കല്ല്യാണരാമൻ

സിനിമാസ്വാദനത്തിന്റെ ഉത്സാഹം കെടുത്താനും, പ്രേക്ഷകരെ തീയറ്റിൽനിന്ന്‌ അകറ്റാനും വേണ്ടിയാണ്‌ ചിത്രങ്ങൾ ഇറങ്ങുന്നതെന്ന്‌ തോന്നും ഇന്നത്തെ മലയാള സിനിമയിലേക്ക്‌ കണ്ണോടിച്ചാൽ. വ്യതിരിക്തത അവകാശപ്പെടാനില്ലാതെ ഒരേ അച്ചിൽ വാർത്തെടുത്തതുപോലെ ഇറങ്ങുന്ന ഇത്തരം ചിത്രങ്ങൾക്ക്‌ ഏറ്റവും പുതിയ ഉദാഹരണമാണ്‌ കല്യാണരാമൻ. ലാൽ ക്രിയേഷന്റെ ബാനറിൽ ലാൽ നിർമ്മിച്ച്‌ വൺമാൻ ഷോയ്‌ക്ക്‌ ശേഷം ഷാഫി സംവിധാനം നിർവ്വഹിച്ച കല്യാണരാമൻ തെങ്കാശിപട്ടണം എന്ന ഹിറ്റു ചിത്രത്തിന്റെ ചുവടുപിടിച്ച്‌, പ്രേക്ഷകരെ പ്രീതിപ്പെടുത്താൻ എന്ന വ്യാജേന പടച്ചുവിട്ട വിഡ്‌ഢിത്തങ്ങളാൽ സമൃദ്ധമാണ്‌.

ഇന്നിന്റെ വിഹ്വലതകളോ, ചുറ്റുപ്പാടുകളോ പോപ്പുലർ സിനിമയിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്‌ അവിവേകമായി പോകും. തമാശ നിറഞ്ഞ ജീവിതമാണ്‌ കല്യാണരാമനിലേത്‌ എന്ന്‌ ഇതിന്റെ സംവിധായൻ ഓർമ്മിപ്പിക്കുന്നു. ദിലീപ്‌ നായകനാകുന്ന സിനിമയ്‌ക്ക്‌ അങ്ങനെ മാത്രമേ പാടുളളുവെന്ന്‌ ആ നടനും, സംവിധായകനും തീരുമാനിക്കുന്നത്‌ അവരുടെ പോരായ്‌മയിലേയ്‌ക്കുളള കൈചൂണ്ടലുകളായി തീരുന്നു. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ സംഭവങ്ങളെക്കാൾ സംഭാഷണങ്ങൾക്കാണ്‌ മുൻതൂക്കം. ഈ സംഭാഷണങ്ങൾക്കിടയിൽനിന്ന്‌ തമാശ വേർതിരിച്ചെടുക്കേണ്ടത്‌ പ്രേക്ഷകരുടെ ബാദ്ധ്യതയാകുന്നു. രണ്ട്‌ വിവാഹങ്ങളുടെയും, ഒരു മരണത്തിന്റെയും വിശാലമായ സീനുകൾ, അവയ്‌ക്ക്‌ വേണ്ടുന്ന പാട്ടുകളും നൃത്തവും, ഇവയെ യോജിപ്പിക്കുന്ന രണ്ടോ മൂന്നോ ഔട്ട്‌ ഡോർ സീനുകളും. പ്രേക്ഷകർപോലും അറിയാതെ സിനിമ അവസാനിക്കുന്നു. സ്‌ക്കൂൾ യുവജനോത്സവങ്ങളിലെ പ്രച്ഛന്നവേഷങ്ങളെ അനുസ്‌മരിപ്പിക്കുന്ന ദിലീപിന്റെ വൃദ്ധവേഷത്തിൽ നിന്നാണ്‌ ചിത്രം ആരംഭിക്കുന്നത്‌. ഈ വൃദ്ധന്റെ ഭൂതകാലത്തിലേക്കുളള തിരിഞ്ഞു നോട്ടമാണ്‌ ‘കല്യാണരാമൻ’. അതുകൊണ്ടുതന്നെ ഈ സിനിമ ഏത്‌ കാലത്ത്‌ ഏത്‌ ദേശത്താണ്‌ നടക്കുന്നതെന്ന്‌ തിരക്കഥാകൃത്തിനോ, സംവിധായകനോപോലും അറിയാൻ ഇടയില്ല.

