അൽപ്പം ചിന്തിക്കുകയും വായിക്കുകയും ചെയ്യുന്ന നന്മയുളള ഏതൊരു ചെറുപ്പക്കാരന്റെയും ഉളളിലും വ്യവസ്ഥിതിയോട്, അതിന്റെ തെറ്റായ നിലപാടുകളോട് പ്രതികരിക്കാൻ വെമ്പുന്ന ഒരു മനസ്സുണ്ട്. പ്രതിഷേധിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും വെറും ഭാവനയിൽ മാത്രം ഒതുങ്ങിപ്പോകുന്നവയാണ് ആ പ്രതികരണങ്ങൾ എന്നത് മറ്റൊരു സത്യം. ഈ മനസ്സിന്റെ ഭാവനയെ തീർത്തും കച്ചവടകണ്ണോടുകൂടി ദൃശ്യവത്‌ക്കരിച്ചാൽ, ജയരാജ് കഥയെഴുതി സംവിധാനം ചെയ്‌ത ഫോർ ദി പീപ്പിൾ എന്ന സിനിമയുടെ ആശയം കിട്ടും. ഫോർ ദി പീപ്പിളിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡോ. ഇക്‌ബാൽ കുറ്റിപ്പുറമാണ്. അതിനാകട്ടെ സ്വന്തമായൊരു വ്യക്തിത്വം അവകാശപ്പെടാനില്ല. ഇന്ത്യൻ, മുതൽവൻ, രമണ, തമിഴൻ, കാക്കകാക്ക തുടങ്ങിയ തമിഴിൽ തരംഗങ്ങൾ സൃഷ്‌ടിച്ച സിനിമകളുടെ ഉളളടക്കങ്ങൾ മലയാളത്തിലാക്കി കൂട്ടിവായിച്ചാൽ ഫോർ ദി പീപ്പിൾ എന്ന സിനിമയായി. മലയാള കച്ചവടസിനിമ അതിന്റെ തകർച്ചയുടെ നെല്ലിപ്പലക കണ്ടുകഴിഞ്ഞ ഈ അവസരത്തിൽ തീർത്തും പുതുമുഖങ്ങളെ മാത്രം ഉൾക്കൊളളിച്ചുകൊണ്ട് ഒരു ചിത്രം സംവിധാനം ചെയ്യാനും അത് വിജയിപ്പിക്കാനും കഴിഞ്ഞു എന്നതാണ്, അല്ലെങ്കിൽ അതുമാത്രമാണ് ജയരാജ് എന്ന സംവിധായകന്റെ പ്ലസ്‌പോയിന്റ്.
ഭരണക്കൂടത്തിലുളള വിശ്വാസം നഷ്‌ടപ്പെടുമ്പോൾ, സ്വന്തം പ്രതികരണശേഷിയിൽ സംശയമുണ്ടാകുമ്പോഴാണ് ജനങ്ങൾ സമാന്തരമായി ചിന്തിക്കുന്നത്. ഗുണ്ടകളും അവരുടെ സംഘങ്ങളും പെരുകുന്നതിന്റെ കാരണം മറ്റൊന്നല്ല. അനീതിക്കെതിരെ ആയുധമെടുത്ത് പ്രതിഷേധിക്കുന്ന നീതിബോധമുളള, നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ ജയരാജ് ഫോർ ദി പീപ്പിളിലൂടെ പരിചയപ്പെടുത്തുന്നു. വിവിധ മേഖലകളിൽ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ച ഈ ചെറുപ്പക്കാർ (ഭരത്, പത്മകുമാർ, അർജ്ജുൻ, അരുൺ) ഫോർ ദി പീപ്പിൾ എന്ന പേരിൽ ഇന്റർനെറ്റിൽ ഒരു പരാതിപ്പെട്ടിയുണ്ടാക്കുകയും; അതിൽ എത്തുന്ന പരാതികൾക്ക് ശിക്ഷ നടപ്പാക്കുകയും ചെയ്യുന്നു. കൈക്കൂലിക്കാരായ ഡോക്‌ടറേയും ചെക്കുപോസ്‌റ്റിലെ ഉദ്യോഗസ്ഥനേയും, ജനങ്ങൾക്ക് നിരന്തരം ഭീക്ഷണി ഉയർത്തുന്ന വാടകഗുണ്ടയേയും, രാഷ്‌ട്രീയക്കാരനേയും അവർ തങ്ങളുടെ നീതി അനുസരിച്ച് ശിക്ഷിക്കുകയും, ജനങ്ങൾക്കിടയിൽ ചർച്ചാവിഷയമാകുകയും ചെയ്യുന്നു. ഇവരുടെ പ്രവർത്തനങ്ങളെ തടയാൻ സർക്കാരിന്റെ പ്രതിനിധിയായി എത്തുന്ന പോലീസ് ഓഫീസറുടെ (സുനിൽ) മുന്നിൽ ഒടുവിൽ അവർക്ക് അടിയറവ് പറയേണ്ടിവരുന്നു. രണ്ടുമണിക്കൂർ മാത്രം ദൈർഘ്യമുളള ഫോർ ദി പീപ്പിൾ എന്ന സിനിമയിലൂടെ നമ്മുടെ ഭീരുത്വത്തെ, ഭാവനയെ ഗൃഹാതുരത്വത്തെ ജയരാജ് നമ്മളറിയാതെ ചൂക്ഷണം ചെയ്യുന്നു.
