സൗമ്യ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ച ദാരുണമായ അന്ത്യം സമൂഹമന:സാക്ഷിയില്‍ ഏല്‍പിച്ച അലകള്‍ ഒടുങ്ങും മുന്‍പ് ഒരെണ്ണം കൂടി. ശാസ്ത്ര സാങ്കേതിക രംഗത്തും, കലാ-കായിക രംഗത്തും ഒരു ഭാഗം യുവജനങ്ങള്‍ അഭിമാനം സൃഷ്ടിക്കുമ്പോള്‍, ധാര്‍മികമായി അപചയം ബാധിചു കാമാന്ധരായ് മറുഭാഗം നടത്തുന്ന നെറികേടുകള്‍ നമ്മെ നടുക്കം കൊള്ളിക്കുന്നു. ആഗ്രഹങ്ങള്‍ സ്വാഭാവികം, പക്ഷെ അവ ബലപ്രയോഗത്തിലൂടെ സ്വായത്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പ്രകൃതി നിയമത്തിനു എതിരാകുന്നു. ലോകമെമ്പാടും ആവര്‍ത്തിച്ച് ഉണ്ടാകുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ ധാര്‍മികതയുടെ ലോകാവസാനത്തിന് കാഹളം മുഴക്കിയിരിക്കുന്നെന്നു നിസംശയം പറയാം. (എന്തിനേറെ പറയുന്നു നമ്മുടെ ഈ കൊച്ചു കേരളത്തില്‍ അച്ഛന്‍ മകളെ പ്രാപിക്കുന്നതും, അമ്മ മകളുടെ കൂട്ടിക്കൊടുപ്പുകാരിയായി മാറിയതും നാം കണ്ടതല്ലേ).
വാസ്തവത്തില്‍ ലൈഗീക അരാചകത്തം ഇന്ന് ലോകത്തില്‍ ഇത്രമാത്രം അഴിഞ്ഞാടാന്‍ കാരണമെന്താണ്? എന്തുകൊണ്ടാണ് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത്? കാരണം വളരെ വ്യക്തമാണ്, സ്ത്രീയെന്നത് ഒരു ഉപഭോഗ വസ്തു ആണെന്നുള്ള നാമുള്‍പ്പെടുന്ന ആണ്‍ വര്‍ഗ്ഗത്തിന്റെ ഉപബോധ മനസ്സില്‍ പതിഞ്ഞിരിക്കുന്ന, അല്ലെങ്കില്‍ ആരോ പതിപ്പിച്ചിരിക്കുന്ന വികല സങ്കല്പം. മദ്യവും, മയക്കുമരുന്നും പണവുംപോലെ സുഖലോലുപതക്കും, ആഗ്രഹശമനതിനുമുള്ള ഒരു മാംസള വസ്തു എന്ന നശിച്ച കാഴ്ചപ്പാട് മാറാത്തിടത്തോളം സ്ത്രീകള്‍ തെരുവില്‍ ചാരിത്ര്യം നഷ്ടപ്പെട്ടലയും. അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കും.
പുത്തന്‍ തലമുറയില്‍ കാമവെറിയുടെ വിഷ ബീജ പരാഗണം നടത്തുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന താല്പര്യം നിരുല്‍സാഹപ്പെടുതെണ്ടാതാണന്ന അഭിപ്രായക്കരനാണ് ഞാന്‍, സ്ത്രീയുടെ നഗ്നത അല്പമെങ്കിലും കാട്ടാതെ ഒരു പരസ്യവും വിജയിക്കില്ല എന്നാണ് ഇന്നത്തെ അവസ്ഥ. പുരുഷന്റെ ഷേവിംഗ് ക്രീമിന്റെ പരസ്യത്തിലും, എന്തിനു നിക്കറിന്റെ പരസ്യത്തില്‍ പോലും സ്ത്രീയുടെ അര്‍ദ്ധനഗ്നത നന്നായി ഉപയോഗിക്കുന്ന ശൈലി “സ്ത്രീ ഒരു കച്ചവട മാധ്യമം” എന്ന വാദത്തിനു അടിവരയിടുന്നു.
