ശേഷം

മലയാള സിനിമയിൽ അധികമാരും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത വിഷയത്തെ തികഞ്ഞ കൈയടക്കത്തോടെ അവതരിപ്പിക്കുകയാണ്‌ സംവിധായകനായ ടി.കെ. രാജീവ്‌കുമാർ, ശേഷത്തിലൂടെ. മലയാള സിനിമ വച്ചു പുലർത്തിപോരുന്ന ആർട്ട്‌ സിനിമാ സങ്കൽപ്പങ്ങളിലെ ജാഢകളേതുമില്ലാതെ സംവേദനത്തിന്റെ പുത്തൻ ഭാവങ്ങളൊരുക്കുന്നുണ്ട്‌ ശേഷം.

ഏഷ്യാനെറ്റ്‌ നിർമ്മിച്ച ശേഷത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌ സംവിധായകൻ തന്നെയാണ്‌. മനോരോഗികളായ മനുഷ്യരുടെ ജീവിതവും, അതേ സമയം സിനിമാ നിർമ്മാണത്തിന്റെ ചില വശങ്ങളും പ്രമേയമാക്കുന്ന ശേഷത്തിന്റെ കഥാകഥനരീതി പ്രേക്ഷകരെ ചിത്രവുമായി കൂടുതൽ അടുപ്പിക്കുന്നു. മനോവിഭ്രാന്തിയുളളവരെ അടുത്തറിയുന്ന ഒരു ചിത്രമെടുക്കാൻ ഒരു മനോരോഗകേന്ദ്രത്തിൽ എത്തുകയാണ്‌ മീര (ഗീതു മോഹൻദാസ്‌). സിനിമാ ചിത്രീകരണത്തിനിടയിൽ തീർത്തും യാദൃച്ഛികമായി അവളുടെ ക്യാമറ എന്തൊക്കെയോ ദുരൂഹതകൾ ഒളിച്ചിരിപ്പുളള, രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാനില്ലാത്ത ലോനപ്പനെ (ജയറാം) കണ്ടെടുക്കുന്നു. ലോനപ്പനെക്കുറിച്ചുളള സിനിമ പൂർത്തീകരിച്ച ശേഷവും ലോനപ്പൻ മീരയുടെ മനസ്സിൽ ഒരു മുറിവായി അവശേഷിക്കുന്നു. സാമൂഹികമായ ചില സ്ഥിരം കാഴ്‌ചപ്പാടുകളെ പരിഹാസത്തോടെ നോക്കിക്കാണുന്ന, തന്റേടിയായ മീര. ലോനപ്പനെ ഒരു സുഹൃത്തെന്ന നിലയിൽ തന്റെ ഒപ്പം താമസിപ്പിക്കുന്നു. പലപ്പോഴും മനോരോഗികളെ രോഗം മാറിയാലും അങ്ങനെതന്നെ കാണുന്ന, ഭയപ്പെടുന്ന സമൂഹം അയാളെ പല സ്ഥലങ്ങളിൽ നിന്നും പുറന്തളളുന്നു. ഒടുവിൽ തന്നെ മനസ്സിലാക്കാൻ കഴിവുളളവർ മനോരോഗ ആശുപത്രിക്കുളളിലുളളവരാണ്‌ എന്ന തിരിച്ചറിവിൽ അവിടേക്ക്‌ പോകാനൊരുങ്ങുന്ന ലോനപ്പനിൽ ചിത്രം അവസാനിക്കുന്നു.

ഭ്രാന്തിനെ സമൂഹം നോക്കിക്കാണുന്ന സ്ഥിരം കാഴ്‌ചപ്പുറങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സിനിമയൊന്നുമല്ല ശേഷം. എങ്കിൽകൂടി ഇത്തരം ഒരു വിഷയം സിനിമയാക്കുമ്പോൾ വന്നുഭവിക്കാവുന്ന പാകപിഴകളിലേക്ക്‌ ടി.കെ.രാജീവ്‌ കുമാർ വഴുതിപോകുന്നില്ലെന്നത്‌ ആശ്വാസകരമാണ്‌. ചിത്രീകരണത്തിനിടയിൽ യാദൃച്ഛികമായി ലോനപ്പനെ കണ്ടെടുക്കുന്ന മീരയുടെ ക്യാമറ പൊതുസമൂഹം പുലർത്തുന്ന ദൃഷ്‌ടിയുടെ പ്രതീകമാണ്‌. ലോനപ്പനെ ദിവ്യശക്തിയുളളവനായും, രോഗം ചികിത്സിച്ചു മാറ്റുന്നവനായും, മീരയുടെ കൂടെ ലോനപ്പനെ പുത്തൻവസ്‌ത്രങ്ങണിയിച്ച്‌ പാശ്ചാത്യ സംഗീതത്തിനൊപ്പം നൃത്തം ചെയ്യിക്കുന്നതും, സ്വാമിയുടെ എഡിറ്റിംങ്ങ്‌ റൂമിൽ നിന്ന്‌ പെറുക്കികൂട്ടിയ ഫിലിം കഷ്‌ണങ്ങൾ ഉപയോഗിച്ച്‌ സിനിമയുണ്ടാക്കുന്നതും മറ്റും ഒരുക്കി ഭ്രാന്തിനെ മഹത്വവല്‌ക്കരിക്കാൻ ശ്രമിക്കുന്നത്‌ ആകർഷകമായിട്ടുണ്ട്‌.

ലോനപ്പനെ ഒരു നികൃഷ്‌ടജീവിയെപ്പോലെ നോക്കിക്കാണുന്ന സിദ്ധിക്കിന്റെ പോലീസ്‌ ഓഫീസറും ലോനപ്പൻ അമ്മേ എന്ന്‌ വിളിച്ച്‌ ബസ്സ്‌ കാത്തുനിൽക്കുന്ന ഒരു സ്‌ത്രീയെ കടന്നു പിടിക്കുന്നതും, നാട്ടുകാർ കൈവെയ്‌ക്കുന്നതും ചിത്രത്തിലെ കല്ലുകടിയാകുന്നു. കച്ചവട സിനിമയുടെ കെട്ടുകാഴ്‌ചയ്‌ക്കൊപ്പം നടകൊളളുമ്പോഴും, ലോനപ്പൻ എന്ന മനോരോഗിയെ അതിഭാവുകത്വങ്ങളിലേക്ക്‌ വഴുതിപോകാതെ അനുഭവമാക്കി മാറ്റുന്ന ജയറാമിന്റെ അഭിനയം അഭിനന്ദനാർഹമാണ്‌. മലയാള സിനിമയിൽ ടൈപ്പ്‌ ചെയ്യപ്പെടുന്ന സ്‌ത്രീ കഥാപാത്രങ്ങൾക്കിടയിൽ ഗീതു മോഹൻദാസിന്റെ മീര ഒരപവാദമാകുന്നു. തന്മയത്വത്തോടെ, ചടുലമായ ചലനങ്ങളിലൂടെ മീരയെ ഗീതു മോഹൻദാസ്‌ അനശ്വരമാക്കുന്നു. സംവിധായകന്റെ മനസ്സറിയുന്ന ചായാഗ്രാഹകൻ ചിത്രത്തിന്റെ മുതൽക്കൂട്ടാണ്‌. രാജീവ്‌ രവിയുടെ ദൃശ്യവിന്യാസങ്ങൾ ശേഷത്തെ മികച്ചതാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്‌.

Generated from archived content: cinema_sesham.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English