മണല്‍ക്കൂനകള്‍ക്കിടയില്‍ കണ്ടത്

എരിയുന്ന മണല്ക്കാടിന്‍ വറചട്ടിയില്‍,
കൂര്‍ത്ത പനയോലത്തലപ്പുകളതിരിട്ട
മണല്‍ക്കൂനകള്‍ക്കിടയിലൊരു ചുടലപ്പറമ്പ്
ചിതറിക്കിടക്കും കുഞ്ഞു തലയോട്ടികള്‍ക്കിടയില്‍
കുത്തിനാട്ടിയ ചൂണ്ടു പലക ” ഗര്‍ഭപാത്രം”.
വെള്ളകുപ്പായത്തിനടിയില്‍ മരവിച്ച സ്ത്രൈണതയില്‍
ചാരിത്ര്യത്തിന്റെ കരിഞ്ഞ മംസഗന്ധം.
ഒറ്റയ്ക്ക് നില്‍കും ഈന്തപ്പനയില്‍ ജീവനെ കെട്ടിയിട്ടു
വെയില്‍ചാഞ്ഞ കൂനയുടെ നിഴലില്‍
ഇണയെ മറന്നു മത്സരിച്ചു ഭോഗിച്ചു
പലവട്ടം മരിക്കും പുരുഷനും സ്ത്രീയും.
അധ്വാന സിദ്ധാന്തത്തിന്റെ ആരും വായിക്കാത്ത
പിന്നീട് കൂട്ടിച്ചേര്‍ത്ത ചില താളുകള്‍
“വിയര്‍പ്പിലെ ഉപ്പിനെ വേര്‍തിരിച്ചു
പണത്തിനു വില്കാന്‍ തിരക്ക് കൂട്ടുന്നവര്‍” .
പിന്നെ,
മണല്‍ക്കൂന താണ്ടുമ്പോള്‍ വീണ്ടും കണ്ടു

നുരയറ്റ ജീവനെ തോളിലേറ്റും ജീര്‍ണക്കിനാക്കളെ .
മരിക്കാന്‍ കിടക്കുന്നവര്‍, മരിച്ചിട്ടും മരിക്കാത്തവര്‍
പാതിജീവനില്‍ അതിജീവനത്തിന്‍ നേര്‍ത്ത
പാഴ്മോഹത്തിന്‍ ചുവട്ടില്‍ വെള്ളമില്ലാതെ
നിണമോഴിച്ചു കരിയാതെ, കരയാതെ കാക്കുന്നവര്‍.
അതിമോഹങ്ങളെ ജയിചു, മോഹങ്ങളെ മുലയൂട്ടി
നര വീണ തലയോടില്‍, വരവീണ കണ്പോളയില്‍
ഒരുനാളണയുമെന്ന ബീജം ചുമക്കുന്നവര്‍

അന്തിവെയിലിന്റെ മറപിടിച്ചൊരു മരീചികകൂടി,
പച്ചപ്പിന്റെ തലകള്‍ക്കിടയില്‍ ഒരു കുളം
ഒരുകരയില്‍ ചേലയുരിഞ്ഞു മറുകര നീന്തി
നഗ്നരായി നാണിച്ചു നടന്നു പോകുന്നവര്‍.

Generated from archived content: poem2_nov19_12.html Author: jijo_t_george

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English