സ്വതന്ത്രനായി നടക്കുന്ന നേരത്താണവരെത്തിയത്
എന്നെ സഹായിക്കാന്‍.
പിന്നെ അവരെന്റെ കൈകള്‍ പിറകിലേക്കു കെട്ടി
കാലുകള്‍ സ്വതന്ത്രമാണല്ലോ, ഞാനാശ്വസിച്ചു.
പിന്നീടവരെന്റെ കാലുകളും കൂട്ടിക്കെട്ടി
നാവു സ്വതന്ത്രമാണല്ലോ എന്നാശ്വസിച്ചപ്പോള്‍
ചകിരി വായില്‍ തിരുകി ടേപ്പ് വെച്ചൊട്ടിച്ചു.
ആശ്വസിച്ചു ശീലിച്ചുപോയതുകൊണ്ടാവാം
ശ്വാസമെടുക്കാമല്ലോ എന്നാശ്വസിച്ചു
ഉടനവരെന്റെ കഴുത്തില്‍ കയറുവരിഞ്ഞു മുറുക്കി
മൂക്കില്‍ പഞ്ഞി തിരുകിക്കയറ്റി
മരണവെപ്രാളത്തില്‍ കൈകാലുകളിട്ടടിക്കുമ്പോ
ളാശ്വസിച്ചു, എല്ലാമിതോടെ തീര്‍ന്നു കിട്ടുമല്ലോ.
തിരിഞ്ഞു, നിന്നവരെന്റെ കഴുത്തിലെ കയര്‍
അല്‍പ്പം അയച്ചു , പഞ്ഞിയിളക്കി മാറ്റി,
പിന്നെ കൈകൂപ്പി നിന്നവരഭ്യര്‍ത്ഥിച്ചു
‘’ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍
നിങ്ങളോടൊപ്പമുണ്ട്
അതിനായി കേവലം ഒരു വോട്ട്…’‘
Generated from archived content: poem1_dec21_12.html Author: jithendra_kumar