ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ

ഒരൊറ്റ ചിത്രം കൊണ്ടുതന്നെ ചലച്ചിത്രഭൂപടത്തിൽ എന്നന്നേയ്‌ക്കുമായി തന്റെ സാന്നിദ്ധ്യമുറപ്പിക്കുന്ന സംവിധായകർ ഉണ്ട്‌. തുടർച്ചയായി ഒരായിരം ഹിറ്റുകൾ ഒരുക്കിയാൽ അയാൾ ഒരു നല്ല സംഘാടകനാവാം പക്ഷേ, ഒരു നല്ല സംവിധായകനാവണമെന്നില്ല. ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ.പിളള നിർമ്മിച്ച്‌ വിനയൻ കഥയും സംവിധാനവും നിർവഹിച്ച ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ കച്ചവട ചേരുവകൾ ആവശ്യത്തിനും അനാവശ്യത്തിനും കൂട്ടിക്കുഴച്ച ഒരു അവിയലാണ്‌.

ആണിന്റെ മെയ്യിന്റെ ചൂടറിഞ്ഞ പെണ്ണിന്റെ സ്‌നേഹം എന്നെഴുതിയ സംവിധായകന്റെ ഇടുങ്ങിയ ചിന്താഗതി ചിത്രത്തിലുടനീളം കാണാം. ഒരു വൃത്തികെട്ട സീനോടുകൂടി ആരംഭിക്കുന്ന ചിത്രം അവസാനിപ്പിക്കുന്നത്‌ ഒരു കൂട്ടയോട്ടത്തിലാണ്‌. ഒരസാധാരണ വിനയൻ ചിത്രം എന്ന പരസ്യവാചകവുമായി വന്ന ഈ ചിത്രത്തിന്റെ പ്രമേയം ഊമകളുടെ പ്രണയമാണെന്ന്‌ പറയുന്നു. പക്ഷേ, പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന അല്ലെങ്കിൽ അസ്വസ്ഥനാക്കുന്ന ഒരൊറ്റ പ്രണയരംഗംപോലും ചിത്രത്തിലില്ലെന്നുളളത്‌ തീർത്തും നിരാശാജനകമാണ്‌. ഒരു പരസ്യകമ്പനി നടത്തുന്ന പുഞ്ചിരി പുഷ്പരാജ്‌ (കൊച്ചിൻ ഹനീഫ) എന്നയാളുടെ ജോലിക്കാരനാണ്‌ ബേബി (ജയസൂര്യ). നല്ലൊരു ആർട്ടിസ്‌റ്റും, നർത്തകനും, ഊമയുമായ ബേബിയുടെ കൂടെ മൂന്നു സുഹൃത്തുക്കളുമുണ്ട്‌. നായകന്റെ സ്ഥിരം ശിങ്കിടികൾ. കൂട്ടത്തിൽ ഒരു കൂനനുമുണ്ട്‌ (ഹരിശ്രീ അശോകൻ). (വിനയന്‌ വികലാംഗരോട്‌ പ്രത്യേക മമതയുണ്ടെന്ന്‌ ശ്രദ്ധിക്കേണ്ടതാണ്‌). ബേബിക്ക്‌ മംഗലത്ത്‌ കൊട്ടാരത്തിലെ രാജശേഖരവർമ്മയുടെ (സായ്‌കുമാർ) മകൾ ഗോപികയോട്‌ (കാവ്യമാധവൻ) പ്രണയം തോന്നുന്നു. ബേബി ഊമയാണെന്നറിഞ്ഞ ഗോപികയ്‌ക്കും അവനെ ഇഷ്‌ടമാവുന്നു. രാജശേഖരവർമ്മ മരുമകനെ (ഇന്ദ്രജിത്ത്‌) കൊണ്ട്‌ ഗോപികയെ വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നു. ബോംബയിൽ ജനിച്ചു വളർന്ന അവനാകട്ടെ കോടിക്കണക്കിനു വരുന്ന അവളുടെ സ്വത്തിലാണ്‌ കമ്പം. ബേബിയുടെ സുഹൃത്തുക്കളുടെയും തന്റെ ആയ കന്യക(കല്പന)യുടെയും സഹായത്തോടെ ബേബിയും, ഗോപികയും കൊട്ടാരത്തിൽ നിന്ന്‌ ഒളിച്ചോടുന്നു.

