അതിജീവനത്തിന്റെ കഥകളുമായി സമകാലിക ഇറാൻ സിനിമ

ഏഴാമത്‌ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന്‌ കൊടിയിറങ്ങുമ്പോൾ മുൻവർഷങ്ങളിലേതുപോലെ വിവാദങ്ങളും, പരാതികളും, പരിഭവങ്ങളും ബാക്കിയാവുന്നു. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച്‌ തീർത്തും പരിമിതമായിരുന്ന ചലച്ചിത്രമേളയിൽ പ്രേക്ഷകസമൂഹത്തിന്റെ സംവേദനക്ഷമതയിൽ സ്‌ഫോടനാത്മകമായ പരിവർത്തനങ്ങൾ സൃഷ്‌ടിക്കാൻ പര്യാപ്തമായ ഒറ്റചിത്രം പോലും പ്രദർശിപ്പിച്ചില്ല എന്നത്‌ നിരാശാജനകമാണ്‌. വേൾഡ്‌ സിനിമാവിഭാഗത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളും മാർത്താമെസൂറസിന്റെയും, സനുസിയുടെയും, മത്സരവിഭാഗത്തിലെ ചില ചിത്രങ്ങളും ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ ശൂന്യമായ ചലച്ചിത്രോൽസവത്തിൽ, ദുരിതങ്ങൾക്കും, ദുരന്തങ്ങൾക്കും, ഇല്ലായ്‌മകൾക്കുമിടയിൽ നിന്ന്‌ നല്ല സിനിമ കാണാനെത്തിയ ചലച്ചിത്ര പ്രേമികൾക്ക്‌, മനുഷ്യാവസ്ഥയുടെ തീക്ഷ്‌ണമായ സമകാലിക യാഥാർത്ഥ്യങ്ങളിലേയ്‌ക്ക്‌ ഉൾക്കാഴ്‌ച പകർന്നു നൽകുന്ന ഇറാനിയൻ ചലച്ചിത്രങ്ങൾ ഒരു ഇടക്കാല ആശ്വാസമാകുകയാണ്‌.

ബറാൻ എന്ന ഇറാൻ ചിത്രവുമായി തുടങ്ങിയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച മറ്റ്‌ ഇറാൻ ചിത്രങ്ങൾ എ ടൈം ഫോർ ഡ്രാഗൺ ഹോർസസ്‌ (ബഗ്‌മാൻ ഗോബാട്ടി), ദ ഡേ ഐ ബിക്കമേ വുമൺ (വെഷ്‌ക്കിനി), ദ സർക്കിൾ (ജാഫർ വനാഞ്ചി) ഓയിൽ ചിൽഡ്രൻ (ജിയോവാനി) എന്നിവയാണ്‌. ലോക ക്ലാസിക്കുകളിലെ ഭാവുകത്വങ്ങൾക്ക്‌ പിടികൊടുക്കാതെ ലളിതമായ ആഖ്യാന ഘടന ഉൾകൊളളുന്ന, അതിർത്തിക്കപ്പുറത്തേക്ക്‌ അഭയംതേടി നീങ്ങുന്നവരുടെ, അടിച്ചമർത്തപ്പെടുന്ന സ്‌ത്രീത്വത്തിന്റെ തീരാവേദനകളുടെ അതിജീവനത്തിന്റെ കഥകൾ പറയുന്ന ഇറാനിയൻ ചലച്ചിത്രങ്ങൾ വേറിട്ട കാഴ്‌ചാനുഭവം നൽകുന്നു.

