ഇന്നത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം ഒന്നും പറയാനില്ല എന്നതാണ്. ജീവിതത്തിന്റെ നേർക്കാഴ്‌ചകളെ പാടെ നിരാകരിച്ചുകൊണ്ട് ചലച്ചിത്രക്കാരൻമാർ സിനിമയെ ഉല്പന്നം അതിന്റെ വിപണനം എന്നിങ്ങനെ വകതിരിച്ചുകൊണ്ട് നെട്ടോട്ടമോടുന്ന ഒരു സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുകയാണ്. പ്രേക്ഷകരുടെ അഭിരുചി എന്ന വെപ്രാളത്തിൽ കുടുങ്ങി സ്വന്തം നില മറന്ന് ആഴ്‌ചകൾ പിന്നിട്ട സിനിമയുടെ ക്ലൈമാക്‌സിനു പിറകെ കത്രികയുമെടുത്ത് നടക്കാൻ നിർബന്ധിതരാകുന്നു സംവിധായകർ (കമൽ, ഗ്രാമഫോൺ). ഇതിനുനേരെ വിപരീതകാഴ്‌ചയാണ് മലയാളി എന്നും പുച്ഛത്തോടെ വീക്ഷിച്ചിരുന്ന തമിഴ് സിനിമയിലേക്ക് നോക്കിയാൽ കാണാൻ കഴിയുന്നത്. തമിഴിൽ പ്രമേയത്തിലും ആവിഷ്‌ക്കാരത്തിലും പരീക്ഷണങ്ങൾക്ക് മുതിരാൻ പുതുസംവിധായകരും, എഴുത്തുകാരും തയ്യാറാവുന്നു. ബാല(നന്ദ), തങ്കർബച്ചൻ (അഴകി), ശെൽവരാഘവൻ (കാതൽകൊണ്ടേൻ), ഗൗതം (കാക്കകാക്ക) തുടങ്ങിയ സംവിധായകരുടെ സംരംഭങ്ങൾ മലയാളിയെ കൊതിപ്പിക്കുന്ന തരത്തിലുളളതാണ്. മലയാളത്തിൽ അരങ്ങേറുന്ന പുതുസംവിധായകർക്കും, എഴുത്തുകാർക്കും തങ്ങളുടെ മുൻഗാമികൾ പറഞ്ഞതുതന്നെ പിന്നെയും ആവർത്തിക്കാനല്ലാതെ പുതുതായി ഒരടിപോലും മുന്നോട്ട് ചിന്തിക്കാൻ കഴിയുന്നില്ല എന്നത് വേദനാജനകമാണ്. ഈ ഓണത്തിന് പുറത്തിറങ്ങിയ ബാലേട്ടൻ മലയാള സിനിമയുടെ ഇന്നത്തെ പ്രവണതകൾക്കുനേരെ കൈചൂണ്ടുന്ന, ആവർത്തനങ്ങളുടെ പുതിയ പതിപ്പ് മാത്രമാണ്.
ടി.എ.ഷാഹിദ് തിരക്കഥ തയ്യാറാക്കി; വി.എൻ.വിനു സംവിധാനം ചെയ്ത ‘ബാലേട്ടൻ’ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ജനകീയനായ ഒരു ബാങ്ക് ക്ലർക്കിന്റെ കഥ പറയാൻ ശ്രമിക്കുന്നു. ഗോളാന്തരവാർത്ത, സായ്‌വർതിരുമേനി എന്നീ സിനിമകളെ ആശയപരമായി പിൻപറ്റുന്ന ഈ സിനിമ ആവിഷ്‌ക്കാരത്തിലോ, കഥാപാത്രങ്ങളുടെ സൃഷ്‌ടിയിലോ സ്വന്തം നിലപാട് വ്യക്തമാക്കുന്നില്ല. ഉത്സവക്കാഴ്‌ചപോലെ പുറത്തിറങ്ങുന്ന സിനിമകളുടെ ഗണത്തിൽനിന്ന് ഒരിഞ്ചുപോലും വിത്യാസപ്പെടുന്നില്ല ബാലേട്ടനും. മോഹൻലാലിനെ പഴയ ഇമേജിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന തുമ്പിൽ പിടിച്ച് ഉണ്ടാക്കിയതാണ് പൂർണ്ണമായും ബാലേട്ടന്റെ തിരക്കഥ. അതുകൊണ്ടുതന്നെ നടന്റെ വേഷപ്പകർച്ചയ്‌ക്ക് അപ്പുറത്തേക്ക് ഒരിക്കലും സിനിമ വളരുന്നില്ല. മോഹൻലാലിന്റെ സൗമ്യവും, ദീപ്തവുമായ ഭാവങ്ങളെ പുറത്തെടുക്കണം എന്ന ഉദ്ദേശത്തിൽ എഴുതിച്ചേർത്ത കഥാസന്ദർഭങ്ങൾക്കോ, സംഭാഷണങ്ങൾക്കോ വേണ്ടത്ര ശക്തിപോരാ. നായകനെ പരിചയപ്പെടുത്തൽ, പാട്ട്, വില്ലന്റെ കടന്നുവരവ്, നായകന്റെ പ്രതിസന്ധി, ഒടുവിൽ എല്ലാവരേയും വിളിച്ചു ചേർത്ത് ഒരു ക്ലൈമാക്‌സ്… എന്നിങ്ങനെ ചേരുംപടി ചേർക്കുന്ന തരത്തിലാണ് വി.