അവൾ സായാഹ്‌നത്തിലെ പോക്കുവെയിലിനെ നോക്കി കണ്ടു. കിളികൾ അനന്തവിഹായസ്സിലൂടെ വിദൂരതയിലേയ്‌ക്ക് പാഞ്ഞകന്നു. അവറ്റകൾ മദ്ധ്യാഹ്‌നത്തിൽ തന്റെ ജാലക വാതിൽക്കലഭയം തേടിയതവൾ ഓർക്കുന്നു. തനിക്കും പറക്കണം. പക്ഷെ നാലുകെട്ടിനുള്ളിൽ നിന്നെങ്ങനെ സാധിക്കും തനിക്കതിന്.
അവൾ സ്വപ്‌നം കണ്ടു. അവൾക്ക് ചിറകുമുളച്ചു. സൂര്യനൊപ്പം പടിഞ്ഞാറഗസ്‌ത്യന്റെ പിന്നിൽ ഒളിച്ചു കളിച്ചു. അവന്റെയൊപ്പം പ്രഭാതങ്ങളിൽ നീരാടിത്തിമർത്തു.
“രാധേ ഇങ്ങു വരൂ”.
ഞാൻ രാധ എന്റെ കൃഷ്‌ണനെവിടെ? അവനില്ലാതെ ഞാനെങ്ങോട്ടു ചെല്ലാൻ ഈ അസ്‌തമയ സൂര്യന്റെ മന്ദഹാസം. കർക്കിടകകാറ്റിന്റെ കുളിര്. ഞാനെന്തേ ഈ പുഴയിലെ ജലകണങ്ങളായി പിറക്കാതിരുന്നത്. എങ്കിൽ എനിക്ക് എത്ര ലാസ്യവതിയായ് ഒഴുകിനടക്കാമായിരുന്നു. എന്റെ നെഞ്ചിലൂടെ എത്രയെത്ര ശവങ്ങൾ കടന്നുപോകുമായിരുന്നു. ഞാനവരെ പേടിക്കില്ലായിരുന്നു. കഷ്‌ടം.
“രാധേ, നിന്റെ കുഞ്ഞ് കരയുന്നു. നീ അറിയുന്നില്ലേ അത്”. അറിയുന്നു എന്റെ പ്രിയപ്പെട്ട അമ്മായിയമ്മേ. പക്ഷെ ഞാനാ വിത്തിനെ എന്റെ ഭർത്താവിൽ നടുന്നു. ആ മണ്ണിൽ നിന്നും അത് വളരും. നവമുകളങ്ങൾ വിരിയും. പൂക്കും, കായ്‌ക്കും, പന്തലിക്കും അപ്പോൾ ഞാനാഹ്ലാദിക്കും. അവൾ പുഞ്ചിരിച്ചു.
“രാധേ നീയെന്തേ മിണ്ടാത്തു?”
അമ്മായിയമ്മ നെഞ്ചത്തു കൈവച്ചു. പരിശോധിച്ച ഡോക്‌ടർമാർക്ക് പലപ്പോഴും അവളൊരു ചോദ്യചിഹ്‌നമായ്.
“രാധ എണീക്കുമോ?” “അവൾ മിണ്ടുമോ” “നടക്കുമോ”?
“ബുദ്ധി ഉണർന്നിട്ടുണ്ടോ?” “മനസു പ്രവർത്തിക്കുന്നുണ്ടോ” നാലുവശങ്ങളിൽ നിന്നും ചോദ്യമുതിർന്നുകൊണ്ടിരുന്നു. ഉത്തരം അവർ തന്നെ അലറിക്കൊണ്ടിരുന്നു.
“അതേ രാധയുടെ മനസ് പ്രവർത്തിക്കുന്നുണ്ട്. എനിക്ക് കാണാം, കേൾക്കാം, അറിയാം, പറയാം, എന്തുമാകാം. ഞാൻ പൂർണ്ണസ്വതന്ത്രമായിരിക്കുന്നു. ആരുമത് കേട്ടില്ല. എങ്കിലും അവൾ ദുഃഖിച്ചില്ല. കാരണം അവൾ മനസ്സിലാക്കുന്നു; തന്റെ കാലുകളിലെ ബന്ധനങ്ങളല്ലേ അവൾക്ക് സ്വാതന്ത്ര്യം നിഷേധിച്ചത്. ഇല്ലാതെ പോയ ചിറകുകളുമല്ല മറിച്ച് തന്റെ മനസ്സായിരുന്നു അവരെ അസ്വതന്ത്രയാക്കിയത്.
ഇന്നവൾ ചിന്തിക്കുന്നു – അവൾ സ്വാതന്ത്ര്യമനുഭവിക്കുന്നു. പലരും മൂക്കത്തുവിരൽചേർത്തു.
”ഈ ചെറുപ്രായത്തിലേ തളർവാതമോ? ആ ചെറുക്കന്റേം കുഞ്ഞിന്റേയും തലേവര.“
അതവളിൽ ഭാവഭേദങ്ങളുണ്ടാക്കിയില്ല. കാരണം അവൾ ചിന്തിക്കുന്നുണ്ട്. അതിനാൽ അവൾ സ്വാതന്ത്രയാണ്. അതുകൊണ്ടുതന്നെ സന്തുഷ്‌ടവതിയുമാണ്.
Generated from archived content: story1_sep8_09.html Author: jisha_rajan
Click this button or press Ctrl+G to toggle between Malayalam and English