മഴയും കാത്ത്

കരിമേഘങ്ങളുടെ ഇരുണ്ട കണ്ണുകള്‍
വെടിപോലിടിയുടെ പരുത്തതൊണ്ടയും
വാടിയ തളിരിലുമിലയിലുമെല്ലാം
പ്രതീക്ഷയുടെ പുതു പുത്തന്‍ പൂക്കള്‍

ഇന്ന്, അല്ലല്ലിപ്പോള്‍, ഇതാ
ഇവിടെ പെയ്തു പെയ്തു നിറയും
കവിയും അതിന്നോളങ്ങളില്‍
ഈ കരയാകെ കുളിരണിയും..
ഒരു പക്ഷേ,
പ്രളയത്തിന്‍ സുനാമിയായ്
കരയെത്തന്നെ വിഴുങ്ങിയെന്നും വരും.

മേലോട്ടു നോക്കി നോക്കി
കഴുത്തിനു കഴപ്പ് ,
തുറിച്ചു പിടിച്ച കണ്ണുകളില്‍ ആധി
തൊണ്ടയപ്പോഴും വരണ്ടു തന്നെ കിടന്നു.

പെട്ടന്നതാ വിപത്തിന്റെ
തിളങ്ങുന്ന വാള്‍ വീശല്‍
കണ്ണൂകളിലാകെ പ്രകാശക്കടല്‍
കാതിലൊരു മഴയുടെ ആരവം.

പെയ്തു തിമിര്‍ക്കുമതിവിടെ
ഇന്ന്, ഇപ്പോള്‍,ഏറെ വൈകാതെ.

അഞ്ചു നിമിഷങ്ങള്‍ക്കഞ്ചു
സംവത്സരത്തിന്റെ ദൈര്‍ഘ്യം.
പിന്നെയുമതേ മിന്നല്‍,
അതിലേറെ മൂര്‍ച്ചയും തിളക്കവും

വര്‍ഷങ്ങള്‍ ഇടയിലൊളിപ്പിച്ച
അയ്യഞ്ചു നിമിഷങ്ങളല്ലാതെ
വര്‍ഷമെവിടെ ?
വിരല്‍ത്തുമ്പില്‍ പരക്കുന്ന
മഷിത്തുള്ളിയല്ലാതെ,
കുളിരിന്റെ തുള്ളിയെവിടെ?

മിന്നലിലപ്പോഴും തിളങ്ങുന്നുണ്ട്,
ആകാശ സൗധങ്ങളിലെ
ആഢംബരങ്ങളത്രയും.

Generated from archived content: poem1_aug13_12.html Author: jithendra_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here