തെക്കേടത്ത്‌ തറവാട്ടിലെ സഹോദരൻമാരാണ്‌ അച്ചുതൻകുട്ടിയും (ലാൽ), രാമൻകുട്ടിയും (ദിലീപ്‌). ഒരു വീട്ടിലെ ജനനം, മരണം, കല്യാണം എന്നിവയ്‌ക്ക്‌ ആവശ്യമുളള പന്തൽ, ഡക്കറേഷൻ, വാഹനം, പാചകം എന്നുവേണ്ട എല്ലാക്കാര്യങ്ങളും ഏർപ്പാടുചെയ്യുന്ന ഒരു സ്ഥാപനമുണ്ടിവർക്ക്‌. മാധവൻതമ്പിയുടെ (ലാലു അലക്‌സ്‌) മകൾ രാധികയുടെ (ജ്യോതിർമയി) കല്യാണത്തിനെത്തിയ ഇവർക്ക്‌ ആ പെൺകുട്ടിയെ തങ്ങളുടെ മറ്റൊരു സഹോദരനായ ഡോക്‌ടർ ശിവപ്രസാദിന്റെ (ബോബൻ ആലുമൂടൻ) ഭാര്യയായി സ്വീകരിക്കേണ്ടിവരുന്നു. ആ കല്യാണാഘോഷങ്ങൾക്കിടയിൽ രാമൻകുട്ടിയും, തമ്പിയുടെ രണ്ടാമത്തെ മകളും (നവ്യാനായർ) തമ്മിൽ പ്രണയത്തിലാവുന്നു. ഈ പ്രണയവും വീട്ടുകാർ അംഗീകരിക്കുന്നു. ഇവരുടെ കല്യാണനിശ്ചയത്തിന്റെ അന്ന്‌ രാധിക അറിയാതെ ദേഹത്തുവീണ മണ്ണെണ്ണയ്‌ക്ക്‌ തീപ്പിടിച്ച്‌ മരിക്കുന്നു. തെക്കേടത്ത്‌ തറവാട്ടിൽ പെണ്ണുങ്ങൾ വാഴില്ലെന്ന അറിവ്‌ മാധവൻതമ്പിയെ ഭയചകിതനാക്കുന്നു. തന്റെ മകളെ രാമൻകുട്ടി വിവാഹം കഴിച്ചാൽ അവൾക്കും അപകടമരണം സംഭവിക്കും എന്നറിയുന്ന മാധവൻതമ്പി മകളറിയാതെ വിവാഹത്തിൽനിന്ന്‌ ഒഴിയാൻ രാമൻകുട്ടിയെ നിർബന്ധിക്കുന്നു.

പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്‌ കല്യാണരാമൻ തുടങ്ങുന്നതുതന്നെ. കാമുകികാമുകൻമാർ അവരുടെ പ്രണയ സാഫല്യത്തിനായി കുളിച്ചു തൊഴാൻ എത്തുന്ന ഒരു ക്ഷേത്രത്തിൽ (അതെന്ത്‌ ക്ഷേത്രം?) ഒരു വൃദ്ധൻ എത്തുന്നു. തന്റെ സാന്നിദ്ധ്യത്തെ പരിഹാസത്തോടെ വീക്ഷിക്കുന്ന യുവാക്കളോട്‌ തനിക്കും ഒരു കാമുകിയുണ്ടെന്ന്‌ അയാൾ പറയുന്നു. പക്ഷേ, ചിത്രത്തിന്റെ അവസാനം ഒരു വൃദ്ധയെ (നവ്യാനായരുടെ പ്രച്ഛന്നവേഷം) ചൂണ്ടിക്കാണിച്ച്‌ തന്റെ പേരക്കുട്ടികളുടെ മുത്തശ്ശിയാണിപ്പോഴിവളെന്ന്‌ പറയുന്നു. കാമുകികാമുകൻമാർ പ്രണയസാഫല്യത്തിനെത്തുന്ന ക്ഷേത്രത്തിൽ മക്കളും, പേരക്കുട്ടികളുമുളള ഒരു വൃദ്ധൻ എന്തിനുവന്നു എന്ന ചോദ്യത്തിന്‌ കല്യാണരാമൻ എന്ന സിനിമാക്കഥ പറയാൻ എന്നാവും ഉത്തരം. ഇതുപോലുളള വട്ടിളക്കുന്ന രംഗങ്ങളാണ്‌ ബെന്നിയുടെ തിരക്കഥയെ സമ്പന്നമാക്കുന്നത്‌. കാമുകിയെ മരണത്തിൽ നിന്ന്‌ രക്ഷിക്കാൻ നായകൻ സർവ്വതും സഹിച്ച്‌ പിൻമാറുന്നതും പിന്നീട്‌ എല്ലാം അറിയുമ്പോൾ നായകനെ അന്വേഷിച്ചെത്തുന്ന നായികയ്‌ക്ക്‌ അപകടം പറ്റുന്നതും മറ്റും പതിവുകാഴ്‌ചകൾ തന്നെ. ഉറക്കത്തിൽ എഴുന്നേറ്റുവന്ന്‌ എല്ലാവരുടെയും മുന്നിൽ മൂത്രമൊഴിക്കുന്നതും, ആംബുലൻസിന്റെ ഡ്രൈവറോട്‌ ബിസിനസ്സ്‌ എങ്ങനെയുണ്ട്‌ എന്ന്‌ ചോദിക്കുന്നതും, കല്യാണം കൂടാനെത്തിയ ആൾക്കാരുടെ മുന്നിൽ മസിലു പിടിക്കുന്നതുമൊക്കെയാണ്‌ ഇതിലെ തമാശകൾ.

ഇന്നസെന്റ്‌, സലിംകുമാർ, നാരായണൻകുട്ടി, മച്ചാൻ വർഗ്ഗീസ്‌ തുടങ്ങിയ ഹാസ്യതാരങ്ങൾക്കിടയിൽ ഒരാളാവുക എന്നല്ലാതെ നായകനായ ദിലീപിന്‌ മറ്റൊന്നും ചെയ്യാനില്ല. ഇതിലെ ബാക്കി കഥാപാത്രങ്ങളെല്ലാം ആവശ്യമുളളപ്പോൾ പ്രത്യക്ഷപ്പെട്ട്‌ സംഭാഷണമുരുവിട്ട്‌ പിൻവാങ്ങുന്നവരാണ്‌. കൈതപ്രം രചിച്ച്‌ ബേണി ഇഗ്നേഷീസ്‌ സംഗീതം നൽകി യേശുദാസും, എം.ജി. ശ്രീകുമാരും, അഫ്‌സലും പാടിയ പാട്ടുകളൊന്നും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. പി. സുകുമാറിന്റെ ദൃശ്യവിന്യാസങ്ങളും, വൃന്ദമാസ്‌റ്ററുടെ നൃത്ത ചുവടുകളും ചിത്രത്തിന്റെ ട്രീറ്റുമെന്റുമായി യോജിച്ചു പോകുന്നുണ്ടെന്ന്‌ മാത്രം.

Generated from archived content: cinema_jan17.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here