കുഞ്ഞിക്കൂനൻ

മലയാളസിനിമാപ്രേക്ഷകർക്ക്‌ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ്‌ സിബിമലയിൽ. ഈയടുത്തകാലത്ത്‌ സിബിമലയിൽ ഇങ്ങനെ പരിതപിക്കുകയുണ്ടായി. “എന്റെ സിനിമകൾ കണ്ടിരുന്ന പ്രേക്ഷകർ എനിക്കു നഷ്‌ടപ്പെട്ടു. ഇനി എനിക്ക്‌ വിജയം മാത്രം നോക്കിയാൽ മതി.” സിബിയുടെ ഈ വാക്കുകളിൽ ഇന്നത്തെ മലയാള സിനിമയുടെ ദുരവസ്ഥയുടെ ചിത്രം നിഴലിച്ചു നിൽക്കുന്നത്‌ കാണാൻ കഴിയും. സമകാലിക ജീവിതാവസ്ഥകളിലേക്ക്‌ കണ്ണോടിക്കാതെ, പ്രേക്ഷകസമൂഹത്തിനായി സവിശേഷമായ എന്തെങ്കിലും ഒരാശയം ദ്യോതിപ്പിക്കാതെ എണ്ണം തികയ്‌ക്കാനായി വെറുതെ ഒരു സിനിമ ഉണ്ടാക്കുവാനും, അതിന്റെ വിപണനത്തിനായി വിജയ ഫോർമൂലകൾ തേടി നടക്കുകയാണ്‌ നമ്മുടെ ചലച്ചിത്രകാരൻമാർ. നല്ല കഥകൾ, പ്രേക്ഷകരെ ബോറടിപ്പിക്കാതെ പറഞ്ഞിരുന്ന ചിത്രങ്ങൾ വിജയങ്ങളായിരുന്നു എന്നറിയാതെ ഉപരിപ്ലവമായ തമാശകളും, കണ്ണീരും പലരും പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ പുതിയ കുപ്പികളിൽ വിതരണം ചെയ്‌തും പ്രേക്ഷകരെ കബളിപ്പിക്കാനാണ്‌ ചലച്ചിത്രകാരൻമാർക്ക്‌ തിടുക്കം. അതിനുളള തിരിച്ചടിയാണ്‌ ഷാജി കൈലാസിന്റെ ‘താണ്ഡവം’, രാജസേനന്റെ ‘നക്ഷത്രക്കണ്ണുളള രാജകുമാരൻ…’, ഫാസിലിന്റെ ‘കൈ എത്തും ദൂരത്ത്‌’, മോഹൻ കപ്ലേരിയുടെ ‘സാവിത്രിയുടെ അരഞ്ഞാണം’, ജോസ്‌ തോമസിന്റെ ‘സ്‌നേഹിതൻ’ തുടങ്ങിയ സമീപകാല ചിത്രങ്ങളുടെ പരാജയം. ലാൽജോസിന്റെ ദിലീപ്‌ ചിത്രം മീശമാധവൻ കൈവരിച്ച അപ്രതീക്ഷിത വിജയം, ഒരു ചെറിയകഥ അധികം അസ്വാരസ്യങ്ങളൊന്നുമില്ലാതെ, പ്രേക്ഷകരെ പിടിച്ചിരുത്തുന്നവിധം പറഞ്ഞു ഫലിപ്പിച്ചു എന്നുളളതുതന്നെയാണ്‌. ഈയൊരു അവസരത്തിൽ ഇറങ്ങിയ ദിലീപ്‌ (ജനപ്രിയനായകൻ എന്ന്‌ പരസ്യവാചകം) ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന പുതിയ ചിത്രമാണ്‌ കുഞ്ഞിക്കൂനൻ.

