറക്കുമ്പോഴേ കണ്ണു ചെല്ലുന്നത് തീന്‍ മേശയിലേക്കാണ് പ്രാതല്‍ കഴിച്ചിട്ടേ ഇന്നു കുളി പോലുമുള്ളു.
പക്ഷെ തീന്‍ മേശയിതാ ഒഴിഞ്ഞു കിടക്കുന്നു. ഫ്ലാസ്ക്കില്‍ ചായ പോലുമില്ല. തിരക്കിനിടയില്‍ അടുക്കളയില്‍ തന്നെ വെച്ചു മറന്നു കാണും. ഇല്ല , അടുക്കളയും ക്ലീന്‍ ആയികിടക്കുന്നു. ഓര്‍മ്മയില്ലാതെ എല്ലാം ഫ്രിഡ്ജില്‍ കയറ്റിക്കാണുമോ? ഇല്ലല്ലോ, ഒന്നും കാണുന്നില്ല . പ്രാതല്‍ പോയിട്ട് പതിവുള്ള ഉച്ചഭക്ഷണം പോലും ഫ്രിഡ്ജിലില്ല. എന്തെങ്കിലുമൊക്കെ ഉണ്ടാക്കാന്‍ അറിയാമായിരുന്നെങ്കില്‍…..
ഏറ്റവും അടുത്തുള്ള ചായക്കട പോലും ഒന്നര കിലോമീറ്റര്‍ അകലെയാണ്. വയറു തന്നെ വിശപ്പായതു പോലെയുണ്ട് എന്തെങ്കിലും തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ … ഫ്രിഡ്ജില്‍ തക്കാളിയോ മറ്റു പച്ചക്കറികളോ ഒന്നും കാണുന്നില്ല. എങ്ങിനെ കാണും? ഇന്നലെ മാലു പറഞ്ഞിരുന്നു ‘’ എന്തുണ്ടാക്കാനാ ഞാന്‍ എന്റെ വിരലിനെ അരിഞ്ഞു കറി വയ്ക്കേണ്ടി വരും ഇങ്ങിനെ ഒരു എഴുത്തുണ്ടോ ദൈവമേ’‘ ചന്തയില്‍ പോകണമെന്നു കരുതിയതായിരുന്നു പിന്നെ ചാരുകസേരയില്‍ തന്നെ ഇരുന്നു എപ്പോഴോ ഉറങ്ങിപ്പോയി.
ഫ്രീസറിലെന്തോ കിടപ്പുണ്ട് എന്നോ ഉണ്ടാക്കി വെച്ചിട്ടുള്ള ആഹാരം തന്നെ പക്ഷെ എന്താണത്? മൊത്തം ഐസില്‍ പുതഞ്ഞിരിക്കുന്നു. എന്താണെങ്കിലും ചൂടാക്കി കഴിക്കുക തന്നെ
എത്ര നേരമായി , ഇതു ചൂടാവുന്നില്ലല്ലോ, സറ്റൌ മാക്സിമം ഫ്ലേമില്‍ കത്തുന്നുണ്ട് തന്റെ ധൃതികൊണ്ടുതോന്നുന്നതാവുമോ? അതോ ഏറെക്കാലമായി ഫ്രീസറില്‍ കിടന്നതു കൊണ്ടാവുമോ?
അല്ല , അരമണിക്കൂറായിരിക്കുന്നു. ഏതു മട്ടനെല്ലിന്റെ അരിയും തിളച്ചു ചോറാവേണ്ട നേരം ഗ്യാസ് സ്റ്റൌ ചൂട് പോരായിരിക്കും അടുക്കളപ്പുറത്തു സദ്യക്കുള്ള വലിയ വിറക് അടുപ്പുണ്ട് അതിലേക്കു കയറ്റുക തന്നെ.
തീ കൂട്ടിയ അടുപ്പിലാണെങ്കിലും കത്തുന്നതു വയറാണ് കുടലിനു തീ പിടിച്ചിട്ടുണ്ട്.
ഇനിയും ഇറ്റു ചൂടാകുന്നില്ലല്ലോ എന്തായിരിക്കും ഇത് ? വല്ല മാസികയിലോ ചാനലിലോ പാച സീരിയലില്‍ നിന്നും അവതാരമെടുത്ത പ്രത്യേക വിഭവമായിരിക്കുമോ? ഒന്നു തൊട്ടു നോക്കിയാലോ ? ങും ചൂടില്ല രുചിയുമില്ല ചൂടായാല്‍ ശരിയാകുമായിരിക്കും.
വിശപ്പും അടുപ്പും മാത്രമല്ല വാശിയും കത്താന്‍ തുടങ്ങിയിരിക്കുന്നു. പുളി വിറകിന്റെ മുകളില്‍ ഉരുളി, ഉരുകുമെന്നല്ലേ പഴഞ്ചൊല്ല് പക്ഷെ അതൊന്നു പരീക്ഷിക്കാന്‍ പുളിവിറക് എവിടെ?
കണ്ണു ചെല്ലുന്നതു കിണറ്റിന്‍ കരയിലെ പുളിമരത്തിലേക്കാണ്. മരമെന്നു പറയാന്‍ മാത്രമൊന്നുമില്ല . കഴിഞ്ഞ കൊല്ലം പൂവിട്ട ഒരു തൈമരം. കോടാലി ചായ്പ്പില്‍ തന്നെയുണ്ട്.
