മലയാള കുടുംബ പ്രേക്ഷകർക്കിടയിൽ ഫാസിൽ എന്ന സംവിധായകന് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ട്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, എന്റെ സൂര്യപുത്രിക്ക്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് തുടങ്ങിയ പോപ്പുലർ സിനിമയിലെ ഹിറ്റുചിത്രങ്ങൾ ഒരു ജനപ്രിയ സംവിധായകന്റെ മേലങ്കി തുന്നിക്കൊടുത്തിട്ടുണ്ട് ഫാസിലിന്. തനിക്ക് തുന്നികിട്ടിയ ഈ മേൽകുപ്പായം തെല്ലൊരഹങ്കാരത്തോടെ എടുത്തണിഞ്ഞുകൊണ്ട് അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽതന്നെ നിർമ്മിച്ച്, രചനയും, സംവിധാനവും നിർവഹിച്ച്, സ്വന്തം മകനെ തന്നെ നായകവേഷവും കെട്ടിച്ച് ആത്മസായൂജ്യമടയുന്ന പുതിയ ചിത്രമാണ് കൈ എത്തും ദൂരത്ത്.
പ്രതിസന്ധിയുടെ ഊരാക്കുടുക്കിൽ നിന്ന് തല രക്ഷിച്ചെടുക്കാൻ മലയാളസിനിമ എന്തെങ്കിലും മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിൽ അതിന് തടയിടുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ല ഈ ഫാസിൽ ചിത്രത്തിന്. ഈ സംവിധായകന്റെ നായകകഥാപാത്രങ്ങൾ എല്ലാംതന്നെ ധനികരായിരിക്കും. ധനികർക്കിടയിലെ ബന്ധങ്ങൾക്കാണ് കൂടുതൽ തീവ്രത എന്ന ന്യായമാണ് അതിനായി നിരത്തുന്നത്. ഒരേ പാറ്റേണിൽ ചലിക്കുന്ന ഇത്തരം കഥാപാത്രങ്ങൾക്കും, കഥാപശ്ചാത്തലത്തിനും ഒരു വ്യതിയാനവും സംഭവിക്കുന്നില്ല ഈ പുതിയ ചിത്രത്തിലും. മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ നായകനും, നായികയുമായ വിനയചന്ദ്രനും, ആനിയും തന്നെയാണ് അനിയത്തിപ്രാവിലെ സുധിയും, മിനിയും. ഈ സുധിയും, മിനിയും തന്നെയാണ് കൈ എത്തും ദൂരത്തിലെ സച്ചിൻ മാധവനും (ഷാനു), സുഷമയും(നികിത). ഈ ചിത്രത്തിന്റെ രചനാവേളയിൽ താൻ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് വല്ലാതെ വിഷമിക്കേണ്ടി വന്നുവെന്ന് ഫാസിൽ അവകാശപ്പെടുന്നു. പക്ഷേ, ആ വിഷമത്തിന്റെ ‘മഹത്വം’ ചിത്രത്തിൽ ഒരിടത്തും കാണാനില്ലാതെ പ്രേക്ഷകർ വിഷമിക്കുന്നു. ചിത്രത്തിൽ നായകനും നായികയും പ്രത്യേക സാഹചര്യത്തിൽ കണ്ടുമുട്ടുന്നതും, മന്ദബുദ്ധി നായകൻ നായികയെ പല സ്ഥലങ്ങളിലും പിൻതുടരുന്നതും മറ്റും അനിയത്തിപ്രാവിലേതുതന്നെ. (ഫാസിലിന്റെ നായകനും, നായികയും കണ്ടുമുട്ടുന്ന നിമിഷം പ്രണയപരവശരാകുന്നു.) ബാക്കി വരുന്ന ഭാഗം ക്ലൈമാക്‌സ് അടക്കം വിജയ് നായകനായി അഭിനയിച്ച ‘ഖുഷി’ എന്ന തമിഴ് സിനിമയുടെ കോപ്പിയാണ്. ക്ലൈമാക്‌സിലേക്ക് വരുന്ന സംഭവങ്ങൾ കൈ എത്തും ദൂരത്തിലേതുതന്നെയാണ് പക്ഷേ, അവയ്‌ക്ക് സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലെന്നു മാത്രം.
