‘ചക്ര’വഴികളിലെ നിറഭേദങ്ങൾ

മലയാളസിനിമയ്‌ക്ക്‌ ഇത്‌ പിൻമടക്കങ്ങളുടെ കാലമാണ്‌. സർഗ്ഗാത്മകദാരിദ്ര്യത്തിന്റെ ചുഴിയിലകപ്പെട്ട്‌ സാങ്കേതികതയുടെ എല്ലുംതോലും മാത്രമായി നമ്മുടെ സിനിമ പരിണമിച്ചു കഴിഞ്ഞു. ആവർത്തനത്തിന്റെ കേവലമാതൃകകളായി മാറിയ ഹാസ്യസിനിമകളും, അവബോധത്തിന്റെയോ, ധർമ്മബോധത്തിന്റെയോ പ്രാതിനിധ്യം ഇല്ലാത്ത പിൻതിരിപ്പൻ സിനിമകളിലൂടെയും പ്രേക്ഷകരെ കബളിപ്പിച്ച്‌ കുറുക്കുവഴികളിലൂടെ കച്ചവടവിജയം കൊയ്യാൻ ചലച്ചിത്രകാരൻമാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. സമീപകാലത്ത്‌ പുറത്തിറങ്ങിയ ‘വാർ ആന്റ്‌ ലൗ’ എന്ന സിനിമ ഇതിന്‌ ഉദാഹരണമാണ്‌. ദേശീയവികാരം, പാക്കിസ്ഥാൻ വിരോധം, യുദ്ധം എന്നിങ്ങനെയുളള ഉപരിപ്ലവ ആശയങ്ങളെ പൊലിപ്പിച്ചെടുത്ത്‌ നിർമ്മിച്ച ആ ചിത്രത്തിൽ അണിയറക്കാർ പത്രംപോലും വായിക്കാറില്ലെന്ന്‌ ചിത്രം കണ്ടാൽ മനസ്സിലാകും. ഇങ്ങനെ തടിമിടുക്കിന്റെ തിമിർപ്പിൽ മാനുഷികമൂല്യങ്ങളെ കൈയേറ്റം ചെയ്തും, കാഴ്‌ചക്കാരന്റെ ഉളളിലെ സംവേദനത്തിന്റെ പൊടിപ്പുകളെ ചവിട്ടിമെതിച്ചും മുന്നേറുന്ന കച്ചവടസിനിമയുടെയും, അസ്തിത്വമോ, വ്യക്തിത്വമോ അവകാശപ്പെടാനില്ലാത്ത കപടസിനിമയുടെയും ഇടയിൽപ്പെട്ട്‌ യഥാർത്ഥ സിനിമയുടെ ആത്മാവ്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു.

മലയാള സിനിമയിൽ ഏറ്റവും അധികം വംശീയകഥകൾ പറഞ്ഞിട്ടുളള ചലച്ചിത്രകാരനാണ്‌ ലോഹിതദാസ്‌. മുഖ്യധാര സിനിമ മുഖം തിരിച്ച്‌ മാറ്റിനിർത്തിയ ആശാരി, മൂശാരി, കൊല്ലൻ, അരയൻ, പുളളുവത്തി, കുടിയേറ്റ ക്രിസ്‌ത്യാനി എന്നിവരുടെ ജീവിതശീലങ്ങളെയും, ആത്മനൊമ്പരങ്ങളെയും, കലയും കച്ചവടവും അതിവിദഗ്‌ദ്ധമായി സമന്വയിപ്പിക്കുന്ന സിനിമകളിലൂടെ, മലയാളികളുടെ മുന്നിലേക്ക്‌ നീക്കി നിർത്തിയിട്ടുണ്ട്‌. ലോഹിതദാസ്‌ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ ചക്രം. ദേശീയപാതയിലൂടെ ലക്ഷ്യസ്ഥാനത്ത്‌ എത്താൻ കുതിച്ചു പായുന്ന ലോറി ഡ്രൈവർമാരുടെ മാനസിക സംഘർഷങ്ങളെയും, വൈകാരിക മുഹൂർത്തങ്ങളെയും