കൃഷ്‌ണാ ഗോപാൽകൃഷ്ണാ

വ്യവസായ കമ്പോളശക്‌തികളുടെ ചലച്ചിത്ര കാഴ്‌ചപ്പാട്‌ ഭൂരിപക്ഷ സിനിമയെ നിയന്ത്രിക്കുമ്പോഴും, അതിമാനുഷികമായ ഇന്ദ്രജാലത്തിന്റെ പ്രമേയപരവും സങ്കേതികപരവുമായ കർമ്മശീലത്തിൽനിന്ന്‌ സിനിമയെ വിടർത്തിയെടുക്കാനുളള ശ്രമങ്ങൾക്ക്‌ മിഴിവ്‌ വർദ്ധിക്കുന്നു. പ്രണയത്തിന്റെ നനുത്ത സ്പർശവുമായി സാമാന്യ പ്രേക്ഷകനെ തൊട്ടുണർത്തിയ മേഘമൽഹാർ (കമൽ) എംടിയുടെ തിരക്കഥയിൽ ഒരുങ്ങിയ തീർത്ഥാടനം (കണ്ണൻ) തുടങ്ങിയ ചലച്ചിത്ര സംരംഭങ്ങൾ ഉദാഹരണമാണ്‌. സമകാലിക സിനിമകൾ സഞ്ചരിക്കുന്ന പാതകളിൽനിന്ന്‌ വേറിട്ട്‌ സ്വന്തമായ ശൈലിയിലൂടെ ഒരു പുത്തൻപാത വെട്ടിതുറന്ന്‌ അതിലൂടെ സഞ്ചരിക്കുന്ന, സമൂഹത്തിന്റെ നിഷ്‌ഠൂരതകളെ ആകുലതയോടെ നോക്കികാണുന്ന ഉത്തരവാദപ്പെട്ട ചലച്ചിത്രകാരനാണ്‌ ബാലചന്ദ്രമേനോൻ. കെ.എഫ്‌.ഡി.സിയും വി ആന്റ്‌ വിയും ചേർന്ന്‌ നിർമ്മിച്ച്‌ ബാലചന്ദ്രമേനോൻ രചനയും സംവിധാനവും നിർവഹിച്ചഭിനയിച്ച കൃഷ്‌ണാ ഗോപാൽകൃഷ്ണ, ഐതിഹാസികമായ ഒരു കഥയ്‌ക്ക്‌ വിത്യസ്തമായ രീതിയിൽ ഭാഷ്യം നൽകി സർവ്വേദക്ഷമതയുളള പ്രേക്ഷകന്‌ പ്രതീക്ഷ നൽകുന്നു.

സ്വന്തം അഭിലാഷങ്ങൾക്കൊപ്പം ജീവിക്കാൻ കഴിയാതെ, മറ്റുളളവരുടെ ഉപദേശങ്ങൾകേട്ട്‌ വെട്ടിയും തിരുത്തിയും വികൃതമായിപോയ ഗോപാൽകൃഷ്‌ണന്റെ ജീവിതത്തിലേക്കുളള പാളിനോട്ടമാണ്‌ കൃഷ്‌ണാ ഗോപാൽകൃഷ്‌ണാ. ദ്വാപരയുഗത്തിലെ കൃഷ്‌ണന്റെ ജീവിത പരിസരങ്ങളുമായി ചില ചേർച്ചകളുണ്ട്‌ കലിയുഗത്തിലെ ഗോപാൽകൃഷ്‌ണന്റെയും ജീവിതത്തിൽ. സ്‌നേഹം ചൊരിയുന്ന യശോദയെപ്പോലുളള അമ്മ (മിനിനായർ) ചിലപ്പോഴൊക്കെ അവനെ കൃഷ്‌ണവേഷം കെട്ടിക്കാറുമുണ്ട്‌. നിറയെ പാൽചൊരിയുന്ന പശുക്കളുളള ഫാം ഹൗസ്‌, വീട്ടുവേലക്കാരിയുടെ മകൾ രാധ (ശ്രീജ)യ്‌ക്കൊപ്പമുളള ജീവിതം, അതുമാത്രമായിരുന്നു ഗോപാലകൃഷ്‌ണന്റെ സ്വപ്‌നം. പക്ഷേ, പണം പലിശയ്‌ക്ക്‌ കൊടുക്കുന്ന പരുക്കനായ അച്ഛന്റെ കടുംപിടുത്തങ്ങൾക്കിടയിൽ തന്റെ ആഗ്രഹങ്ങൾ അവന്‌ ത്യജിക്കേണ്ടിവരുന്നു. മാസ്‌റ്ററുടെ (സിദ്ധിക്ക്‌) ഉപദേശങ്ങൾക്കൊപ്പം സഞ്ചരിക്കേണ്ടിവന്ന ഗോപാലകൃഷ്‌ണൻ വലിയ വ്യവസായിയും പണക്കാരനുമായി തീരുന്നു. ആ യാത്രയ്‌ക്കിടയിൽ മദ്യപാനിയും, സ്ര്തീലമ്പടനും ആയിത്തീരുന്ന ഗോപാലകൃഷ്‌ണൻ കല്യാണം കഴിച്ച സത്യഭാമയെ (ഇന്ദ്രജ) ആദ്യരാത്രി അവഹേളിക്കാനും, പീഢിപ്പിക്കാനും മടിക്കുന്നില്ല. അവസാനം എല്ലാവരാലും അവഗണിക്കപ്പെട്ട്‌, രോഗിയായി അയാൾ മുക്തി ആശ്രമത്തിൽ ഒരു സ്വാമിജിയുടെ (ലാൽ) അടുത്ത്‌ അഭയം കണ്ടെത്തുന്നു.

