നിലവിലുളള സാമൂഹ്യവ്യവസ്ഥകളോട് പ്രതികരിക്കുമ്പോൾ തന്നെ അതിൽ മുദ്രവാക്യം കലർന്നു പോകരുത് എന്ന് നിർബന്ധമുളള ചലച്ചിത്രകാരനാണ് ലോഹിതദാസ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വംശീയകഥകൾ പറഞ്ഞിട്ടുളള ലോഹിതദാസ്, മുഖ്യധാര സിനിമയിലെ ചില സ്ഥിരം ധാരണകളെ പൊളിച്ചെഴുതികൊണ്ട് കലയും കച്ചവടവും വിദഗ്‌ദ്ധമായി സമന്വയിപ്പിക്കുന്ന ഒരു പുത്തൻ കാഴ്‌ചപ്പാടിലൂടെ മലയാള സിനിമയ്‌ക്ക് എന്നും ഓർമ്മിക്കാൻ പാകത്തിന് മികവുറ്റ കഥാപാത്രങ്ങളും, ജീവിത മുഹൂർത്തങ്ങളും സമ്മാനിച്ചിട്ടുണ്ട്. ലോഹിതദാസ് മുദ്ര ആർട്ട്‌സിനുവേണ്ടി രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രമായ കസ്‌തൂരിമാൻ അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളോട് കിടപിടിക്കുന്നില്ലെങ്കിൽകൂടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രേക്ഷക ഹൃദയത്തിലേയ്‌ക്ക് ഇറങ്ങി ചെല്ലുന്ന തരത്തിൽ കഥ പറയുന്നു. അതുകൊണ്ടുതന്നെ തിയറ്റർ വിടുമ്പോൾ കുറേ കാലത്തിനുശേഷം കാമ്പുളള ഒരു ചിത്രം കണ്ടു എന്ന ചിന്ത പ്രേക്ഷകർക്ക് ബാക്കിയാവുന്നു.
പ്രണയത്തിന്റെ, സൗഹൃദത്തിന്റെ കസ്തൂരിഗന്ധം മനസ്സിൽ സൂക്ഷിക്കുകയും അത് തേടിയലയുകയും ചെയ്യുന്ന സാജൻ ജോസഫിന്റെയും പ്രിയംവദയുടെയും കഥയാണ് കസ്തൂരിമാൻ. ജീവിതത്തിന്റെ തിക്താനുഭവങ്ങളിൽപ്പെട്ടുഴറിയാണ് പ്രിയംവദയും, സാജനും കാമ്പസിൽ എത്തുന്നത്. ദാരിദ്ര്യത്തിൽ നിന്ന് കൂടുതൽ ദാരിദ്ര്യത്തിലേക്ക് വഴുതിപ്പോകുമ്പോഴും, മനസ്സ് പതറാതെ തന്റെ സങ്കടങ്ങളെ ഒരു വാശിപോലെ ആഹ്ലാദമാക്കുന്നവളാണ് പ്രിയംവദ. തന്റെ ദുഃഖങ്ങളും പേറി തന്നിലേക്കുതന്നെ ഒതുങ്ങാനാണ് സാജൻ ജോസഫിന് ഇഷ്‌ടം. പരസ്പരം അറിയാൻ ശ്രമിച്ചപ്പോൾ അവരുടെ സങ്കടങ്ങൾ ഒന്നാവുകയും ഒരുപാട് ജന്മങ്ങളിൽ ഒന്നുചേർന്നവരെപോലെ അവരിൽ പ്രണയം തളിർക്കുകയും ചെയ്യുന്നു. ഒരേ സമയം അഞ്ചു വീടുകളിൽ പണിയെടുത്ത് സമ്പാദ്യമുണ്ടാക്കുന്ന പ്രിയംവദ സാജന്റെ ജീവിതത്തിൽ ഒരു പ്രകാശമാകുന്നു. ഐ.എ.എസ് എന്ന സ്വപ്നം പ്രിയംവദയുടെ നിർബന്ധബുദ്ധിയിൽ അവളുടെ സമ്പാദ്യം കൊണ്ട് അവൻ നേടിയെടുക്കുന്നു. അപ്പോഴേക്കും നിലനിൽപ്പിനുവേണ്ടി അവൾക്ക് ഒരു കൊലയാളിയാകേണ്ടിവരുന്നു. ജീവിതത്തെ നിഷേധിക്കാതെ മനസ്സിൽ പ്രണയത്തിന്റെ മൂല്യം സൂക്ഷിക്കുന്ന പ്രിയംവദയേയും, സാജനേയും കാണിച്ച് ലോഹിതദാസ് ചിത്രം അവസാനിപ്പിക്കുന്നു.
