ഒരു ചലച്ചിത്രകാരൻ തന്റെ ചലച്ചിത്രസൃഷ്‌ടിയുമായി പ്രേക്ഷകരെ സമീപിക്കുമ്പോൾ കുറഞ്ഞപക്ഷം ആ ചിത്രം ആസ്വാദകനോട് എത്രത്തോളം സവ്വേദനക്ഷമതയുളളതായിരിക്കണം എന്നതിനെക്കുറിച്ച് ഉൾക്കാഴ്‌ച പുലർത്തിയിരിക്കണം. ഇന്ന് മലയാളസിനിമയിൽ സ്വന്തമായൊരു ചലച്ചിത്രഭാക്ഷയൊരുക്കാൻ കഴിഞ്ഞേക്കാവുന്ന അപൂർവ്വം ചില ചലച്ചിത്രകാരൻമാരിൽ ഒരാളാണ് ജയരാജ്. യഥാസ്ഥിതികത്വത്തിന്റെയും, ബ്രാഹ്‌മണ്യസർവ്വാധിപത്യത്തിന്റെയും വക്താവ് എന്ന ചീത്തപ്പേരു മാത്രമേ അദ്ദേഹത്തിനു ലഭിച്ചിട്ടുളളു. നീലാംബരി പ്രൊഡക്ഷന്റെ ബാനറിൽ മഹേഷ്‌രാജ് നിർമ്മിച്ച് ജയരാജ് സംവിധാനം നിർവഹിച്ച പുതിയ ചിത്രമാണ് കണ്ണകി. തനിക്ക് പതിച്ചുകിട്ടിയ ചീത്തപ്പേരിൽനിന്ന് മുക്തനാകാനോ പുത്തൻ ചലച്ചിത്രഭാഷ്യമൊരുക്കാനോ ജയരാജ് കണ്ണകിയിലൂടെ മെനക്കെടുന്നില്ല.
സംസ്‌കൃതിയുടെ ഭാഗമെന്ന വ്യാജേന കാവുതീണ്ടലും, കളംമായ്‌ക്കലും മറ്റും വലിയ രീതിയിൽതന്നെ അവതരിപ്പിക്കുന്നുണ്ട് കണ്ണകിയിൽ. പക്ഷേ, അവയൊന്നും ഒരു രീതിയിലും പ്രേക്ഷകരുമായി സംവേദിക്കുന്നില്ല. ഷേക്‌സ്പിയറുടെ ആന്റണി ആന്റ് ക്ലിയോപാട്രയുടെ അനുവർത്തനമാണ് ചിത്രമെന്ന് സംവിധായകൻ ആദ്യമേ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. കോഴിപ്പോരിന്റെ വിശാലമായ ദൃശ്യത്തോടെയാണ് കണ്ണകി ആരംഭിക്കുന്നത്. ബദ്ധശത്രുക്കളായ ചോമനും (സിദ്ധിക്) കൗണ്ടറും (മനോജ്.കെ.ജയൻ) അഞ്ചുവർഷങ്ങൾക്കുശേഷം കോഴിപ്പോരിനുവേണ്ടി എത്തുന്നു. ചോമന്റെ കോഴിയെ പരിശീലിപ്പിച്ചത് അവന്റെ വിശ്വസ്തനും, അനുയായിയുമായ മാണിക്യനാണ് (ലാൽ). കോഴിപ്പോരിൽ വിജയിക്കുന്ന മാണിക്യനെ കാണണമെന്ന് ഒറ്റയ്‌ക്കു താമസിക്കുന്ന മന്ത്രവാദിയെന്ന ദുഷ്‌പേരുളള കണ്ണകി ആഗ്രഹിക്കുന്നു. കണ്ണകിയുമായി അടുക്കുന്ന മാണിക്യൻ അവിടെതന്നെ കഴിയാൻ നിർബന്ധിതനാവുന്നു. ചോമൻ തന്റെ പെങ്ങളെ (ഗീതുമോഹൻദാസ്) വിവാഹം കഴിക്കാൻ മാണിക്യനെ നാട്ടുകൂട്ടത്തിന്റെ മുന്നിൽവച്ച് നിർബന്ധിക്കുന്നു. പക്ഷേ, മാണിക്യന് കണ്ണകിയുടെ ആകർഷണവലയത്തിൽ നിന്ന് മുക്തനാവാൻ കഴിയുന്നില്ല.
