ലാളിത്യത്തിന്റെ അരങ്ങൊരുക്കം

‘പൂവമ്പഴം എന്ന കഥ ഞാൻ മനസ്സായിട്ടെഴുതുന്നതല്ല. അബ്‌ദുൾഖാദർ സാഹിബിന്റെ ഉപദ്രവം മൂലമാണ്‌. അദ്ദേഹം വിചാരിക്കുന്നു, ഇതിൽ വലിയ ഗുണപാഠമുണ്ടെന്ന്‌. മൂപ്പരുടെ കെട്ടിയോളായ ജമീലാബീബിയെപ്പറ്റിയാണു കഥ’. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘പൂവമ്പഴം’ എന്ന ചെറുകഥ തുടങ്ങുന്നത്‌ മേൽകൊടുത്ത വിവരണങ്ങളിലൂടെയാണ്‌. ബീഡി തൊഴിലാളിയൂണിയൻ സെക്രട്ടറിയും, ടൗൺ കേഡിയും, നല്ല ഒരു ഫുട്‌ബോൾ പ്ലെയറും, സ്‌കൂൾ ഫൈനൽവരെ മാത്രം പഠിച്ചവനുമായ അബ്‌ദുൾ ഖാദറും, ബീഡി ഫാക്‌ടറി ഉടമയുടെ മകളും, ബി.എ.ക്കാരിയും വലിയ ലേഡിയുമായ ജമീലബീബിയെ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നു. ഡബിൾ ഡബിൾ ക്രൂരഹൃദയമുളള ആ പെണ്ണിന്റെയും, പെണ്ണിന്റെ കണ്ണീരു കാണുമ്പോൾ വല്ലാതെ വേദനിക്കുന്ന ഹൃദയമുളള ആ ആണിന്റെയും ജീവിതത്തിലെ ചെറിയ സംഭവങ്ങളെ നർമ്മത്തിൽ ചാലിച്ച്‌ ലളിതമായി കഥ പറയുകയാണ്‌ ബഷീർ.

നാഗരികതയുടെ ആർഭാടങ്ങളെ മുഴുവൻ ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ്‌ ബഷീർ കൃതികളിൽ മുന്നിട്ടു നിൽക്കുന്നത്‌. വായനക്കാരുടെ ഹൃദയങ്ങളിൽ തണുപ്പും തണലും, സുഗന്ധവും നൽകുന്ന പൂമരമായിരുന്നു ബഷീറും അദ്ദേഹത്തിന്റെ കൃതികളും. നിഴലും, വെളിച്ചവും കെട്ടുപിണഞ്ഞു കിടക്കുന്ന ബഷീറിയൻ ജീവിതസ്മരണകൾ ഉണർത്തികൊണ്ടാണ്‌, സുവർണ്ണ ജൂബിലി പിന്നിട്ട തൃക്കരിപ്പൂരിലെ കെ.എൻ.കെ.കലാസമിതി ‘പൂവമ്പഴം’എന്ന നാടകം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്‌. ബഷീറിന്റെ ‘പൂവമ്പഴം’ എന്ന ചെറുകഥയെ അവലംബിച്ച്‌, സ്‌കൂൾ ഓഫ്‌ ഡ്രാമയിലെ ബിരുദാനന്തരബിരുദ വിദ്യാർത്ഥി പ്രബലൻ വേലൂരാണ്‌ അതിന്‌ രംഗഭാഷ ഒരുക്കുന്നത്‌. നർമ്മാനുഭവങ്ങളുടെ ബഷീറിയൻ ശൈലി ചോർന്നുപോകാതെ, നാട്യവും, ബഹളവും, ഒന്നുമില്ലാതെ തീർത്തും ലളിതമായ അവതരണരീതിയിലാണ്‌ ‘പൂവമ്പഴം’ അരങ്ങിലെത്തുന്നത്‌.

