വട്ട്‌

“വട്ടെനിക്കല്ല, നിങ്ങൾക്കാ”

ഏതോ ഒരു വട്ടൻ വട്ട്‌ വെളിവാക്കുന്നു.

എഴുപത്തിയാറു സമദൂര വരകളുള്ള തന്റെ

ജീവിത സ്‌കെയിൽ കൊണ്ടളന്നേക്കാം

വട്ടന്റെ വാക്കുകളുടെ ആഴം.

വട്ടന്മാർ വാഴ്‌ത്തപ്പെട്ട ചരിത്രവുമുണ്ടല്ലോ,

സോക്രട്ടീസിൽ തുടങ്ങി, നീഷേയിലൂടെ,

നാറാണത്തു ഭ്രാന്തനിലെത്തിയ ചരിത്രം

ഒന്നാം വരയെല്ലിച്ച്‌, ഖദറുടുത്ത്‌,

ഉപ്പെടുത്ത കറുത്ത കരങ്ങൾ പോലെ

തീരെ തെളിച്ചമില്ലാത്ത ആദ്യവരകൾ.

തിളങ്ങുന്ന പതിനേഴാം വരയിൽ

സ്വതന്ത്രമായ സ്വപ്നങ്ങളെ

മൊട്ടുസൂചികളുടെ കുരിശിലേറ്റി,

നെടുകെ കീറി

കരളിന്റെ പച്ചയും

ഹൃദയത്തിന്റെ ചോപ്പും

വേർതിരിച്ചടയാളപ്പെടുത്തി.

പരീക്ഷണങ്ങൾക്കൊടുവിൽ നേടിയതോ?

ബാങ്കിൽ നോട്ടെണ്ണുന്ന പണി.

തന്റേതല്ലാത്ത നോട്ടുകൾ

കാർന്നു തിന്ന വരകൾ

ഇടയിലെവിടെയോ ഒളിഞ്ഞും

തെളിഞ്ഞും മോഹിനി കയറിവന്ന വര

മോഹങ്ങൾ പൂത്ത മണം

അടിവയർ കീറിവന്ന തല

സ്നേഹത്തിന്റെ ഉടൽ

പശുവിനോടുള്ള സ്നേഹം

മച്ചിയെന്നറിയുമ്പോൾ

അറവുകാരനോടാകുന്ന

യഥാർത്ഥ സ്നേഹം!

വൃദ്ധസദനത്തിന്റെ

ഒഴിഞ്ഞ കോണിലിരുന്ന്‌ സ്‌കെയിലിൽ

എഴുപത്തിയേഴാം വരകോറുമ്പോൾ

കണ്ണീരിന്റെ ശബ്ദം വിറച്ചു-

“ശരിയാ​‍ാ​‍ാ, എന്നോളം വട്ട്‌ നിനക്കില്ലാ​‍ാ”

Generated from archived content: poem1_mar15_08.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English