ഏത് ഹീനകൃത്യത്തിലൂടെ ആയാലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് നിർബ്ബന്ധബുദ്ധിയുളള ദുഷ്‌ടകഥാപാത്രം-താഴ്‌ന്ന ജാതിക്കാരനുമായുളള മകളുടെ പ്രണയമാണെങ്കിൽ ഈ താൽപര്യത്തിന് മുൻതൂക്കം ലഭിക്കുന്നു-അയാളുടെ തേരോട്ടത്തിൽ തകർന്ന് തരിപ്പണമാകുന്ന നായകനും കുടുംബവും. ഒടുക്കം പ്രതികാരത്തിൽ അവസാനിക്കുന്ന കഥാപൂരണം. ഇത്തരം ക്ലീഷേകളിൽ മാത്രം ഒതുങ്ങിപോകുന്ന ദൃശ്യാവിഷ്‌ക്കാരങ്ങളും, അത് കൃത്യമായി ഉൾകൊളളുന്ന സമൂഹവും ഇവിടെ നിലനില്‌ക്കുന്നു. ഹരിദാസ് കരിവെളളൂർ എന്ന സാഹിത്യകാരൻ ആദ്യമായി രചന നിർവ്വഹിച്ച, സുന്ദർദാസ് സംവിധാനം ചെയ്ത ‘കണ്ണിനും കണ്ണാടിക്കും’ എന്ന ചിത്രം മേൽ ഉദ്ധരിച്ച കഥാതന്തുവെ സ്വാംശീകരിച്ചെടുത്ത ചലച്ചിത്ര സൃഷ്‌ടിയാണ്. പുത്തൻജീവിതാവസ്ഥകളെ പ്രതിരോധിക്കാൻ പ്രേക്ഷകരെ ഒരുക്കി നിർത്തുക എന്ന ചലച്ചിത്രകൃതിയുടെ ലക്ഷ്യപ്രാപ്‌തിയെ നീതിയുക്തമായി സംരക്ഷിക്കാൻ സാഹിത്യകാരൻ കൂടിയായ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. കൃത്യമായി നിർണ്ണയിക്കപ്പെട്ട അകലങ്ങളിൽ നിന്ന് കഥാപാത്രങ്ങൾ ഉരുവിടുന്ന സംഭാഷണങ്ങൾക്കിടയിലോ, വ്യത്യസ്തത എന്ന് തോന്നിപ്പിക്കുന്ന കഥാചിത്രണത്തിനിടയിലോ പുതിയ ജീവിതത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ഒരു പടികൂടി മുന്നോട്ടുകാണാൻ ശ്രമിക്കുന്ന എന്തെങ്കിലും പരിസരങ്ങൾ പ്രതീക്ഷിക്കുന്ന പ്രേക്ഷകന് നിരാശയായിരിക്കും ഫലം.
സ്വതന്ത്രമായ വീക്ഷണമോ, രീതികളോ അവകാശപ്പെടാനില്ലാത്ത ചലച്ചിത്രകാരനാണ് സുന്ദർദാസ്. സല്ലാപം മുതലുളള ഏത് ചിത്രം എടുത്തു പരിശോധിച്ചാലും അത് വ്യക്തമാകും. പറഞ്ഞു പഴകിയ പ്രതികാരക്കഥ പറയാൻ വ്യത്യസ്തമായ ഒരുരീതി അവലംബിക്കാൻ ശ്രമിച്ചു എന്നല്ലാതെ വർത്തമാനത്തിന്റെ ആകുലതകളോ, ഉത്‌കണ്‌ഠകളോ, പ്രത്യാശയോ ഒന്നും തന്നെ പ്രേക്ഷകർക്കായി മാറ്റിവെക്കാൻ കണ്ണിനും കണ്ണാടിക്കും എന്ന ഈ പുതിയ ചിത്രത്തിലും സുന്ദർദാസ് ശ്രമിക്കുന്നില്ല. ഗ്രാമവാസികൾക്ക് എന്തുകാര്യവും പ്രതിഫലം