ഒരു സിനിമ നല്ല സിനിമയാകുന്നതും, പൂർണ്ണമാവുന്നതും തിരക്കഥാരചനാവേളയിലോ, തീയറ്റർ സ്‌ക്രീനിലോ അല്ല മറിച്ച് പ്രേക്ഷകരുടെ മനസ്സിലാണ്. പ്രേക്ഷകർ മനസ്സിലേക്ക് ആവാഹിക്കുന്ന തരത്തിൽ പുത്തൻ പരിസരങ്ങളോ, ജീവിത മുഹൂർത്തങ്ങളോ ഈ ചിത്രത്തിലില്ല. എന്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ കഥ പറഞ്ഞുപോകാൻകൂടി ഫാസിലിനു കഴിഞ്ഞിട്ടില്ല. കമ്പ്യൂട്ടർ പഠനവും, ചേരിതിരിഞ്ഞുളള പാട്ട് മത്സരങ്ങളും, കടുംനിറത്തിലുളള, ശരീരസമൃദ്ധി പ്രദർശിപ്പിക്കുന്ന മോഡേൺ വസ്‌ത്രങ്ങളും, ആഹ്ലാദപ്രകടനങ്ങളും മറ്റും പുതുതലമുറയുടെ ജീവിത ചുറ്റുപ്പാടുകളാണെന്ന് ചിത്രത്തിൽ എടുത്തുകാണിക്കുന്നുണ്ട്. ഇവയൊന്നുംതന്നെ ഇല്ലാതെ ലളിതമായി നല്ല പ്രണയകഥകൾ ഒരുപാട് ഉണ്ടായിട്ടുണ്ട് മലയാളസിനിമയിൽ. അതുകൊണ്ടുതന്നെ ഇവയെല്ലാംതന്നെ തീർത്തും അരോചകമാണ്. സച്ചിൻ മാധവന്റെയും, സുഷമയുടെയും പരസ്പരം പറയാതെ അടക്കിപ്പിടിക്കുന്ന സ്‌നേഹം അതാണ് സിനിമയുടെ മർമ്മം പക്ഷേ, ആ സ്‌നേഹം ഒരിക്കലും പ്രേക്ഷകർക്കിടയിൽ ഒരസ്വാസ്ഥ്യവും സൃഷ്‌ടിക്കുന്നില്ല. ചിത്രത്തിലെ നായകന്റെ മാനസിക വ്യാപാരം കാണിക്കാൻ ഫാസിലൊരുക്കുന്ന ഒരു വിഷ്വൽ-മാലാഖവേഷത്തിൽ കൈനീട്ടി നിൽക്കുന്ന നായികയുടെ അരികിലേക്ക് ഓടിയടുക്കുന്ന നായകനെ ഓവർടേക്ക് ചെയ്‌തുകൊണ്ട് മറ്റൊരാൾ നായികയെ ചേർത്തുപ്പിടിച്ച് മുന്നേറുന്നത്-പ്രേക്ഷകർ കൂക്കി വിളിച്ചുകൊണ്ടാണ് സ്വീകരിക്കുന്നത്.
തന്റെ സിനിമകളിലെ മുഖ്യ ആകർഷണഘടകം കഥാപാത്രങ്ങളുടെ അഭിനയമുഹൂർത്തങ്ങളാണെന്ന് അഭിമാനിക്കുന്ന സംവിധായകനാണ് ഫാസിൽ. പക്ഷേ, ഹൃദയസ്പർശിയായ ഒരൊറ്റ അഭിനയമുഹൂർത്തവും ഈ ചിത്രത്തിലില്ല എന്നത് നിരാശാജനകമാണ്. മുഖത്ത് ഒരു ഭാവംപോലും വരുത്താതെ എങ്ങനെ അഭിനയിക്കാം എന്നതിന് തെളിവാകുന്നു കൈ എത്തും ദൂരത്തിലെ നായകൻ. ഗോപിവക്കീൽ എന്ന അതിഥിവേഷത്തിൽ മമ്മൂട്ടി ചിത്രത്തിലുണ്ട്. മമ്മൂട്ടിയെപ്പോലുളള ഒരു വലിയ നടനെകൊണ്ട് നായകന്റെ തോളിൽതട്ടി ‘സ്‌മാർട്ട്’ എന്ന് പറയിപ്പിച്ചാൽ എല്ലാം തികഞ്ഞു എന്ന് സംവിധായകൻ കരുതിയിട്ടുണ്ടാവും. അച്ഛന്റെ (സിദ്ധിക്ക്) രോഗവിവരം മകളെ അറിയിക്കാതെ, മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടന്നുകിട്ടാൻ വളഞ്ഞവഴികൾ തേടുന്ന, ഉളളിൽ സ്‌നേഹം അടക്കിവെച്ച അമ്മയായി രേവതി അഭിനയിക്കുന്നു. ചിത്രത്തിന് കൊഴുപ്പുകൂട്ടാൻ കൊച്ചിൻ ഹനീഫയേയും, കെ.പി.ഇ.സി.ലളിതയേയും, ഹരിശ്രീ അശോകനെയുമൊക്കെ വിഡ്‌ഢിവേഷം കെട്ടിക്കുന്നുണ്ട്. “അക്കൈയിലീക്കൈയിലേ ഓടുന്നുണ്ടോടുന്നുണ്ടേ”,“പ്രിയസഖീ എവിടെ നീ പ്രണയിനീ അറിയുമോ”, “പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ” എന്നിങ്ങനെ ഗാനരചന നടത്തികൊണ്ട് രമേശൻ നായരും, അതിന് സംഗീതം നൽകികൊണ്ട് ഔസേപ്പച്ചനും പ്രേക്ഷകരെ മാനസികമായി പീഢിപ്പിക്കുന്നു. ആനന്ദകുട്ടന്റെ ദൃശ്യവിന്യാസങ്ങൾക്കോ, ടി.ആർ.ശേഖറും, ഗൗരിശങ്കറും ചേർന്നുളള എഡിറ്റിങ്ങിനോ ചിത്രത്തെ രക്ഷിച്ചെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഇരുപത്തിയഞ്ച് വർഷംമുൻപ് ഇറക്കിയ “മഞ്ഞിൽ വിരിഞ്ഞപൂക്കൾ” എന്ന ചിത്രത്തിന്റെ ചട്ടകൂടിൽ നിന്ന് ഒരിഞ്ചുപോലും വ്യതിചലിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫാസിൽ കൈ എത്തും ദൂരത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
Generated from archived content: cinema_kaiethum.html Author: jijesh_kallumutti
Click this button or press Ctrl+G to toggle between Malayalam and English