എം.വിനു കഥ അവതരിപ്പിക്കുന്നത്. ഇതിനിടയ്‌ക്ക് കലാകാരന്റെ സർഗ്ഗാത്മകതയ്‌ക്ക് യാതൊരു സ്ഥാനവുമില്ല. ഗ്രാമത്തിലൂടെ ഒരു കൂട്ടയോട്ടം സംഘടിപ്പിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. (സാധാരണ ഇത്തരം കൂട്ടയോട്ടങ്ങൾ ക്ലൈമാക്‌സിലാണ് ഉണ്ടാകുക) അതുകൊണ്ടുതന്നെ ഗ്രാമദൃശ്യങ്ങൾ പകർത്താൻ ആനന്ദക്കുട്ടന്റെ ക്യാമറയ്‌ക്ക് അവസരമൊരുക്കുന്നു.
ജനകീയനാണ് ബാലേട്ടൻ (മോഹൻലാൽ). നാട്ടിലെ ഏത് പ്രശ്‌നങ്ങൾക്കും ബാലേട്ടന്റെ സജീവ സാന്നിദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങൾ അവസാനിച്ച നേരമില്ല ബാലേട്ടന്. അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ എന്ന അയാൾ നാട്ടിലും വീട്ടിലും എല്ലാം ബാലേട്ടനാണ്. റിട്ടയേർഡ് പോസ്‌റ്റുമാസ്‌റ്റർ ശങ്കരമേനോന്റെ (നെടുമുടി വേണു) മൂത്തമകനാണ് ബാലചന്ദ്രൻ. മകന്റെ എല്ലാ പ്രവൃത്തികൾക്കും മനസ്സുകൊണ്ട് കൂട്ടുനിൽക്കുന്ന അച്ഛന് പലപ്പോഴും അയാളുണ്ടാക്കുന്ന ചില പ്രശ്‌നങ്ങൾ തലവേദനയുണ്ടാക്കാറുണ്ട്. അതുതന്നെയാണ് ബാലേട്ടൻ എന്ന കഥാപാത്രത്തിന്റെ പോരായ്മയും. ‘ബാലേട്ടൻ’ എന്ന പേരിൽ വിസിറ്റിംഗ് കാർഡ് അടിച്ച് വിതരണം ചെയ്യുന്ന അയാളുടെ ഒരു പ്രവൃത്തിയും പക്വതയോടെയല്ല ചിത്രീകരിച്ചിരിക്കുന്നത്. ബാലേട്ടൻ ചെക്കുകേസിൽപ്പെട്ട് ജയിലിൽ പോകുമ്പോഴും, ആത്മസംഘർഷങ്ങളിൽപ്പെട്ട് വീടുവിട്ട് പോകുമ്പോഴും അയാളുടെ വേദന പ്രേക്ഷകരിലേക്ക് സംക്രമിക്കാത്തത് അതുകൊണ്ടാണ്. പ്രശ്‌നങ്ങളിലേക്ക് ചെന്ന് തലവെച്ചുകൊടുക്കുകയാണ് ബാലേട്ടൻ ചെയ്യുന്നത്. അല്ലാതെ പ്രശ്‌നങ്ങളെ സമചിത്തതയോടെ നേരിടുകയല്ല. ബാലേട്ടൻ ഗുണ്ടകളോട് ഏറ്റുമുട്ടുമ്പോൾ ഗ്രാമവീഥിയിൽ ഒരു പ്രതികരണവുമില്ലാതെ നോക്കിനിൽക്കുന്ന ജനങ്ങളുടെ ചിത്രീകരണം സംവിധായകന്റെ പോരായ്‌മയാണ് കാണിക്കുന്നത്. ബാലേട്ടന്റെ അനിയൻ സുധി(സുധീഷ്)യുടെ പാത്രസൃഷ്‌ടിയിലും ഉണ്ട് ഈ പക്വതയില്ലായ്‌മ. ഏട്ടന്റെ കാരുണ്യത്തിലാണ് അനുജൻ ടൗണിൽ വീഡിയോ ഷോപ്പ് നടത്തുന്നതും മറ്റും. പക്ഷേ, ബാലേട്ടന്റെ കുറ്റങ്ങൾ കണ്ടുപിടിക്കാനും, അയാളെ തരം താഴ്‌ത്താനുമാണ് ഇയാൾ പലപ്പോഴും ശ്രമിക്കുന്നത്.