‘കൃഷ്‌ണാ ഗോപാൽകൃഷ്ണ’യിലൂടെ ബാലചന്ദ്രമേനോൻ ആർട്ട്‌ ഫിലിമിന്റെയും, കൊമേർഷ്യൽ ഫിലിമിന്റെയും കീഴ്‌വഴക്കങ്ങളെ പാടെ ധിക്കരിക്കുകയും രണ്ടിന്റെയും നടുവിലൂടെ തന്റേതുമാത്രമായ ഒരു പുത്തൻപാത വെട്ടിയൊരുക്കുകയും ചെയ്യുന്നു. ജുഗുപ്‌സാവഹമായ ചലച്ചിത്രഭാസങ്ങളിൽ കൊട്ടിഘോഷിച്ചുകൊണ്ട്‌ പ്രത്യക്ഷപ്പെടുന്ന നപുംസക കഥാപാത്രങ്ങളിൽനിന്ന്‌ ബാലചന്ദ്രമേനോന്റെ ഗോപാലകൃഷ്‌ണൻ തീർത്തും വിത്യസ്തനാവുന്നു. ജീവിതത്തിന്റെ എല്ലാ ദശാസന്ധികളിലും ചില യാദൃശ്ചികതകളിൽപ്പെട്ട്‌ സ്വയം നഷ്‌ടമാവുന്ന ഗോപാലകൃഷ്‌ണനെ, തന്റെ സ്ഥിരം മാനറിസങ്ങൾ ഒരു പരിധിവരെ മാറ്റിവെച്ചുകൊണ്ട്‌, ഉൾകൊണ്ട്‌ അഭിനയിക്കാൻ ബാലചന്ദ്രമേനോൻ ശ്രമിക്കുന്നുണ്ട്‌. എങ്കിലും ചില അവസരങ്ങളിൽ അതിഭാവുകത്വം കലർന്ന അമിതാഭിനയത്തിന്റെ അസ്വാഭാവികത അരോചകമാകുന്നുമുണ്ട്‌.

സമകാലിക സാമൂഹ്യജീവിതത്തിന്റെ വഴിയോരങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നതും, അനുഭവിക്കുന്നതുമായ നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലൂടെ ബാലചന്ദ്രമേനോൻ പ്രേക്ഷകനുമായി പങ്കുവെയ്‌ക്കുന്നു. പുരുഷന്റെ പീഢനങ്ങളെയും, അവഗണനകളെയും നിശ്ശബ്ദം സഹിക്കുകയും, എല്ലാ സഹനങ്ങൾക്കുമൊടുവിൽ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്ന സ്ര്തീത്വത്തിന്റെ പുതിയ മുഖം സത്യഭാമയിലൂടെ, മിതവും സ്വാഭാവികവുമായ അഭിനയത്തിലൂടെ, ഇന്ദ്രജ കാണിച്ചുതരുന്നു.

ബിച്ചുതിരുമല രചിച്ച്‌ ബാലചന്ദ്രമേനോൻ തന്നെ സംഗീതം നൽകിയ നാലു പാട്ടുകളുണ്ട്‌ ചിത്രത്തിൽ. അവയ്‌ക്ക്‌ വലിയ മേന്മയൊന്നും അവകാശപ്പെടാനില്ല. ചിത്രത്തിന്റെ മൊത്തം ട്രിറ്റുമെന്റുമായി അവരാജിയാകുന്നുണ്ടെന്ന്‌ മാത്രം. ബാലചന്ദ്രമേനോൻ എഡിറ്റു ചെയ്ത അഴകപ്പന്റെ ദൃശ്യവിന്യാസങ്ങൾ ‘കൃഷ്‌ണാ ഗോപാൽകൃഷ്ണ’യ്‌ക്ക്‌ മുതൽക്കൂട്ടാകുന്നു.

സർഗാത്മകതയുടെ സ്‌ഫുലിംഗങ്ങൾ ചിതറുന്ന സംഭാഷണങ്ങളും, ദൃശ്യമുഹൂർത്തങ്ങളുംകൊണ്ട്‌ സമ്പന്നമായ കൃഷ്‌ണാ ഗോപാൽകൃഷ്ണയിലൂടെ ബാലചന്ദ്രമേനോൻ, അനുഭവങ്ങളുടെ നൈരന്തര്യത്താൽ പക്വതയാർജ്ജിച്ച ചലച്ചിത്രക്കാരന്റെ സാന്നിദ്ധ്യം കാണിച്ചുതരുന്നു.

Generated from archived content: gopalakrishna.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here