സ്വാഭാവികമായ ഒരു കഥ സത്യസന്ധത തൊട്ടുതീണ്ടാതെ അവതരിപ്പിച്ചു എന്നതാണ്‌ ചിത്രത്തിന്റെ പരാജയം. നായികയുടെ സ്വത്ത്‌ മോഹിച്ചു വരുന്ന വില്ലൻ കഥാപാത്രവും, നായകനും, നായികയും ഒരഡ്രസ്സുംകൊണ്ട്‌ നാടുവിടുകയും, അന്വേഷിക്കുമ്പോൾ അഡ്രസ്സുകാരനെ കാണാതാവുകയും അങ്ങനെ നിരാലംബരാകുന്ന അവരെ ലോക്കൽ ഗുണ്ടകൾ ഉപദ്രവിക്കുന്നതും മറ്റും എത്രയോ സിനിമകളിൽ നമ്മൾ കണ്ട്‌ മനംമടുത്തതാണ്‌. പലരും ചവച്ചുതുപ്പിയ ഇത്തരം രംഗങ്ങൾ ഒരുക്കിയ കലൂർ ഡെന്നീസിന്റെ തിരക്കഥ ഒരു ശാപമായി ചിത്രത്തെ ബാധിക്കുന്നു. നായകനെ ഒരു ഉയർന്നതട്ടിൽ നിർത്തി അതിന്റെ താഴെ ക്യാമറ വെയ്‌ക്കുന്ന സംവിധായകന്റെ സർഗ്ഗാത്മകത എത്രത്തോളമെന്ന്‌ നമുക്ക്‌ അളക്കാം.

ആശുപത്രി രംഗങ്ങളും, നായികയെ തട്ടികൊണ്ടു പോകലും എല്ലാം ആഘോഷങ്ങളായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. അസഹനീയമായ തമാശകൾകൊണ്ട്‌ ഹരിശ്രീ അശോകനും, കൊച്ചിൻ ഹനീഫയും മറ്റും പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുന്നു. പുതുമുഖനായകൻ ജയസൂര്യയ്‌ക്ക്‌ ഇതിൽ ഒന്നും ചെയ്യാനില്ല. കാവ്യമാധവൻ ഊമയായ ഗോപികയെ ഉൾകൊളളാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഓവർ സെന്റിമെന്റ്‌സിലേക്ക്‌ വഴുതിവീണ്‌ പലപ്പോഴും അത്‌ നശിപ്പിക്കുന്നു. പുതുമുഖമായ ഇന്ദ്രജിത്തിന്റെ വില്ലനും, സായ്‌കുമാറിന്റെ രാജശേഖരവർമ്മയും മോശമാക്കിയില്ല. ഉത്‌പൽ.വി.നായനാരുടെ ക്യാമറ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. സംഘട്ടനം നിർവഹിച്ച കനൽകണ്ണൻ കഥാപാത്രങ്ങൾക്ക്‌ ചിറകുമുളപ്പിച്ച്‌ അന്തരീക്ഷത്തിലൂടെ പറപ്പിക്കുന്നു. യൂസഫലി എഴുതി മോഹൻ സിത്താര സംഗീതം നൽകിയ ചില ഗാനങ്ങൾ കൊളളാം. പക്ഷേ, അവ എത്രത്തോളം ആവർത്തനവിരസമാകുന്നുണ്ടെന്നുളളതിലാണ്‌ സംശയം.

Generated from archived content: ooma.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here