ബറാൻ

മക്‌മൽബഫിന്റെ ചിത്രങ്ങളിലെ നടനെന്ന നിലയിലും, കളർ ഓഫ്‌ പാരഡൈസ്‌ (1999), ദ ചിൽഡ്രൻ ഓഫ്‌ ഹെവൻ (1999) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മജീദ്‌ മജീദിയുടെ ഏറ്റവും പുതിയ ചിത്രമാണ്‌ ബറാൻ. വികാരതീവ്രമായ പ്രണയകഥയിലൂടെ രാഷ്‌ട്രീയവും, സാമൂഹികവുമായ ദൗത്യം നിറവേറ്റുന്ന ബറാൻ മജീദിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്‌. ഇറാനിലെ ഒരു കെട്ടിട നിർമ്മാണകേന്ദ്രത്തിലെ തൊഴിലാളികൾക്ക്‌ ഭക്ഷണം വിളമ്പുന്ന സീനോടു കൂടിയാണ്‌ ബറാൻ തുടങ്ങുന്നത്‌. കിഴക്കൻ ഇറാനിലെ ഒരു നഗരത്തിൽ കെട്ടിടനിർമ്മാണജോലികൾ പുരോഗമിക്കുന്ന ഒരു സ്ഥലമാണ്‌ കഥാപശ്ചാത്തലം. ഇഷ്‌ടികകളും കോൺക്രീറ്റ്‌ കരിങ്കൽ ചീളുകളും നിറഞ്ഞ കെട്ടിട നിർമ്മാണ സ്ഥലത്ത്‌ ഇത്രയേറെ സിനിമാറ്റിക്‌ ഇഫ്‌ക്‌റ്റുകൾ നിറഞ്ഞു നിൽക്കുന്നുണ്ടെന്ന്‌ മജീദി നമുക്ക്‌ കാണിച്ചു തരുന്നു.

ബറാൻ ഒരു പ്രണയ ചിത്രമാണെന്ന്‌ സംവിധായകൻ നമ്മോടു പറയുന്നു. പക്ഷേ, ഏതൊരു രാഷ്‌ട്രീയ ചിത്രത്തെക്കാളും വ്യക്തതയോടെ സമകാലിക ഇറാനിന്റെ സാമൂഹിക പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നുണ്ട്‌ ഇതിൽ. 1979-ലെ സോവിയറ്റ്‌ അധിനിവേശത്തിനുശേഷം അഫ്‌ഗാനിൽനിന്ന്‌ പലായനം ചെയ്യേണ്ടിവന്ന അഭയാർത്ഥികളുടെ ദൈന്യം കടുംനിറത്തിൽ തന്നെ ആവിഷ്‌ക്കരിക്കുന്നുണ്ട്‌ ബറാൻ. താലിബാൻ ഭരണകൂടത്തിന്റെ കൊടുംപാപങ്ങളുടെ വ്രണം പേറുന്ന, ഒരു രജിസ്‌റ്ററിലും പേരില്ലാത്ത ലക്ഷക്കണക്കിന്‌ അഭയാർത്ഥികളുണ്ട്‌. അത്തരമൊരു കുടുംബത്തിന്റെ കഥയാണ്‌ ബറാൻ. നജാഫ്‌ എന്നൊരു കെട്ടിടതൊഴിലാളി പരിക്കേറ്റ്‌ കിടപ്പിലാവുന്നു. ആലംബമറ്റുപോയ നജാഫിന്റെ കുടുംബത്തിന്റെ പട്ടിണിയകറ്റാൻ അയാളുടെ മകൾ ആ സൈറ്റിൽ പണിക്കു പോകുകയാണ്‌. ആൺവേഷം കെട്ടി പണിയെടുക്കുന്ന അവൾ പലപ്പോഴും ഭാരമുളള ചുമടുകൾ എടുക്കുമ്പോൾ അടിപതറിപോകുന്നു. അഫ്‌ഗാൻ അഭയാർത്ഥികളോട്‌ ദീനാനുകമ്പ പ്രകടിപ്പിക്കുന്ന സൈറ്റ്‌ മാനേജർ മേമർ അവൾക്ക്‌ കുറച്ചുകൂടി നല്ലൊരു ജോലി, അടുക്കളപ്പണി നൽകുന്നു. അടുക്കളജോലികൾ ചെയ്‌തിരുന്ന ലത്തീഫ്‌ സൈറ്റിൽ സിമന്റ്‌ ചാക്കുകൾ ചുമക്കേണ്ടി വരുന്നു. തനിക്ക്‌ ഭാരമുളള ജോലി ഏൽപ്പിക്കുവാൻ കാരണമായ റഹ്‌മത്തിനോട്‌ അവന്‌ പക തോന്നുന്നു. പക്ഷേ, അവൾ പെണ്ണാണ്‌ എന്നറിയുന്ന നിമിഷം അവന്റെ കൗമാര മനസ്സിൽ അവളോട്‌ പ്രണയം തോന്നുന്നു. അനധികൃതതൊഴിലാളികൾ പണിയെടുക്കുന്നത്‌ അറിയാൻ ഇൻസ്പെക്‌ടർമാർ സൈറ്റിൽ മിന്നൽ പരിശോധന നടത്താറുണ്ട്‌. അങ്ങനെയൊരു പരിശോധനയിൽ റഹ്‌മത്തിന്‌ ജോലി നഷ്‌ടമാവുന്നു. ലത്തീഫ്‌ തന്റെ സമ്പാദ്യങ്ങൾ കൊണ്ട്‌ അവളുടെ കുടുംബത്തെ സഹായിക്കാൻ ശ്രമിക്കുന്നു. പക്ഷേ, അവന്റെ ശ്രമങ്ങൾ ഒന്നുംതന്നെ വിജയിക്കുന്നില്ല. അവസാനം അഫ്‌ഗാനിലേക്ക്‌ മടങ്ങിപ്പോകുന്ന റഹ്‌മത്തും കുടുംബവും കയറിയ വണ്ടി അകന്നു പോകുമ്പോൾ നോക്കി നിൽക്കുന്ന ലത്തീഫിന്റെ ദേഹത്തേക്ക്‌ മഴ ഒരു സാന്ത്വനമായി പെയ്യുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു.

