‘ഞാൻ ഗന്ധർവ്വൻ, പൂവാകാനും പൂമ്പാറ്റയാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും ഒരു നിമിഷാർദ്ധംപോലും ആവശ്യമില്ലാത്ത ഗഗനചാരി’-മലയാള സിനിമയിൽനിന്ന് പത്മരാജൻ എന്ന ഗന്ധർവ്വന്റെ സാന്നിദ്ധ്യം അകന്നുപോയിട്ട് ഈ ജനുവരിയിൽ 13 വർഷം തികയുന്നു. മലയാളികളുടെ മനസ്സിൽ ഗന്ധർവ്വശ്രുതിയുണർത്തിയ പത്മരാജൻ സാഹിത്യലോകത്ത് പുതുമയാർന്ന ചുവടുവെയ്പുകൾ ഒരുക്കി തിളങ്ങി നിൽക്കുമ്പോൾ തന്നെ തിരക്കഥാകൃത്തായാണ് ചലച്ചിത്രലോകത്ത് കടന്നുവന്നത്. ഒരേ സമയം ജനപ്രീതി നേടുന്നതും, കലാമൂല്യം ഉൾകൊളളുന്നതുമായ തിരക്കഥകളിലൂടെ മാധ്യമത്തിന്റെ ദൃശ്യപരമായ സാധ്യത വ്യക്തമായി കണ്ടെത്തിയ പത്മരാജൻ മലയാള സിനിമയുളള കാലത്തോളം വിസ്‌മരിക്കപ്പെടില്ല. സ്വയം അനുകരിക്കാത്ത ഒരേ ഒരു ചലച്ചിത്രകാരനായിരുന്നു പത്മരാജൻ. 1975-ൽ ഭരതനുവേണ്ടി തിരക്കഥയൊരുക്കിയ ‘പ്രയാണം’ മുതൽ 1991-ൽ പത്മരാജൻ തന്നെ സംവിധാനം നിർവ്വഹിച്ച ഞാൻ ഗന്ധർവ്വൻവരെയുളള തന്റെ ചലച്ചിത്ര സപര്യയിൽ ഒരിക്കൽ പറഞ്ഞ കഥയോ, ജീവിത സന്ദർഭങ്ങളോ പിന്നീട് ആവർത്തിക്കാൻ അദ്ദേഹം മുതിർന്നിട്ടില്ല.
ആവിഷ്‌കരണ ശൈലിയിലും ഉളളടക്കത്തിലും വർണ്ണശബളിമയും വൈവിദ്ധ്യവും ആയിരുന്നു പത്മരാജൻ സിനിമകളുടെ മുഖമുദ്ര. മനുഷ്യവികാരങ്ങളുടെ ആവിഷ്‌കരണം, അമിതമായ നാടകവത്‌ക്കരണത്തിലൂടെ സാധിച്ചിരുന്ന എഴുപതുകളിലെ ചലച്ചിത്രങ്ങൾക്കിടയിൽ പത്മരാജൻ തിരക്കഥയൊരുക്കിയ പ്രയാണം തീർത്തും വ്യതിരക്തമായത് അതുകൊണ്ടാണ്. ഓരോ ഫ്രെയിമിലും ജീവിതം തുടിച്ചുനിന്നിരുന്ന, ലളിത സുന്ദരമായ ദൃശ്യങ്ങളുമായി വന്ന പ്രയാണം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുതുമ നിറഞ്ഞ അനുഭവമായിരുന്നു. ഒരു കടവിൽ നിന്ന് നിറഞ്ഞ സന്ധ്യ നേരത്ത് യാത്രതിരിക്കുന്ന യുവതിയായ ഭാര്യയുടെയും, വൃദ്ധനായ പൂജാരിയുടെയും പ്രയാണമായിരുന്നു ചിത്രത്തിന്റെ ഉളളടക്കം. സെക്‌സിനെ ഉപരിപ്ലവമായി കാണാതെ ഉപബോധത്തിന്റെ പ്രതിഫലനം പോലെ അവതരിപ്പിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ പത്മരാജൻ. സംവിധാനം ചെയ്ത ചിത്രങ്ങളുടെ രചനാരീതിയിൽനിന്ന് വ്യക്തമായ അകലമുണ്ടായിരുന്നു അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങൾക്ക്. ആർക്കുവേണ്ടിയാണോ എഴുതുന്നത് അവരുടെ സംവിധാന ശൈലിയോടും, ചിന്താരീതിയോടും പൊരുത്തപ്പെടുന്ന രചനകളാണ് പത്മരാജൻ നടത്തിയിരുന്നത്. മാത്രമല്ല മറ്റുളളവർക്കുവേണ്ടി എഴുതുമ്പോൾ ആവശ്യം വേണ്ട കച്ചവടാംശങ്ങളും വിട്ടുവീഴ്‌ച മനോഭാവവും പുലർത്താൻ അദ്ദേഹം മടികാണിച്ചിരുന്നില്ല. ഭരതനുവേണ്ടി എഴുതുമ്പോൾ തകര (1979), ലോറി (1980), രതിനിർവ്വേദവും (1978)പോലെ ലൈംഗികതയ്‌ക്ക് ഊന്നൽ നൽകികൊണ്ടും, ഐ.