സി.ഐ.ഡികൾ ഉണ്ടാവുന്നത്‌

മലയാള സിനിമയിൽ മോഹൽലാലിനുശേഷം ഇത്രയധികം ജനശ്രദ്ധ പിടിച്ചുപ്പറ്റിയ നടനില്ല. പറഞ്ഞുവരുന്നത്‌ ദിലീപിനെക്കുറിച്ചാണ്‌. കഴിഞ്ഞ കാലങ്ങളിൽ മോഹൻലാൽ അവതരിപ്പിച്ച്‌ വിജയിപ്പിച്ച കഥാപാത്രങ്ങളുടെ നിഴൽ വീണുകിടക്കുന്ന വഴികളിൽ തന്നെയാണ്‌ ദിലീപ്‌ തന്റെ കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്‌ എന്ന്‌ പറഞ്ഞാൽ തെറ്റാവില്ല. മോഹൻലാലിനെ പിൻതുടർന്ന്‌ സാധാരണക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ചതുകൊണ്ടാണ്‌ പ്രേക്ഷകഹൃദയങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞതെന്ന്‌ ദിലീപും സമ്മതിക്കും. നടനത്തിന്റെ ഒരു സന്ധിയിൽ ലാൽ ഒരുപിടി ചിത്രങ്ങൾ നിർമ്മിച്ചിരുന്നു (ഹിസ്‌ഹൈനസ്സ്‌ അബ്‌ദുളള മുതൽ വാനപ്രസ്ഥം വരെ) മോഹൻലാലിന്റെ വഴിയെ നടക്കുന്ന ദിലീപ്‌ നിർമ്മാതാവിന്റെ കുപ്പായമണിയുന്ന പുതിയ ചിത്രമാണ്‌ സി.ഐ.ഡി മൂസ. ലാലിന്റെ ചിത്രങ്ങൾ കലയും, കച്ചവടവും സമന്വയിപ്പിച്ചവയാണെങ്കിൽ, ദിലീപിന്റെ ചിത്രം ഉപഭോക്‌താവിനെ പരമാവധി പിഴിയുന്ന വെറും കച്ചവടോല്പന്നം മാത്രമാണ്‌.

