ജലോത്സവം

മുഖ്യധാര സിനിമയിൽ കലാമൂല്യമുളള ഒരുപിടി നല്ല ചിത്രങ്ങൾ സംവിധാനം ചെയ്‌ത ചലച്ചിത്രകാരനാണ്‌ സിബിമലയിൽ. സദയം, തനിയാവർത്തനം, കമലദളം, ഭരതം തുടങ്ങിയ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ പ്രേക്ഷകഹൃദയങ്ങളിൽ ചെറുതല്ലാത്ത ഒരിടമുണ്ട്‌ സിബിക്ക്‌. ഈ അടുത്ത കാലത്ത്‌ സിബിയുടെ പേരിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ സിബിയുടെ പേര്‌ കളങ്കപ്പെടുത്തുന്നവയാണെന്ന്‌ നിസംശയം പറയാൻ കഴിയും. എം.ടിയുടെയും ലോഹിതദാസിന്റെയും തിരക്കഥകൾ സിനിമയാക്കുമ്പോൾ പ്രകടിപ്പിക്കാറുളള കൈയടക്കം അദ്ദേഹത്തിന്‌ കൈമോശം വന്നിട്ട്‌ നാളുകുറെയായി. ഇഷ്‌ടം, ദേവദൂതൻ തുടങ്ങിയ സിബിമലയിൽ എന്ന ക്രാഫ്‌റ്റുമാന്റെ കൈയൊപ്പ്‌ പതിയാത്ത സിനിമകളുടെ പട്ടികയിൽപ്പെടുത്താവുന്ന, ഈ സംവിധായകന്റെ ഏറ്റവും പുതിയ ചലച്ചിത്രമാണ്‌ ജലോത്സവം.

രണ്ടായിരത്തിമൂന്നിലെ ഏറ്റവും നല്ല നടനും, ഏറ്റവും നല്ല സംവിധായകനും ഒന്നിക്കുന്ന ചിത്രം എന്ന ലേബലിൽ പുറത്തിറങ്ങിയ ഈ പൊട്ടസിനിമയുടെ സിനിമാകഥ തയ്യാറാക്കിയത്‌ സിന്ധുരാജാണ്‌. വിപിൻമോഹന്റെ പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയ്‌ക്കുശേഷം ഇദ്ദേഹം രചന നിർവഹിക്കുന്ന സിനിമയാണ്‌ ജലോത്സവം. പ്രേക്ഷകരെ ഏതെങ്കിലും വിധത്തിൽ സ്വാധീനിക്കാൻ പോന്ന ഒരു സീൻ പോലും എഴുതിവെക്കാൻ ഈ തിരക്കഥാകൃത്തിന്‌ കഴിഞ്ഞിട്ടില്ല. സിനിമയുടെ തുടക്കത്തിൽ പ്രധാനകഥാപാത്രത്തെ പരിചയപ്പെടുത്തുമ്പോൾ കാണിച്ച മിടുക്കും, വേഗതയും ചിത്രത്തിൽ മറ്റൊരിടത്തും മഷിയിട്ടു നോക്കിയാൽ കാണാൻ കഴിയില്ല. (ഒരു ടെലിവിഷൻ പരിപാടിയിലൂടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വിദ്യ ഫാന്റം എന്ന സിനിമയിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്‌.) ജലോത്സവം എന്ന സിനിമയിൽ സിന്ധുരാജ്‌ സൃഷ്‌ടിച്ചിട്ടുളള ഏതാണ്ട്‌ എല്ലാ കഥാപാത്രങ്ങളും- ആലക്കൽ ഗോവിന്ദനാശാൻ എന്ന നെടുമുടിയുടെ കേന്ദ്രകഥാപാത്രമടക്കം-സ്വന്തമായ ഒരു അനുഭവതലം ഇല്ലാത്തവരാണ്‌. ഇങ്ങനെയുളള കഥാപാത്രങ്ങൾ അവസരത്തിലും അനവസരത്തിലും സീനിൽ പ്രത്യക്ഷപ്പെട്ട്‌ കാണിക്കുന്ന കോമാളിത്തങ്ങളാണ്‌ സിനിമയെ മുന്നോട്ട്‌ നയിക്കുന്ന ഘടകങ്ങൾ. അതുകൊണ്ടാണ്‌ ക്ലൈമാക്‌സിലെ വികാരതീവ്രമായ മരണരംഗം കാണുമ്പോൾ നമുക്ക്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നാത്തത്‌. സിന്ധുരാജിന്റെ തിരക്കഥയിലെ പോരായ്‌മകളെ തന്റെ സംവിധാനപാടവം കൊണ്ട്‌ മറികടക്കാൻ സിബിമലയിലിനും കഴിയുന്നില്ല. ആലക്കൽ ഗോവിന്ദന്റെ വളർച്ചയുടെയും തകർച്ചയുടെയും കഥ പറയാൻ ശ്രമിക്കുന്ന ജലോത്സവത്തിൽ, തകർച്ചയുടെ ഒരു ഘട്ടത്തിൽ ഗോവിന്ദന്റെ മാനസികനില തകരാറിൽ ആകുന്നത്‌ കാണിക്കുന്നുണ്ട്‌. പക്ഷേ, അത്തരം ഒരു അവസ്ഥയിലേക്ക്‌ ഗോവിന്ദനെ കൂട്ടിക്കൊണ്ടു പോകുന്ന പ്രശ്‌നങ്ങൾക്ക്‌ ഒരു ഏച്ചുകൂട്ടലിന്റെ ബലം മാത്രമേ ഉളളു. ഈ വീട്ടിൽ നിന്ന്‌ ഇറങ്ങിപ്പോകണം എന്ന്‌ മകനോട്‌ കൽപ്പിക്കുമ്പോൾ പ്രേക്ഷകർക്ക്‌ ചിരിക്കാനാണ്‌ തോന്നുക. ഗോവിന്ദന്റെ ഓരോ പ്രവൃത്തിയും വിഡ്‌ഢിത്തങ്ങളായാണ്‌ അനുഭവപ്പെടുന്നത്‌. അച്‌ഛന്റെ ബാധ്യതകൾ ഏറ്റെടുക്കുന്ന മകന്റെ ധർമ്മസങ്കടങ്ങൾ- പശുവിനെ വിൽക്കുന്നതും, പാന്റ്‌ ധരിക്കാതെ വാർത്ത വായിക്കുന്നതും ഓർമ്മിക്കുക- വെറും കാട്ടിക്കൂട്ടലുകളായാണ്‌ തോന്നുക. ബോട്ടുമറിഞ്ഞ്‌ അച്‌ഛനും അമ്മയും നഷ്‌ടപ്പെട്ട്‌ അനാഥയായി കഷ്‌ടപ്പെട്ട്‌ ജീവിക്കുന്ന നവ്യാനായരുടെ ഗീത എന്ന നായികയ്‌ക്ക്‌ നന്ദനത്തിലെ ബാലാമണിയുടെ അതേ അനുഭവം അതേ മുഖഛായ. അച്ഛന്റെ മരണം നേരിട്ട്‌ അനുഭവിക്കുന്ന സീൻ കുഞ്ചാക്കോ ബോബന്‌ വെല്ലുവിളി ഉയർത്തുന്നു, അത്‌ അയാൾ ഒരു പരിധിവരെ മറികടക്കുന്നുമുണ്ട്‌. ജഗതി, ജഗദീഷ്‌, ഗീഥാസലാം, സുജാത തുടങ്ങിയ അഭിനേതാക്കൾക്കിടയിൽ ജോൺസണിന്റെ ഭാസ്‌ക്കരൻ മികച്ചു നിൽക്കുന്നു. നല്ല നടനുളള സംസ്ഥാന അവാർഡു ലഭിച്ച ‘മാർഗ്ഗം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനുപരിയായി അഭിനയചലനമൊന്നും നെടുമുടി വേണു പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല ഗോവിന്ദന്റെ ചില ഭാവപ്രകടനങ്ങളിൽ തികഞ്ഞ കൃത്രിമത്വം അനുഭവപ്പെടുന്നുമുണ്ട്‌.