വി.ശശിക്കുവേണ്ടി എഴുതുമ്പോൾ ഇതാ ഇവിടെവരെ (1977), കരിമ്പിൻ പൂവിനക്കരെ (1985) പോലെ പ്രതികാരത്തിന്റെയും ഭീതിയുടെയും നിഴൽ, അത്യന്തം സസ്‌പെൻസും, വയലൻസും നിറഞ്ഞ ജോഷിയുടെ ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990), മോഹനുവേണ്ടി എഴുതുമ്പോൾ ശാലിനി എന്റെ കൂട്ടുകാരി (1980), ഇടവേള (1982) എന്നിവയിലെ സൗഹൃദത്തിന്റെയും, ബന്ധങ്ങളുടെയും നൂലിഴകൾ. സിനിമ സംവിധായകന്റെ കലയാണെന്ന് ഉത്തമ ബോധ്യമുളള ഒരു തിരക്കഥാകൃത്തിനെ ഇതിൽനിന്ന് വ്യക്തമാകും.
എടുത്ത് പ്രയോഗിച്ചാൽ കൈപൊളളുമെന്ന് മറ്റുളളവർക്ക് തോന്നുന്ന ആശയങ്ങളെ ലാഘവത്തോടെ ആവിഷ്‌കരണ വിധേയമാക്കാൻ പത്മരാജന് കഴിഞ്ഞിരുന്നു. സമ്പന്നനും, ദരിദ്രനും, മണ്ടനും, കളളനും, സൂത്രശാലിയുമൊക്കെ മാറിമാറി പത്മരാജൻ സിനിമകളിൽ വന്നുകൊണ്ടിരുന്നു. കലാകാരന്റെ വീക്ഷണകോണിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ ഒരു ജീവിതഭാവത്തിനും കഴിയില്ലെന്ന് ആവർത്തിച്ചുറപ്പിക്കുകയായിരുന്നു പത്മരാജൻ. തൃശൂരിന്റെ നാട്ടുതനിമകൊണ്ടും ഭാഷകൊണ്ടും പ്രമേയം കൊണ്ടും ഒന്നിനൊന്ന് വിത്യസ്തമായിരുന്ന തൂവാനതുമ്പികൾ (1987) അതിന് മികച്ച ഉദാഹരണമാണ്. കൂട്ടികൊടുപ്പുകാരനും, വേശ്യയുമൊക്കെ കേന്ദ്രകഥാപാത്രമായി വന്ന തൂവാനത്തുമ്പികൾ മറ്റൊരു സംവിധായകനാണ് ചെയ്തതെങ്കിൽ അസംബന്ധമാകുമായിരുന്നു. സ്‌നേഹവും കാമവും ഇഴച്ചേർന്ന് പോകേണ്ട ജീവിതഭാവങ്ങളാണെന്ന് കപട സദാചാരത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞ മലയാളിയുടെ മുന്നിലേക്ക് തികഞ്ഞ കൈയടക്കത്തോടെ ആത്മവിശ്വാസത്തോടെ പത്മരാജൻ അവതരിപ്പിച്ചപ്പോൾ ക്ലാരയും, ജയകൃഷ്‌ണനും, തങ്ങളുമൊക്കെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. കഥയിലുടനീളം ചൂഴ്‌ന്ന് നിൽക്കുന്ന ദുരൂഹത പത്മരാജൻ സിനിമയിലെ സവിശേഷതയാണ്. കളളൻ പവിത്രൻ (1981), അരപ്പട്ടക്കെട്ടിയ ഗ്രാമത്തിൽ (1986), കൂടെവിടെ (1983), അപരൻ (1988) എന്നീ സിനിമകളിലെ ഓരോ ഫ്രെയിമിലും, ഓരോ ചലനത്തിലും ഈ ദുരൂഹത നിറഞ്ഞു നിൽക്കുന്നത് കാണാം. ഹാസ്യത്തെ സിനിമയുടെ ഏതെങ്കിലും ചലനത്തിനുവേണ്ടി ഉപയോഗിച്ചിട്ടില്ലാത്ത പത്മരാജന്റെ രചനാരീതി ഈ പിരിമുറുക്കത്തിന് ആക്കം കൂട്ടുന്നു. കഥാപാത്രങ്ങൾ തമ്മിലുളള സംഭാഷണത്തിൽ പോലുമുണ്ട് ഒരു പത്മരാജൻ ശൈലി. പ്രേക്ഷകർക്ക് എളുപ്പം ഗ്രഹിക്കുന്ന ചോദ്യോത്തരശൈലിയിലാണ് പത്മരാജന്റെ കഥാപാത്രങ്ങൾ സംസാരിക്കുന്നത്.
