മഴത്തുളളികൾക്ക് കിലുക്കമുണ്ടോ എന്നറിയില്ല. ശാരദ ഫിലിംസിന്റെ ബാനറിൽ രവി കൊട്ടാരക്കര നിർമ്മിച്ച്, ഗുരുവിന്റെ മഹത്വം ശിഷ്യൻമാരിലൂടെ എന്ന പരസ്യവാചകവുമായി ഇറങ്ങിയ മഴത്തുളളിക്കിലുക്കത്തിലൂടെ മുഖ്യധാര സിനിമയ്‌ക്ക് കമലിന്റെ സംഭാവനയായി അക്‌ബർ ജോസ് എന്ന ഇരട്ട സംവിധായകരെ ലഭിക്കുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ശൂന്യമായ മനസ്സുമായി തിയറ്റർ വിടാൻ നിർബന്ധിതരാവുന്ന പ്രേക്ഷകർക്ക് മഴത്തുളളിക്കിലുക്കം ഒരു ഇടക്കാല ആശ്വാസമാകുന്നു.
അനുഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമായിരിക്കണം സിനിമ. ശൈലേഷ് ദിവാകരന്റെ കഥയ്‌ക്ക് ഹൃദ്യമായ ഒരു അനുഭവതലമുണ്ട്. കുടകിലെ ‘സ്വർഗ്ഗം’ എന്ന് പേരിട്ട് വിളിക്കുന്ന വലിയ വീട്ടിൽ ജീവിതത്തിന്റെ വർണ്ണങ്ങളും നാദങ്ങളും മറന്ന് ശ്വാസംമുട്ടികഴിയുന്ന, മനസ്സിൽ നഷ്‌ടമായ പ്രണയവും, താരാട്ടും സൂക്ഷിക്കുന്ന അവിവാഹിതരായ അന്ന ടീച്ചറുടേയും (ശാരദ) ആലീസ് ടീച്ചറുടേയും (ഭാരതി) ഏകാന്തതയിലേക്കാണ് ജീവിതത്തിന്റെ തിക്താനുഭവങ്ങളിൽപ്പെട്ട് നട്ടംതിരിയുന്ന സോളമനും (ദിലീപ്) സോഫിയയും എത്തുന്നത്. സ്വർഗ്ഗത്തിലെ അമ്മമാർക്ക് അവരുടെ വരവ് വരണ്ടമണ്ണിൽ വീണ ആദ്യത്തെ മഴത്തുളളിപോലെയായിരുന്നു. കളിയും,ചിരിയുമായി സോളമൻ അമ്മമാരുടെ വരണ്ടുണങ്ങിയ ജീവിതത്തിന്റെ സായാഹ്നങ്ങളിൽ സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടെയും പൂക്കൾ വിതറുന്നു. കോളേജിലെ ഒരു പ്രശ്‌നത്തിൽപ്പെട്ട് ഒരു പത്രസ്ഥാപനത്തിലെ ഫോട്ടോഗ്രാഫറുടെ (ബോബൻ ആലൂമൂടൻ) മരണത്തിനുത്തരവാദിയായതിന്റെ കുറ്റബോധവുമായാണ് സോളമൻ ഇവിടെ എത്തുന്നത്. അമ്മമാരുടെ ഹോംനഴ്‌സുകൂടിയായ സോഫിയയോട് എപ്പോഴോ സോളമന് പ്രണയം തോന്നുന്നു. അതിനിടയ്‌ക്ക് അവനറിയുന്നു. താൻ കാരണം കൊല്ലപ്പെട്ട ഫോട്ടോഗ്രാഫറുടെ പെങ്ങളാണ് സോഫിയ (നവ്യനായർ)യെന്ന്. അവൾ മനസ്സിൽ സൂക്ഷിക്കുന്ന നൊമ്പരം അവളുടെ ഏട്ടന്റെ മരണമാണെന്നും.
