‘അജിനോമോട്ടോകൾ’ ഉപയോഗിക്കുന്നവിധം ചതിക്കാത്ത ചന്തുവിലൂടെ….

റാഫിമെക്കാർട്ടിൻ അവരുടെ പതിവു ഗിമ്മിക്കുകളിൽ തട്ടിക്കൂട്ടിയ പുതിയ ചിത്രമാണ്‌ ചതിക്കാത്ത ചന്തു. ഒരു ത്രികോണ പ്രണയത്തെ തികഞ്ഞ നാടകീയതയോടെ അവതരിപ്പിക്കുകയാണ്‌ ഈ ചിത്രം. യാഥാർത്ഥ്യത്തോട്‌ പുലബന്ധം പുലർത്താതെ എന്നാൽ യാഥാർത്ഥ്യമാണെന്ന്‌ തോന്നിപ്പിച്ച്‌ മുന്നേറുന്ന ചിത്രത്തിന്റെ അവതരണത്തിൽ ഒരുപിടി വ്യത്യസ്തത പുലർത്താൻ സംവിധായകർ ശ്രമിക്കുന്നുണ്ട്‌. സിനിമയുടെ കഥയ്‌ക്കൊപ്പം സഞ്ചരിക്കുമ്പോൾ അതിൽ ഒരുക്കിയിരിക്കുന്ന തമാശകളിൽ പ്രേക്ഷകർ സ്വയം മറക്കണമെന്നും അതുവഴി അവർ കൊടുത്ത കാശ്‌ മുതലാക്കണമെന്നും റാഫിമെക്കാർട്ടിൻമാർക്ക്‌ നിർബന്ധമുണ്ട്‌. അതിനായി അവർ ഒരു സംഘം കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നുമുണ്ട്‌. സലിംകുമാറിന്റെ ഡാൻസ്‌മാസ്‌റ്റർ മൈക്കിൾ ജാക്‌സൺ, കൊച്ചിൻ ഹനീഫയുടെ ക്യാമറാമാൻ, മച്ചാൻ വർഗ്ഗീസിന്റെ സഹസംവിധായകൻ, ലാലിന്റെ ഡയറക്‌ടർ, ജനാർദ്ധനന്റെ തമ്പുരാൻ എന്നിങ്ങനെ പോകുന്നു അതിന്റെ നിര. കഥാപ്രസംഗത്തിലൂടെ കഥ പറയുന്ന പുതുക്കോട്ടയിലെ പുതുമണവാളൻ എന്ന ആദ്യചിത്രം മുതൽ സൂപ്പർമാൻഷോയിലൂടെയും, കോടീശ്വരൻ പരിപാടിയിലൂടെയും കഥ പറയുന്ന മറ്റ്‌ ചിത്രങ്ങളുടേതുപോലെതന്നെ, പലപ്പോഴായി പ്രയോഗത്തിൽ വരുത്തിയ ഇതിവൃത്തത്തെ സിനിമയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ്‌ ചതിക്കാത്ത ചന്തുവിലൂടെയും.

