പുത്തൻ പരിചയങ്ങൾ

ഓടുന്ന കാലുകളെ

ഒന്നു നിൽക്കാമോ?

എന്നെയൊന്ന്‌ പരിചയപ്പെടുത്താനാണ്‌,

സകുടുംബം വിശദമായി.

മുറ്റമടിക്കുന്ന ചൂലിനൊപ്പം പടിയിറങ്ങി,

സന്ധ്യാദീപവുമൊത്ത്‌

തുളുമ്പുന്ന തൂക്കുപാത്രവുമായെത്തുന്ന

സാന്ത്വനത്തിന്റെ അമ്മ.

ചളിയുടെ, നെല്ലിന്റെ,

കള്ളിന്റെ മണമുള്ള കാറ്റായി

പാതി അഴിഞ്ഞ മുണ്ടുമായി,

പാതിരായ്‌ക്ക്‌ വേച്ചുവേച്ചെത്തുന്ന

വിയർപ്പിന്റെ അച്ഛൻ.

ചിന്തകളിൽ നിന്ന്‌

ചിന്തകളിലേക്ക്‌ തീകെടുത്തി,

ലോകത്തെ വിഴുങ്ങിയ പുകയകറ്റാൻ

പന്തം കൊളുത്തിയെത്തുന്ന

ശകാരത്തിന്റെ ചേട്ടൻ.

ആഹാരത്തെ-

അടുക്കളയിൽ നിന്നും രക്ഷിക്കാൻ

കുത്തഴിയാത്ത സാരി

കമ്പോളങ്ങളിൽ വിൽപ്പിക്കാൻ,

തേഞ്ഞ റബ്ബർ ചെരുപ്പിട്ട്‌ നടക്കുന്ന

വാചക കസർത്തിന്റെ ചേച്ചി.

ഏകാന്തതയുടെ

നെടുങ്കൻ പകൽപ്പാളങ്ങളിൽ,

തിമിരം മെഴുകിയ ഇറയത്ത്‌

എൻഡോ സൾഫാൻ

കാർന്നു തിന്ന സ്വപ്നങ്ങളോടൊത്ത്‌

കൊത്തങ്കല്ലു കളിച്ച്‌

ഇഴജന്തുക്കളുടെ കൂടെ

അവരിലൊരാളായി ഞാനും.

Generated from archived content: poem1_july11_07.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here