യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌

ജനപ്രിയ സിനിമകൾ ഉത്തമ കലാസൃഷ്‌ടികളല്ല. മറിച്ച്‌ പ്രേക്ഷകരുടെ വിശ്രമവേളകളെ ആനന്ദകരമാക്കുന്ന വിനോദവിഭവങ്ങൾ മാത്രമാണ്‌. കച്ചവടത്തിനുവേണ്ടി ഉൽപാദിപ്പിക്കപ്പെടുന്ന ഇത്തരം കേവല വിനോദ സിനിമകൾ ജീവിതത്തിന്റെ പച്ചപ്പിൽനിന്നുളള ഒളിച്ചോട്ടമാണ്‌ പ്രേക്ഷകർക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌. തീർത്തും അർത്ഥശൂന്യമായ പ്രമേയങ്ങളെ യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതുകൊണ്ടാവാം അത്‌ സാമാന്യ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നത്‌. സത്യൻ അന്തിക്കാട്‌-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌’ എന്ന പുതിയ ചിത്രം ഈയൊരു രീതിയിൽനിന്ന്‌ വലുതായൊന്നും മുന്നോട്ടു പോകുന്നില്ല. സത്യൻ-ശ്രീനി കൂട്ടുകെട്ടിൽ പിറന്ന മുൻകാലചിത്രങ്ങളിൽ കേരളീയ സാമൂഹികജീവിതത്തിന്റെ പരിഛേദങ്ങളായ ചില ദൃശ്യഖണ്‌ഡങ്ങൾ ചിത്രത്തിന്റെ കഥാഘടനയിൽ വിളക്കി ചേർത്തിരുന്നു. ഒരു കഥ പറയുക എന്ന കേവല ലക്ഷ്യത്തിനപ്പുറം അത്‌ സാമൂഹികമായ ചില ഉത്‌കണ്‌ഠകൾ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. എന്നാൽ ചില പൊടിപ്പുകൾ അങ്ങിങ്ങ്‌ കാണാമെങ്കിലും ‘യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌’ കേവലമൊരു കഥമാത്രമാണ്‌. നിരർത്ഥകമായ ദൃശ്യപൊലിമയിൽ പെറ്റുപെരുകുന്ന ചലച്ചിത്ര വൈകൃതങ്ങൾക്കിടയിൽ കാണാൻ കൊളളാവുന്ന ഒരു ചിത്രം എന്ന പ്രസക്തിയേ ഈ സിനിമയ്‌ക്കുളളൂ.

