രണ്ട്‌ കൊച്ചുകഥകൾ

1. കവി

അയാൾ കവിത എഴുതാൻ തീരുമാനിച്ചു. രാത്രി ആകാശം നോക്കി നീണ്ടുനിവർന്നു കിടന്നു. ആകാശം നല്ലത്‌ എന്ന്‌ കണ്ട്‌ അയാൾ സന്തോഷിച്ചു. പാതിരാവായി, പ്രഭാതമായി; ഒന്നാംദിവസം.

രണ്ടാം ദിവസം അയാൾ തന്റെ ഭൂതകാലത്തിലേക്ക്‌ തിരിച്ചുപോയി. കുട്ടിക്കാലം, പട്ടിണി, കോളേജ്‌ ജീവിതം, വിപ്ലവം….

അയാൾ തെരുവിലൂടെ അലഞ്ഞുനടന്നു. കച്ചവടക്കാർ, യാചകർ, കൂട്ടിക്കൊടുപ്പുകാർ, വേശ്യകൾ. നടത്തം ഒരു സ്വാതന്ത്ര്യസമരമാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു മൂന്നാംദിവസം.

നാലും അഞ്ചും ദിവസം അയാൾ അഗാധമായ ചിന്തകളിൽ മുഴുകി. അനന്തരം സന്ധ്യയായി, ഉഷസ്സായി.

ആറാം ദിവസം അയാൾ കടലാസും പേനയും എടുത്തു. വെട്ടലുകൾ തിരുത്തലുകൾ. എല്ലാ പത്രാധിപൻമാരെയും സ്വാധീനിക്കാൻ പോന്ന ഒരു കവിത അയാൾ എഴുതി.

അനന്തരം, താൻ എഴുതി പൂർത്തിയാക്കിയ കവിത കീറിക്കളഞ്ഞ്‌ അയാൾ വിശ്രമിച്ചു ഏഴാം ദിവസം.

2. കലികാലം

പണ്ടത്തെ കഥ ഓർമ്മിച്ചുകൊണ്ട്‌ തക്കാളിയും ഉളളിയും തീരത്ഥാടനത്തിന്‌ പുറപ്പെട്ടു. പകുതിയിൽവച്ച്‌ തക്കാളി ചീഞ്ഞുമരിച്ചു. പഴയ കഥയോട്‌ നീതി പുലർത്തികൊണ്ട്‌ ഉളളി ഒരുപാട്‌ കരഞ്ഞു. സങ്കടങ്ങളെല്ലാം ഉളളിലൊതുക്കി അത്‌ യാത്ര തുടർന്നു. അധികദൂരമൊന്നും ഉളളിക്ക്‌ സഞ്ചരിക്കാൻ കഴിഞ്ഞില്ല. വഴിയിൽ ഒരു മനുഷ്യൻ അതിനെ ചവിട്ടിയരച്ചു. പക്ഷേ, പണ്ടത്തെ കഥയിൽ പറഞ്ഞതുപോലെ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞില്ല. കാരണം, അപ്പോഴേക്കും കരഞ്ഞ്‌ കരഞ്ഞ്‌ മനുഷ്യരുടെ കണ്ണീരിന്റെ ഉറവകളൊക്കെ വറ്റിയിരുന്നു.

Generated from archived content: story2_apr7.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here