എ ടൈം ഫോർ ഡ്രാഗൺ ഹോർസസ്‌

ജീവിത സമരങ്ങളുടെ കഥ തീവ്രമായി അവതരിപ്പിക്കുകയാണ്‌ ഈ ചിത്രത്തിൽ. അതിജീവനത്തിനായുളള പ്രതിരോധ പ്രേരണകളും സഹനസമരങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമേയം തീർത്തും വ്യത്യസ്തമാണ്‌. നാഗരിക സമൂഹത്തിന്റെ ഭദ്രതയ്‌ക്കും സന്തുലനത്തിനുംവേണ്ടി പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന്‌ ഓരങ്ങളിലേക്ക്‌ ഒതുക്കി നിർത്തപ്പെടുന്ന, പ്രാന്തവൽക്കരിക്കപ്പെടുന്നവരുടെ സഹനങ്ങൾക്ക്‌ ചെവിയോർക്കുകയാണ്‌ എ ടൈം ഫോർ ഡ്രാഗൺ ഹോർസസിലൂടെ സംവിധായകൻ ബഗ്‌മാൻ ഗോബാടി ചെയ്യുന്നത്‌. കഴിഞ്ഞ ഇരുപതുവർഷങ്ങളായി അമേരിക്കൻ മാദ്ധ്യമങ്ങൾ ചിത്രീകരിച്ച ഇറാൻ എന്ന ഇരുണ്ട രാഷ്‌ട്രവും യഥാർത്ഥ്യവും തമ്മിൽ എത്ര അകലമുണ്ടെന്ന്‌ ഒരു ന്യൂനപക്ഷമെങ്കിലും തിരിച്ചറിഞ്ഞത്‌ ഇത്തരം ഇറാനിയൻ ചലച്ചിത്രങ്ങളിലൂടെയായിരുന്നു.

