മലയാള സിനിമയിൽ ‘തിരക്കഥ’യിൽ നിന്ന് കഥ പറന്നുപോയിട്ട് കാലം കുറെയായി. ഇന്നിന്റെ വിഹ്വലതകളോ, ജീവിത തുടിപ്പുകളോ സിനിമയിൽ അന്വേഷിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. അസഹ്യവും, ജുഗുപ്‌സാവഹവുമായ പ്രണയവും അതിനെ പൊലിപ്പിക്കാൻ പ്രാസമൊപ്പിച്ച വാക്കുകൾ ചേർത്ത പാട്ടും, സംഘനൃത്തങ്ങളും, ആത്മാവില്ലാത്ത തമാശകളും മറ്റുമായി ഒരുതരം കോലം തുളളലാണ് ഇന്നത്തെ മലയാള സിനിമയുടെ മുഖമുദ്ര. ഷിർദിസായ് ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിളള നിർമ്മിച്ച് തുളസിദാസ് കഥയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘പ്രണയമണിത്തൂവൽ’. ചിത്രത്തിന്റെ പേരുപോലെതന്നെ പ്രമേയവും പ്രണയമാണ്. പക്ഷേ, പുതുതായി ഒന്നും വാഗ്‌ദാനം ചെയ്യാനില്ലാതെ, ഒരു സാധാരണ പ്രണയത്തിന്റെ അസ്വസ്ഥതകൾ പോലുമില്ലാതെ, കാഴ്‌ചവസ്‌തുക്കളെപ്പോലെ ഏച്ചുകൂട്ടിയ കുറേ സംഭവങ്ങളുടെ തണുത്ത ദൃശ്യങ്ങളുമായി ഈ ചിത്രവും കടന്നുപോകുന്നു.
‘ലയനം’ തൊട്ട് ദോസ്‌ത് വരെയുളള തന്റെ മുൻകാലചിത്രങ്ങളുടെ നിഴൽ വീണുകിടക്കുന്ന വഴിയിലൂടെ തന്നെയാണ് തുളസിദാസ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. കാമ്പസ്സും, പ്രണയവും, ഹാസ്യവുമൊക്കെയായാൽ എല്ലാം തികഞ്ഞു എന്ന മിഥ്യാധാരണയിൽ കെട്ടിപ്പെടുത്ത ഈ ചിത്രം പി.കെ.ആർ.പിളളയ്‌ക്ക് തൽക്കാലം നിർമ്മാണത്തിൽ നിന്ന് പിൻവാങ്ങാൻ മാത്രമേ ഉപകരിക്കൂ. ചിത്രത്തിന് സംവിധായകനുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന ഒരൊറ്റ സീനും പ്രണയമണിത്തൂവലിന് അവകാശപ്പെടാനില്ല. അതുകൊണ്ടായിരിക്കണം സംവിധായകൻ ചിത്രത്തിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടത്. ഒരു പരസ്യചിത്രത്തിന്റെ സംവിധായകന്റെ റോളിൽ തുളസിദാസ് ഈ ചിത്രത്തിൽ സ്‌റ്റാർട്ട്, ക്യാമറ, ആക്‌ഷൻ, കട്ട് പറയുന്നുണ്ട്. രണ്ടു നായകൻമാരുണ്ട് ഈ തുളസിദാസ് ചിത്രത്തിൽ. രണ്ടു മാദകസുന്ദരികളുടെ ശരീരശാസ്‌ത്രം വ്യക്തമാക്കികൊണ്ടുളള ഓരോ പാട്ടു സീനിലൂടെയാണ് നായകൻമാരെ പരിചയപ്പെടുത്തുന്നത്. ഇങ്ങനൊക്കെ ചെയ്താലേ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ കഴിയൂ എന്ന് സംവിധായകൻ ധരിച്ചിട്ടുണ്ടാവണം. പലരും പലപ്പോഴായി പറഞ്ഞുവെച്ച കാര്യങ്ങളെ തിരിച്ചും മറിച്ചും പറയാനേ തനിക്ക് കഴിവുളളൂവെന്ന് മുൻപേ തെളിയിച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നീസാണ് പ്രണയമണിത്തൂവലിനും തിരക്കഥ എഴുതിയിരിക്കുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ കഥ പറഞ്ഞു പോകാൻകൂടി, നൂറ്റമ്പത് തിരക്കഥകൾ രചിച്ച ഈ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ലെന്നത് തീർത്തും ലജ്ജാകരമാണ്.