പ്രേക്ഷകർക്ക് കയ്യടിച്ചു സന്തോഷിക്കാൻ അവസരം കൊടുക്കാതെ അവരെ കിടക്കപ്പായ വരെയെങ്കിലും അസ്വസ്ഥമായ ചിന്തകളും ചോദ്യങ്ങളുമായി പിൻതുടരുന്ന ലോഹിയുടെ മുൻചിത്രങ്ങളെപോലെ കസ്തൂരിമാനും ഒരളവുവരെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. യുവത്വത്തിന്റെ ആഘോഷങ്ങളെ മാത്രം അഭിസംബോധന ചെയ്യുന്ന ഉളളു പൊളളയായ കാമ്പസ്സ് പ്രണയചിത്രങ്ങളിൽ നിന്ന് ഈ ചിത്രം തീർത്തും വിത്യസ്തമാവുന്നു. വ്യക്തമായി നിർണ്ണയിക്കപ്പെട്ട വ്യക്തിത്വമുളള നിരവധി കഥാപാത്രങ്ങളുണ്ട് ഈ ലോഹി ചിത്രത്തിൽ. ഇത്തരത്തിലുളള കഥാപാത്രം ഇന്നയാൾ ചെയ്യണം എന്ന മലയാള സിനിമയിലെ കടുംപിടുത്തങ്ങളെ പാടെ നിഷേധിച്ചുകൊണ്ട് കുറേ പുതുമുഖങ്ങളെ അണിനിരത്തുന്നുണ്ട് കസ്തൂരിമാനിൽ. പലിശക്കാരൻ ലോനപ്പനും, സിനിമയെ ഇഷ്‌ടപ്പെടുന്ന മലയാളം അദ്ധ്യാപകനായ അച്ചനും, സാത്വികയായ പ്രിൻസിപ്പാളും, സാജന്റെ അച്ഛനും, ജ്യേഷ്‌ഠൻ ബെന്നിയും, രാജേന്ദ്രന്റെ ഏഷണിക്കാരിയായ അമ്മയും… അങ്ങനെ നിരവധി കഥാപാത്രങ്ങൾ.
കഥാഘടനയിലും ആവിഷ്‌ക്കാരത്തിലും ലോഹിതദാസ് ഔചിത്യം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും പാട്ടുസീനുകളിലേയ്‌ക്ക് വരുമ്പോൾ അത് നഷ്‌ടപ്പെടുന്നു. പാട്ടുസീനുകളിൽ കടുംവർണ്ണങ്ങൾ ചാലിച്ച് സിനിമയിലെ ഒത്തുതീർപ്പു വ്യവസ്ഥകളോട് രാജിയാവാൻ ശ്രമിക്കുകയാണോ അദ്ദേഹം. പ്രിയംവദയെ വളരെ ഭംഗിയായി അവതരിപ്പിക്കാൻ മീരാജാസ്‌മിന് കഴിഞ്ഞിട്ടുണ്ട്. രാജേന്ദ്രനെ കൊന്നശേഷം സാജന്റെ മുന്നിലേക്ക് വാതിൽ കൊട്ടിയടയ്‌ക്കുന്ന ഒറ്റ സീൻ മതി മീരയുടെ അഭിനയത്തിന്റെ റേഞ്ച് അളക്കാൻ. കരുത്തുറ്റ അഭിനയചാതുരി അനുഭവപ്പെടുത്തുന്ന മീരയെപ്പോലുളള നായികമാർ മലയാള സിനിമയ്‌ക്ക് മുതൽക്കൂട്ടാണ്. സാജൻ ജോസഫിൽ കുഞ്ചാക്കോ ബോബൻ കൂടുതൽ പക്വതയുളള അഭിനയം കാഴ്‌ചവെക്കുന്നു. ഒരുപാട് കാലത്തിനുശേഷം വേണു ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് കസ്തൂരിമാനിന്. വേണുവിന്റെ ക്യാമറയും, രാജാ മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.
എഴുതാപ്പുറങ്ങളിലെ സീത, വളയത്തിലെ വനജ, ഭൂതകണ്ണാടിയിലെ പുളളുവത്തി സരോജിനി; ലോഹിതദാസ് സൃഷ്‌ടിച്ച ഈ സ്ര്തീ കഥാപാത്രങ്ങളുടെ നിരയിലാണ് ഇടിമിന്നൽപോലെ പ്രകാശിക്കുന്ന, അഗ്നിപോലെ ചിതറുന്ന കസ്തൂരിമാനിലെ പ്രിയംവദയും.
Generated from archived content: cinema_may8.html Author: jijesh_kallumutti