സൂത്രധാരൻ

മലയാള സിനിമ വച്ചു പുലർത്തിപോന്നിരുന്ന സമ്പ്രദായികമായ ചില ചിട്ടവട്ടങ്ങളെ പാടെ നിരാകരിച്ചുകൊണ്ട്‌, സമൂഹം ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക്‌ പിൻതളളിയവരുടെ-മുക്കുവർ (അമരം), ആശാരി(സല്ലാപം), മൂശാരി (വെങ്കലം), പുളളുവർ (ഭൂതകണ്ണാടി)-കഥകൾ പ്രേക്ഷകർക്കായി ഒരുക്കി മലയാള സിനിമയ്‌ക്ക്‌ അതിന്റേതായ മാന്യത നൽകിയ ചലച്ചിത്രകാരനാണ്‌ ലോഹിതദാസ്‌. മിലൻ ജലീൽ നിർമ്മിച്ച്‌ ലോഹിതദാസ്‌ രചനയും, സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രമായ സൂത്രധാരൻ, ആ ചലച്ചിത്ര പ്രതിഭയുടെ പിൻമടക്കം ആരംഭിച്ചു കഴിഞ്ഞു എന്നതിന്‌ തെളിവാകുന്നു. തികച്ചും വ്യത്യസ്തമായ ഭൂമികയും, ജീവിത പരിസരവുമാണ്‌ സൂത്രധാരനിൽ ഉളളത്‌. എങ്കിൽകൂടി കച്ചവടകണ്ണോടുകൂടി ഏച്ചുകൂട്ടിയ ദൃശ്യങ്ങളുടെ കെട്ടുകാഴ്‌ചകളും, ആവശ്യമില്ലാതെ ചാലിച്ച വർണ്ണങ്ങളും ചിത്രത്തിന്റെ തിളക്കം നഷ്‌ടപ്പെടുത്തുന്നു.

ലോഹിതദാസിന്റെ നായകൻമാരെല്ലാം തന്നെ ജീവിതത്തോട്‌ നിരന്തരം സമരം ചെയ്യുകയും ഒടുവിൽ തോൽവി അനുഭവിക്കുകയും ചെയ്യുന്നവരാണ്‌. സൂത്രധാരനിൽ ദിലീപ്‌ അവതരിപ്പിക്കുന്ന നായകൻ രമേശൻ വിത്യസ്തനാവുന്നില്ല. നാട്ടിൽ പെങ്ങളെ ദ്രോഹിച്ച ഓട്ടോ ഡ്രൈവർ സദാനന്ദനെ (കലാഭവൻമണി) കുത്തി പരിക്കേൽപ്പിച്ച്‌ പാണ്ഡവപ്പുരത്തേക്ക്‌ പാലായനം ചെയ്യുന്ന രമേശൻ, അവിടെ താൻ ഹോമിയോ ചികിത്സ ചെയ്‌ത്‌ രക്ഷപ്പെടുത്തിയ ലീലാകൃഷ്‌ണനെ (സലിംകുമാർ) അന്വോഷിക്കുകയും യാദൃശ്ചികമായി ഒരു മലയാളി ഗണികാഗൃഹത്തിൽ എത്തിപ്പെടുന്നു. സൂത്രശാലിയല്ലാത്ത സൂത്രം ധരിച്ച രമേശൻ അവിടെ ഹോമിയോ ഡോക്‌ടറായി ജോലി ചെയ്യേണ്ടിവരുന്നു. ഗണികപ്പുരയിലെ നടത്തിപ്പുകാരിയായ ദേവയാനി എന്ന ദേവൂമ്മയും (ബിന്ദുപണിക്കർ), റാണിമ്മയും (ചിത്ര) രാജാമണിയും (കൊച്ചിൻ ഹനീഫ) ഓമനിച്ചും, ലാളിച്ചും വളർത്തുന്ന നിഷ്‌കളങ്കയും, സുന്ദരിയുമായ ശിവാനി (മീരാ ജാസ്‌മീൻ) വളരെ പെട്ടെന്നു തന്നെ രമേശന്റെ ഹൃദയം കവരുന്നു.

ഹിജഡവേഷം കെട്ടാൻ നിർബന്ധിതനായ സലീംകുമാറിന്റെ ലീലാകൃഷ്‌ണൻ, പുറംദേശങ്ങളിൽ തൊഴിൽതേടി എത്തി, ജീവിക്കാൻ എന്തുവേഷവും കെട്ടാൻ തയ്യാറാവുന്ന മലയാളിയുടെ പ്രതീകമായും, ഗണികഗൃഹത്തിലെ സ്ര്തീകൾ പുരുഷന്റെ സ്വാർത്ഥതയാൽ ജീവിതം ഹോമിക്കപ്പെട്ട സ്‌ത്രീത്വത്തിന്റെ പ്രതീകങ്ങളായി ഈ ചിത്രത്തിൽ എങ്ങും തൊടാതെ അവതരിപ്പിക്കുന്നുണ്ട്‌. വ്യക്തമായി നിർണ്ണയിക്കപ്പെട്ട വ്യക്തിത്വമുളള ബിന്ദുപണിക്കരുടെ ദേവയാനി, പൊട്ടിത്തെറിച്ചും, ശൃംഗരിച്ചും, അടക്കിപിടിച്ചും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. കോമാളിത്തങ്ങൾ ഇല്ലാതെ മിതമായ അഭിനയത്തിലൂടെ രാജാമണി കൊച്ചിൻ ഹനീഫയ്‌ക്ക്‌ ആശ്വാസമാകുന്നു. ക്ലൈമാക്‌സിലെ സ്ഥിരം ഫോർമുലകളെ പാടെ അവഗണിക്കുന്ന ലോഹിതദാസ്‌ ശൈലി ഈ ചിത്രത്തിൽ കണ്ടില്ല. അവസാനത്തെ സീനിൽ കലാഭവൻ മണിയെകൊണ്ട്‌ സ്‌റ്റണ്ട്‌ ചെയ്യിക്കുന്ന, നായകന്റെ കൈയ്യിൽ ഒരു വലിയ കത്തിയും, ചുണ്ടിൽ എരിയുന്ന സിഗരറ്റും, തലയിൽകെട്ടുമായി വില്ലന്റെ മുന്നിലേക്ക്‌ പറഞ്ഞു വിടുന്ന ലോഹിതദാസ്‌ സർഗ്ഗദാരിദ്ര്യം അനുഭവിക്കുന്നുവെന്ന്‌ പറയാതെവയ്യ.

Generated from archived content: suthram.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English