ചിത്രത്തിൽ ഉടനീളം നാടകീയതകൾ ഒരുക്കി കഥ ഒതുക്കത്തോടെ മികവുറ്റ രീതിയിൽ തന്നെ അവതരിപ്പിക്കുന്നു. ക്ലൈമാക്‌സിൽ കൊട്ടാരത്തിൽ സ്‌പെഷ്യൽ ഇഫക്‌ടിന്റെ അകമ്പടിയോടെയുളള പ്രേതദൃശ്യങ്ങളും മറ്റും ഒരുക്കിയ ബോബന്റെ കലാസംവിധാനവും, അത്‌ വൃത്തിയായി എഡിറ്റു ചെയ്‌ത ഹരിഹരപുത്രനും, ദൃശ്യങ്ങൾ പകർത്തിയ സാലുജോർജ്ജും ചിത്രത്തെ ബോറടിപ്പിക്കാതെ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നു. ചിത്രത്തിൽ ചന്തു എന്ന നായകനെ അവതരിപ്പിച്ച ജയസൂര്യ ചിലപ്പോഴൊക്കെ അതിരുവിട്ട അഭിനയമാണ്‌ പ്രകടമാക്കുന്നത്‌. ഭാവനയുടെ ഇന്ദിരയേക്കാൾ തിളങ്ങിയത്‌ നവ്യാനായരുടെ വസുമതിയാണ്‌. ദുരന്തപൂർണ്ണമായ ഒരു ഭൂതകാലമുളള വസുമതിയുടെ ജീവിതം ഉളളിൽ തട്ടുന്നതരത്തിൽ അഭിനയിച്ചു ഫലിപ്പിക്കാൻ നവ്യാ ശ്രമിക്കുന്നുണ്ട്‌. ചന്തു എന്ന സിനിമാഭ്രമമുളള ചെറുപ്പക്കാരൻ ഒരു ചലച്ചിത്ര സംവിധായകനോട്‌ തന്റെ തന്നെ ജീവിതാനുഭവങ്ങൾ തിരക്കഥാരൂപത്തിൽ പറയുന്ന രീതിയിലാണ്‌ കഥ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അയാൾ തിരക്കഥയായി എഴുതിവെയ്‌ക്കുന്നു. ജീവിതം മുന്നേറുന്നത്‌ അനുസരിച്ച്‌ അയാളുടെ തിരക്കഥയും സിനിമയുടെ കഥയും വികസിക്കുന്നു.

ഒരു വലിയ പണക്കാരൻ തമ്പുരാന്റെ (ജനാർദ്ധനൻ) വീട്ടിലെ വാല്യക്കാരിയുടെ മകനാണ്‌ ചന്തു (ജയസൂര്യ), ആ വീട്ടിലെ പെൺക്കുട്ടി ഇന്ദിര (ഭാവന) അയാളെ ഇഷ്‌ടപ്പെടുന്നു. മകളുടെ പ്രണയമറിയുന്ന തമ്പുരാൻ ചന്തുവിനോട്‌ അവളെ ചതിക്കുന്നതായി അഭിനയിച്ച്‌ നാടുവിട്ട്‌ പോകാൻ പ്രേരിപ്പിക്കുന്നു. ഇന്ദിരയെ വെറുപ്പിക്കാനായി ഇല്ലാത്ത ഒരു ഗ്രാമത്തിലെ, ഇല്ലാത്ത ഒരു വസുമതിയുടെ പേരിൽ പ്രേമലേഖനങ്ങൾ എഴുതിത്തുടങ്ങുന്നു. ഇന്ദിര ചന്തുവിനെ തെറ്റിദ്ധരിക്കുകയും, വസുമതിയുമൊത്ത്‌ അവൻ ഒളിച്ചോടുന്ന വിവരം അറിയുകയും ചെയ്യുന്നു. പക്ഷേ, ചന്തു ഇന്ദിരയെ പറ്റിക്കാൻ വേണ്ടിമാത്രം എഴുതുന്ന, ഒരിക്കലും ഇല്ലാത്ത കിഴക്കേപ്പാടത്തെ വസുമതിക്ക്‌ (നവ്യാ) ആ കത്തുകൾ കിട്ടിക്കൊണ്ടിരുന്നു. ചന്തു എഴുതുന്ന കത്തുകൾ അവൾക്ക്‌ ജീവിതത്തിലേക്ക്‌ തുറക്കുന്ന വാതായനങ്ങളായിരുന്നു. ഒളിച്ചോടാൻ കത്തുകിട്ടിയ അവൾ കൃത്യമായി ബസ്‌സ്‌റ്റേഷനിൽ എത്തുന്നു. ചന്തു എത്തുന്നതിനുമുൻപേ ബസ്സിലെ സഹയാത്രികരോട്‌ തന്റെ കഥ വസുമതി പറയുന്നു. അവളുടെ കഥകൾ കേട്ട സഹയാത്രികർ അവളോട്‌ സഹതപിക്കുന്നു. തന്നോടൊപ്പം ഒളിച്ചോടാൻ എത്തിയ വസുമതിയെ ചന്തു ഒരിക്കലും തിരിച്ചറിയുന്നില്ല. ബസ്സിൽ വച്ച്‌ പരിചയപ്പെട്ട ഒരു ഡാൻസറോടൊപ്പം (വിനീത്‌) അവർ ചെന്നൈയിൽ എത്തുന്നു. തന്റെ ഒപ്പം കൂടിയ വസുമതി പറഞ്ഞ അവളുടെതന്നെ ജീവിതകഥ ചന്തു തന്റെ ‘വസുമതിക്കൊരു പ്രേമലേഖനം’ എന്ന കഥയിൽ ചേർക്കുന്നു. വസുമതിയുടെ ദയനീയമായ ഭൂതകാലം അറിയുന്ന ചന്തുവും കൂട്ടരും അവളുടെ ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു. ഒടുവിൽ, ചന്തു വസുമതിയെയും, ഡാൻസർ ഇന്ദിരയേയും വിവാഹം കഴിച്ച്‌ കഥ ശുഭപര്യവസായിയായിത്തീരുന്നു.