ആലക്കൽ ഗോവിന്ദൻ (നെടുമുടി വേണു) തറവാടിയാണ്‌. കാരണവൻമാർ ഉണ്ടാക്കിയ സ്വത്തുമുഴുവൻ നാട്ടുകാർക്ക്‌ വാരിക്കോരി കൊടുത്തും, ചുണ്ടൻവളളം ഉണ്ടാക്കിയും തീർന്നു. ബാക്കിയുളള വീടുപോലും അളിയൻ ഭാസ്‌ക്കരന്‌ (ജോൺസൺ) പണയത്തിലാണ്‌. ഇപ്പോഴും നാട്ടുകാർക്ക്‌ എന്തിനും ഗോവിന്ദനാശാൻ തന്നെ വേണം. കടം വാങ്ങിയും ആശാൻ സഹായിക്കുമെന്ന്‌ അവർക്കറിയാം. അച്ഛൻ ഉണ്ടാക്കുന്ന ബാധ്യതകൾ മുഴുവൻ ഏറ്റെടുക്കേണ്ടുന്ന ഗതികേടിലാണ്‌ മകൻ ചന്ദ്രൻ (കുഞ്ചാക്കോ ബോബൻ). അനാഥയായ ഗീതയോട്‌ (നവ്യാനായർ) പോലും അവൻ കടം വാങ്ങാറുണ്ട്‌. അവൾക്ക്‌ അവനെ ജീവനാണ്‌. ആയിടയ്‌ക്കാണ്‌ നാടുവിട്ടു പോയ ചീങ്കണ്ണി ജോസ്‌ ദുബായി ജോസായി (റിയാസ്‌ഖാൻ) തിരിച്ചെത്തുന്നത്‌. അയാളുടെ പണത്തിനുമുന്നിൽ നാട്ടുകാർ ഗോവിന്ദനെ മറന്നു. ഗോവിന്ദന്‌ അത്‌ സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. അയാളുടെ മാനസികനില തന്നെ തെറ്റാൻ തുടങ്ങി.

വയലാർ ശരത്‌ചന്ദ്രവർമ്മയും, ബീയാർ പ്രസാദും കൂടി രചിച്ച്‌ അൽഫോൺസ്‌ ജോസഫ്‌ സംഗീതം നൽകിയ ഗാനങ്ങൾ ചിത്രത്തിൽ എങ്ങും തൊടാതെ കടന്നുപോകുന്നു. ചിത്രം കണ്ടിറങ്ങുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്നത്‌ വേണുഗോപാലിന്റെ ദൃശ്യവിന്യാസങ്ങളാണ്‌. പ്രത്യേകിച്ച്‌ ക്ലൈമാക്‌സ്‌ രംഗവും, പാട്ടുസീനിലെ കുട്ടനാടിന്റെ ഭംഗി ഒപ്പിയെടുക്കുന്നതും. അവ വൃത്തിയായി എഡിറ്റു ചെയ്‌ത ഭൂമിനാഥനും അഭിനന്ദനം അർഹിക്കുന്നു.

Generated from archived content: cinema2_may27.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English