നാട്ടിൻപുറങ്ങളിലേക്ക് കടക്കുമ്പോൾ കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നതിൽ പത്മരാജൻ വ്യത്യസ്തമായ വൈഭവം പ്രദർശിപ്പിക്കുന്നത് കാണാം. പെരുവഴിയമ്പലവും, ഒരിടത്തൊരു ഫയൽവാനും ഉദാഹരണങ്ങളാണ്. കഥാപാത്രങ്ങളുടെ സൂക്ഷ്‌മാംശങ്ങളിൽപോലും ശ്രദ്ധ ചെലുത്തുന്ന, ഗ്രാമത്തിന്റെ വ്യത്യസ്തഭാവങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടുചിത്രങ്ങൾ മതി പത്മരാജനെ എന്നും ഓർമ്മിക്കാൻ. നിഗൂഢതയുടെ പരിവേഷം ചാർത്തിനിൽക്കുന്ന മരണം, മരണം സൃഷ്‌ടിക്കുന്ന പ്രതികരണങ്ങൾ, ഈ പ്രതികരണം വ്യക്തികളെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് മൂന്നാംപക്കവും, അപരനുമൊക്കെ നമുക്ക് കാട്ടിത്തരുന്നു. മൂന്നാംപക്കംപോലെ മരണത്തെക്കുറിച്ചുളള അവബോധം മനസ്സിൽ പടർന്നു കയറുന്ന മറ്റൊരു ചിത്രം മലയാളത്തിൽ ഇല്ലെന്നുതന്നെ പറയാം. പത്മരാജൻ അവസാനം സൃഷ്‌ടിച്ച ഗന്ധർവ്വൻ അദ്ദേഹത്തിന്റെ മറ്റ് കഥാപാത്രങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്നു. സ്വർഗ്ഗത്തേക്കാൾ സുന്ദരമായ, അപ്‌സരസ്സുകളെക്കാൾ സുന്ദരികളായ പെൺക്കൊടികൾ ജീവിക്കുന്ന ഭൂമിയിൽ ഒരു മനുഷ്യനെപ്പോലെ ജീവിച്ചു മരിക്കാൻ കൊതിക്കുന്ന ഗന്ധർവ്വൻ പത്മരാജന്റെ ഏറ്റവും മികച്ച കഥാപാത്രമാണ്. തന്റെ മറ്റ് ചിത്രങ്ങൾക്ക് അന്യമായ പ്രണയത്തിന്റെ തരളഭാവം പത്മരാജൻ ഗന്ധർവ്വനിലൂടെ അവതരിപ്പിക്കുന്നു. ഭൂതകാലത്തെ ആദർശവത്‌കരിക്കാതെ ഒരു മിത്തിനെ ഇന്നത്തെ മനുഷ്യന്റെ പ്രതികരണങ്ങളുമായി കൂട്ടിവായിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന ഒരു ചലച്ചിത്രകാരൻ ഇവിടെ ജീവിച്ചിരുന്നുവെന്ന് ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലൂടെ പത്മരാജൻ അടിവരയിടുന്നു.
Generated from archived content: essay_mar19.html Author: jijesh_kallumutti
Click this button or press Ctrl+G to toggle between Malayalam and English