നഗരത്തിലെ ഒരു പരസ്യകമ്പനിയിലെ സ്ഥിരം നടൻമാരാണ് ബാലചന്ദ്രനും (വിനീത്‌കുമാർ), ശശാങ്കനും(ഹരിശ്രീ അശോകൻ) ചെറുപ്പം മുതലേ ഇവരുടെകൂടെ കളിച്ചുവളർന്ന സുഹൃത്ത് സുന്ദരനും (സലിംകുമാർ) ഒപ്പം വാടകവീട്ടിലാണ് ഇവർ താമസിക്കുന്നത്. (ഹരിശ്രീ അശോകനും, സലിംകുമാറും, വിനീത്‌കുമാറിന്റെ കൂടെ കളിച്ചു വളർന്നതാണെന്ന് പറയുമ്പോൾ വിശ്വസിക്കാൻ സ്വൽപ്പം ബുദ്ധിമുട്ടുണ്ട്.) തികച്ചും യാദൃശ്ചികമായി ബാലു കമ്പ്യൂട്ടർ വിദ്യാർത്ഥിനിയായ മീരയെ (പുതുമുഖം ഗോപിക) കണ്ടുമുട്ടുന്നു. ബാലുവിനോടുളള മീരയുടെ പ്രത്യേക പെരുമാറ്റവും, നിരന്തരമായുളള കണ്ടുമുട്ടലും, കൂട്ടുകാരുടെ ഇടപെടലും ബാലുവിന് മീരയോട് പ്രണയം തോന്നാനുളള കാരണങ്ങളാവുന്നു. അമ്മയേയും കൂട്ടി മീരയെ വിവാഹമാലോചിക്കുന്ന ബാലു പക്ഷേ, നിരാശനാകുന്നു. മീരയ്‌ക്ക് തന്നോടുളള അടുപ്പം ബൈക്കപകടത്തിൽ കൊല്ലപ്പെട്ട അവളുടെ കാമുകൻ വിനോദിന്റെ (ജയസൂര്യ) കണ്ണുകൾ തനിക്ക് മാറ്റിവെച്ചതുകൊണ്ടാണെന്ന് ബാലു അറിയുന്നു. വിനോദ് സമ്മാനിച്ച ഓർമ്മകളിൽ ജീവിക്കാൻ ആഗ്രഹിച്ച മീരയെ ബാലുവിന്റേതാക്കുക എന്നത് പിന്നെ സംവിധായകന്റെ കടമയാകുന്നു. അതിനുവേണ്ടി ബാലുവിനെ ബിൽഡിംങ്ങിന്റെ മുകളിൽ കയറ്റുന്നു, കാൽവഴുതി വീഴിക്കുന്നു, ഡോക്‌ടറെക്കൊണ്ട് മരിച്ചെന്ന് വിധിയെഴുതുകയും പിന്നീട് പ്രേക്ഷകർക്ക് മോഹമുക്തി സമ്മാനിക്കാൻ ജീവിപ്പിക്കുകയും, അങ്ങനെ നായികയ്‌ക്ക് ഇഷ്‌ടം തോന്നിപ്പിക്കുകയും കഥ ശുഭപര്യവസാനിപ്പിക്കുകയും ചെയ്യുന്നു.
ചിത്രത്തിലെ നായകൻമാരായ ജയസൂര്യയ്‌ക്കും വിനീത്‌കുമാറിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ജയസൂര്യയുടെ അഭിനയവും, സംഭാഷണരീതിയും ചിത്രത്തിന് അധികപറ്റുതന്നെയാണ്. കാമുകന്റെ കണ്ണ് മാറ്റിവെച്ച ആളോട് ഇഷ്‌ടം തോന്നുന്ന കഥയിലെ ത്രെഡ് കുഞ്ഞുക്കൂനനിൽ കണ്ടിട്ട് അധികമായിട്ടില്ലാത്തതുകൊണ്ട്, ആ സീൻ പൊലിപ്പിച്ചു കാണിക്കുമ്പോൾ പ്രേക്ഷകർക്ക് കൂക്കിവിളിക്കാതെ വേറെ നിവൃത്തിയില്ല. വ്യക്തിത്വം വ്യക്തമായി നിർണ്ണയിക്കാത്ത വേറെയും കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ. കൊച്ചിൻ ഹനീഫയുടെ മൂന്നു ഭാര്യമാരുളള ഖാദർ, രവി വളളത്തോളിന്റെയും, ടി.എസ്. രാജുവിന്റെയും അച്ഛൻമാർ, സിന്ധുവിന്റെ നായികയുടെ റൂമേറ്റ്, നായകന്റെ കോളേജിലെ കൂട്ടുകാർ, എല്ലാവരെയും തിരക്കഥയിലെ സംഭാഷണങ്ങൾ ഉരുവിടാൻ വേണ്ടി കൃത്യമായ അകലത്തിൽ നിരത്തി വെച്ചിട്ടുണ്ട്. കൊച്ചിൻ ഹനീഫയുടെ ഖാദർ കിടക്കാൻ പോകുന്ന നേരത്ത് തന്റെ ഭാര്യമാരിൽ ഒരാളോട് പറയുന്നുഃ “ഇന്ന് തീയതി പതിനാറല്ലേ സൈനബാ, ഇന്ന് അന്റെ ഡ്യൂട്ടിയല്ലേ വാ” ഈ ഒരൊറ്റ സംഭാഷണം മതി ചിത്രത്തിന്റെ മൊത്തം നിലവാരം അളക്കാൻ.
കൈതപ്രം രചിച്ച് മോഹൻ സിത്താര സംഗീതം നൽകിയ ഗാനങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. അനിൽ ഗോപിനാഥിന്റെ ക്യാമറയും, ജി. മുരളിയുടെ എഡിറ്റിംഗും തീർത്തും നിരാശപ്പെടുത്തുന്നു. കൂൾ ജയന്തിന്റെ നൃത്തച്ചുവടുകൾക്കുമില്ല പുതുമ.
———
Generated from archived content: cinema_pranayamani.html Author: jijesh_kallumutti