നാട്ടിൽനിന്ന്‌ തന്റെ ജോലി സ്ഥലത്തേക്കുളള തീവണ്ടിയാത്രയ്‌ക്കിടയിൽ യാദൃശ്‌ചികമായി ചെന്നെയിലെ ഒരു കൺസ്‌ട്രക്ഷൻ കമ്പനിയിലെ എഞ്ചിനീയറായ രാമാനുജൻ (ജയറാം), സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ജ്യോതിയെ കണ്ടുമുട്ടുന്നു. പാർപ്പിട പ്രശ്‌നത്തിൽപ്പെട്ട്‌ ഉഴറുന്ന ജ്യോതിയെ (സൗന്ദര്യ) രാമാനുജന്‌ തന്റെ ഫ്ലാറ്റിലെ അന്തേവാസിയാക്കേണ്ടി വരുന്നു. മറ്റ്‌ ഫ്ലാറ്റുകളിലെ താമസക്കാർ ജ്യോതിയെ രാമാനുജന്റെ ഭാര്യയായി കരുതുന്നു. അങ്ങനെ ഒരു ഫ്ലാറ്റിൽ അസ്വസ്ഥതകൾ ഒന്നുമില്ലാതെ തികഞ്ഞ സൗഹൃദത്തോടെ അവർ താമസിക്കുന്നു. പെട്ടെന്ന്‌ ഒരു ദിവസം, ഉടൻ തന്റെ വിവാഹം നടക്കും എന്നുപറഞ്ഞ്‌ ജ്യോതി നാട്ടിലേക്ക്‌ പോകുന്നു. അപ്പോഴാണ്‌ സൗഹൃദത്തിനപ്പുറത്ത്‌ തന്റെ മനസ്സിൽ ജ്യോതി വേരുറച്ചുപോയെന്ന്‌ രാമാനുജൻ മനസ്സിലാക്കുന്നത്‌. സുഹൃത്ത്‌ പോളിന്റെ (ഇന്നസെന്റ്‌) നിർബന്ധത്തിന്‌ വഴങ്ങി രാമാനുജൻ ജ്യോതിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നു. തലേരാത്രിയിലെ പാർട്ടിയിൽ മദ്യപിച്ച പോൾ, രാമാനുജനും, ജ്യോതിയും ഒരുമിച്ചാണ്‌ താമസിക്കുന്നതെന്നും, രാമാനുജന്‌ അവളോട്‌ പ്രണയമാണെന്നും വെളിപ്പെടുത്തുന്നു. അതോടെ കല്യാണം മുടങ്ങുകയും ഹൃദയാഘാതംമൂലം ആശുപത്രിയിൽ എത്തിയ ജ്യോതിയുടെ അച്ഛൻ കേണലിന്റെ (നെടുമുടി വേണു) നിർബന്ധത്തിനുവഴങ്ങി ജ്യോതി രാമാനുജനെ വിവാഹം കഴിക്കുന്നു. തുടർന്ന്‌ ചെന്നെയിലെ ഫ്ലാറ്റിൽ തിരിച്ചെത്തുന്ന ജ്യോതിയിലും, രാമാനുജനിലും അസ്വസ്ഥതകൾ നാമ്പെടുക്കുന്നു.

ജി.പി.വിജയയുടെ കഥയ്‌ക്ക്‌ ശ്രീനിവാസൻ തിരക്കഥയും, സംഭാഷണവും എഴുതുന്നു. ചിത്രം തുടങ്ങുന്നതും, നായകനും നായികയും കണ്ടുമുട്ടുന്നതും റെയിൽവേ സ്‌റ്റേഷനിൽവെച്ചാണ്‌. അതുകൊണ്ടാവാം ചിത്രത്തിന്‌ ‘യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌’ എന്ന പേരുവന്നത്‌. നഗരത്തിലെ തിരക്കുപിടിച്ച ജീവിതങ്ങളും, പാർപ്പിട പ്രശ്‌നങ്ങളും, ജ്യോതിയുടെയും രാമാനുജന്റെയും സൗഹൃദജീവിതവും മറ്റും സത്യൻ അന്തിക്കാട്‌ തന്റെ സ്വതഃസിദ്ധമായ ശൈലിയിലൂടെ അവതരിപ്പിക്കുന്നു. ഈ അല്ലലില്ലാത്ത സത്യൻ ശൈലിയിൽനിന്ന്‌ മുന്നേറുമ്പോൾ കഥയ്‌ക്ക്‌ സ്വാഭാവികത നഷ്‌ടമാവുന്നു. ഒരുമിച്ചുളള ഫ്ലാറ്റിലെ ജീവിതത്തിനിടയ്‌ക്ക്‌ നാട്ടിൻപുറത്തെ ശുദ്ധൻ സ്വഭാവം കൈമോശം വന്നിട്ടില്ലാത്ത രാമാനുജന്‌ ജ്യോതിയോട്‌ പ്രണയം തോന്നുന്നത്‌ സമ്മതിക്കാം. പക്ഷേ, സുഹൃത്തിന്റെ വിടുവായത്തം കാരണം കല്യാണം മുടങ്ങുന്നതും, അച്ഛന്‌ ഹൃദയാഘാതം വരുന്നതും, നിർബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുന്നതുമൊക്കെ എത്രയോ ചിത്രങ്ങളിൽ ആവർത്തിച്ചതാണ്‌. ഇത്തരം പതിവ്‌ സങ്കൽപ്പങ്ങൾ വീണ്ടും കാണിക്കാൻ സത്യനും ശ്രീനിയും വേണമെന്നില്ല. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുമ്പോഴേക്കും രാമാനുജന്റെ ശുദ്ധൻ സ്വഭാവം കോമാളിത്തത്തിലേക്ക്‌ വഴിമാറുന്നത്‌- ഭാര്യയെ സന്തോഷിപ്പിക്കാൻ കിടക്കയിൽ പൂക്കൾ വിതറുന്നതും, ആരും കാണാതെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നതും (ശ്രീനിവാസൻ തന്നെ തന്റെ വടക്കുനോക്കിയന്ത്രത്തിൽ ഇതൊക്കെ കാണിച്ചതാണ്‌)-ആ കഥാപാത്രത്തിന്റെ വ്യക്തിത്വം നശിപ്പിക്കാനെ ഉതകുന്നുളളൂ. ശ്രീനിവാസന്റെ തിരക്കഥയിൽ മാനത്തുനിന്ന്‌ പൊട്ടിവീണതുപോലെ ചില കഥാപാത്രങ്ങളുണ്ട്‌. അദ്ദേഹംതന്നെ അവതരിപ്പിക്കുന്ന രാമാനുജന്റെ ബന്ധു. ഇയാൾ സംസാരിക്കുന്നതുതന്നെ പ്രേക്ഷകരെ ചിരിപ്പിക്കണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണെന്ന്‌ തോന്നും. ഇന്നസെന്റിന്റെ ഡ്രൈവിംഗ്‌ പഠിപ്പിക്കലും അപകടവുമൊക്കെ ഇതിലും എത്രയോ ഭേദം.