മിലൻ ജലീൽ നിർമ്മിച്ച കുഞ്ഞിക്കൂനൻ സംവിധാനം ചെയ്‌തിരിക്കുന്നത്‌ ശശിശങ്കറാണ്‌. ബെന്നി.പി.നായരമ്പലം രചന നിർവഹിച്ച കുഞ്ഞിക്കൂനൻ ബെന്നിയുടെ തന്നെ വികലാംഗവർഷം എന്ന നാടകത്തിന്റെ ചലച്ചിത്രരൂപമാണ്‌. അതിഭാവുകത്വം നിറഞ്ഞ നാടകത്തിന്റെ ചട്ടക്കൂടിൽനിന്ന്‌ സിനിമയുടെ സാധ്യതകളിലേക്ക്‌ പരിവർത്തനം ചെയ്യുമ്പോൾ, നാടകത്തിന്റെ അവശിഷ്‌ടങ്ങൾ മുഴുവൻ തുടച്ചുനീക്കാൻ ശശിശങ്കർ എന്ന സംവിധായകന്‌ കഴിഞ്ഞിട്ടില്ലെന്ന്‌ ചിത്രം സാക്ഷ്യപ്പെടുത്തുന്നു. കഥ പറയുന്ന രീതിയിൽ തുടങ്ങി, കഥാപാത്രങ്ങളുടെ സൃഷ്‌ടിയിലും, കഥ പുരോഗമിക്കുന്ന വഴികളിലും എല്ലാം അതിനാടകീയതയുടെ നിഴൽ വീണുകിടക്കുന്നത്‌ കാണാം. കൂനനും, വിരൂപനുമായ കുഞ്ഞൻ (ദിലീപ്‌), ലൈറ്റ്‌ ആന്റ്‌ സൗണ്ട്‌ നടത്തുന്ന തോമ (കൊച്ചിൻ ഹനീഫ), സൗണ്ട്‌ ഓപ്പറേറ്റർ ചന്ദ്രൻ (സലിംകമാർ), ചായക്കടക്കാരായ കണാരനും, ദിവാകരനും (നാരായണൻകുട്ടി, മച്ചാൻ വർഗ്ഗീസ്‌), തെരുവുസർക്കസ്സിലെ അന്ധയായ ചെമ്പകം (നവ്യാനായർ), സർക്കസ്സിനിടയ്‌ക്ക്‌ അപകടത്തിൽപ്പെട്ട്‌ മരിച്ച അവളുടെ അച്‌ഛൻ (ഗീഥാസലാം), കുഞ്ഞന്റെ വളർത്തമ്മ (ബിന്ദു പണിക്കർ), നാട്ടിലെ റൗഡി വാസു(സായ്‌കുമാർ), സ്ഥലം സർക്കിൾ ഇൻസ്പെക്ടർ (സ്‌ഫടികം ജോർജ്ജ്‌), മകൾ ലക്ഷ്‌മി (മന്യ), കോൺസ്‌റ്റബിൾ സുകുമാരൻ (നെടുമുടിവേണു), മകൻ താന്തോന്നിയായ പ്രസാദ്‌(ദിലീപ്‌) എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളുണ്ട്‌ ചിത്രത്തിൽ. സാമൂഹികമായ ഉത്‌ക്കണ്‌ഠകൾ പ്രേക്ഷകരുമായി പങ്കുവെയ്‌ക്കാനൊന്നും കാഞ്ഞിക്കൂനനിലൂടെ ശശിശങ്കർ ശ്രമിക്കുന്നില്ല. പകരം പ്രേക്ഷരെ രണ്ടര മണിക്കൂർ തിയറ്ററിൽ പിടിച്ചിരുത്താൻ വേണ്ട പൊടിക്കൈകൾ സിനിമയിൽ കുത്തിനിറയ്‌ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്‌. അവയാകട്ടെ വിപരീതഫലമാണ്‌ ഉളവാക്കുന്നത്‌. ഉദാഹരണത്തിന്‌, ദിലീപിന്റെ പ്രസാദ്‌ എന്ന കഥാപാത്രം ക്ഷുഭിതയൗവനമാണെന്ന്‌ വരുത്തി തീർക്കാൻ അന്യഭാഷ സിനിമകളിലെ നായകൻമാരെപ്പോലെ അനാവശ്യമായി അലറി വിളിച്ച്‌ പേടിപ്പിക്കുന്നതും, കാമുകി ലക്ഷ്‌മിയുടെ മരണശേഷം ചെമ്പകത്തിനോടുളള പ്രസാദിന്റെ സമീപനം ആവർത്തിച്ച്‌ കാണിക്കുന്നതും, ദുർബലനായ കുഞ്ഞനെ (നായകൻ) റൗഡിവാസു(വില്ലൻ) തല്ലിചതയ്‌ക്കുന്നത്‌ അവന്റെ ഉറ്റവർ (പ്രേക്ഷകരും) നോക്കി നിൽക്കേണ്ടിവരുന്നതും, ബോളിവുഡിനെ അനുകരിച്ചുളള പാട്ടുസീനുകളും മറ്റും പ്രേക്ഷകർക്ക്‌ അരോചകമായിട്ടാണ്‌ അനുഭവപ്പെടുക.

