തെക്കേ മുറീടെ
കിഴക്കോട്ടുള്ള കണ്ണ്
തള്ളിത്തുറന്നപ്പോൾ
ഇരുളിലേക്കു കാഴ്‌ചകളുടെ
അധിനിവേശം.
പാടം വിഴുങ്ങി വളർന്ന
വീടുകൾക്കിടയിലൊരു
കറുത്ത പാമ്പ്,
ഉടനീളം പുണ്ണരിച്ചത്.
പ്ലാസ്റ്റിക് പൂക്കൾ വിഴുങ്ങിയ
വെള്ളക്കാറിൽ നിന്നിറങ്ങുന്നവരെ
ഊഹിക്കാതറിയാം –
“രേഷ്മ വെഡ്‌സ് രമേശൻ”
പുറത്തടിപെരുകിയലറുന്ന
പശുക്കുട്ടിക്കൊപ്പം
കണ്ണുതുറിച്ചുകൊണ്ടൊരുത്തന്റെ
കുഴലൂത്ത് മേളം;
അരയിൽ ചേരയുടെ ചോരവറ്റി
വലിഞ്ഞ വേദന;
പാദങ്ങളിൽ പോത്തിന്റെ പിടച്ചിൽ.
വധുവിന്റെ ദേഹത്തൊരായിരമളിഞ്ഞ
പട്ടുനൂൽ പുഴുക്കളുടെ നീറ്റൽ;
ചുണ്ടുകളിൽ മൃഗവേദന.
ഇരുട്ടിന്റെ അയലത്തേക്കൊരു
ക്ഷണക്കത്തിട്ടിരുന്നു രേഷ്മ,
കളിക്കൂട്ടുകാരി വരികില്ലെന്നറിഞ്ഞിട്ടും.
വിവാഹ സമ്മാനമായ്
കൊടുത്തയക്കേണ്ടതെന്ത്?
വെണ്ണക്കല്ലിൽ വെട്ടിയെടുത്ത
കൃഷ്ണൻ പുഞ്ചിരിച്ചു.
അപ്പോൾ പുഞ്ചിരിയുടെ തലയിലൊരു
മയിലിന്റെ കണ്ണീരൊറ്റി.
വേണ്ട,
തന്റെ വിവാഹ ചിത്രം തന്നെ
വരച്ചയച്ചേക്കാം.
വരന്റെ വീട്ടിലേക്കു
നിലവിളക്കും കർപ്പുരവും
ചിരിച്ചു സ്വാഗതമോതിയതും,
തോൽക്കുടത്തിലെ കൃമികൾക്കു കൂത്താടാൻ
പാലുമായി കുണുങ്ങി നിന്നതും,
വരന്റെ അമ്മ കുഴഞ്ഞെത്തി
ധൈര്യം പകർന്നതും,
മുറിയിലേക്കു തള്ളിവിട്ടതും,
മാസങ്ങൾക്കിപ്പുറം
പച്ചനോട്ടുകൾക്കായി
സ്റ്റൗ എരിച്ചു പൊട്ടിച്ചതും,
വർഷങ്ങൾക്കിപ്പുറം
ഉരുളുന്നൊരു കസേരയും,
ഇരുളലിഞ്ഞ ഏകാന്തതയും,
തൂത്തെറിഞ്ഞാലും പോവാതെ
കൈയിലൊട്ടുന്ന മാറാല പോലെ
ചില കറുത്ത ഓർമ്മകളുടെ നിഴലുകളും
മാത്രം കൂട്ടിനായെത്തിയതും.
Generated from archived content: poem1_feb4_08.html Author: jithendra_kumar
Click this button or press Ctrl+G to toggle between Malayalam and English