മലയാള സിനിമയിലെ സൂപ്പർഹിറ്റുകളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ഹിറ്റുചിത്രങ്ങളിൽ അഭിനയിച്ച നടൻ മോഹൻലാൽ ആയിരിക്കും. പക്ഷേ, മലയാള സിനിമ മോഹൻലാലിനോടോ തിരിച്ചു പറഞ്ഞാൽ മോഹൻലാൽ മലയാള സിനിമയോടോ നീതി പുലർത്തിയിട്ടില്ലെന്നത് ഒരു വാസ്തവമാണ്. മോഹൻലാൽ എന്ന നടൻ ചില സ്ഥിരം വേഷങ്ങളിൽ തളച്ചിടപ്പെടുകയായിരുന്നു. ടൈപ്പ് ചെയ്യപ്പെട്ട വേഷങ്ങൾ. അത്തരം വേഷങ്ങൾ കൈയാളുന്ന നടന്റെ കരിയറിനെ തന്നെ ബാധിക്കുന്ന സന്ദർഭങ്ങൾ മലയാള സിനിമയിൽ പുതുമയല്ല. മോഹൻലാലിന്റെ മാനറിസങ്ങളെ പരമാവധി ഊറ്റി, പൊലിപ്പിച്ച് കാണിക്കുന്ന ഇത്തരം വേഷങ്ങൾ ആ നടനുതന്നെ തിരിച്ചടിയാകുന്ന കാഴ്‌ച ‘ഒന്നാമൻ’ എന്ന പുതിയ ചിത്രം സാക്ഷ്യപ്പെടുത്തുന്നു. ഒന്നാമന് കഥയും, തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ച തമ്പി കണ്ണന്താനത്തിനെപ്പോലുളള സംവിധായക ലോബികളുടെ പിടിയിൽ മോഹൻലാലിനെപ്പോലുളള ഒരു മഹാനടൻ കുടുങ്ങിക്കിടക്കുന്നത് മോഹൻലാലിനോ, മലയാള സിനിമയ്‌ക്കോ ഭൂഷണമല്ല.
ഒന്നാമൻ പോലുളള ഒരു ചിത്രം തട്ടിക്കൂട്ടാൻ കൊട്ടിഘോഷിച്ച ഒരു സംവിധായകന്റെ മേലങ്കി വേണമെന്നില്ല. നിരന്തരം സിനിമ കാണുന്ന, സിനിമയിലെ സാങ്കേതികവശങ്ങളെക്കുറിച്ച് വലിയ പിടിയില്ലാത്ത ഒരു സാധാരണ പ്രേക്ഷകന് ചെയ്യാവുന്നതേയുളളൂ. കഥാഘടനയിലോ, കഥാപാത്രങ്ങളുടെ സ്വഭാവനിർണ്ണയത്തിലോ, എന്തിന് കഥാപാത്രങ്ങളുടെ പ്രായമോ, കാലമോ നിർണ്ണയിക്കുന്നതിൽപ്പോലും പരിപൂർണ്ണ പരാജയമായ ഒന്നാമൻ, സൃഷ്‌ടി വൈകല്യമുളള നപുംസക കഥാപാത്രങ്ങളുടെ പേക്കൂത്തുകൾ കൊണ്ടു നിറഞ്ഞ ഒരു നാലാംകിട തെരുവു നാടകം മാത്രമാണ്. പ്ലാൻ ചെയ്ത ഒരു നല്ല കഥാസന്ദർഭമോ, വിഷ്വലോ ഇല്ലാത്ത തീർത്തും ശൂന്യമായ ഫ്രെയിമുകളിൽ കുറേ പോലീസുകാരേയും, ആൾക്കൂട്ടവും കുത്തിനിറച്ച് നെട്ടോട്ടമോടിക്കുന്ന, കഥയെന്നൊരു സംഗതിയുടെ ലവലേശം പിൻബലമില്ലാതെ ബോറടിപ്പിക്കുന്ന തമ്പികണ്ണന്താനം തറ ടിക്കറ്റുകാരായ പ്രേക്ഷകരെപ്പോലും നിരാശരാക്കുന്നു. ഒരു മെഗാസ്‌റ്റാർ ചിത്രമെടുക്കുമ്പോൾ, അതും ആക്‌ഷന് സാധ്യതയുളള ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ അതിനനുയോജ്യമായ ദൃശ്യപശ്ചാത്തലമെങ്കിലും അനിവാര്യമാണെന്ന് സംവിധായകൻ ഓർക്കുന്നതേയില്ല.