കാംക്ഷിക്കാതെ ചെയ്‌തുകൊടുക്കുന്ന, എവിടെനിന്നോ വന്ന, പ്രാവ് എന്ന് നാട്ടുകാർ വിളിക്കുന്ന കഥാപാത്രം (കലാഭവൻ മണി) സിനിമയിലെ സിനിമാതാരം (പ്രഭു) “ഈ കാലത്ത് ഇങ്ങനൊരു മനുഷ്യനോ” എന്ന് അത്ഭുതം കൂറുന്നുണ്ട്. പ്രാവിനെ പരിചയപ്പെടുത്തുന്ന, അയാളുടെ സ്വഭാവ സവിശേഷതകൾ വ്യക്തമാക്കുന്ന വകതിരിവില്ലാത്ത ചിത്രീകരണം സംവിധായകന്റെ ഭാവനാദാരിദ്രത്തിന്റെ കൈചൂണ്ടലുകളായി മാറുന്നു. ഗ്രാമത്തിൽ താമസത്തിനെത്തുന്ന തിരക്കഥാകൃത്ത് ഹരികൃഷ്ണന് (സിദ്ധിക്ക്) പ്രാവ് തന്റെ പുതിയ സിനിമയ്‌ക്കുളള പ്രചോദനമാകുന്നു. എന്നും പുലർച്ചേ സൈക്കിളിൽ എങ്ങോട്ടോ പോകുന്ന പ്രാവിന്റെ നിഗൂഢത ഹരികൃഷ്‌ണൻ കണ്ടുപിടിക്കുന്നു-ഗ്രാമവാസികൾക്ക് ഇല്ലാത്ത വകതിരിവ് തിരക്കഥാകാരനുണ്ടെന്ന് സംവിധായകൻ സമർത്ഥിക്കുന്നു-പ്രാവ് കണ്ണീരോടെ, നിർവൃതിയോടെ നോക്കിനിൽക്കുന്ന സുമംഗലിയായ പെൺകുട്ടി, തന്റെ ഭാര്യ രാധ (സോനാനായർ) പഠിപ്പിക്കുന്ന സ്‌കൂളിലെ പാട്ടുടീച്ചർ അഭിരാമി (മീനാക്ഷി)യാണെന്ന് ഹരികൃഷ്‌ണൻ തിരിച്ചറിയുന്നു. അങ്ങനെ ഹരികൃഷ്‌ണന് കഥ രൂപപ്പെട്ട് വരികയായി. ഹരികൃഷ്‌ണന്റെ കഥ സംവിധായകൻ രാജസേനൻ കേൾക്കുന്ന രീതിയിലാണ് പ്രാവിന്റെ ഭൂതകാലം ചിത്രീകരിച്ചിരിക്കുന്നത്. പ്രാവ് ഊരുനിയമങ്ങളുളള മഞ്ചാടിഗ്രാമത്തിലെ ശില്പിയായ മണിയനാണ്. ഗ്രാമത്തലവനായ വരദരാജ മല്ലരുടെ മകൾ അഭിരാമി മണിയനെ സ്‌നേഹിക്കുന്നു. മണിയനിൽനിന്ന് മകളെ രക്ഷിക്കാൻ മല്ലർ നീചമായ ഒരു തന്ത്രം മെനയുന്നു. വെളിച്ചപ്പാടിന്റെ മരണത്തോടെ, ആ സ്ഥാനത്തേക്ക് മണിയൻ നിയോഗിക്കപ്പെടുന്നു. ഗ്രാമനിയമം അനുസരിച്ച് വെളിച്ചപ്പാട് നിത്യബ്രഹ്‌മചാരിയായിരിക്കണം. തന്റെ വിധിവിഹിതത്തെ നിഷേധിക്കാൻ ശ്രമിച്ച മണിയനും കുടുംബവും ഊരുവിലക്കിന് ഇരയാകുന്നു. അമ്മയും പെങ്ങളും അപമാനഭാരത്താൽ മരണമടയുന്നു. നായകന് പ്രതികാരം ചെയ്യാൻ കാരണങ്ങൾ ധാരാളമായി. ഈ കഥ ‘പ്രാവ്’ എന്ന പേരിൽ രാജസേനൻ സിനിമയാക്കുന്നു. തന്റെ സ്വന്തം കഥ മറ്റൊരാൾ അഭിനയിക്കുന്ന കാഴ്‌ച മണിയൻ കാണുന്നു.
