സദാനന്ദന്മാർ സമയം നോക്കുമ്പോൾ

ജീവിതത്തെ വെറുതെ നോക്കുക മാത്രമാണ്‌ തങ്ങളുടെ ചുമതലയെന്ന്‌ കരുതുന്ന കലാകാരൻമാർ ഇവിടെയുണ്ട്‌. അവർ ബാഹ്യജീവിതത്തെ ഏതെങ്കിലും ഇടുങ്ങിയ വീക്ഷണകോണിലൂടെ മാത്രം നോക്കി നിൽക്കാൻ താൽപര്യപ്പെടുന്നു. അവരുടെ കാഴ്‌ചപ്പാടുകൾ ഒരേ ലക്ഷ്യത്തിൽ അധിഷ്‌ഠിതമാണ്‌. അത്‌ തങ്ങളുടെ സൃഷ്‌ടിയുടെ കച്ചവടവിജയം മാത്രമാണ്‌. പറയുന്ന വിഷയത്തെ ജാഗ്രതയോടെ സമീപിക്കാൻ പോലും അവർ ശ്രമിക്കുന്നില്ല. മഴത്തുളളിക്കിലുക്കം എന്ന ആദ്യചിത്രത്തിനുശേഷം ഇരട്ട സംവിധായകരായ അക്‌ബർ ജോസിന്റെ ദിലീപ്‌ ചിത്രമാണ്‌ ‘സദാനന്ദന്റെ സമയം’. ശരത്‌ചന്ദ്രൻ വയനാടിന്റെ കഥയ്‌ക്ക്‌ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്‌ ജെ.പളളാശ്ശേരിയാണ്‌. ജാതകത്തിലും, ജ്യോതിഷത്തിലും അന്ധമായി വിശ്വസിക്കുന്ന സദാനന്ദൻമാഷിന്റെ കഥയാണ്‌ ഇവർക്ക്‌ പറയാനുളളത്‌. തങ്ങൾ പറയാൻ ഉദ്ദേശിച്ച വിഷയത്തെ തികഞ്ഞ കൈയടക്കത്തോടെ സമീപിക്കാൻ ചിത്രത്തിന്റെ സംവിധായകർക്കോ, തിരക്കഥാകാരനോ കഴിഞ്ഞിട്ടില്ല.

ഒരു ദോഷജാതകകാരനാണെന്ന ബോധം ഉളളിൽ കൊണ്ടു നടക്കുന്ന സദാനന്ദൻ വേണ്ടതിലധികം അന്ധവിശ്വാസങ്ങളും അവ ജപിച്ചുകെട്ടിയ ഏലസ്സുകളുമായാണ്‌ ജീവിക്കുന്നത്‌. തന്നിൽ അടിയുറച്ചുപോയ ഈ അന്ധവിശ്വാസത്തിന്റെ വേലികെട്ടുകൾ പൊളിച്ച്‌ സദാനന്ദൻമാഷ്‌ എങ്ങനെ പുറത്തുവന്നു എന്നത്‌ ചില ആകസ്മികതകളിലൂടെ പറയാൻ ശ്രമിക്കുകയാണ്‌ അക്‌ബർ ജോസ്‌. മുൻപ്‌ ലോഹിതദാസ്‌ തിരക്കഥയൊരുക്കി സുരേഷ്‌ ഉണ്ണിത്താൻ സംവിധാനം ചെയ്ത ‘ജാതകം’ എന്ന ചിത്രം ഇതേ വിഷയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്‌. ശകുനത്തിലും, ജ്യോതിഷത്തിലും, മന്ത്രവാദത്തിലുമൊക്കെ വിശ്വാസമുളള ഒരു അച്ഛൻ മകൻ സ്നേഹിച്ച്‌ വിവാഹം കഴിച്ച പെൺകുട്ടിയുടെ ജാതകത്തിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കിയപ്പോൾ മകന്റെ ആയുസ്സുവരെ അപകടത്തിലായെന്ന്‌ കണ്ട്‌ മരുമകളെ കൊന്നു കളയുന്നു. അതൊരു അപകടമരണമായാണ്‌ അറിയുന്നത്‌. അതോടെ മകൻ ജാതകവിധിയിലും, പൊരുത്തത്തിലും വിശ്വസിക്കാൻ തുടങ്ങുന്നു. പിന്നീട്‌ എല്ലാ പൊരുത്തവും തികഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. നഗരത്തിൽ ജീവിച്ച ആ പെൺകുട്ടിക്കും വീട്ടുകാർക്കും ഇത്തരം അന്ധവിശ്വാസങ്ങളിലൊന്നും താൽപര്യമില്ലായിരുന്നു. പക്ഷേ, പിന്നീടാണറിയുന്നത്‌ അവളുടെ ജാതകം കൃത്യ സമയമോ, കാലമോ നോക്കാതെ മാറ്റിയെഴുതിയതാണെന്ന്‌. ആ വിവരം തമാശപോലെ അവൾ പറയുകയും ചെയ്യുന്നു. അതുണ്ടാക്കുന്ന പ്രക്ഷുബ്‌ധതകളാണ്‌ ആ ചിത്രം. ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും, കഥാചിത്രീകരണത്തിലൂടെയും ജാതകത്തേയും, ജ്യോതിഷത്തിന്റെയും അതിന്റെ പേരിലുളള അബദ്ധവിശ്വാസങ്ങളെയും വളരെ പ്രകടമായിത്തന്നെ വിമർശനവിധേയമാക്കുന്നുണ്ട്‌ ലോഹിതദാസ്‌. അതേ വിഷയം കൈകാര്യം ചെയ്യുന്ന അക്‌ബർജോസിന്റെ ഈ സിനിമ കേവലം ഒരു കഥ പറയുക മാത്രമാണ്‌ ചെയ്യുന്നത്‌. സ്വതന്ത്രമായ കാഴ്‌ചപ്പാടോടുകൂടി കഥയേയോ അതിലടങ്ങിയിരിക്കുന്ന വിഷയത്തെയോ സമീപിക്കാൻ സംവിധായകൻമാർ ശ്രമിച്ചു കണ്ടില്ല. സദാന്ദൻമാഷ്‌ കാണിച്ചു കൂട്ടുന്ന അന്ധവിശ്വാസത്തിന്റെ പേരിലുളള അബദ്ധങ്ങളെ പൊലിപ്പിച്ചു കാണിക്കാനാണ്‌ അവർ ചിത്രത്തെ ഉപയോഗിക്കുന്നത്‌. അതൊരുപക്ഷെ, പ്രേക്ഷകരെ രസിപ്പിച്ചേക്കാം, ഒരിക്കലും ചിന്തിപ്പിക്കുന്നില്ല.

ലോഹിതദാസിന്റെ ചിത്രത്തിലേതുപോലെ തന്നെ സദാനന്ദൻമാഷ്‌ (ദിലീപ്‌) സുമംഗലയെ(കാവ്യാമാധവൻ) വിവാഹം കഴിക്കുന്നത്‌ എല്ലാ ജാതകപൊരുത്തവും നോക്കിയാണ്‌. പക്ഷേ, ജാതകത്തിലും മറ്റും വിശ്വാസമില്ലാത്ത സുമംഗലയുടെ വീട്ടുകാർ അവളുടെ ജാതകം സദാനന്ദന്‌ യോജിച്ച രീതിയിൽ മാറ്റി എഴുതുകയാണ്‌ ചെയ്തത്‌. ലോഹിതദാസിന്റെ സിനിമയിൽ കഥയെ മൊത്തം സ്വാധീനിക്കുന്നതും, ജാതക പൊരുത്തത്തിനെതിരെ പ്രതികരിക്കുന്നതും ഈ ഒരു സംഭവമാണ്‌. പക്ഷേ, ഈ ചിത്രത്തിൽ നേരെ മറിച്ചാണ്‌ സംഭവിക്കുന്നത്‌. ജാതകപൊരുത്തത്തെക്കുറിച്ച്‌ സുമംഗലയ്‌ക്കുളള വിശ്വാസത്തെ വർദ്ധിപ്പിക്കാനും, സദാനന്ദനും സുമംഗലയും പങ്കെടുക്കുന്ന അവസാന രംഗത്തെ സെന്റിമെന്റ്‌സിന്‌ ആക്കം കൂട്ടാനുമാണ്‌ ഇത്‌ ഉപകരിക്കുന്നത്‌. സദാനന്ദന്റെ അബദ്ധവിശ്വാസങ്ങളെ കാണിക്കുന്ന അറുവഷളൻ രംഗങ്ങൾക്ക്‌-സ്‌ക്കൂളിന്റെ ദോഷം മാറാൻ സ്‌ക്കൂളിന്‌ മുന്നിൽ തേങ്ങ അടിക്കുന്നത്‌, നല്ല ശകുനത്തിന്‌ വേശ്യയെ വിളിക്കുന്നത്‌, കാക്കയെ കല്ലെറിയുന്നതും മറ്റും-ശേഷം അയാളുടെ ജീവിതത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത്‌ സദാനന്ദൻ എല്ലാ കാര്യങ്ങൾക്കും ഉപദേശം സ്വീകരിക്കുന്ന പണിക്കരുടെ മരണത്തിനു ശേഷമാണ്‌. പണിക്കരുടെ മരണം കണ്ടു വന്നതിനുശേഷം സദാനന്ദൻ സ്വന്തം മരണം സ്വപ്നം കാണുന്ന ഒരു സീനുണ്ട്‌ ചിത്രത്തിൽ. ചിത്രത്തിലെ രസകരമായ ഒരേയൊരു രംഗം അതുമാത്രമാണ്‌. ജ്യോതിഷരത്‌നം കൃഷ്ണനുണ്ണി (ജഗതി) സദാനന്ദന്റെ മരണജാതകം കുറിച്ചു കൊടുത്തതിനുശേഷം സദാനന്ദന്റെയും അതറിയുന്ന സുമംഗലയുടെയും മാനസികവ്യഥകൾ ഒരിക്കൽപോലും പ്രേക്ഷകരെ സ്വാധീനിക്കുന്നില്ല. എന്നുമാത്രമല്ല, തികഞ്ഞ തമാശയോടെയും, പുച്ഛത്തോടെയുമാണ്‌ അവർ അത്‌ നോക്കിക്കാണുന്നത്‌. കാരണം മരണപ്രവചനം നടത്തുന്ന ജ്യോതിഷരത്‌നം ഒരു ശുദ്ധ തട്ടിപ്പാണെന്ന്‌ സംവിധായകൻ പ്രേക്ഷകർക്ക്‌ കാണിച്ചു തരുന്നുണ്ട്‌. ഇത്‌ സംവിധായകരുടെ വിജയമാണോ? പരാജയമാണോ? ചിത്രത്തെ ഉപരിപ്ലവമായി മാത്രം നോക്കിക്കാണുന്ന ഒരാൾക്ക്‌ അത്‌ സംവിധായകന്റെ വിജയമായി കാണാം. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്‌. ജ്യോതിഷത്തെ ഒരേ സമയം ന്യായീകരിക്കുകയും ന്യായീകരിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ നയമാണ്‌ സംവിധായകനും, തിരക്കഥാകൃത്തും കൈക്കൊളളുന്നത്‌. ഒരു തട്ടിപ്പുകാരനായ ജ്യോത്സ്യനെകൊണ്ട്‌ പ്രവചനം നടത്തിച്ച്‌ നായകന്റെ അന്ധവിശ്വാസങ്ങളെ ഉന്മൂലനം ചെയ്യാനുളള വഴിതെളിയിച്ചുകൊണ്ട്‌ ജ്യോതിഷത്തേയും ജാതകത്തേയും എതിർക്കുകയും അതേ സമയം ജാതകവും നിമിത്തവും നോക്കാതെ വിവാഹം കഴിച്ച നായകന്റെ സഹോദരിയുടെ മകളുടെ വിവാഹം തകരുകയും വിവാഹമോചനത്തിൽവരെ എത്തിനിൽക്കുന്നത്‌ ജാതകദോഷം കൊണ്ടാണെന്ന്‌ കഥാപാത്രങ്ങളെക്കൊണ്ട്‌ പറയിച്ച്‌ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ചെയ്യാൻ പോകുന്ന വിഷയത്തെക്കുറിച്ച്‌ വ്യക്തമായ അവഗാഹമില്ലാത്തതും, ചിത്രത്തിന്റെ സാമ്പത്തിക ഭദ്രതയുമാണ്‌ സംവിധായകരെ ഇതൊക്കെ ചെയ്യിക്കുന്നത്‌. പറഞ്ഞുവന്ന ഒരു കഥയെ കഥയായിത്തന്നെ അവസാനിപ്പിക്കാനോ, ഒരു കലാകാരന്റെ നിരീക്ഷണപാടവത്തോടെ ജ്യോതിഷവും, ജാതകവും പോലുളള ഒരു വിഷയത്തിന്റെ സ്വന്തം നിലപാട്‌ വ്യക്തമാക്കാനോ അക്‌ബർജോസുമാർക്ക്‌ കഴിഞ്ഞിട്ടില്ല എന്നത്‌ അവരുടെ പരാജയം തന്നെയാണ്‌.