വാശിയുടെ കരുത്ത് കണ്ട് കോടാലി പോലും ഞെട്ടിക്കാണണം . അരമണിക്കൂറിനകം കൊഴുത്ത പുളി മുട്ടികള്‍ അടുപ്പിലേക്കു തള്ളിക്കയറി. അടുപ്പാകെ ഉയര്‍ന്നു കത്തി പാത്രം പോലും കാണാത്ത വിധം തീജ്വാലകളാണു ചുറ്റിലും. വിശപ്പു കടിച്ചു പിടിച്ചാണെങ്കിലും കത്തി തീരുന്നതു വരെ കാത്തിരിക്കുക തന്നെ.
അടുപ്പു കെട്ടു കനലുകളിലെ തുടുപ്പു മാഞ്ഞു. പക്ഷെ പാത്രത്തിലെ സാധനമിപ്പോഴും തണുത്തു തന്നെ കിടക്കുന്നു.
വിശപ്പു കുടലുപോലും കാര്‍ന്നു തിന്നെന്നു തോന്നുന്നു . ആകെ ഒരു മരവിപ്പ് മാത്രം ക്ഷീണം കണ്ണുകളെ വിഴുങ്ങുന്നു. പതുക്കെ മലര്‍ന്നു കിടന്നു, പാത്രവും നെഞ്ചോടു ചേര്‍ത്ത് പിടിച്ച്.
ഉറക്കമോ , മയക്കമോ , അറിഞ്ഞു കൂടാ. പക്ഷെ സ്വപനങ്ങള്‍ ഒന്നൊന്നായി കയറി വരുന്നുണ്ട്. ആഘോഷത്തിന്റെ , ഉത്സവത്തിന്റെ , സദ്യയുടെ.
പാചകപ്പുരയിലെ തിളശബ്ദമാണു കാതു നിറയെ മധുര പലഹാരങ്ങളാണു കണ്ണു നിറയെ പലതരം നറുമണമാണു മൂക്കു നിറയെ ‘’ ഇതും കൂടെ’‘ , ‘’ഇതും കൂടെ’‘ എന്നു ആര്‍ത്തിയും ‘’ തീരെ സ്ഥലമില്ലെന്നു വിശപ്പും.
തിക്കു മുട്ടുന്ന ആമാശയത്തില്‍ തുരു തുരെ മുട്ടുകയാണു ആര്‍ത്തി. മുട്ടലുകള്‍ കൂടുതല്‍ ത്വരിതമായപ്പോള്‍ കണ്ണു തുറന്നു സ്വപ്നമല്ല. മുന്‍ വാതില്‍ ആരോ തുരു തുരെ മുട്ടുന്നുണ്ട്. മാലതി ഇന്നു നേരെത്തെ എത്തിയോ? അതോ അവള്‍ ആഹാരം വാങ്ങാന്‍ പോയതായിരുന്നോ?
ഓടിച്ചെന്നു വാതില്‍ തുറന്നപ്പോള്‍ പുറത്തൊരു ജനക്കൂട്ടം. അയലത്തെ കുട്ടികളും മുതിര്‍ന്നവരുമൊക്കെയുണ്ട്.
ഒരു കുട്ടി മൂക്കു നീട്ടി ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു ‘’ ഹാ… എന്തൊരു നറുമണം!’‘
ശരിയാണ് ഹൃദ്യമായ ഒരു നറുമണം അവിടെഞ്ഞും നിറഞ്ഞിട്ടുണ്ട്. അതെ കയ്യിലിരിക്കുന്ന പാത്രങ്ങളില്‍ നിന്നാണതു വരുന്നത് . പക്ഷെ പാത്രം ഒഴിഞ്ഞു കിടക്കുന്നു. അപ്പോള്‍ താന്‍ കേട്ട തിളശബ്ദം സ്വപ്നത്തിലായിരുന്നില്ലേ?
‘’ ഇന്നെന്തു വിഭവമാ ഉണ്ടാക്കിയിരിക്കുന്നത്? കൊതി കൊണ്ട് ഇരിക്കാന്‍ കഴിയാഞ്ഞിട്ടു ഓടി വന്നതാ. അല്‍പ്പം ഞങ്ങള്‍ക്കും കൂടെ തരണേ ‘’ മറ്റൊരു കുട്ടി പറഞ്ഞു.
പക്ഷെ തിളച്ചു വറ്റി ഒരു പൊട്ടു പോലും പാത്രത്തില്‍ അവശേഷിച്ചിട്ടില്ല . രുചിച്ചു നോക്കാന്‍ ഒരു തുള്ളിയെങ്കിലും കിട്ടിയിരുന്നെങ്കില്‍….
‘’തീര്‍ന്നു പോയെങ്കില്‍ വേണ്ടാ എന്താണുണ്ടാക്കിയത് എങ്ങെനെയാണുണ്ടാക്കിയത് എന്നു പറഞ്ഞാല്‍ മതി ഞങ്ങള്‍ പാചകം ചെയ്തു കഴിച്ചോളാം ‘’ കുട്ടിയുടെ അച്ഛനു കാര്യം പിടി കിട്ടിയ മട്ടുണ്ട്.
പക്ഷെ തന്റെ കാര്യമോ? ഇനി ഇവരോടെന്തു പറയും?
Generated from archived content: story1_apr23_12.html Author: jithendra_kumar