അസ്വസ്ഥമായ, അവസരങ്ങൾ നിഷേധിക്കപ്പെടുന്ന യുവത്വവും, തിന്മയ്‌ക്കെതിരെ പ്രതികരിക്കുകയും, മുഖ്യധാരാ സമൂഹത്തിൽ നീതി ലഭിക്കാത്തവന് നീതി വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന പഴയകാല നായക സങ്കൽല്പത്തെ പൊടിതട്ടി പുറത്തെടുക്കുകയാണ് സംവിധായകൻ. അതാകട്ടെ തമ്പി കണ്ണന്താനത്തിന്റെ തന്നെ മുൻചിത്രങ്ങളായ രാജാവിന്റെ മകൻ, നാടോടി, ചുക്കാൻ തുടങ്ങിയ ചിത്രങ്ങളിലെ നായകൻമാരുടെ വികലമായ അനുകരണം മാത്രമാണ്. ചിത്രത്തിൽ ആവർത്തിച്ചുവരുന്ന ഒരു വാക്ക് ‘ചേരി’ എന്നുളളതാണ്. എന്നാൽ മൂന്നുമണിക്കൂറുളള സിനിമയിൽ ഒരിക്കൽപോലും പ്രാന്തവൽക്കരിക്കപ്പെട്ടവർ മാത്രം താമസിക്കുന്ന ചേരിയോ, ചേരിയിലെ ദൈന്യതയിലേക്കോ ക്യാമറ വലിപ്പിക്കാൻ സംവിധായകൻ മിനക്കെടുന്നില്ല. മറിച്ച് നായകന്റെ ശരീരഭാഷയെ പർവ്വതീകരിക്കാനാണ് സംവിധായകന് തിടുക്കം. ഹൈദ്രാബാദിൽ നായികയുടെ ശരീരത്തിലെ തർക്കവടിവുകൾ കാണിച്ചുകൊണ്ട് ഒരു പാട്ടുസീൻ. ബാറിലെ ആഘോഷങ്ങൾക്ക് ഒരു കാബറേ, പഴയ വിപ്ലവഗാനങ്ങളെ ഓർമ്മിപ്പിക്കുന്ന പാട്ടിന്റെ അകമ്പടിയോടെ, രജനീകാന്ത് ചിത്രങ്ങളിലേതുപോലെ നായകൻ വലിയ ജനക്കൂട്ടത്തെയും വഹിച്ചുകൊണ്ടു നീങ്ങുന്ന ഒരു സീൻ. ദേശീയ പതാകയുടെ മുന്നിൽവച്ച് സംഭാഷണങ്ങൾ കടിച്ചുതുപ്പുന്ന നായകൻ. എന്നിങ്ങനെ കുറേയധികം രംഗങ്ങൾ ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ എന്ന വ്യജേന വീതം വെയ്‌ക്കുന്നുണ്ട് ഒന്നാമനിൽ.
ചിത്രത്തിൽ എന്തെങ്കിലും ആകർഷകമായിട്ടുണ്ടെങ്കിൽ അത് നായകന്റെ കുട്ടിക്കാലം ചിത്രീകരിച്ചത് മാത്രമാണ്. അഭിനയത്തിന്റെ അരങ്ങേറ്റം ലാലിന്റെ മകൻ പ്രണവ് മോശമാക്കിയില്ല. കുട്ടിക്കാലത്തെ കളിക്കൂട്ടുകാരെല്ലാം ഒരേ നഗരത്തിൽ വിവിധ വേഷങ്ങളിൽ എത്തിച്ചേരുന്നത്-ചേരിയുടെ നായകൻ രവിശങ്കർ (മോഹൻലാൽ), പോലീസ് കമ്മീഷണർ വിഷ്ണു (ബിജുമേനോൻ), ആർ.ഡി.ഒ.ഹരി (ലാലു അലക്‌സ്), കലക്‌ടർ കമല (രമ്യാകൃഷ്‌ണൻ) – യാദൃശ്ചികമായിട്ടല്ല മറിച്ച് കഥയിലെ ഏച്ചുകൂട്ടലുകളായാണ് അനുഭവപ്പെടുക. സെൽഫോണും, തോക്കും, ബാറും, ബ്യൂട്ടി പാർലറും, മയക്കുമരുന്നും മറ്റുമായി ധാരാളം കാഴ്‌ചകൾ ചിത്രത്തിലുണ്ട്. ഇത്തരം ചലനങ്ങൾക്കിടയിൽ എവിടെയാണ് നമ്മുടെ ജീവിതം എന്ന് പ്രേക്ഷകന് അന്വേഷിക്കാൻ കഴിയുന്നില്ല.
മലയാള സിനിമയുടെ ഇന്നത്തെ പ്രതിസന്ധിയുടെ കാരണങ്ങളറിയാൻ റഫറൻസ് ഗ്രന്ഥങ്ങൾ തിരയേണ്ട ആവശ്യമില്ല. ഒന്നാമൻ പോലുളള ഒന്നോ, രണ്ടോ ചിത്രങ്ങൾ കണ്ടാൽ മതിയാകും.
Generated from archived content: cinema_onnaman.html Author: jijesh_kallumutti