നന്ദിഗ്രാമിൽ നന്ദിയില്ലാതെ

ആദ്യമായ്‌ കാണുമ്പോൾ

ചരിത്ര പുസ്തകത്തിന്റെ

താളുകളിൽ

ഉള്ളവന്റെ ഉള്ളതെല്ലാം

ഇല്ലാത്തവർക്ക്‌ വിളമ്പുകയായിരുന്നു

അവൻ.

അറിയാതെ ഞാൻ സ്നേഹിച്ചുപോയി

അവനെ,

അവന്റെ യത്നങ്ങളെ,

മഹത്തായ സ്വപ്നങ്ങളെ.

വയൽ വരമ്പുകളിലെ

കുടകൾ വലിച്ചെറിയുമ്പോളവനെ

പരിചയപ്പെട്ടു;

വയലിലെ ചളി

സ്വർണ്ണം വിളയിക്കുന്നവർക്കായ്‌

വീതിക്കുമ്പോൾ കൈയ്യടിച്ചു;

അതേ കുടകളുമായവരെ

വീണ്ടും വയൽ വരമ്പിൽ

കാണുന്നതുവരെ.

തൊഴിൽ തിന്നുന്ന ഭൂതത്താനൊളിച്ച

യന്ത്രങ്ങളെ,

കമ്പ്യൂട്ടറുകളെ,

നാടുകടത്താനുള്ള സമരത്തിൽ

ഞാനുമവനോടാപ്പം കൂടി;

എനിക്കന്ന്‌ വേറെ തൊഴിലില്ലായിരുന്നല്ലോ

വേണമായിരുന്നൊരുതൊഴിൽ

ഞാനോടി വടക്കോട്ട്‌….

അവിടെ,

അവനെ പേടിച്ചൊളിച്ച

ഭൂതത്താനെനിക്കാഹാരം തന്നു

അപ്പോൾ ഞാൻ കേട്ടു

അവന്റെ ഗർജ്ജനം,

കരിമണൽ വാരുന്നിടത്ത്‌,

കരാർ ഒപ്പിട്ടിടത്ത്‌,

വെള്ളാനകളെ വിലക്കുന്നിടത്ത്‌….

ഇന്നു ഞാൻ പൊയ്‌മുഖമില്ലാതവനെ

കാണുന്നു;

നന്ദിഗ്രാമിലെ ഒഴിഞ്ഞ വയറുകളിലേക്ക്‌

പണച്ചാക്കിന്റെ ഉണ്ടകൾ

നന്ദിയില്ലാതെ പായിച്ച്‌,

തനിക്കായ്‌ വിയർത്തവന്റെ

രക്തം കുടിക്കുന്നത്‌.

Generated from archived content: poem1_mar17_07.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English