ഇറാനിനടുത്തുളള കുർദിഷ്‌ ബോർഡറിലാണ്‌ കഥ നടക്കുന്നത്‌. തന്റെ സഹോദരങ്ങളുടെ സന്തോഷത്തിനും അവരുടെ ചെലവിനുളള വക കണ്ടെത്തുന്നതിനും വേണ്ടി അയൂബ്‌ എന്ന ബാലൻ നടത്തുന്ന സമരങ്ങളാണ്‌ കഥയെ നയിക്കുന്നത്‌. മൂന്നു വയസ്സുമാത്രം പ്രായമുളള വികലാംഗനായ ഇളയ സഹോദരൻ മോഡി ഇനി കുറച്ചു മാസങ്ങൾ കൂടിയേ ജീവിക്കുവെന്ന്‌ ഡോക്‌ടർ അവനോട്‌ പറയുന്നു. ഒരു ഓപ്പറേഷൻ നടത്തിയാൽ ചിലപ്പോൾ കുറച്ചുകാലംകൂടി അവൻ ജീവിക്കാം. അയൂബ്‌ അതിനുളള പണം സ്വരൂപിക്കാനായി ഇറാക്ക്‌ ബോർഡറിലേക്ക്‌ സാധനങ്ങൾ കടത്തുന്ന സംഘത്തിലെ പണിക്കാരനാവുന്നു. മഞ്ഞുമൂടിയ വലിയ മലയിലൂടെ രാപകൽ നടന്നാലെ അവിടെ ചെന്നെത്തുകയുളളു. ഒരു ബാലനാണ്‌ എന്നകാര്യം വിസ്‌മരിച്ചുകൊണ്ട്‌ ഒരു ഒത്ത പുരുഷനെപോലെ അവൻ അദ്ധ്വാനിക്കുന്നു. അയൂബിന്റെ മൂത്ത സഹോദരിയെ, മോഡിയുടെ ഓപ്പറേഷനുളള പണം തരാം എന്ന കരാറിൽ അവന്റെ അമ്മാവൻ ഒരു ഇറാക്കിക്ക്‌ വിവാഹം കഴിച്ചു കൊടുക്കുന്നു. പക്ഷേ, അവളുടെ മദർ ഇൻ-ലോ അതിൽനിന്ന്‌ പിൻമാറുന്നു. ഒടുവിൽ ഒരു കഴുതപ്പുറത്ത്‌ ഭാരിച്ച സാധനങ്ങളും, ചുമലിൽ മോഡിയേയുംപേറി അയൂബ്‌ സ്വന്തം ഉത്തരവാദിത്ത്വത്തിൽ മോഡിയുടെ ഓപ്പറേഷനുളള പണം സ്വരൂപിക്കാൻ വേണ്ടി സാധനം കടത്താൻ ഏൽക്കുന്നു. വഴിയിൽ ചെക്കിങ്ങ്‌ ഫോഴ്‌സിനെ പേടിച്ച്‌ ഓടുന്നതിനിടയിൽ അവന്റെ കഴുത വീണുപോകുന്നു. എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച്‌ ബോർഡർ കടക്കുന്ന അയൂബിന്റെ ലോംങ്ങ്‌ ഷോട്ടിൽ ചിത്രം അവസാനിക്കുന്നു.

ദ ഡേ ഐ ബിക്കമേ വുമൺ

സമകാലിക ഇറാനിൽ നിയമങ്ങളും, നിയന്ത്രണങ്ങളും വഴി സ്‌ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ജീവിതത്തിന്റെ കടും നിറത്തിലുളള അടയാളങ്ങളായി അവതരിപ്പിക്കുകയാണ്‌ ഈ ചിത്രത്തിൽ. മൂന്നു ഭാഗങ്ങളിലായി മൂന്നു സ്‌ത്രീകളിലൂടെ ഇറാനിയൻ സമൂഹത്തിലെ സ്‌ത്രീയെ അടത്തറിയാൻ ശ്രമിക്കുകയാണ്‌ സ്‌ത്രീ കൂടിയായ സംവിധായിക മാർസിയാക്‌ മെഷ്‌കിനി.