സ്വാഭാവികമായ ചലനങ്ങളിലൂടെ സത്യസന്ധമായി ആവിഷ്‌ക്കരിക്കാൻ ലോഹിതദാസ്‌ ശ്രമിക്കുന്നു. വണ്ടിപ്പണി തെണ്ടിപ്പണിയാണെന്ന്‌ പറയാറുണ്ട്‌. ആ ചൊല്ലിനെ അന്വർത്ഥമാക്കുന്ന ജീവിതമാണ്‌ ലോറിക്കാരുടേത്‌. അവർ സ്‌ത്രീയെ സമീപിക്കുന്നത്‌, അവരുടെ ഭാഷ, താവളങ്ങൾ, ഇടപഴകുന്ന മേഖലകൾ, ചീട്ടുകളി, മദ്യപാനം, ഋജുരേഖയിൽ മാത്രം സഞ്ചരിക്കുന്ന അവരുടെ ജീവിതം; നമ്മുടെ ഇടയിൽ നമുക്ക്‌ പരിചിതനായ ഒരു ലോറിക്കാരനെന്ന്‌ തോന്നിപ്പിക്കുന്ന തരത്തിൽ അതിശയോക്‌തിയില്ലാതെ ചക്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ലോഹിതദാസ്‌ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്‌. പക്ഷേ, കഥാപാത്രങ്ങളുടെ സ്വത്വം അവതരിപ്പിക്കുമ്പോൾ ലോഹിതദാസ്‌ സ്വയം ആവർത്തിക്കുന്നത്‌ കാണാം. ജീവിതത്തിന്റെ എല്ലാ ദശാസന്ധികളിലും തോറ്റുപിൻമാറുന്ന നായകൻ ലോഹിയുടെ സിനിമകളിൽ ഏറെ ആവർത്തിക്കുന്ന കഥാപാത്രമാണ്‌. തനിയാവർത്തനത്തിലെ ബാലൻമാഷും, കിരീടത്തിലെ സേതുമാധവനും, ഭൂതകണ്ണാടിയിലെ വിദ്യാധരനും, ദഥരഥത്തിലെ രാജീവ്‌മേനോനും ഇവരെല്ലാം തന്നെ ഒരേ വ്യക്തിത്വത്തിന്റെ ഉടമകളാണ്‌. ജീവിതത്തിനു മുന്നിൽ നിരായുധരായി പകച്ചു നിൽക്കുന്നവർ. ഇതേ സ്വത്വം ഉൾക്കൊളളുന്ന കഥാപാത്രം തന്നെയാണ്‌ ചക്രത്തിലെ ചന്ദ്രഹാസനും. ചക്രത്തിൽ ചന്ദ്രഹാസൻ ഉരുവിടുന്നത്‌ വാത്സല്യത്തിൽ മേലേടത്ത്‌ രാഘവൻനായർ പറയുന്ന അതേ ഡയലോഗാണ്‌. എം.ടി രചന നിർവ്വഹിച്ച്‌ ഭരതൻ സംവിധാനം ചെയ്ത ‘താഴ്‌വാര’ത്തിന്റെ കഥ തന്നെയാണ്‌ ചക്രത്തിന്റെ കഥ എന്ന്‌ പറഞ്ഞാൽ അത്‌ കളവാകില്ല. ഭാര്യയേയും കൊന്ന്‌, ജീവിതകാലം കഷ്‌ടപ്പെട്ട്‌ സമ്പാദിച്ച സ്വത്തും അപഹരിച്ച്‌ കടന്നുകളഞ്ഞ, കൂടപ്പിറപ്പിനെപോലെ സ്‌നേഹിച്ച സുഹൃത്തിനെ അന്വേഷിക്കുന്ന ബാലന്റെ കഥയാണ്‌ താഴ്‌വാരം. ഈ കഥയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാൽ ചക്രത്തിന്റെ കഥ കിട്ടും. ലോഹിതദാസ്‌ കഥാദാരിദ്ര്യം അനുഭവിക്കുന്നു എന്ന യാഥാർത്ഥ്യത്തിന്റെ ദൃശ്യസാക്ഷ്യം കൂടിയാണീ സിനിമ.