ഇനി സിനിമയുടെ കാര്യത്തിലോ?. ന്യൂ ജെനറേഷന്‍ സിനിമ എന്ന് പുതിയ സങ്കല്‍പം ചിലപ്പോഴെങ്കിലും അതിര് കടന്ന ലൈഗീകത മറയില്ലാതെ പ്രദര്‍ശിപ്പിക്കുന്നു. വിവാഹേതര ബന്ധങ്ങള്‍ക്കും, പല പങ്കാളി സങ്കല്‍പ്പങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഇത്തരം കഥാ തന്തുക്കള്‍ നായകന്‍-നായികാ പക്ഷത്തുകൂടെ അവതരിപ്പിക്കുമ്പോള്‍ കാമം കുത്തി നിറച്ച പെട്രോള്‍ ബോംബുകളായി പത്തിലൊരു പ്രേക്ഷകെനെങ്കിലും മാറിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. വെറും നാലാംകിട സീരിയലുകളും, സ്ത്രീത്വത്തിന്റെ വിലകളയുന്ന കഥാപത്രങ്ങളും (അച്ഛന്‍ ആരെന്നറിയാത്ത മോള്, കണ്മുമ്പിലെ കുട്ടി സ്വന്തം കുഞ്ഞായിട്ടും അറിയില്ലാത്ത സ്ത്രീ(അവള്‍ ഉറക്കത്തിലായിരിക്കും പ്രസവിച്ചത്), അവന്റെ ഒക്കെയൊരു ഒടുക്കത്തെ കഥ!) സമൂഹത്തില്‍ സ്ത്രീ പരമ്പരാഗതമായി അടിച്ചു അമര്‍ത്തപ്പെട്ടവളാണ്,അവളെ അടിച്ചമര്‍ത്തേണ്ടതാണ് എന്ന അവബോധം, ഇത് കണ്ടു കണ്ണും മിഴിച്ചിരിക്കുന്ന കുരുന്നുകളുടെ ഉള്ളില്‍ വേര് പിടിക്കുന്നുണ്ട് എന്ന് എത്രപേര്‍ക്കറിയാം?
കഴിഞ്ഞു പോയ തലമുറയില്‍ അടക്കിപ്പിടിച്ചും അടിച്ചമര്‍ത്തിയും വെച്ചിരുന്ന സെക്സ് കാഴ്ചപ്പാടുകള്‍ ഇന്ന് തുറന്ന പുസ്തകമാണ്. കമ്പ്യൂട്ടര്‍ , മൊബൈല്‍ ഫോണ്‍ വിപ്ലവത്തോടെ നമ്മുടെ സംസ്കാരത്തിന് യോജിക്കാത്ത പാശ്ചാത്യ രതിവൈകൃതങ്ങളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ഇതൊക്കെ ലോകത്തില്‍ സാധാരണ നടക്കുന്ന കാര്യങ്ങളാണ് എന്ന അഭിപ്രായ രൂപീകരണം അടക്കാനാവാത്ത കാമദാഹത്തിനുള്ള നെറികെട്ട വഴിതേടലില്‍ പുതിയ തലമുറയെ കൊണ്ടെത്തിക്കുന്നു.
ശരിയായ ലൈംഗീക വിദ്യാഭാസം കൊണ്ടും, കുട്ടികളില്‍ ധാര്‍മിക ബോധം വളര്‍ത്തുന്ന രീതിയിലുള്ള വിദ്യാഭാസം കൊണ്ടും മാത്രമേ നമ്മുടെ അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാനാകൂ. മക്കളുടെ സുഹൃത്ബന്ധങ്ങളും, രീതികളും, അവരുടെ പ്രവര്‍ത്തനങ്ങളും മാതാപിതാക്കള്‍ നിര്‍ബന്ധമായും പരിശോധിക്കുകയും, തെറ്റ് കണ്ടാല്‍ തിരുത്തുകയും ചെയ്യണം. ഇത്തരം നിഷ്ടൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ മാത്രമല്ല, അവനൊക്കെവേണ്ടി വാദിക്കാന്‍ വരുന്നവരെയും മാതൃകാപരമായി ശിക്ഷിക്കുകയും രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ തന്നെ നടപ്പാക്കുകയും ചെയ്യണം.
Generated from archived content: essay1_dec21_12.html Author: jijo_t_george