സംവിധായകന്റെ പരിമിതികളുടെ പരിധി കൃത്യമായി വെളിപ്പെടുത്തുന്ന ഈ ചിത്രത്തിന്റെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ജീവിതമുഹൂർത്തങ്ങളൊന്നും തന്നെയില്ല. എങ്കിലും, ആസ്വാദകനെ മുഷിപ്പിക്കാതെ കഥപറയുന്ന ആഖ്യാനരീതികൊണ്ടുമാത്രം വ്യത്യസ്തമാവുന്നു. കൊച്ചിൻ ഹനീഫയുടെ മാത്തുകുട്ടിയേയും, സലിംകുമാറിന്റെ മായാണ്ടിയേയും സൃഷ്‌ടിച്ച ജെ. വളളാശ്ശേരിയുടെ തിരക്കഥയിൽ പോരായ്‌മകൾ ഏറെയുണ്ട്. എത്രയോ ചിത്രങ്ങളിൽ നാം കണ്ട് സഹികെട്ട മാത്തുകുട്ടിയേയും, മായാണ്ടിയേയും സംവിധായകർ കയറൂരിവിടുകയും അവർ കാണിക്കുന്ന തറവളിപ്പുകൾ പ്രേക്ഷകർക്ക് അരോചകമായിത്തീരുകയും ചെയ്യുന്നു. ഫോട്ടോഗ്രാഫർ തീകത്തി മരിക്കുന്നതും, ഒരു ചുംബനത്തിലൂടെ നായകന് നായികയോട് പ്രണയം തോന്നുന്നതും തീർത്തും ദുർബലമായ കഥാസൂചനകളാണ്. ഏകാന്തതയിൽ പോയകാലത്തെ നഷ്‌ടസ്മരണകളിൽ മുഖമണയ്‌ക്കുന്ന ആലീസ്-അന്ന ടീച്ചർമാരുടെ വ്യക്തിത്വങ്ങൾ ഒന്നുകൂടി വികസിപ്പിച്ചെടുക്കാമായിരുന്നു.
ആലീസ് ടീച്ചറേയും, അന്ന ടീച്ചറേയും അവതരിപ്പിക്കുന്ന ഉർവ്വശി ശാരദയും, ഭാരതിയും അഭിനയത്തിന്റെ പാഠങ്ങൾ തങ്ങൾ മറന്നിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നു. സോഫിയ ആയിവരുന്ന നവ്യനായരും, സുകുമാരിയുടെ കിക്കിലിചേട്ടത്തിയും, നെടുമുടിയുടെ ഫാദറും സ്ഥിരം ഫോർമുലകളിൽ ചലിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്. കിക്കിലിചേട്ടത്തിയുടെ ഏന്തികൊണ്ടുളള നടത്തം ചിലപ്പോഴൊക്കെ വകതിരിവില്ലാതാവുന്നുണ്ട്. ദിലീപിന് ഇതിലെ സോളമൻ ഒരു വെല്ലുവിളിയൊന്നുമല്ല എങ്കിലും ചില അവസരങ്ങളിൽ മിതമായ ഭാവപ്രകടനങ്ങളിലൂടെ ദിലീപ് സിനിമയിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. ഗാനരംഗങ്ങൾ തിരശ്ശീലയിൽ പ്രത്യക്ഷപ്പെടുമ്പോൾ തൽക്കാലത്തേക്ക് പ്രേക്ഷകർ തിയറ്റർ വിടുന്ന പതിവുണ്ട്. മഴത്തുളളികിലുക്കത്തിലെ ഗാനരംഗങ്ങൾ ഒട്ടും ബോറടിപ്പിക്കാതെ ചിത്രീകരിക്കാൻ കമൽ ശിഷ്യൻമാർക്ക് കഴിഞ്ഞിട്ടുണ്ട്.
മെർക്കാറയുടെ മനോഹരമായ മഞ്ഞിന്റെ അകമ്പടിയുളള പ്രകൃതി സൗന്ദര്യം ഭംഗിയായി പകർത്തിയ പി.സുകുമാറിന്റെ ക്യാമറ മഴത്തുളളിക്കിലുക്കത്തിന്റെ പ്ലസ്സ് പോയിന്റാണ്.
Generated from archived content: mazhathulli.html Author: jijesh_kallumutti