കഥ ഒരു ഘട്ടമെത്തുമ്പോഴേക്ക് ഹരിദാസ് കരിവളളൂരിന് ഇത് എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ കുഴങ്ങുന്നു. അവിടെ കഥയും കഥാപാത്രങ്ങളും ആത്മനിയന്ത്രണം പാലിക്കാതെ വരികയും കെട്ടിച്ചമച്ച നാടകീയതകൾ സന്ദർഭങ്ങളെ ഭരിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് തന്റെ ജീവിതം സിനിമയിൽ കാണുമ്പോൾ, താൻ കൊലചെയ്‌ത മല്ലർ ജീവനോടെ തിരിച്ചുവരുന്ന രംഗം കണ്ട് പ്രാവ് ബഹളം വെയ്‌ക്കുന്നതും, താൻ ചിത്രീകരിച്ചതാണ് സത്യം എന്ന് ഹരികൃഷ്‌ണൻ പ്രാവിനോട് വെളിപ്പെടുത്തുന്നതും, രണ്ടാംവട്ടം പ്രേക്ഷകർക്കുകൂടി വേണ്ടി പ്രാവ് വരദരാജമല്ലരെ കൊല്ലുന്നതും. കഥാപാത്രങ്ങളുടെ ചലനങ്ങളിൽ പ്രകടമാകുന്ന വിരസത ചിത്രത്തിന്റെ ടോട്ടാലിറ്റിയിലേക്ക് സംക്രമിക്കുന്നു. ആധികാരിക സംഭവങ്ങളൊന്നും ഇല്ലാതെ പതിവു ശീലങ്ങളിൽ ചിത്രം നീങ്ങുന്നു. മണിയനും അഭിരാമിയും തമ്മിലുളള സ്‌നേഹബന്ധത്തെക്കുറിച്ചുളള ആഴത്തിലുളള സൂചനകളൊന്നും ചിത്രം തരുന്നില്ല. അതുകൊണ്ടുതന്നെ ദൂരെനിന്ന് ഒരു നോക്കുകാണാൻ വേണ്ടി മാത്രം പുലർച്ചേ സൈക്കിളും കൊണ്ടുപോകുന്ന പ്രാവിന്റെ മാനസികാവസ്ഥ പ്രേക്ഷകർക്ക് ഉൾകൊളളാൻ കഴിയുന്നില്ല. കഥ വികസിക്കുകയും ദൃശ്യങ്ങളിലൂടെ ആ വികാസത്തിന് ഉപാധികളായി ചലനങ്ങൾ രേഖപ്പെടുത്തുക-മണിയൻ വെളിച്ചപ്പാടായി കുന്നുകയറി വന്ന് കാമുകിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന സ്വപ്നദൃശ്യം- എന്ന രചനാലക്ഷ്യത്തെ ഉൾകൊളളാൻ കഴിയാത്തതുകൊണ്ട് ചിത്രത്തിലെ ദൃശ്യബിംബങ്ങൾക്ക് വേണ്ടത്ര ജീവനില്ലാതെ പോയി.
ഏറ്റുവാങ്ങിയ ദുരന്തങ്ങളുടെ പിടച്ചിലുകൾ മനസ്സിൽ ഒതുക്കി ജീവിക്കുന്ന പ്രാവായി മാറുമ്പോൾ പാലിക്കുന്ന അഭിനയത്തിലെ മിതത്വം മണിയനിലേക്ക് എത്തുമ്പോൾ മണിക്ക് കൈവിട്ടുപോകുന്നു. അവിടെ അമിത വികാരപ്രകടനങ്ങളിലൂടെ കഥാപാത്രത്തിന്റെ ആത്മാവ് നഷ്‌ടപ്പെടുന്നു. രമേശൻ നായരും, ഗിരീഷ് പുത്തഞ്ചേരിയും രചിച്ച ഗാനങ്ങളിൽ സ്‌കൂളിലെ പ്രാർത്ഥന ഗാനം വേറിട്ടുനിൽക്കുന്നു.
Generated from archived content: cinema_apr28.html Author: jijesh_kallumutti