വെളളിത്തിര

മാദ്ധ്യമത്തിന്റെ ശക്തി മനസ്സിലാക്കിയ തിരക്കഥകളാണ്‌ സിനിമയുടെ ഉത്തമ വഴികാട്ടി. മലയാള സിനിമയിൽ വേറിട്ടൊരു ശബ്‌ദം കേൾപ്പിച്ച പി.പത്മരാജന്റെ വാക്കുകളാണിവ. ഇന്ന്‌ മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം മാദ്ധ്യമത്തിന്റെ ശക്തി മനസ്സിലാക്കാത്ത തിരക്കഥകളാണ്‌. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച്‌ രണ്ടും മൂന്നും ക്ലൈമാക്‌സുകൾ ഉണ്ടാക്കുന്ന കാലം. സ്വന്തം ആശയം ദ്യോതിപ്പിക്കാനുളള തട്ടകമായല്ല ഇവിടുത്തെ തിരക്കഥാകാരന്മാരും, സംവിധായകരും സിനിമയെ സമീപിക്കുന്നത്‌ മറിച്ച്‌, തന്റെ ഉൽപ്പന്നത്തിന്റെ ഏതു വിധത്തിലുമുളള വിപണനമാണ്‌ അവരെ ഭരിക്കുന്നത്‌. ആർ.മോഹൻ നിർമ്മിച്ച്‌ ഭദ്രൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ്‌ വെളളിത്തിര. സിനിമയുടെ മർമ്മം അറിയാവുന്ന ഭദ്രൻ പൃഥ്വിരാജിനെപ്പോലുളള ഒരു യുവനായകനുമായി സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും പ്രതീക്ഷിക്കുന്നത്‌ സ്വാഭാവികം. പക്ഷേ, പ്രതീക്ഷകൾക്ക്‌ വിപരീതമായി മറ്റുളളവർ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന്‌ ഈ സംവിധായകനും നിരാശപ്പെടുത്തുന്നു.

സിനിമയുടെ എല്ലാതരം പിൻമടക്കങ്ങളും ആരംഭിച്ചു കഴിഞ്ഞ, സിനിമാശാലകൾ ഓഡീറ്റോറിയങ്ങൾ ആകുന്ന ഈ കാലത്ത്‌, കുറെ സിനിമകളുടെ നല്ല ഭാഗങ്ങൾ കോർത്തിണക്കി ഒറ്റ സിനിമയാക്കി, വാടകയ്‌ക്കെടുത്ത പ്രൊജക്‌ടറുമായി ഗ്രാമങ്ങൾ കയറിയിറങ്ങുന്ന സഞ്ചരിക്കുന്ന സിനിമാശാല എന്ന വിദൂരകാഴ്‌ച ഒരു സിനിമയ്‌ക്ക്‌ പറ്റിയ ചിന്തയാണ്‌. വെളളിത്തിരയുടെ കഥാതന്തുവും അതാണ്‌. പക്ഷേ, കഥ വികസിക്കുമ്പോൾ ഈ കഥാതന്തു അനങ്ങാപ്പാറ നയം സ്വീകരിക്കുകയും കഥയിൽ അതിന്‌ ഒട്ടും പ്രാധാന്യമില്ലാതാവുകയും അതിന്റെ സ്ഥാനത്ത്‌ ഹിറ്റു ചിത്രങ്ങളായ മീശമാധവൻ, നന്ദനം എന്നീ ചിത്രങ്ങൾ കടന്നു വരികയും സിനിമ ഒരുതരം അവിയൽ പരുവമാകുകയും ചെയ്യുന്നു. ഗ്രാമത്തിലെത്തുന്ന നായകൻ അവിടുത്തെ ശാലീനയായ പെൺകുട്ടിയെ സ്വന്തമാക്കുന്ന പല തവണ പറഞ്ഞിട്ടും മതിവരാത്ത ഒരു കഥയുമായി നമ്മെ സമീപിക്കുകയും ആസ്വദിക്കാനാവശ്യപ്പെടുകയും ചെയ്യുകയാണ്‌ വെളളിത്തിരയുടെ സംവിധായകൻ. വാക്കത്തി വാസുവിന്റെ (മണി) അനുജത്തിയാണ്‌ തത്ത(നവ്യാനായർ) ഗ്രാമത്തിൽ ഒരു പനതത്തയായി പാറി നടക്കുന്ന അവൾ, ഗ്രാമത്തിൽ സഞ്ചരിക്കുന്ന സിനിമാശാലയുമായി എത്തിയ രാജുമായി (പൃഥ്വിരാജ്‌) പ്രണയത്തിലാവുന്നു. ദുരിതപൂർണ്ണമായ ഒരു ഭൂതകാലവുമായി എത്തുന്ന രാജിനെ തേടി ഒരിക്കൽ പോലീസെത്തുന്നു. അച്ഛനെ കൊന്നവനെ തലയ്‌ക്കടിച്ചു കൊന്ന്‌ ജയിലിൽ പോയ രാജ്‌ പരോളിൽ ഇറങ്ങി അനുജത്തിയുടെ വിദ്യാഭ്യാസത്തിന്‌ ആവശ്യമായ പണം സ്വരൂപിക്കാൻ വേണ്ടിയാണ്‌ മുങ്ങിയത്‌. അവനെ അന്വേഷിച്ച്‌ പോലീസ്‌ എത്തിയതോടെ അവന്റെ പ്രണയവും, ജീവിതവും പ്രതിസന്ധിയിലാവുന്നു.

ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുളള ഒരു കഥയും, എസ്‌.കുമാറിന്റെ ക്യാമറയും, യുവനായകന്റെ മീശപിരിക്കലും, നായികയുടെ പച്ചമാങ്ങ തിന്നലുമൊക്കെ കാണിച്ചാൽ സിനിമ വിജയിപ്പിക്കാമെന്ന്‌ സംവിധായകൻ ധരിച്ചിട്ടുണ്ടാവണം. കുറെക്കാലമായി മലയാള സിനിമയിലെ സംവിധായകർ കൂടത്തിൽനിന്ന്‌ ഇറക്കിവിട്ട നപുംസക കഥാപാത്രങ്ങൾ ഈ ചിത്രത്തിലും അലഞ്ഞു നടക്കുന്നുണ്ട്‌. കൊച്ചിൻ ഹനീഫയുടെ വിഡ്‌ഢിയായ പഞ്ചായത്ത്‌ പ്രസിഡന്റും, ജഗതിയുടെ തിയറ്റർ ഉടമയും എന്നു തുടങ്ങി സലിംകുമാറിന്റെയും, മച്ചാൻ വർഗ്ഗീസിന്റെയും, ഒടുവിലിന്റെയും കഥാപാത്രങ്ങളും ഉദാഹരണമാണ്‌. നായകന്റെ ഭൂതകാലം ചിത്രീകരിക്കുമ്പോഴും, നായികയുടെയും മറ്റ്‌ കഥാപാത്രങ്ങളുടെ പാത്രസൃഷ്‌ടിയിലും മറ്റും മുൻകാല ചിത്രങ്ങളെ പിൻപറ്റുന്നത്‌ ഭദ്രന്റെ സർഗ്ഗാത്മകത പ്രതിസന്ധിയിലാണ്‌ എന്നതിന്‌ തെളിവാകുന്നു. നവ്യാനായരും, കലാഭവൻ മണിയും പ്രേക്ഷകരെ അഭിനയിച്ച്‌ വെറുപ്പിക്കുന്നു. പൃഥ്വിരാജിന്റെ അഭിനയം മോഹൻലാലിനെ അനുകരിക്കലാണെന്ന്‌ പ്രേക്ഷകർക്ക്‌ തോന്നിയിട്ടുണ്ടെങ്കിൽ അത്‌ സ്വാഭാവികം മാത്രമാണ്‌. അട്ടപ്പാടിപ്പോലുളള ഒരു കുഗ്രാമത്തിലെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പെൺകുട്ടി ഒരു ബസ്സിൽ കയറി മൈസൂർ മെഡിക്കൽ കോളേജിൽ എത്തി എന്ന്‌ പ്രേക്ഷകരെ ബോധ്യപ്പെടുത്തുമ്പോൾ സംവിധായകന്റെ പരാജയം പൂർണ്ണമാകുന്നു. ഷിബു ചക്രവർത്തി എഴുതി അൽഫോൻസ്‌ ഈണം നൽകിയ ഗാനങ്ങളും, ഗാനരംഗങ്ങളും ഈയിടെ ഹിറ്റായ ചില ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. എസ്‌. കുമാറിന്റെ ക്യാമറ അതീവഭംഗിയോടെ ഗ്രാമത്തിന്റെ ചാരുത ഒപ്പിയെടുക്കുന്നുണ്ട്‌. അത്‌ മാത്രമാണ്‌ ചിത്രത്തിന്റെ പ്ലസ്‌ പോയിന്റ്‌.

Generated from archived content: cinema_july2.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here