ഒൻപതു വയസ്സു മാത്രം പ്രായമായ ഒരു പെൺകുട്ടിയോട്‌ അവളുടെ അമ്മയും അമ്മൂമ്മയും പറയുന്നു. നീ ഇന്നുമുതൽ ഒരു സ്‌ത്രീയാണ്‌. അതുകൊണ്ടുതന്നെ ആൺകുട്ടികൾക്കൊപ്പം കളിക്കാൻ പാടില്ല. പക്ഷേ, അവളുടെ തർക്കത്തിനു വഴങ്ങി 9 വയസ്സാകാൻ ഒന്നര മണിക്കൂർ കൂടി ബാക്കിയുണ്ടെന്ന്‌ അവർ സമ്മതിക്കുന്നു. ആ ഒന്നര മണിക്കൂർ തന്റെ സുഹൃത്തിനൊപ്പം ചെലവഴിക്കാൻ അവളെ അനുവദിക്കുന്നു. അനുവദിക്കപ്പെട്ട സമയം തീരുന്നതറിയാൻ അവളുടെ കൈയ്യിൽ ഒരു വടിയും അത്‌ സൂര്യനുനേരെ കുഴിച്ചിട്ട്‌ സമയം അറിയാനുളള വഴിയും അമ്മൂമ്മ പറഞ്ഞു കൊടുക്കുന്നു. പിന്നെ അവൾ ഓരോ നിമിഷവും ചെലവഴിക്കുന്നത്‌ ആ വടി സൂര്യനുനേരെ കുഴിച്ചിട്ട്‌ ഓരോ ഇഞ്ച്‌ സമയവും അളന്നു കൊണ്ടാണ്‌. അടുത്ത ഭാഗത്ത്‌ ഒരു സ്‌ത്രീ സൈക്കിൾ സവാരി നടത്തുകയാണ്‌. അവളുടെ ഭർത്താവ്‌ അതിൽനിന്ന്‌ അവളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു കുതിരപ്പുറത്ത്‌ വന്നുകൊണ്ടാണ്‌ അയാൾ അവളെ തടയുന്നത്‌. അയാളുടെ ആഗ്രഹങ്ങൾക്ക്‌ എതിരാണ്‌ സൈക്കിൾ സവാരി. അവൾ ആ ജല്പനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നു. പക്ഷേ, അയാൾ കൂടുതൽ ബന്ധുക്കളെ കൂട്ടികൊണ്ടുവന്ന്‌ അവളുടെ മാർഗ്ഗം മുടക്കുന്നു. മൂന്നാമത്തെ കഥയിൽ ഒരു പ്രായമായ സ്‌ത്രീ വിമാനത്തിൽ വന്നിറങ്ങുന്നു. ധനികയായ നടക്കാൻപോലും കഴിയാത്ത അവർ കൂറെ ജോലിക്കാരായ കുട്ടികളെയും കൂട്ടി ഷോപ്പിംങ്ങ്‌ നടത്തുകയാണ്‌. ഒരു വീട്ടിൽ ആവശ്യമായ എല്ലാ സാധനങ്ങളും അവർ വാങ്ങികൂട്ടുന്നു. വാങ്ങേണ്ടുന്ന സാധനങ്ങളുടെ ലിസ്‌റ്റ്‌ അവർ തന്റെ കൈവിരലുകളിൽ ഓരോ കെട്ടായാണ്‌ സൂക്ഷിക്കുന്നത്‌. അവസാനം ഒരു കെട്ട്‌ ബാക്കിയാവുന്നു. എത്ര ഓർത്തിട്ടും അത്‌ എന്താണെന്ന്‌ അവർക്ക്‌ മനസ്സിലാവുന്നില്ല. അവസാനം എല്ലാ സാധനങ്ങളും കെട്ടി ചങ്ങാടത്തിൽ വച്ച്‌ കപ്പൽകയറാൻ അവർ പുറംകടലിലേക്ക്‌ പോകുന്നത്‌ ആദ്യത്തെ പെൺകുട്ടി നോക്കി നിൽക്കുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു.

സ്വത്വ പ്രതിസന്ധി നേരിടുന്ന സ്‌ത്രീ മനസ്സുകളുടെ ആത്മാന്വേഷണങ്ങളാണ്‌ ‘ദ ഡേ ഐ ബിക്കമേ വുമൺ’. ആദ്യം ജീവിതം എന്തെന്നറിയാൻ തുടങ്ങുന്നതിനുമുമ്പ്‌ മതത്തിന്റെ, സംസ്‌ക്കാരത്തിന്റെ നേർത്ത നൂലിഴകൊണ്ട്‌ കെട്ടപ്പെടുകയും സൈക്കിൾ സവാരി നടത്തുമ്പോൾ പുരുഷാധിപത്യത്തിന്റെ, ബന്ധങ്ങളുടെ പാശം തിരിച്ചു വിളിക്കുന്നതും, പിന്നീട്‌ എല്ലാ സൗഭാഗ്യങ്ങളും കൈയ്യിൽ വരുകയും, ബന്ധങ്ങളെല്ലാം ശിഥിലമാവുകയും ചെയ്യുമ്പോൾ അതൊന്നും അനുഭവിക്കാൻ യോഗമില്ലാതാവുകയും ചെയ്യുന്നു. സ്‌ത്രീ മനസ്സുകളുടെ ദുരൂഹ സമസ്യകൾക്ക്‌ ഉത്തരം തേടുകയാണ്‌ മാർഷിയാക്‌ മെഷ്‌കിനി.

Generated from archived content: iran.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English