ദിലീപിന്റെ കഴിഞ്ഞ ചിത്രങ്ങളിലെ കണ്ടു പഴകിയ മുഖങ്ങളും, കഥാപാത്രങ്ങളും ചില്ലറ ഭേദഗതിയോടെ ഈ ചിത്രത്തിലും കാണാം. കളിക്കൂട്ടുകാരൻ സുഗുണൻ (സലിംകുമാർ),കളളുകുടിയൻ പാക്കരൻ(നാരായണൻകുട്ടി), സ്‌കൂളിലെ ഹെഡ്‌മാഷ്‌(കൊച്ചിൻഹനീഫ), സുഹൃത്തായ എൽ.ഐ.സി.ഏജന്റ്‌ (മച്ചാൻ വർഗ്ഗീസ്‌) എന്നിവരാണ്‌. ഇവരെയൊന്നും കയറൂരി വിട്ടിട്ടില്ല എന്നത്‌ ആശ്വാസകരം തന്നെ. ഓരോ ചിത്രങ്ങൾക്കും പുതിയ ഭൂമികയും കഥയുമൊക്കെ തെരഞ്ഞെടുക്കുന്നുണ്ടെങ്കിലും അഭിനയത്തിന്റെ പുതിയ പരിസരങ്ങൾ സൃഷ്‌ടിക്കാനൊന്നും ദിലീപ്‌ മിനക്കെടുന്നില്ല. കാമുകിയും, ഭാര്യയും, അമ്മയുമൊക്കെയായി വ്യത്യസ്തമായ വേഷങ്ങൾ കൈയാളുമ്പോഴും, കഥാപാത്രങ്ങളുടെ വളർച്ചയ്‌ക്കനുസരിച്ച്‌ പക്വതയാർജ്ജിക്കാൻ കാവ്യമാധവന്‌ കഴിഞ്ഞിട്ടില്ല. കമലിന്റെ ശിഷ്യൻമാർ എന്ന നിലയ്‌ക്ക്‌ പാട്ടുസീനിലേയ്‌ക്ക്‌ വരുമ്പോൾ, ഗുരുവിന്റെ പാത പിൻതുടർന്നുകൊണ്ട്‌ സീനുകൾ മികച്ചതാക്കാൻ അക്‌ബർ ജോസുമാർ ശ്രമിക്കുന്നുണ്ട്‌. അതിന്‌ പി. സുകുമാറിന്റെ ക്യാമറ അവർക്ക്‌ മികച്ച പിൻതുണ നൽകുന്നു. യൂസഫലി രചിച്ച്‌ മോഹൻസിത്താര സംഗീതം പകർന്ന “കരിവള കൈയ്യാലെന്നെ വിളിച്ചെതെന്തിനു നീ ജമീല”, “നീയറിഞ്ഞോ നീലകുഴലി നിന്നെ വിളിക്കുന്നു മാനസം” തുടങ്ങിയ ഗാനങ്ങൾ കേൾക്കാൻ സുഖമുളളതാണ്‌.

Generated from archived content: cinema_june25.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English