കുഞ്ഞനിൽനിന്ന്‌ പ്രസാദിലേയ്‌ക്കും അയാളുടെ പ്രണയത്തിലേക്കും, വിരഹത്തിലേയ്‌ക്കും വളർന്ന്‌ വികസിക്കുന്ന ഇതിവൃത്തം ഒട്ടും സംഭവബഹുലമല്ല. പ്രസാദിന്റെയും ലക്ഷ്‌മിയുടെയും ഒളിച്ചോട്ടവും, അതിൽ വാസുവിന്റെ ഇടപെടലും, ലക്ഷ്‌മിയുടെ മരണവും, ലക്ഷ്‌മിയുടെ കണ്ണുകൾ ചെമ്പകത്തിന്‌ കിട്ടുന്നതും മറ്റും നാടകീയത നിറഞ്ഞ ദുർബലമായ കഥാസൂചനകളാകുന്നു. സംഭാഷണങ്ങളിലുടനീളം നർമ്മം സൂക്ഷിക്കാൻ ബെന്നി.പി.നായരമ്പലത്തിനായിട്ടുണ്ട്‌. ദിലീപിന്റെ രണ്ടു കഥാപാത്രങ്ങളും -കുഞ്ഞനും, പ്രസാദും-പാത്രസൃഷ്‌ടിയിലേയും, ട്രീറ്റുമെന്റിലേയും അപാകതകൾമൂലം നിറം മങ്ങുന്നുണ്ടെങ്കിലും ചില അവസരങ്ങളിൽ-കാഴ്‌ചകിട്ടിയ ചെമ്പകത്തിനുമുന്നിൽ തന്റെ വൈരൂപ്യം ദൃശ്യമാക്കപ്പെടുമ്പോൾ കുഞ്ഞൻ അനുഭവിക്കുന്ന മാനസിക സംഘർഷം പ്രേക്ഷകർക്ക്‌ ഉളളിൽ തട്ടുന്നതരത്തിൽ അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്‌-അതിനെ അതിജീവിക്കുന്നുമുണ്ട്‌. നായകമാരായ മന്യയ്‌ക്കും, നവ്യാനായർക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഒരുപക്ഷേ, ഈ നായികമാരെക്കാൾ തിളങ്ങിയത്‌ ഒരു പാട്ടുസീനിൽ മാത്രം അഭിനയിച്ച നിത്യദാസാണ്‌. രഞ്ജൻ എബ്രഹാം എഡിറ്റുചെയ്‌ത സുകുമാറിന്റെയും, സാലു ജോർജ്ജിന്റെയും ദൃശ്യവിന്യാസങ്ങൾക്ക്‌ വലിയ മേന്മയൊന്നുമില്ല. രണ്ട്‌ ഛായാഗ്രഹകൻമാരുടെ കൂട്ടായ്‌മയിൽ വിരിഞ്ഞ നല്ല ദൃശ്യങ്ങൾ ചിത്രത്തിൽ നന്നേക്കുറവ്‌.

Generated from archived content: cinema_kunjikunan.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English