ചുവന്ന ഷർട്ട്‌ ധരിച്ച റെയിൽവേ പോർട്ടറുടെ അടിവസ്‌ത്രത്തിന്റെ പോക്കറ്റിലിരുന്ന്‌ സെൽഫോൺ റിങ്ങ്‌ ചെയ്യുന്നതും, ജയചന്ദ്രൻ കാസറ്റിൽ പാടുമ്പോൾ കൂടെ പാടാനെ തനിക്ക്‌ കഴിയൂ എന്ന്‌ നായകൻ വ്യക്തമാക്കുമ്പോഴും ചെറിയ ശ്രീനിയുടെ വലിയ ഹാസ്യം നമ്മളറിയുന്നു. നഗരജീവിതത്തെക്കുറിച്ചുളള കഥയാകുമ്പോൾ അൽപ്പം വർണ്ണങ്ങളാവാം എന്ന്‌ സത്യൻ അന്തിക്കാടിന്‌ തോന്നിയിരിക്കണം. കടുംവർണ്ണങ്ങളോട്‌ മുൻപില്ലാത്തതാണ്‌ സത്യന്റെ ഈ അഭിനിവേശം. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന തന്റെ കഴിഞ്ഞ ചിത്രത്തിൽ തമിഴൻ ജീപ്പ്‌ പിടിച്ചുനിർത്തുന്നതും, കൈകൊണ്ട്‌ തേങ്ങ പൊതിക്കുന്നതും ആനക്കാരന്റെ കാഴ്‌ചപ്പാടിലൂടെ അവതരിപ്പിച്ചപോലെ, ഫ്ലാറ്റിലെ ഒളിഞ്ഞു നോട്ടക്കാരി പെൺകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെയാണ്‌ ഗാനരംഗത്തെ ഈ ‘ധാരാളിത്തം’ സത്യൻ അവതരിപ്പിക്കുന്നതും.

ജീവിതത്തെ സരസമായി കാണുന്ന ശ്രീനിവാസനിസത്തിന്‌ സർഗ്ഗദാരിദ്ര്യമാണെന്ന്‌ യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌ എന്ന ചിത്രം പറയാതെ പറയുന്നു.

Generated from archived content: cinema_feb5.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English