നിരവധി സി.ഐ.ഡി സിനിമകൾ ഉണ്ടായിട്ടുണ്ട്‌. പക്ഷേ, മലയാളികളുടെ മനസ്സിൽ പച്ച കുത്തിയതുപോലെ തെളിയുന്ന രണ്ട്‌ സി.ഐ.ഡികളുണ്ട്‌. സി.ഐ.ഡി ദാസനും വിജയനും. സത്യൻ അന്തിക്കാട്‌ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന നാടോടിക്കാറ്റ്‌ എന്ന സിനിമയിലെ ഈ രണ്ടു കഥാപാത്രങ്ങളെ, അതിലെ കഥയെ, ക്ലൈമാക്‌സിലെ സീനുകളെ വളച്ചൊടിച്ചതാണ്‌ ദിലീപിന്റെ ഈ പുതിയ ചിത്രം. നാടോടിക്കാറ്റിലെ സി.ഐ.ഡി.രാമദാസൻ (മോഹൻലാൽ) ആണ്‌ ഇതിലെ മൂലംകുഴിയിൽ സഹദേവൻ എന്ന മൂസ. ശ്രീനിവാസൻ അവതരിപ്പിച്ച വിജയനെ സി.ഐ.ഡി. മൂസയിൽ ബുദ്ധിയുളള പട്ടിയാക്കി- നാടോടിക്കാറ്റിൽ ശ്രീനിവാസൻ ബുദ്ധി കുറഞ്ഞ പ്രീഡിഗ്രിക്കാരനാണ്‌- (മനുഷ്യനെ പട്ടിയാക്കുന്നവരാണ്‌ ഈ ചിത്രത്തിലെ അണയറക്കാർ എന്ന്‌ സാരം). വ്യക്തമായി നിർണ്ണയിക്കപ്പെട്ട വ്യക്തിത്വമുളളവരായിരുന്നു നാടോടിക്കാറ്റിലെ ദാസനും, വിജയനും. ആ സിനിമ മലയാളികളുടെ മുന്നിലേക്ക്‌ ചില ആകുലതകൾ പങ്കുവെച്ചിരുന്നു. കേരളത്തിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ പ്രതിനിധികളായ ദാസനും വിജയനും വിശപ്പു സഹിക്കാൻ വയ്യാതെ പശുവിന്‌ വാങ്ങിവെച്ച തേങ്ങാപിണ്ണാക്ക്‌ എടുത്തു കഴിക്കുന്ന ദൃശ്യത്തിലെ സംഭാഷണങ്ങൾ ചിരിപ്പിക്കുമ്പോൾ തന്നെ അവരുടെ ദൈന്യത നമ്മെ ദുഃഖിപ്പിക്കുന്നു. ആർദ്ര വികാരത്തെയും ചിരിയേയും സമന്വയിപ്പിക്കുന്ന ശ്രീനിവാസൻ ടച്ച്‌ ഇങ്ങനെ ചിത്രത്തിൽ ഉടനീളം കാണാം. അഭിനവ സി.ഐ.ഡി കഥയിൽ പ്രേക്ഷകരോട്‌, എന്തിന്‌ അതിലെതന്നെ കഥാപാത്രങ്ങളോട്‌ നീതിപുലർത്തുന്ന ഒറ്റ സീൻപോലും ഇല്ല എന്നു മാത്രമല്ല ഇന്നത്തെ പ്രേക്ഷകൻ എന്തും വിഴുങ്ങുന്ന കോമാളികളാണ്‌ എന്ന മുൻധാരണയിൽ ഒരുക്കിയ പമ്പരവിഡ്‌ഢിത്തങ്ങളാൽ സമ്പന്നമാണ്‌. ചിത്രത്തിന്റെ പരാജയം (സി.ഐ.ഡി.മൂസ കോടികൾ കൊയ്യുന്നു എന്നാണ്‌ റിപ്പോർട്ട്‌. സാമ്പത്തിക വിജയം നല്ല സിനിമയുടെ അളവുകോലല്ല.) അതിന്റെ തിരക്കഥയിൽ തുടങ്ങുന്നു. എന്തും എഴുതിവെയ്‌ക്കാനുളള ലൈസൻസാണ്‌ തിരക്കഥാരചന എന്ന്‌ ധരിച്ചുവച്ചിരിക്കുന്ന ഈ തിരക്കഥാകൃത്തുക്കളുടെ-സിബി.കെ.തോമസ്‌, ഉദയകൃഷ്‌ണ-മുൻചിത്രങ്ങൾപോലെ തന്നെ കഴിവുളളവർ എഴുതിവെച്ച സിനിമകളിലെ കുറെ സീനുകൾ കൂട്ടി യോജിപ്പിക്കുക എന്ന ലളിതമായ രീതിയാണ്‌ ഈ ചിത്രത്തിനുവേണ്ടിയും ഉപയോഗിച്ചിരിക്കുന്നത്‌. ജോണി ആന്റണി എന്ന പുതുമുഖ സംവിധായകന്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ല. താരതിളക്കത്തിനും നിലനില്പിനുമിടയിൽ സംവിധായകന്റെ പൊടിപോലും ഇല്ല. മുഖ്യമന്ത്രിയെ (മുരളി) കൊല്ലാൻ ഗുണ്ടകൾ വെയ്‌ക്കുന്ന വെടി ഉന്നം പിഴച്ച്‌ മന്ത്രിക്ക്‌ കാവൽ നിൽക്കുന്ന എസ്‌.ഐ.(ജഗതിയുടെ തൊപ്പി തുളച്ചുപോകുന്ന സീൻ മുതൽ, മുറിവേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ ദിലീപും സഹസി.ഐ.ഡികളും കാണിച്ചുകൂട്ടുന്ന അറുവഷളൻ രംഗങ്ങൾ ഉൾപ്പെടെയുളളതിൽ എന്തൊക്കെ പറഞ്ഞു എന്തൊക്കെ ചിത്രീകരിച്ച്‌ എന്ന്‌ അഭിനയിച്ചവർക്കോ, സംവിധായകനോ നിശ്ചയമുണ്ടാകുമെന്ന്‌ തോന്നുന്നില്ല.

അഭിനയിക്കുന്ന ഓരോ രംഗവും കണ്ട്‌ പ്രേക്ഷകർ ആർത്ത്‌ ചിരിക്കണം. അങ്ങനെ മുടക്കുമുതൽ തിരിച്ചു പിടിക്കണം എന്ന വ്യഗ്രതയിലാണ്‌ ദിലീപ്‌ അഭിനയിക്കുന്നത്‌. പാട്ടുസീനിലെ ധാരാളിത്തവും, കാറും, ബൈക്കും തകർക്കുന്നതും മറ്റുമായി കോടികൾ നശിപ്പിക്കുന്നുണ്ട്‌ ദിലീപ്‌ ചിത്രത്തിനുവേണ്ടി. ഇതിന്റെ പകുതിപോലും വേണ്ട നല്ല സിനിമ നിർമ്മിക്കാൻ എന്ന്‌ ഒരു കലാകാരൻ എന്ന നിലയ്‌ക്ക്‌ ദിലീപ്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു. നായകനാകുമ്പോൾ അതും സി.ഐ.ഡി ആകുമ്പോൾ ഒരു പ്രണയം സ്വാഭാവികം. അതുകൊണ്ട്‌ നായകയായി ഭാവന ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കൊച്ചിൻ ഹനീഫ, സലിംകുമാർ, ഹരിശ്രീ അശോകൻ എന്നിവരെ സംവിധായകർ നിയന്ത്രിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. കഥയ്‌ക്കും, കഥാകഥനരീതിക്കും വലിയ പ്രാധാന്യമില്ലാത്തതുകൊണ്ട്‌ എഡിറ്റിംഗിൽ രഞ്ചൻ എബ്രഹാമിന്‌ ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ടാവില്ല. ബാവയുടെ കലാസംവിധാനവും, സാലു ജോർജിന്റെ ക്യാമറയും വേറിട്ടു നിൽക്കുന്നു.

Generated from archived content: cinema_july31.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English