ലോറി ഡ്രൈവർ ചന്ദ്രഹാസന്റെ (പൃഥ്വിരാജ്‌) ജീവിതം ഒരന്വേഷണമാണ്‌. നാടും നഗരവും താണ്ടുമ്പോൾ അവന്റെ കണ്ണുകൾ പരതാറുണ്ട്‌. ഓരോ യാത്രയും ഓരോ അന്വേഷണങ്ങൾ. ഇന്നയാൾ വളയം പിടിക്കുന്നത്‌ ജീവിക്കാൻ വേണ്ടിയല്ല, മറിച്ച്‌ തന്നെ ചതിച്ച്‌ കൊല്ലാൻ ശ്രമിച്ച്‌, ഭാര്യ ഇന്ദ്രാണിയേയും (മീരാജാസ്‌മിൻ) കൊണ്ട്‌ കടന്നുകളഞ്ഞ സുഹൃത്ത്‌ ഗിരിയെ (ബിനോയ്‌) അന്വേഷിച്ച്‌ പിടിക്കാൻ വേണ്ടിയാണ്‌. അതിനുവേണ്ടി മാത്രമാണ്‌ അയാൾ ജീവിക്കുന്നത്‌ തന്നെ. സന്തതസഹചാരിയായി, വണ്ടിയുടെ ക്ലീനറായി അമ്മായിയുടെ മകൻ പ്രേമൻ (വിജീഷ്‌) അവന്റെ ഒപ്പമുണ്ട്‌. ദുരിതപൂർണ്ണമായ ഒരു ഭൂതകാലമുണ്ട്‌ ചന്ദ്രഹാസന്‌. കടബാധ്യതമൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരു കുടുംബത്തിനെ നെഞ്ചോടടക്കിപ്പിടിച്ച്‌ അന്തവും കുന്തവുമില്ലാത്ത ലോകത്തിലേക്ക്‌ പതിനാലാം വയസ്സിൽ ഇറങ്ങി പുറപ്പെട്ടതാണ്‌ അയാൾ. ലോറിത്തെരുവ്‌ അവനെ എടുത്തു വളർത്തി. അങ്ങനെ അവൻ ലോറിപ്പണിക്കാരനായി. ഗിരിയുമായുളള കൂട്ടുക്കെട്ട്‌ അവനെ ചീട്ടുകളിക്കാരനും സമ്പന്നനുമാക്കി. അനിയനെ എഞ്ചിനീയറും, പെങ്ങൻമാരെ പറഞ്ഞ തുക സ്‌ത്രീധനം നൽകി വിവാഹം കഴിപ്പിക്കുകയും ചെയ്തു. അറിവുവച്ചപ്പോൾ അവരും അവനെ വെറുത്തു. അങ്ങനെ സ്വയം നഷ്‌ടപ്പെട്ട്‌ ജീവിക്കുമ്പോഴാണ്‌ ഇന്ദ്രാണി അവന്റെ ജീവിതത്തിലേക്ക്‌ വരുന്നത്‌. അവളുടെ സ്‌നേഹം അവനെ മനുഷ്യനാക്കുകയായിരുന്നു. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. അവന്‌ ഒരിക്കൽകൂടി ചീട്ട്‌ കൈയ്യിലെടുക്കേണ്ടി വന്നു. അതോടെ ഇന്ദ്രാണി അടക്കം അവന്‌ എല്ലാം നഷ്‌ടമാവുകയായിരുന്നു.

