പക്ഷിപ്പനി, കോഴിപ്പനി,
പന്നിപ്പനി, എലിപ്പനി…
പനികൾക്കു പുതിയ പേരുകളാണ്,
പുതുപുത്തൻ സ്വഭാവങ്ങളും
പക്ഷേ ചെന്നെത്തുന്നതതേ
പഴഞ്ചൻ മരണത്തിലും
കറുത്ത മുഖവും
തണുത്ത ശരീരവും
ശൂന്യതയുടെ മനസുമുള്ള
നിർവികാരനും നിഷ്‌ക്കളങ്കനുമായ
അതേ മരണം.
നിഷ്‌ക്കളങ്കർക്കു കുറ്റം ചാർത്തപ്പെടുന്നത്
പണ്ടേയുള്ള ഏർപ്പാടാണല്ലോ,
എന്നും തീയായിരുന്നല്ലോ കുറ്റവാളി
അതിലേക്കു പാറിവീണ
ചിറകെരിഞ്ഞ വേവുന്ന
പാറ്റകളുടെ മരണത്തിന്
പക്ഷേ പുതിയൊരു പനി പടരുന്നുണ്ടെത്രെ
കുറ്റവാളിയും നിഷ്‌ക്കളങ്കനും പോകട്ടെ,
കാര്യവും കാരണവും
പോലുമവശേഷിക്കാത്തൊരു
പുത്തൻ മരണം ആസന്നമത്രെ,
അതെ,
ഭൂമിക്കു പനിച്ചു തുടങ്ങിയത്രെ!
Generated from archived content: poem1_nov24_09.html Author: jithendra_kumar