ചിത്രത്തിലെ സ്‌ത്രീ കഥാപാത്രങ്ങളിൽ മനസ്സിൽ തട്ടിനിൽക്കുന്നത് ബാലേട്ടന്റെ അമ്മയാണ് (സുധ). ഭർത്താവിന് മറ്റൊരു ഭാര്യയും മക്കളും ഉണ്ടെന്ന് അറിയുമ്പോഴും അവർ പ്രതികരിക്കുന്നത് സ്വാഭാവികതയോടെയാണ്. എന്നാൽ നേരെ മറിച്ചാണ് ബാലേട്ടന്റെ ഭാര്യ (ദേവയാനി). തന്റെ ഭർത്താവിന്റെ കൂടെ ഒരു പെണ്ണിനെ കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ നിങ്ങൾ ഒരുമിച്ചു ജീവിച്ചോ ഞാൻ പിൻമാറാം എന്നുപറഞ്ഞ് പടിയിറങ്ങുകയാണ് അവർ. ഇത്തരം സ്‌ത്രീകഥാപാത്രങ്ങൾക്ക് സിനിമയുടെ ചരിത്രത്തോളം പഴക്കമുണ്ട്. സിനിമയിൽ പ്രദർശന വസ്‌തുവാകുക എന്ന ദൗത്യത്തിൽ നിന്ന് ബാലേട്ടനിലെ സ്‌ത്രീകഥാപാത്രങ്ങൾക്കും മോചനമില്ല. ജഗതിയേയും, ഹരിശ്രീ അശോകനേയും ഒഴിച്ചുനിർത്തികൊണ്ട് ഒരു ചിത്രം സങ്കല്പിക്കാൻ ഇന്നത്തെ കച്ചവട സിനിമാക്കാർക്ക് കഴിയാത്തതുകൊണ്ട് അവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജഗതിയും ഹരിശ്രീ അശോകനും പങ്കെടുക്കുന്ന കോമഡിരംഗങ്ങൾ അറുവഷളത്തങ്ങളാണെന്ന് പറയാതെ വയ്യ. കുറെക്കാലത്തിനുശേഷം മോഹൻലാലിന്റെ മസിൽ പിടുത്തമില്ലാത്ത, സ്വാഭാവികമായ അഭിനയം ആസ്വദിക്കാൻ കഴിഞ്ഞു എന്നത് ബാലേട്ടന്റെ പ്രത്യേകതയാണ്. അച്ഛന്റെ മരണം അമ്മയേയും മറ്റും അറിയിക്കുന്ന ഒറ്റസീൻ മതി ലാലിന്റെ അഭിനയത്തിന്റെ ആഴം അളക്കാൻ. ഭദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച റിയാസ് പ്രത്യേക പരാമർശം അർഹിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി രചിച്ച് ജയചന്ദ്രൻ സംഗീതം നൽകി രഞ്ചൻ എബ്രഹാം എഡിറ്റു ചെയ്‌ത ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നവ തന്നെ.
Generated from archived content: oct8_cinema.html Author: jijesh_kallumutti