ചന്തു തന്റെ പ്രണയം വസുമതിയോട്‌ പറയാൻ തുടങ്ങുന്ന സമയത്ത്‌ കഥയെ പുതിയ വഴിത്തിരിവിലേക്ക്‌ പ്രവേശിപ്പിച്ചുകൊണ്ട്‌ കൃത്യമായി ഇന്ദിര കടന്നുവരുന്നതും, കത്തിലെ പെൺകുട്ടി ഉളളതാണെന്നും അത്‌ ഈ വസുമതിയാണെന്നും വസുമതിയെ ചൂണ്ടി ചന്തു ‘കളളം’ പറയുന്നതും പോലുളള കൃത്യമായി അളന്നു തൂക്കിയുളള തിരക്കഥയിലെ ട്വിസ്‌റ്റുകൾ ഇതുപോലെ ഒരു സിനിമയെ നിലനിർത്തുന്ന ഘടകങ്ങളാണ്‌. സിനിമയുടെ ക്ലൈമാക്‌സും, സിനിമയ്‌ക്കുളളിലെ സിനിമയുടെ ക്ലൈമാക്‌സും ചിത്രീകരിക്കുന്ന രീതി; യഥാർത്ഥത്തിൽ വസുമതി ചന്തുവിനോട്‌ വിടപറയുന്നിടത്ത്‌ ക്യാമറ കൃത്യമായി കട്ടുചെയ്യുകയും, നേരെ അതേ രംഗം സിനിമയിലെ വസുമതി (നന്ദന) പറയുന്നിടത്തേക്ക്‌ തുടരുകയും ചെയ്യുന്നതും, പ്രേക്ഷകരിൽ ആകാംക്ഷ കുത്തിനിറച്ചുകൊണ്ട്‌ ആരെയാണ്‌ ചന്തു വിവാഹം കഴിക്കുന്നത്‌ എന്ന്‌ കാണിക്കുന്നതും മറ്റും തികഞ്ഞ ക്രാഫ്‌റ്റിൽ റാഫിമെക്കാർട്ടിൻമാർ അവതരിപ്പിക്കുന്നു.

ഫാസ്‌റ്റ്‌ ഫുഡുകളിൽ കൃത്രിമമായി രുചി വർദ്ധിപ്പിക്കാൻ അജിനോമോട്ടോ എന്ന രാസവസ്‌തു ഉപയോഗിക്കാറുണ്ട്‌. കച്ചവടം മാത്രം ലക്ഷ്യംവെച്ച സിനിമ ഉൽപ്പന്നമായ ചതിക്കാത്ത ചന്തുവിൽ പ്രേക്ഷകരുടെ ‘രുചി’ വർദ്ധിപ്പിക്കുന്ന അജിനോമോട്ടോകൾ ധാരാളമുണ്ട്‌. അതുകൊണ്ടാണല്ലോ ഈ ചിത്രം ഇപ്പോഴും തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്നത്‌.

Generated from archived content: cinema1_may27.html Author: jijesh_kallumutti

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here