ചന്ദ്രഹാസന്റെ വർത്തമാനകാല ജീവിതത്തിൽ നിന്ന്‌ ഭൂതകാലത്തിലെ സംഭവഗതിയിലേക്ക്‌ കടന്നു പോകുന്ന ചിത്രത്തിന്റെ ആഖ്യാനം വ്യത്യസ്തതയുളളതാണ്‌. കഥയുടെ രണ്ടാം ഘട്ടം എത്തുമ്പോൾ മാത്രമാണ്‌ ലോഹിതദാസ്‌ ഫ്ലാഷ്‌ബാക്ക്‌ പറയുന്നത്‌. പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ രാജീവ്‌ രവിയാണ്‌ ചക്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്‌. ഹോളിവുഡ്‌ സിനിമാരംഗത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുളള പ്രകാശ ക്രമീകരണത്തിലാണ്‌ ഓരോ സീനും ചിത്രീകരിച്ചിരിക്കുന്നത്‌. ചന്ദ്രഹാസൻ തന്റെ ദുരിതജീവിതത്തെക്കുറിച്ച്‌ സംഭാഷണത്തിലൂടെ ഓർമ്മിക്കുന്ന പുഴക്കരയിലെ സീൻ, പഞ്ചാബി ഡബയിൽവച്ച്‌ ഗോവൽജിയുമായി ഏറ്റുമുട്ടുന്നത്‌, ചന്ദ്രഹാസന്റെയും ഇന്ദ്രാണിയുടെയും ഹോട്ടൽ മുറിയിലെ രംഗം തുടങ്ങിയവ ബോറടിപ്പിക്കാതെ മിതത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിലെ കഥാഗതിയിലുളള വളവുതിരിവുകളെ ക്യാമറചലനങ്ങൾകൊണ്ട്‌ മറികടക്കാൻ രാജീവ്‌ രവി ലോഹിതദാസിനെ സഹായിക്കുന്നു. താഴെ ലോറിത്താവളവും ഭക്ഷണശാലയും മുകളിൽ ചൂതാട്ടകേന്ദ്രവും ബാറും ചേർന്ന നാഗ്‌പൂരിലെ പഞ്ചാബി ഡബയുടെ സെറ്റ്‌ പ്രശാന്ത്‌ മാധവ്‌ എന്ന കലാസംവിധായകന്റെ മികവ്‌ വെളിവാക്കുന്നു. ഗിരീഷ്‌ പുത്തഞ്ചേരി രചിച്ച്‌ രവീന്ദ്രൻ സംഗീതം നൽകിയ ഗാനങ്ങൾക്കോ, ഹരികുമാറും പ്രസന്നയും, വൃന്ദയും നേതൃത്വം നൽകിയ നൃത്തച്ചുവടുകൾക്കോ വലിയ മേന്മയൊന്നും അവകാശപ്പെടാനില്ല. ചന്ദ്രഹാസൻ എന്ന ലോറി ഡ്രൈവറായി പൃഥ്വിരാജും, ക്ലീനർ പ്രേമനായി വിജീഷും സ്വാഭാവികമായ അഭിനയം കാഴ്‌ചവെയ്‌ക്കുന്നു. ഏഴു ലോറികളുളള ചന്ദ്രഹാസൻ എന്ന മുതലാളി ആയിരിക്കുമ്പോഴും, എല്ലാം നഷ്‌ടപ്പെട്ട്‌ അലഞ്ഞുതിരിയുമ്പോഴും രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലർത്തി, കഥാപാത്രത്തെ ഉൾക്കൊണ്ട്‌ പക്വതയോടെ അഭിനയിക്കാൻ പൃഥ്വിരാജ്‌ ശ്രമിക്കുന്നു. വ്യത്യസ്തതയുളള വില്ലനായി ബിനോയിയും പ്രത്യേക പരാമർശം അർഹിക്കുന്നു. ഇന്ദ്രാണി എന്ന നായികയായി മീരാജാസ്‌മിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്‌.

Generated from archived content: cinema_jan15.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here