ജീവിതത്തെ ഏതെങ്കിലും ഒരർത്ഥത്തിൽ ഉൾക്കാഴ്‌ചകൊണ്ട് പുതുക്കുന്ന ദൃശ്യമുദ്രകൾ ഒന്നുംതന്നെ ഈ ജയരാജ് ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. എബ്രഹാം ലിങ്കന്റെ ഫോർ ദി പീപ്പിൾ എന്ന ആശയം- സമത്വസുന്ദരമായ ജനകീയ ഭരണം-ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ മാറ്റങ്ങളുടെ പേപ്പർ കട്ടിംങ്ങുകളും പ്രദർശിപ്പിച്ചുകൊണ്ട് പ്രേക്ഷകരിലേക്ക് നേരിയ പ്രതീക്ഷ ഉണർത്തികൊണ്ടാണ് ചിത്രം തുടങ്ങുന്നത് പക്ഷേ, സംഭവഗതികളിലേക്ക് വികസിക്കുമ്പോൾ ആ പ്രതീക്ഷകളിലേക്ക് ചിത്രം ഒരിക്കലും വളരുന്നില്ല. ചിത്രത്തിന്റെ ട്രിറ്റ്‌മെന്റ്, ഗാനങ്ങളും, എന്നപോലെ ദൃശ്യങ്ങളും-ഹർത്താലിനും, ആക്രമണങ്ങൾക്കും ആഹ്വാനം ചെയ്യുന്ന നേതാവിനെ ഹർത്താലിന്റെ അന്നുതന്നെ നടുറോഡിൽ വച്ച് പെരുമാറുന്നതും, ചിത്രത്തിലെ നായകൻമാർ പോലീസിനെ ഭയന്ന് കെട്ടുവളളത്തിൽ അഭയം തേടുമ്പോൾ വളളക്കാരനെകൊണ്ട് പഴയ ജനമുന്നേറ്റത്തെക്കുറിച്ചും, ഒളിവുകളെക്കുറിച്ചുമുളള സംഭാഷണങ്ങൾ പറയിപ്പിക്കുന്നത്- ചോരതിളപ്പുളള പ്രേക്ഷകരെ ആവേശം കൊളളിക്കുക എന്ന കേവല ലക്ഷ്യത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നു. ഇങ്ങനെ പ്രേക്ഷകരെ ഉപരിപ്ലവമായി ആവേശം കൊളളിക്കുകയും അതേ സമയം കബളിപ്പിക്കുകയും ചെയ്യുന്ന ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ-പരാതികളുടെ സത്യസന്ധതയെപ്പറ്റി അന്വേഷിക്കുകപോലും ചെയ്യാതെയാണ് നീതിബോധമുളള ഈ ചെറുപ്പക്കാർ പ്രതികരിക്കുന്നത്. അവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ചുളള വിവരണങ്ങളും, മദ്യദുരന്തത്തിന് കാരണക്കാരായ അബ്‌കാരികളെ മദ്യം കഴിപ്പിച്ച് അന്ധരാക്കുന്നതും മറ്റും നാലാംകിട മിമിക്രി സിനിമകളെ ഓർമ്മിപ്പിക്കുന്നു- പോരായ്‌മകൾ ഏറെയുണ്ട്.
രാജശേഖറിന്റെ ദ്രുതഗതിയിലുളള കാമറചലനങ്ങളും, ആന്റണിയുടെ എഡിറ്റിംങ്ങുമാണ് ചിത്രത്തെ ബോറടിപ്പിക്കാതെ താങ്ങി നിർത്തുന്നത്. രാജൻമാത്യു എന്ന പോലീസ് ഓഫീസറെ അവതരിപ്പിച്ച സുനിൽ എന്ന നടൻ പ്രതീക്ഷയുണർത്തുന്നു. ചിത്രത്തിലെ മികച്ച പ്രകടനം ജാസി ഗിഫ്‌റ്റ് എന്ന സംഗീത സംവിധായകന്റെ, ഗായകന്റെ അരങ്ങേറ്റമാണ്. പരിചിതവും എന്നാൽ വ്യത്യസ്തവുമായ സംഗീതത്തിൽ കൈതപ്രത്തിന്റെ ഓർമ്മകളുണർത്തുന്ന വരികൾ മലയാളി ഒട്ടും പരിചയിച്ചിട്ടില്ലാത്ത പുരുഷശബ്‌ദത്തിൽ ജാസി പാടുമ്പോൾ ശരിക്കും അതൊരു പൊളിച്ചെഴുത്താവുന്നു.
Generated from archived content: cinema_mar10.html Author: jijesh_kallumutti
Click this button or press Ctrl+G to toggle between Malayalam and English