അരങ്ങിലെ വെളിച്ചത്തിൽ ഉയർന്നുവരുന്ന മിസാൻ കല്ലിനടിയിൽ നിന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീർ പ്രവേശിച്ച്‌, അബ്‌ദുൾഖാദറുമായി സംസാരിക്കുന്നു. അബ്‌ദുൾഖാദറുടെയും ജമീലാബീബിയുടെയും കഥ ബഷീർ നമ്മോടു നേരിട്ടു പറയുന്ന രീതിയിലാണ്‌ നാടകത്തിന്റെ ആഖ്യാനം. അരങ്ങിൽ കണ്ടുപോരുന്ന ബിംബകല്പനകളുടെയും ഭ്രമകല്പനകളുടെയും വിസ്‌മയിപ്പിക്കുന്ന അതിജാടകൾ ഈ നാടകത്തെ ഭരിക്കുന്നില്ല എന്നതു തന്നെയാണ്‌ പൂവമ്പഴത്തെ വ്യതിരക്തമാക്കുന്നത്‌. കാലത്തോട്‌ കലഹിച്ചു നിൽക്കുന്ന കഥാപാത്രങ്ങളാണ്‌ ജമീലാബീബിയും, അബ്‌ദുൾഖാദറും. അവരെ വർത്തമാനകാലത്തിന്റെ അടയാളങ്ങളായി കണ്ടെത്താൻ കഴിയുമെങ്കിലും, കാലത്തെ നാടകത്തിൽ സന്നിവേശിപ്പിക്കുന്നതിൽ സംവിധായകൻ പ്രബലൻ വേലൂർ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന്‌ കാണാൻ കഴിയും. ജമീലാബീബി ചുരിദാറും, ഷോൾഡർ ബാഗുമായി നാട്ടിടവഴിയിൽ പ്രത്യക്ഷപ്പെടുന്നത്‌ അരങ്ങൊരുക്കത്തിന്റെ പോരായ്‌മയാണ്‌. പൂവമ്പഴം അന്വേഷിച്ച്‌ നായകനായ അബ്‌ദുൾഖാദർ എത്തുന്ന അങ്ങാടിയുടെ ചിത്രീകരണത്തിൽ പ്രത്യക്ഷപ്പെടുന്ന മുറിവൈദ്യനും, പുളി വില്പനക്കാരിക്കും, ചായക്കടക്കാരനും പകരം ബഷീറിന്റെ തന്നെ കഥാപാത്രങ്ങളാണ്‌ പ്രത്യക്ഷപ്പെടുന്നതെങ്കിൽ നാടകം കുറച്ചുകൂടി ബഷീറിലേക്ക്‌ അടുക്കുമായിരുന്നു. ചെറുകഥയുടെ വായനയിൽ ഇല്ലാത്ത, ഉത്സവം കഴിഞ്ഞുവരുന്ന ഒരു കഥാപാത്രം ബഷീറുമായും, അബ്ദുൾഖാദറുമായും സംസാരിക്കുന്നത്‌ അരോചകമായാണ്‌ അനുഭവപ്പെടുന്നത്‌. നാടകത്തിന്റെ അന്ത്യത്തിൽ ബഷീറായി വേഷമിടുന്ന കഥാപാത്രം നടത്തുന്ന കവലപ്രസംഗത്തെ വെല്ലുന്ന സംഭാഷണങ്ങൾ നാടകത്തിലെ അധികപറ്റാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ഏതാനും മാനുഷികവികാരങ്ങളെ സരളമായും, സമർത്ഥമായും സജീവമായും അവതരിപ്പിച്ചിട്ടുളള ചെറുകഥയാണ്‌ പൂവമ്പഴം. പരിമിതികൾക്കുളളിൽ നിന്നുകൊണ്ട്‌ അതിന്റെ ആത്മാവ്‌ നഷ്‌ടമാവാതെ രംഗത്ത്‌ അവതരിപ്പിക്കാൻ കഴിയുക എന്നതാണ്‌ ഒരു സർഗ്ഗാത്മക കൂട്ടായ്‌മയുടെ വിജയം. കെ.എൻ.കെ കലാസമിതിയും, പ്രബലൻ വേലൂരും ഒരു പരിധിവരെ അതിൽ വിജയിച്ചു എന്നു പറയാൻ കഴിയും. കാഴ്‌ചക്കാരെ ഒട്ടും മുഷിപ്പിക്കാതെയുളള രചിതപാഠവും, ബഷീർ ശൈലിയിൽനിന്ന്‌ വ്യതിചലിക്കാതെയുളള സംഭാഷണങ്ങളും നാടകത്തെ ജീവത്താക്കുന്ന ഘടകങ്ങളാണ്‌. അബ്‌ദുൾഖാദറിന്റെയും ജമീലാബീബിയുടെയും യൗവനകാലം അവതരിപ്പിക്കുന്ന ശ്യാംകുമാറും, പ്രമീളയും മികച്ച അഭിനയം തന്നെ കാഴ്‌ചവെയ്‌​‍്‌ക്കുന്നു. വിനോദ്‌കുമാർ, സി.കെ.സുനിൽ, കുട്ടൻ, സോജൂന തുടങ്ങിയവർ ബഷീറിന്റെ മറ്റ്‌ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകുന്നു. ഗ്രാമീണതയുടെ പച്ചപ്പുപോലെ, ഇളംകാറ്റുപോലെ ഇഴചേർന്നു നിൽക്കുന്ന ഈ നാടകത്തിന്റെ സംഗീതം ചെയ്‌തിരിക്കുന്നത്‌ ഇ.ചന്ദ്രനാണ്‌. അശോകൻ രംഗവിതാനവും, ജോസ്‌കോശി, വത്സരാജ്‌ എന്നിവർ ദീപവിതാനവും ഒരുക്കുന്നു.

കച്ചവട അരങ്ങിലെ അമ്പരപ്പിക്കുന്ന അർത്ഥമില്ലാ കാഴ്‌ചകൾക്ക്‌ പിറകെ പോകാതെ, ഇനിയുളള വേദികളിൽ പരിമിതികൾ പരിഹരിച്ചുകൊണ്ട്‌ അരങ്ങിന്റെ ശക്തിയും ചൈതന്യവും നിലനിർത്താൻ ‘പൂവമ്പഴ’ത്തിന്‌ കഴിയുമെന്ന്‌ പ്രത്യാശിക്കാം.

Generated from archived content: essay2_july7.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here