കോഴിപ്പോരും, ജാക്കിയും, കൗണ്ടറുമൊക്കെയായി കണ്ണകിയിൽ അവതരിപ്പിക്കുന്നവ മലയാളിക്ക് അന്യമായ ജീവിതപരിസരങ്ങളാവുന്നു. ഒറ്റപ്പെട്ടു പോകുമ്പോൾ മന്ത്രവാദിയും, ദുർനടപ്പുകാരിയുമായി സമൂഹം ചിത്രീകരിക്കുന്ന കണ്ണകിയെ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ശക്തമാക്കാമായിരുന്നു. കണ്ണകിയായി നന്ദിതാദാസ് ഭാഷയുടെ വിലക്കുകളില്ലാത്ത അഭിനയം കാഴ്‌ചവെയ്‌ക്കുന്നു. മനോജ്.കെ.ജയന്റെ കൗണ്ടർ ചോമൻ ബോധം കെട്ടുകിടക്കുമ്പോൾ കഥകഴിക്കട്ടെ എന്നു ചോദിക്കുന്ന അനുയായിയോട് ചതി കൗണ്ടറുടെ വഴിയല്ലെന്ന് പറയുകയും, കണ്ണകിയേയും, മാണിക്യനെയും പിരിക്കാൻ ചോമന്റെ പെങ്ങളെക്കൊണ്ട് ചതി ചെയ്യിക്കുന്നതും, മുത്തു എന്ന കഥാപാത്രം മാണിക്യനെ സംശയിക്കുകയും അതുമാറുമ്പോൾ ആത്‌മഹത്യ ചെയ്യുന്നതുമായ രംഗങ്ങൾ കണ്ണകിയെ പ്രേക്ഷകരിൽനിന്ന് അകറ്റിനിർത്തുന്ന ദുർബലവും,, വിരസവുമായ കഥാസന്ദർഭങ്ങളാകുന്നു.
കോഴികൾ പോരു നടത്തുന്നതുപോലെ മാണിക്യന്റെയും, കണ്ണകിയുടേയും കിടപ്പറരംഗങ്ങൾ മികച്ചതായി അവതരിപ്പിക്കുകയും, പ്രേക്ഷകരെ നിശബ്‌ദരാക്കുന്ന ക്ലൈമാക്‌സിലെ ദുരന്തം ഭംഗിയായി ചിത്രീകരിക്കുകയും ചെയ്‌ത സംവിധായകൻ പക്ഷേ, ക്ലൈമാക്‌സിലേക്ക് നയിക്കുന്ന ഘടകങ്ങളിലേക്കു വരുമ്പോൾ തന്റെതന്നെ ചിത്രമായ കളിയാട്ടത്തിലെ സീനുകളെ പിൻപറ്റുന്നത് അരോചകമാകുന്നുണ്ട്. സജീവ് കിളികുലത്തിന്റെ തിരക്കഥയ്‌ക്ക് ആദ്യമായി തിരക്കഥയൊരുക്കുന്ന ഒരാളുടെ ബാലാരിഷ്‌ടതകളെല്ലാമുണ്ട്. ചോമനെ അവതരിപ്പിച്ച സിദ്ധിക്കിന്റെ അഭിനയം എടുത്തുപറയേണ്ടതാണ്. ചോമന്റെ ഭാവങ്ങൾ ഉൾകൊണ്ട് അഭിനയത്തിന്റെ മികച്ച മാതൃകകൾ സിദ്ധിക്ക് പ്രേക്ഷകരുമായി പങ്കുവെയ്‌ക്കുന്നു. എ.ജെ.രാധാകൃഷ്‌ണന്റെ ദൃശ്യവിന്യാസങ്ങളും, കൈതപ്രം രചന നിർവഹിച്ച് കൈതപ്രം വിശ്വനാഥ് സംഗീതം നൽകിയ മനസ്സിൽ തങ്ങിനിൽക്കുന്ന നാലുഗാനങ്ങളും കണ്ണകിയെ ശ്രദ്ധേയമാക്കുന്നു. അതുകൊണ്ടുതന്നെ ഒരു സിനിമകണ്ടു എന്ന തൃപ്‌തി പ്രേക്ഷകർക്ക് അനുഭവപ്പെട്ടേക്കാം.
Generated from archived content: kannaki.html Author: jijesh_kallumutti